എഴുത്ത് – ശുഭ ചെറിയത്ത്.
മാർച്ച് എട്ട് ലോക വനിതാദിനത്തിൽ ചിത്രശലഭം പെൺയാത്രാ കൂട്ടായ്മയുടെ വാട്സപ്പ് ഗ്രൂപ്പിൽ രാവിലെ 10 മണിയോടടുപ്പിച്ച് അഡ്മിൻ ലില്ലിയ ചേച്ചിയുടെ ശബ്ദ സന്ദേശം – “കാന്തൻപാറയിൽ ഡി.ടി.പി.സി യുടെ വനിതാ ദിനാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണം വന്നിട്ടുണ്ട്. വരാൻ സാധിക്കുന്നവർ എത്രയും പെട്ടെന്ന് അറിയിക്കണം. 11മണിയോടെ കല്പ്റ്റയിൽ നിന്നും പുറപ്പെടണം. 12 മണിക്ക് അവിടെയെത്തണം.”
ഒരു മണിക്കൂറിനുള്ളിൽ എല്ലാം ഇട്ടെറിഞ്ഞെന്നപ്പോലെ പെട്ടെന്ന് ഒരുങ്ങി ഇറങ്ങുക എന്നത് സ്ത്രീകളെ സംബന്ധിച്ച് ഒരു വെല്ലുവിളി തന്നെയാണ്. പുരുഷ കേസരികളുടെ വനിതാ ദിനാശംസകൾ കവിതകളും കുറിപ്പുകളുമായി സോഷ്യൽ മീഡിയയിൽ തകർക്കുമ്പോഴും, കുടുംബത്തിനായി ജീവിച്ച് ഒരു മണിക്കൂർ നേരം പോലും സ്വന്തം ഇഷ്ടങ്ങൾക്കായി മാറ്റിവയ്ക്കാനില്ലാത്തവരാണ് ഒട്ടുമിക്ക സ്ത്രീകളും.
പോകാനുള്ള ആഗ്രഹം മനസിൽ വന്നപ്പോൾ ആദ്യം ഭർത്താവിനെ വിളിച്ച് യാത്രാക്കാര്യം അവതരിപ്പിച്ചു. വനിതാ ദിനത്തിലും മറുതലയ്ക്കലെ അനുമതിക്കായ് കാത്തു നിൽക്കേണ്ട അവസ്ഥയിൽ തന്നെയാണ് ഭൂരിഭാഗം സ്ത്രീകളും. നമ്മുടെ കുടുംബ വ്യവസ്ഥയിൽ അധികാരം എന്നും പുരുഷ കേന്ദ്രീകൃതമാണല്ലോ. എന്തോ ഇത്തവണ പൂർണ്ണ സമ്മതം. “നീയും പൊയ്ക്കോ മോളേയും കൂട്ടി.”
10.45 ന് എത്താൻ റഹ്‌മാനിക്കയെ വിളിച്ച് ഓട്ടോ ഏർപ്പാടാക്കി. സമയം മാറിയാൽ പണി പാളുമെന്നതിനാൽ സമയനിഷ്ഠയുള്ള ഡ്രൈവറേ എൽപ്പിച്ചതു കൊണ്ട് പകുതി സമധാനമായി. അലങ്കോലമായി കിടക്കുന്ന അടുക്കളയും സിങ്കിൽ എന്നെ കാത്ത് കിടക്കുന്ന പാത്രങ്ങളും പരിഭവം പറയാതെ ആ കൊച്ചു യാത്രയ്ക്കുള്ള മൗനാനുവാദം തന്നു. 10.40 ന് തന്നെ ഓട്ടോയിൽ ടൗണിലെത്തി.
ലില്ലിയ ചേച്ചി, ശാന്ത ചേച്ചി, സുനി ചേച്ചി കൂടെ ഞാനുമടക്കം ഞങ്ങൾ നാലു സ്ത്രീ രത്നങ്ങളും മൂന്നു കുട്ടികളും ചേർന്ന് ഏഴുപേർ മേപ്പാടി – വടുവഞ്ചാൽ ബസ്സിൽ കയറി കാന്തൻ പാറയിലേക്ക്. കല്പറ്റയിൽ നിന്ന് ഏകദേശം 22 കിലോമീറ്റർ ദൂരമുണ്ട് കാന്തൻ പാറയിലേക്ക്. വയനാടിന്റെ പഴയകാല തോട്ടം മേഖലയായിരുന്ന മേപ്പാടി, മലനിരകൾ അതിരിടുന്ന മൂടൽമഞ്ഞ് കുടചൂടുന്ന പട്ടണം. കാവൽക്കാരനെന്ന പോലെ ദൂരെ ചെമ്പ്രമല കാണാം.
