ഇന്ത്യക്കാർക്ക് പ്രവേശനമില്ലാത്ത ഒരു കിടിലൻ റൂട്ട്

ചൈനയിൽ നിന്നും പാക്കിസ്ഥാനിലേക്കുള്ള ഒരു ഹൈവേ… ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതമെന്നും എഞ്ചിനീയറിങ് മികവ് എന്നും ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന നിർമ്മിതി. ഇന്ത്യ-ചൈന-പാക്കിസ്ഥാൻ അതിർത്തികളോട് ചേർന്നു കിടക്കുന്ന കാരക്കോറം പർവ്വത നിരകളിലൂടെ നിർമ്മിക്കപ്പെട്ടിരിക്കുന്ന, കാരക്കോറം പാസ്സ് എന്നറിയപ്പെടുന്ന ഈ ഹൈവേ ലോകത്തിലെ ഏറ്റവും മനോഹരമായ മൗണ്ടൻ ഹൈവേ തന്നെയാണ്.

ടർക്കിഷ് ഭാഷയിലെ ഒരു വാക്കാണ് കാരക്കോറം. കരിങ്കല്ല് എന്നാണ് അത് സൂചിപ്പിക്കുന്നത്. കൊടുംവളവുകളും കുത്തനെയുള്ള കയറ്റിറക്കങ്ങളുമുള്ള കാരക്കോറം ഹൈവേ ഏറ്റവും ഉയരത്തില്‍ നിര്‍മ്മിക്കപ്പെട്ട അന്താരാഷ്ട്ര റോഡായാണ് കണക്കാക്കപ്പെടുന്നത്. ലോകത്തിലെ എട്ടാമത്തെ അത്ഭുതം എന്നാണ് കാരക്കോറം പാത വിശേഷിപ്പിക്കപ്പെടുന്നത്.

ചൈനയുടെയും പാക്കിസ്ഥാന്റെയും നയതന്ത്ര ബന്ധങ്ങളുടെ ഭാഗമായി 1959 ൽ നിർമ്മാണം ആരംഭിച്ചതാണ് കാരക്കോറം ഹൈവേ. 1979 ൽ നിർമ്മാണം പൂർത്തീകരിച്ച് ഇത് തുറന്നുകൊടുത്തു. അതായത് ഈ റോഡ് പൂർത്തിയാക്കാൻ ഏതാണ്ട് 20 വർഷത്തോളം എടുത്തു. ഗിൽജിത്തിന്റെയും ബാൽട്ടിസ്ഥാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാത ഏകദേശം 1300 കിലോമീറ്റർ ദൂരത്തിലാണ് വ്യാപിച്ചു കിടക്കുന്നത്. പടിഞ്ഞാറൻ ചൈനയിലെ കാഷ്ഗറിൽ നിന്നും പാക്കിസ്ഥാനിലെ അബ്ബോട്ടാബാദ് വരെയാണ് കാരക്കോറം ഹൈവേ കടന്നുപോകുന്നത്.

ഇന്ത്യയിലെ ഹിമാലയ മേഖലകളായ കശ്മീരും ലഡാക്കും ഉത്തരഖണ്ഡും ഹിമാചലും സിക്കിമും അരുണാചലും അടക്കം ഒരിടത്തും ഇത്തരം മനോഹരമായ മൗണ്ടൻ ‍ഹൈവേ കാണാന്‍ സാധ്യമല്ല. അവിടെയാണ് പാകിസ്ഥാന്‍ ചൈനീസ് സഹായത്താല്‍ 1300 km നീളം വരുന്ന ഒരു ചരക്കു പാത ഹിമാലയ സാനുക്കളില്‍ മനോഹരമായി നിര്‍മ്മിച്ചെടുത്തത്. ഫ്രണ്ട്ഷിപ്പ് ഹൈവേ എന്നാണ് ചൈനയിൽ ഇത് അറിയപ്പെടുന്നത്.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യക്കാരായ സഞ്ചാരികൾക്ക് ഒരിക്കലും പ്രവേശനം അനുവദിക്കാത്ത സ്ഥലം കൂടിയാണിത്. പാക്കിസ്ഥാന്റെയും ചൈനയുടെയും നയതന്ത്ര ബന്ധങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച ഈ ഹൈവേയില്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ല. സാധാരണയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഇതുവഴി സന്ദർശനത്തിനായി എത്താറുണ്ടെങ്കിലും സുരക്ഷാ കാര്യങ്ങള്‍ പരിഗണിച്ച് വളരെ കുറച്ച് പേർക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. 15,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പാത പ്രധാനമായും ചരക്കു ഗതാഗത സേവനത്തിനു വേണ്ടിയാണു നിർമ്മിച്ചിരിക്കുന്നത്.

കാരക്കോറം പർവ്വത നിരകൾ പാക്കിസ്ഥാൻ, ഇന്ത്യ, ചൈന, അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലായാണ് പരന്നു കിടക്കുന്നത്. ഇന്ത്യയുടെ ലഡാക്ക് റീജിയണാണ് കാരക്കോറത്തിന്റെ ഭാഗമായി വരുന്നത്. എന്നാൽ കാരക്കോറം പാസ്സ് പാക് അധിനിവേശ കാശ്മീരിലൂടെയാണ് കടന്നുപോകുന്നത്. ഈ പാതയുടെ തൊട്ടടുത്തു തന്നെയാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമുഖമായ സിയാചിൻ ഹിമാനി.

രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി പ്രശ്നങ്ങളും മറ്റും മാറുകയും നമ്മൾ ഇന്ത്യക്കാർക്ക് ഈ മനോഹരമായ പാതയിലൂടെ സഞ്ചരിക്കുവാൻ കഴിയുന്ന കാലം വരുമെന്നും നമുക്ക് പ്രത്യാശിക്കാം.