വിവരണം – Jasna EK.
മാസം തോറും നടത്തി വരാറുള്ള നാട് കാണൽ മഹാമഹത്തിന്റെ ഭാഗമായി ജനുവരിയിൽ കുമാരപർവതം പോകാൻ പ്ലാൻ ചെയ്തു നിക്കുമ്പോഴാണ് വീട്ടീന്ന് ഉമ്മാന്റെ വിളി… “നീ ഈ ആഴ്ച വീട്ടിൽ വരുന്നോ?”.. “ഏയ് .. പറ്റൂല്ല.. എനിക്കൊരിടത്ത് പോവാനുണ്ട്…” കുറച്ച് നേരത്തെ നിശ്ശബ്ദതക്ക് ശേഷം “നിങ്ങക്കൊക്കെ ആഗ്രഹിക്കുന്നിടത്തൊക്കെ അപ്പോ തന്നെ പോവാല്ലോ.. എത്ര നാളായിട്ട് എൻ്റെ ജീവിതം ഇങ്ങനെയാണ്. കഷ്ടപ്പാടൊന്നൂല്ല.. എന്നാലും എന്നും രാവിലെ എണീക്കുന്നു… വീട്ടിലെ പണികളൊക്കെ ചെയ്യുന്നു… ഉറങ്ങുന്നു.. എല്ലാ ദിവസവും ഒരുപോലെ.”
എനിക്ക് മറുപടി പറയാൻ ഒന്നുമുണ്ടായിരുന്നില്ല… ശരിയാണ്. മിക്ക വീട്ടമ്മമാരുടെയും ജീവിതം ഇങ്ങനെ തന്നെയാണ്. എത്രയോ കൊല്ലങ്ങളായി ഒരേ പോലെയാണ് ദിനങ്ങൾ.. ഒരേ മുഖങ്ങൾ.. ഒരേ ജോലികൾ.. ആവർത്തന വിരസങ്ങളായ ദിനങ്ങൾ. മടുക്കുന്നുണ്ടാവില്ലേ?.. എനിക്കൊക്കെയാണെങ്കിൽ രണ്ടു ദിവസം അടുപ്പിച്ച് പണിയൊന്നുമില്ലാണ്ട് വീട്ടിൽ നിന്നാൽ തന്നെ വിരസതയാണ്.. മൂന്നാം ദിവസം വെറുതെ ഒന്ന് ജംഗ്ഷൻ വരെയെങ്കിലും പോയ്‌വരും.കുറച്ചു പുതിയ മുഖങ്ങളെങ്കിലും കാണാലോ…
പിന്നെയൊരു ദിവസം ഞങ്ങൾ രണ്ടാളും കൂടി ടിവി കണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ ഒരു വെള്ളച്ചാട്ടം കാണിച്ചപ്പോഴാണ് ചോദിച്ചത് “നീ ഇതു പോലെയുള്ള സ്ഥലങ്ങളിലാണോ പോവാറ്?”… “ഇത് പോലെയുള്ളിടത്ത് മക്ക് പോകാം.. ഞാൻ അടുത്ത തവണ വീട്ടിലെത്തുമ്പോ.” കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പോവാൻ നല്ല ആഗ്രഹമുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോൾ ഒടുക്കത്തെ ഡയലോഗ് ആണ്.. “ങേ.. ഞാനോ?.. അപ്പോ വീട്ടിലെ കാര്യങ്ങൾ ഒക്കെ എന്താക്കും?. വീട് രണ്ട് ദിവസത്തേക്ക് അടച്ചിടാനോ?( ചില നേരത്തെ കാരണങ്ങൾ കേട്ടാൽ വീടോടു കൂടിയാണ് ജനിച്ചു വീണതെന്നു തോന്നും). നമ്മളങ്ങിനെ പോയാൽ വീട്ടിലെ കോഴിയേം ആടിനേം ഒക്കെ രണ്ട് ദിവസം എന്തു ചെയ്യും?. നീ ഇങ്ങനെ സാലറി കിട്ടുന്നതത്രയും കറങ്ങിത്തീർത്താൽ നാളെക്കൊരു കരുതലൊക്കെ വേണ്ടേ.. കുറച്ച് സ്വർണം വാങ്ങി വെച്ചൂടെ?” ഇങ്ങനെ പോകുന്നു ന്യായീകരണങ്ങൾ. ഇതിനൊക്കെയൊടുവിൽ ഞാൻ പിൻവാങ്ങാറാണ് പതിവ്..