മേപ്പാടി കഴിഞ്ഞാൽ പിന്നീടങ്ങോട്ട് പുതുപ്പെണ്ണിനെ പോലെ പ്രകൃതി ചമഞ്ഞൊരുങ്ങി നിൽക്കും. ആരിലും അനുരാഗം ഉണർത്തുമാറങ്ങനെ… വേനലിന്റെ വരവിലും വയനാടൻ കാറ്റ് തേയില തോട്ടങ്ങളെ തഴുകി കുളിരേകി കടന്നുപോയി. വനിതാ ദിനത്തിന്റെ ആരവങ്ങളില്ലാതെ, തേയില തോട്ടങ്ങളിൽ ജീവിതവുമായ് മല്ലിടുന്ന സ്ത്രീകളെ ബസ്സിനകത്തിരുന്ന് കണ്ടു .
റിപ്പണിൽ ബസ്സിറങ്ങി അവിടുന്നങ്ങോട്ട് ഓട്ടോയിൽ പോകണം. രണ്ട് ഓട്ടോകളിലായി മൂന്നു കിലോമീറ്റർ ദൂരപരിധിയിലുള്ള കാന്തൻ പാറ വെള്ളച്ചാട്ടത്തിലേക്ക് നീങ്ങി. “100 രൂപയാണ് ഓട്ടോ ചാർജ്. ഇത്രയും ആളെ ഇരുത്തി കുത്തനെയുള്ള കയറ്റം കയറാനുള്ളതല്ലേ? ചാർജ് കൂടും.” ഏത് കയറ്റം, എന്ത് കയറ്റം എന്ന് ചോദിക്കുന്നതിന് മുന്നേ വണ്ടി പുറപ്പെട്ടു കഴിഞ്ഞു. തേയില തോട്ടങ്ങൾക്കിടയിലൂടെയുള്ള ചുരം പാതയെ അനുസ്മരിക്കും വിധം ഹെയർപിൻ ബെന്റുകൾ ഉള്ള റോഡിറങ്ങി കാന്തൻ പാറയിലെത്തി.
ഓട്ടോ വളവുകൾ പിന്നിട്ട് അനായാസേന ഇറങ്ങുമ്പോൾ ആ വാചക മികവ് ഞങ്ങളെ ചിരിപ്പിച്ചു. ഓട്ടോയിറങ്ങുമ്പോൾ തന്നെ കെകളിൽ റോസാപ്പൂക്കളുമായി നടന്നു നീങ്ങുന്ന യുവതികൾ.
വനിതാ ദിനം മാറി വല്ല റോസ്ഡേയുമായോ എന്ന് ശങ്കിച്ചു നിന്നപ്പോഴാണ് വനിതാ സന്ദർശകരെ പുഞ്ചിരിക്കുന്ന മുഖവുമായി റോസാപുഷ്ങ്ങൾ നൽകി സ്വീകരിക്കുന്ന ഡി.ടി പി സി യുടെ ജീവനക്കാരികളെ കണ്ടത്.
അധിക ദൂരം നടക്കാതെ ടിക്കറ്റു കൗണ്ടറിനു മുന്നിൽ വണ്ടി ഇറങ്ങാമെന്നതാണ് ഇവിടുത്തെ പ്രത്യേകത. ആളൊന്നിന് നാൽപ്പത് രൂപയാണ് പ്രവേശനഫീസ്. കുട്ടികൾക്ക് ഇരുപത്. രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രവേശന സമയം. “നിങ്ങൾക്കിന്ന് ടിക്കറ്റ് വേണ്ട” കൗണ്ടറിൽ നിന്നൊരാൾ വിളിച്ചു പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള ടൂറിസ്റ്റു കേന്ദ്രങ്ങളിൽ വനിതാ ദിനത്തിൽ സ്ത്രീകൾക്ക് സൗജന്യമായി പ്രവേശനം പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ നോട്ടീസ് കൗണ്ടറിനു മുന്നിൽ പതിപ്പിച്ചിട്ടുണ്ട്.
