കാർഗിലിലെ ഞങ്ങളുടെ ആദ്യത്തെ പകൽ പുലർന്നു. രാവിലെ തന്നെ ഞങ്ങൾ ലേയിലേക്കുള്ള യാത്ര ആരംഭിച്ചു. ശ്രീനഗറിൽ നിന്നും ലേയിലേക്ക് പോകുന്നവർക്ക് ഒറ്റയടിയ്ക്ക് പോകാൻ പറ്റിയില്ലെങ്കിൽ ഇടയ്ക്ക് തങ്ങുവാൻ പറ്റിയ സ്ഥലമാണ് കാർഗിൽ. 1999 ൽ നടന്ന ഇൻഡ്യാ – പാക് കാർഗിൽ യുദ്ധത്തെത്തുടർന്നാണ് ഈ സ്ഥലം കൂടുതൽ പ്രശസ്തമായത്.
നമ്മൾ പേടിക്കുന്നതു പോലത്തെ പ്രശ്നങ്ങളൊന്നും കാർഗിലിൽ ഞങ്ങൾക്ക് അനുഭവപ്പെട്ടില്ല. ശ്രീനഗറിൽ നിന്നും കാർഗിൽ വരെയുള്ള റോഡ് മോശമായിരുന്നെങ്കിലും കാർഗിലിൽ നിന്നും ലേയിലേക്കുള്ള റോഡ് അത്യാവശ്യം നല്ലതായിരുന്നു. റോഡിൽ ആണെങ്കിൽ തിരക്കും കുറവായിരുന്നു. വരണ്ട കാലാവസ്ഥ ആയിരുന്നുവെങ്കിലും അവിടത്തെ കാഴ്ചകൾ വളരെ അടിപൊളിയായിരുന്നു. ഏതാണ്ട് അഫ്ഗാനിസ്ഥാനിലൂടെയോ മറ്റോ യാത്ര ചെയ്യുന്ന ഒരു ഫീൽ…
അകലെയായി മഞ്ഞുമലകൾ കാണുന്നുണ്ടായിരുന്നു. ശൈത്യകാലത്ത് ഞങ്ങൾ പൊയ്ക്കൊണ്ടിരുന്ന ആ വഴികളിലൊക്കെ മഞ്ഞായിരിക്കും എന്ന് ഞങ്ങൾ ആലോചിച്ചു. പോകുന്ന വഴിയിൽ ടിബറ്റൻ രീതിയിലുള്ള ബുദ്ധക്ഷേത്രങ്ങളൊക്കെ ഞങ്ങൾ കണ്ടു. അവിടെയൊക്കെ ഇറങ്ങിയതായിരുന്നു ഞങ്ങൾ പോയത്. പോകുന്ന വഴിയിലെല്ലാം വണ്ടി നിർത്തി ഞങ്ങൾ കിടിലൻ ഫോട്ടോസ് എടുത്തായിരുന്നു മുന്നോട്ടുള്ള യാത്ര.
വിശപ്പ് അനുഭവപ്പെട്ടപ്പോൾ വഴിയിൽ കണ്ട ഒരു ആർമി കഫെയിൽ കയറി ഭക്ഷണം കഴിച്ചു. വളരെ വിലക്കുറവിലായിരുന്നു അവിടെ ഭക്ഷണം ലഭിച്ചിരുന്നത്. ഇതുവഴി പോകുന്ന യാത്രക്കാർക്ക് വളരെ ഉപകാരപ്രദമാണ് ആർമിയുടെ നേതൃത്വത്തിൽ നടത്തുന്ന ഇത്തരം കഫേകൾ. അവിടെ വെച്ച് ഞങ്ങൾ കുറച്ചു മലയാളി ബൈക്ക് സഞ്ചാരികളെ പരിചയപ്പെട്ടു. അവരുമായി കുറച്ചു നേരം വിശേഷങ്ങൾ പങ്കുവെച്ചതിനു ശേഷം ഞങ്ങൾ അവിടെ നിന്നും വീണ്ടും യാത്ര തുടർന്നു.
കുറച്ചു ദൂരം യാത്ര ചെയ്തു കഴിഞ്ഞപ്പോൾ ചെറുതായി മഴ പൊടിയുവാൻ തുടങ്ങി. പിന്നെയും കുറച്ചു കഴിഞ്ഞപ്പോൾ മഴ മാറി പകരം മഞ്ഞു പെയ്യുവാൻ ആരംഭിച്ചു. ഫാതുലാ എന്ന സ്ഥലത്തു വെച്ചായിരുന്നു ഞങ്ങൾക്ക് മഞ്ഞുവീഴ്ച അനുഭവിക്കുവാൻ ഭാഗ്യം കൈവന്നത്. ആഹാ.. ജീവിതത്തിലെ മനോഹരമായ ഒരു കാഴ്ചകളിൽ ഒന്ന്… മഞ്ജു കണ്ടതോടെ എമിൽ വേഗം ജാക്കറ്റ് ഒക്കെ ഊരിക്കളഞ്ഞു പുറത്തിറങ്ങി ആസ്വദിക്കുവാൻ തുടങ്ങി. മഞ്ഞുവീഴ്ചയ്ക്കൊപ്പം നല്ല കാറ്റും ഉണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് സഞ്ചരിച്ചിരുന്ന ബൈക്ക് റൈഡർമാർ തന്നെയായിരുന്നു ആ റൂട്ടിലെ ഹീറോസ്.
നിമിഷനേരങ്ങൾ കൊണ്ട് ഞങ്ങളുടെ കാർ മഞ്ഞുതുള്ളികൾ വീണ് കുതിർന്നു. ഏതാണ്ട് സ്വിറ്റ്സർലാൻഡ് പോലുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പോയപോലത്തെ ഒരു ഫീൽ ആയിരുന്നു ഞങ്ങൾക്ക് ഫാതുലായിൽനിന്നും ലഭിച്ചത്. അങ്ങനെ ഞങ്ങൾ 13,500 അടി ഉയരത്തിലുള്ള ഫാതുലാ പാസ്സ് കടന്നുകൊണ്ട് ലേയിലേക്കുള്ള യാത്ര തുടർന്നു.
Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.