ഫെബ്രുവരീൽ വീട്ടിൽ വന്നു പോകുമ്പോ ഞാൻ പറഞ്ഞു.. “എല്ലാ മാസവും ഞാൻ ഇങ്ങോട്ടല്ലേ വരുന്നത്?. അടുത്ത മാസം എന്നെ കാണണങ്കിൽ അങ്ങ് കോയിക്കോടേക്ക് വന്നു കണ്ടാൽ മതി”.. ഇതല്ലാണ്ട് വേറെ വഴിയൊന്നുമില്ലെന്നു എനിക്ക് മനസ്സിലായിരുന്നു..എന്തായാലും അതേറ്റു.അടുത്ത ആഴ്ച തന്നെ ബാപ്പാനേം സമ്മതിപ്പിച്ച് നാലാൾക്കും ടിക്കറ്റും ബുക്ക് ചെയ്ത് കൊടുത്തു. വേനലായതിനാൽ എല്ലായിടവും കരിഞ്ഞുണങ്ങി കിടക്കുവാണല്ലോ.. ഇതിപ്പോ ഞാനെവിടെ കൊണ്ടോവും. എങ്ങും കൊണ്ടോയില്ലെങ്കിലും മിഠായിത്തെരുവിലൂടെ രണ്ട് തവണ നടന്നാൽ തന്നെ ഉമ്മ ഹാപ്പിയാകുമെന്നു എനിക്കറിയാരുന്നു… ഒരിക്കൽ ഉത്സവ പറമ്പുകളെ പറ്റി പറഞ്ഞപ്പോൾ “ഞാൻ കുഞ്ഞുന്നാളിലെന്നോ കുമരഞ്ചിറ അമ്പലത്തിലെ ഉത്സവത്തിന് പോയ ഓർമ്മ മാത്രേയുള്ളൂ.. ഒന്നും വാങ്ങണന്നൊന്നൂല്ല. വെറുതെ ഇങ്ങനെ എല്ലാം കണ്ട് അതിനിടയിലൂടെ നടക്കാൻ എന്തു രസമുണ്ടാകും.. ” ചിലരങ്ങിനെയാണ്.. ചെറിയ കാര്യങ്ങളിൽ വലിയ സന്തോഷം കണ്ടെത്തുന്നവർ.. എനിക്കും ഏറ്റവും സുഖകരമായൊരു ഫീലിംഗ് ആണ് അപരിചിതമായ ഇടങ്ങളിൽ ആൾക്കൂട്ടത്തിനിടയിലൂടെ ഇങ്ങനെ കയ്യും വീശി നടക്കുക… ‘ആൾക്കൂട്ടത്തിൽ തനിയെ..
യാത്രാ ഗ്രൂപ്പുകളിലൊക്കെ തപ്പി ഒടുവിൽ കരിയാത്തുംപാറ പോകാനുറപ്പിച്ചു.കടുത്ത ചൂടായതിനാൽ അമിത പ്രതീക്ഷകളില്ലാതെ കരിഞ്ഞ പുല്ലും നൂലു പോലൊഴുകുന്ന വെള്ളവുമൊക്കെ കാണാൻ ചെന്ന എന്നെ അക്ഷരാർത്ഥത്തിൽ മനം കുളിർപ്പിച്ചു.. പ്രകൃതിയൊരു സ്വപ്നതീരമൊരുക്കിയ പോലെ.. കക്കയം മലനിരകളിറങ്ങി വരുന്ന സ്ഫടിക ജലം.. നിരന്തരമായ സമ്പർക്കം മൂലം പാറക്കല്ലുകളിൽ അവ മിനഞ്ഞെടുത്ത ശില്പങ്ങൾ.. ഉരുളൻ കല്ലുകൾക്കിടയിലൂടെ നീന്തിത്തുടിക്കുന്ന മീനുകൾ… കുന്നിറങ്ങിയെത്തുന്ന കാറ്റ് വെള്ളത്തിലുണ്ടാക്കുന്ന ഓളങ്ങൾ..കണ്ണിനും മനസിനു ഒരു പോലെ വിരുന്നൊരുക്കുന്ന കാഴ്ചകൾ…. ഇപ്പോൾ ഇത്രയും സൗന്ദര്യമാണെങ്കിൽ മഴയിൽ എന്തു ഭംഗിയാവും… ഇപ്പൊ പുറത്ത് നിൽക്കുന്ന മരങ്ങളിൽ പലതും മൺസൂണിൽ വെള്ളത്തിലാവും.. ചാഞ്ഞു നിൽക്കുന്ന മരക്കൊമ്പുകൾ.. മൺസൂണിൽ ഒന്നൂടി ഇവിടെയെത്തണമെന്നു തീരുമാനിച്ച് ഞങ്ങൾ താമരശ്ശേരി ചുരത്തിലേക്ക് വിട്ടു… വ്യൂ പോയിന്റിൽ താഴേക്ക് നോക്കി നിൽക്കുമ്പോ ഞാൻ ഉമ്മാനോട് ചോദിച്ചു.. “സന്തോഷായോ?”. “ഒരു കുന്നും അഞ്ചാറു മരങ്ങൾ കൂടി നിക്കുന്നതും കണ്ടാൽ തന്നെ എനിക്ക് സന്തോഷാവും .. ആ എന്നോടാണോ?.”കണ്ണ് നിറയുന്നത് സങ്കടം വരുമ്പോ മാത്രല്ലാന്നു ഞാൻ തിരിച്ചറിയുവാരുന്നു…
പിന്നീട് ഉമ്മ എന്നെ ഞെട്ടിച്ചത് പിറ്റേന്ന് വീട്ടിലേക്ക് വിളിച്ചപ്പോഴാരുന്നു.. “നമ്മളിനി എവിടേക്കാ പോണേ…” ഞാൻ ഞെട്ടി. “അപ്പോ വീട്?” … “അത് രണ്ട് ദിവസത്തേക്ക് പൂട്ടിയിട്ടാൽ പോരെ??” .. പതിയെ ചിരി വീണ്ടെടുത്തു ഞാൻ പറഞ്ഞു.” ഉമ്മക്കിനി എവിടെ പോണംന്നു പറഞ്ഞാലും കൊണ്ടോവും”.. “എന്നാ നമുക്ക് കന്യാകുമാരിൽ പോകാം.. അവിടുത്തെ സൂര്യോദയം കാണണംന്നു ആഗ്രഹമുണ്ട്.. “. “ഒട്ടും വൈകണ്ട.. അടുത്താഴ്ച തന്നെ പോകാല്ലോ?..”