അപ്പോൾ കൗണ്ടറിനു മുമ്പിലൂടെ കടന്നുപോയ ഉത്തരേന്ത്യൻ യുവതി സന്തോഷത്തോടെ ഭർത്താവിന് നേരെ അദ്ദേഹത്തിനെടുത്ത ടിക്കറ്റ് നീട്ടിക്കൊണ്ട് വനിതാ ദിനത്തിൽ തനിക്ക് ഫ്രീ ടിക്കറ്റാണെന്ന് പറയുന്നത് കേട്ടു. അത്‌ഭുതം കൂറിയ കണ്ണുകളോടെ അയാളും. വനിതാ ദിനത്തിലെ ഈ സൗജന്യം എത്ര സ്ത്രീകൾക്ക് പ്രയോജനപ്രദമായിക്കാണുമെന്നറിയില്ല എങ്കിലും കേരളത്തിന് പുറത്ത് നിന്നെത്തിയ സ്ത്രീ സഞ്ചാരികളിൽ പലരേയും തെല്ലു ആശ്ചര്യപ്പെടുത്തി എന്നത് മുഖഭാവത്തിൽ നിന്നു ഗ്രഹിച്ചെടുക്കാം.
ഡി.ടി.പി.സി ക്കു കീഴിലുള്ള കാന്തൻ പാറ വെള്ളച്ചാട്ടം വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിച്ചു തുടങ്ങുന്നതേയുള്ളൂ. സഞ്ചാരികളുടെ തിരക്ക് മറ്റു കേന്ദ്രങ്ങളെ അപേക്ഷിച്ച് തുലോം കുറവാണ്. പ്രശാന്തമായ അന്തരീക്ഷവും ജീവനക്കാരുടെ സ്നേഹോഷ്മളമായ പെരുമാറ്റവും അലക്ഷ്യമായി ഒന്നും വലിച്ചെറിയാതെ വൃത്തിയും വെടിപ്പും നിറഞ്ഞ പരിസരവും ഇവിടത്തെ മാറ്റുകൂട്ടുന്നു.
ഒന്നു രണ്ടു കടകൾ സമീപത്തായി കണ്ടു. ടിക്കറ്റ് കൗണ്ടർ കഴിഞ്ഞാൽ മുളങ്കൂട്ടങ്ങൾ കൊണ്ടൊരു വിശ്രമ കേന്ദ്രം കണ്ടു. തിരികെ വരുമ്പോൾ കയറാം എന്ന ചിന്തയിൽ ഞങ്ങൾ നടന്നു. ഓടു മേഞ്ഞ വെയ്റ്റിങ്ങ് ഷെൽട്ടറിൽ ഉച്ച ചൂടിൽ നിന്ന് ആശ്വാസം തേടി ചിലർ ഇരിക്കുന്നുണ്ട്. പച്ചയും മഞ്ഞയും പെയിന്റടിച്ച നീളൻ ഗേറ്റ് ഞങ്ങൾക്കു മുന്നിൽ തുറന്നു. സൗജന്യ പ്രവേശനത്തിന്റെ ബലത്തിൽ ഞങ്ങൾ അകത്തേക്കു കയറി. ജീവനക്കാരികളിലൊരാൾ വനിതാദിനാശംസകൾ നേർന്നു കൊണ്ട് ചുവന്ന റോസാപുഷ്പങ്ങൾ നൽകി ഹൃദ്യമായ സ്വീകരണം തന്നു.
സൂര്യൻ തലയ്ക്കു മുകളിൽ കത്തുന്ന ചൂടിലും വാടാതെ ഇതളടരാതെ വിടരാൻ വെമ്പി നിൽക്കുന്ന ആ പനിനീർ മൊട്ടുകൾ ഏതു സാഹചര്യത്തെയും സധൈര്യം നേരിടാനുള്ള കരുത്തുറ്റ സ്ത്രീത്വത്തിന്റെ പ്രതീകമായി. കരിങ്കൽ കല്ലു പതിച്ച വഴികളിലൂടെ മുന്നോട്ട് നടന്നു. ഒരു വശം ചെമ്പ്ര മലയിൽ നിന്നും ഒഴുകിയെത്തുന്ന ജലം വരാനിരിക്കുന്ന വേനലിന്റെ വ്യഥ ഏറ്റുവാങ്ങി അധികം ആരവങ്ങളില്ലാതെ ഒഴുകി നീങ്ങുന്നു. അവർക്കൊപ്പമെന്നോണം കൂടെ ഞങ്ങളും.
ഇടയിൽ തീർത്ത ചെറു തടയണകൾ അവയുടെ സുഖമമായ ഒഴുക്കിന് തടസ്സമാണെങ്കിലും കാഴ്ചയിൽ മിഴിവു പകരുന്നു. കല്ലു പതിച്ച പാതയുടെ ഇരു വശങ്ങളിലും മുളങ്കൂട്ടങ്ങൾ നട്ടുവളർത്തിയിരിക്കുന്നു. മുളവേലികൾ തീർത്ത് ചിലയിടങ്ങളിൽ സംരക്ഷണം തീർത്തിരിക്കുന്നു. നടക്കാൻ അധിക ദൂരമില്ലെങ്കിൽപ്പോലും വിശ്രമിക്കാൻ വഴിയോരത്ത് ഇരിപ്പിടങ്ങൾ കാണാം. വെയിൽ ചൂടിൽ ആശ്വാസം പകർന്ന് ചില ഇരിപ്പിടങ്ങൾ ഷീറ്റു മേഞ്ഞ മേൽക്കൂരയ്ക്കു കീഴിലാണ്.
പ്രോഗ്രാം തുടങ്ങാൻ അല്പനേരം കൂടിയാകുമെന്നതിനാൽ വെള്ളച്ചാട്ടം കാണാൻ നടന്നു. മൺപടവുകൾ ഇറങ്ങി വെള്ളച്ചാട്ടത്തിന് സമീപമെത്തി. പരന്നു കിടക്കുന്ന വലിയ പാറക്കൂട്ടങ്ങൾക്കിടയിൽ വരാനിരിക്കുന്ന വേനലിന്റെ കാഠിന്യമറിയിച്ച് നേർത്ത ജലപാതം താഴേക്ക്, ഏകദേശം 30 മീറ്ററോളം ഉയരമുള്ള ജലപാതം. താഴെ നീന്തിയും തുടിച്ചും ആഹ്ലാദ തിമർപ്പിൽ സഞ്ചാരികൾ.
കറുത്ത പാറക്കൂട്ടങ്ങൾ, ഇടയിൽ സ്ഫടികതുല്യമായ ജലം താഴേക്ക്, ഇരുവശവും പച്ചപ്പിന്റെ മാസ്മരികത, മേലേ നീലാകാശം. പ്രകൃതിയുടെ വിവിധ വർണ്ണങ്ങൾ ഇവിടെ സംഗമിക്കുന്നു. കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ജലപാതം ഒഴുകുകയാണ്. ഈ പാറക്കൂട്ടങ്ങളിലൂടെ നിറഞ്ഞൊഴുകി മഴക്കാലത്ത് ഈ ജലപാതം എത്രമേൽ സുന്ദരമായിരിക്കുമെന്ന് ഭാവനയിൽ
ഞാൻ മെനഞ്ഞു.
ജലപ്പരപ്പിൽ പുറംകാഴ്ചകളിലേക്ക് കണ്ണോടിച്ച് ഉയർന്നു നിൽക്കുന്ന പാറക്കൂട്ടങ്ങളിലേക്ക് വലിഞ്ഞു കേറുന്നു, സന്ദർശകരിൽ ഭൂരിഭാഗം പേരും. ഞങ്ങളും ഒട്ടും കുറച്ചില്ല. കരയിൽ ഗുഹാമുഖം പോലെയുള്ള പാറക്കൂട്ടങ്ങൾക്കിടയിലിരുന്ന് ഒരു കൊച്ചു പെൺകുട്ടി കാർട്ടൂൺ കണ്ടു രസിക്കുന്നു. വെള്ളച്ചാട്ടവും ഇവിടുത്തെ ശബ്ദ കോലാഹലങ്ങളുമൊന്നും അവളെ തെല്ലും അലോസരപ്പെടുത്തുന്നില്ല. അച്ഛനുമമ്മയും നീന്തൽ കഴിഞ്ഞ് തിരികെ വന്നാലേ ഇനിയവൾ അനങ്ങുകയുള്ളൂ.
ഇടയ്ക്കിടെ മലയിറങ്ങി വരുന്ന ആനക്കൂട്ടങ്ങൾ ഈ പരിസരത്തെ നിത്യ സന്ദർശകരാണെന്നറിഞ്ഞു. മുളങ്കാടുകൾ നശിപ്പിച്ചതും വേലിക്കെട്ടുകൾ തകർക്കുന്നതും അവരുടെ പരിപാടിയാണെന്ന് പറയുന്നത് കേട്ടു. നമ്മൾ കാടുകാണാൻ പോകുന്നതു പോലെ അവരും ഇടയ്ക്കൊന്ന് നാട് കാണാൻ വരുന്നു.
കാഴ്ചകൾ കണ്ട് ഫോട്ടോയുമെടുത്ത് പാറക്കെട്ടിലൂടെ പടവുകൾ കയറി മുകളിലേക്ക് തിരികേ നടന്നു. നേരം നട്ടുച്ചയാണെന്ന ബോധ്യം വന്നതും അപ്പോഴാണ്. “ഇപ്പോൾ ശാന്തമായൊഴുകുന്നത് കണ്ട് നോക്കണ്ട. മഴക്കാലത്ത് സർവ്വ സംഹാരിണിയാണ്” മാനേജർ ഓർമ്മപ്പെടുത്തി. ചെമ്പ്രമലയിൽ നിന്നും നേരിട്ടൊഴുകിയെത്തുന്നതു കൊണ്ട് തന്നെ ശുദ്ധമായ ജലമാണ്. നേരിട്ടു കുടിക്കാൻ പോലും ഉപയോഗിക്കാം. കാന്തൻ പാറ, സൂചിപ്പാറ, മീൻമുട്ടി മൂന്നു വെള്ളച്ചാട്ടങ്ങളിലേയും ജലം പരപ്പൻപാറയിൽ വച്ച് ഒന്നു ചേർന്ന് ചാലിയാർ പുഴയിലേക്ക് ഒഴുകിച്ചേരുന്നു. സൂചിപ്പാറയിലെ കലങ്ങിമറിഞ്ഞ ജലത്തേക്കാൾ എത്രയോ ശുദ്ധമാണിതെന്നും പറഞ്ഞു.
ഗേറ്റ് കടന്ന് തിരികെയെത്തുമ്പേഴേക്കും ഒരു ഗ്ലാസ്സ് ജ്യൂസും തണ്ണിമത്തനും മുന്നിലെത്തി. അതോടെ ക്ഷീണവും ദാഹവും മാറി. തുടർന്ന് ഡി.ടി.പി സി യുടെ പൂക്കോട് തടാകത്തിലെ മുൻ മാനേജർ ജയാ മേഡത്തെ ആദരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഡി.ടി പി.സി യുടെ കാന്തൻപാറ മാനേജർ ദിനേശൻ സാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിത്രശലഭം ഗ്രൂപ്പ് അഡ്മിൻ ലില്ലിയ ചേച്ചി ജയാമേഡത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.
തുടർന്ന് സർവ്വീസ് കാലത്തെ അനുഭവകഥകൾ മേഡം മറുപടി പ്രസംഗത്തിലൂടെ പറഞ്ഞു. നർമ്മത്തിൽ പൊതിഞ്ഞ് അനുഭവകഥകൾ നമുക്ക് മുന്നിൽ വച്ചപ്പോൾ വനിതാ ദിനത്തിൽ തീർച്ചയായും ആദരവ് അർഹിക്കുന്ന വ്യക്‌തിയാണെന്നു തോന്നി. സമൂഹത്തിൽ സ്ത്രീകൾ എത്രമാത്രം കരുത്തരാവണമെന്ന ബോധ്യപ്പെടുത്തലായിരുന്നു അവരുടെ വാക്കുകളിൽ. പെൺകരുത്ത് ആ വാക്കുകളിൽ തെളിഞ്ഞു കാണാം. മുന്നോട്ടുള്ള യാത്രയിൽ സ്ത്രീകൾക്ക് പലപ്പോഴും ആദ്യം പടവെട്ടേണ്ടിവരുന്നത് സ്വന്തം കുടുംബത്തോടു തന്നെയാണെന്ന് മേഡം പറഞ്ഞു നിർത്തി.
സമയക്കുറവ് നിമിത്തം അധികനേരം സംസാരിച്ചില്ലെങ്കിലും മേഡത്തെ ഇനിയുമേറെനേരം കേട്ടിരിക്കാൻ അന്നവിടെ കൂടിയവരിൽ ആഗ്രഹം ജനിച്ചു എന്നതാണ് വാസ്തവം. മേഡത്തിന്റെ വാക്കുകൾ ഏവരിലും പുതു ഊർജ്ജം പകർന്നു. അവിടത്തെ ജീവനക്കാരിയായ നിഷ ചേച്ചിയുടെ നന്ദി പ്രകാശനത്തോടെ ചടങ്ങുകൾ അവസാനിച്ചു. ഭാഷ അറിയില്ലെങ്കിലും ഉത്തരേന്ത്യയിൽ നിന്നെത്തിയ വനിത ടൂറിസ്റ്റുകളും ഈ പരിപാടിയെ സാകൂതം വീക്ഷിച്ചു അതിൽ പങ്കു ചേർന്നു .
ഉച്ചക്കാറ്റ് വന്ന് തന്റെ സാന്നിധ്യമറിയിച്ചു. മരക്കൊമ്പിലിരുന്നു കൂടെ മലയണ്ണാനും. താഴെയുള്ള മുളങ്കൂട്ടങ്ങൾക്കിടയിൽ കറങ്ങി തിരിഞ്ഞ്, ഒളിച്ചും പതുങ്ങിയും നിന്ന് ഉച്ചക്കാറ്റ് ഈ സംഭാഷണം മുഴുവൻ ശ്രവിക്കുന്നുണ്ടായിരുന്നു. സ്ത്രീയും പുരുഷനും എന്നത് അർദ്ധനാരീശ്വര സങ്കല്പം പോലെ ചേർന്നു കിടക്കുന്നു. അവനെന്നോ അവളെന്നോ ഭേദമില്ലാതെ രണ്ടും
ഒന്നു ചേർന്ന് നില്ക്കുന്നു. അവനില്ലാതെ അവളോ, അവളില്ലാതെ അവനോ ഇല്ല എന്നതാണ് വാസ്തവം.
പിന്നീട് മുളങ്കൂട്ടങ്ങളാൽ തീർത്ത വിശ്രമകേന്ദ്രത്തിൽ എത്തി. നനുത്ത കാറ്റ് അവിടെയെത്തിയവരെ തലോടി കടന്നു പോയി. വളർന്നു പന്തലിച്ചു നിൽക്കുന്ന ജീവൻ തുടിക്കുന്ന മുളങ്കാടിന്റെ മനോഹാരിത ആ കൊച്ചു വിശ്രമകേന്ദ്രത്തിന്റെ മാറ്റുകൂട്ടി. “ദേ വാൽ മാക്രികൾ” കൗതുകത്തോടെ കൂട്ടത്തിലൊരാൾ കാണിച്ചു തന്നു. മുന്നിലെ വെള്ളക്കെട്ടിൽ
ജീവന്റെ തുടിപ്പുമായി പുതുലോകത്തേക്കുള്ള വരവിനായി നൂറു കണക്കിനു വാൽമാക്രികൾ. നമ്മളറിഞ്ഞും അറിയാതെയും പോകുന്ന എന്തു മാത്രം ജൈവ വൈവിധ്യങ്ങളാണ് ഇത്തരം ഇടങ്ങളിൽ എന്ന് ഓർത്തു പോയി.
ജലാശയങ്ങളെ മലിനമാക്കാതെ ഇത്തരം ആവാസവ്യവസ്ഥയെ നശിപ്പിക്കാതെ കരുതലോടെ വേണം നമ്മുടെ യാത്രകൾ എന്ന ഓർമ്മപ്പെടുത്തൽ കൂടിയായി അത്. തിരികെ നൽകുന്ന ഓരോ കരുതലിനും നമ്മെ സ്നേഹത്തോടെ ചേർത്തു പിടിക്കാൻ കാത്തിരിക്കുകയാണ് പ്രകൃതി. ചുറ്റുമുള്ളതിനെയെല്ലാം സ്നേഹവായ്പോടെ ഹൃദയത്തിലേറ്റുന്നവനാണല്ലോ സഞ്ചാരി.
കുളിർക്കാറ്റേറ്റ് മരബെഞ്ചിലിരുന്ന് തിരികെ മടങ്ങാൻ നേരമാണ് കാഴ്ചകളിൽ മയങ്ങി ബാഗ് ആ പരിസരത്തെവിടേയോ മറന്നു വച്ചത് ഓർമ്മ വന്നത്. തിരികെയെത്തുമ്പോഴേക്കും രണ്ട് യുവ മിഥുനങ്ങൾ അവിടം സ്വന്തമാക്കി കഴിഞ്ഞിരുന്നു. അവരുടെ പ്രണയ നിമിഷങ്ങളിൽ കട്ടുറുമ്പായി കടന്ന് ബാഗുമായി ഞാൻ മടങ്ങി. അവരവിടെ പ്രണയ ചിത്രങ്ങൾ വരയ്ക്കട്ടെ.