വിവരണം – ജംഷീർ.
ലഡാക്ക് യാത്രക്ക് ഒരുങ്ങുന്ന സഞ്ചാരികളായ സുഹുർത്തുക്കളെ ഏറെ അലട്ടുന്ന ഒരു പ്രശ്നമാണ് യാത്രയ്ക്ക് വേണ്ട ലഡാക്ക് കരിയർ റൈഡിംഗ് ഗിയേർസ്, തുടങ്ങി വണ്ടിയുടെ മറ്റ് ആക്സസറീസുകൾ എവിടെ നിന്നാണ് വാങ്ങാൻ കിട്ടുന്നത്. അതിനൊക്കെ എത്ര ക്യാഷ് വേണ്ടി വരും എന്നൊക്കെയുള്ള കാര്യങ്ങൾ. ഞങ്ങളെ വരെ ഏറെ അലട്ടിയ പ്രശ്നം ആയിരുന്നു. അവസാനം നാട്ടിൽ നിന്ന് 3000 രൂപക്കും അതിൽ മുകളിലും കാശ് കൊടുത്ത് ലഡാക്ക് കാരിയറും മറ്റും വാങ്ങി പാക്ക് ചെയ്ത് കെട്ടി വലിച്ച് ഡൽഹിയിൽ വന്നിട്ട് യാത്ര തുടങ്ങും.
എന്നാൽ ഇനി മുതൽ നിങ്ങൾ നാട്ടിൽ നിന്ന് ബൈക്ക് പാർസൽ ചെയ്ത് ഡൽഹിയിൽ നിന്നാണ് നിങ്ങളുടെ ലഡാക്ക് യാത്ര തുടങ്ങുന്നത് എങ്കിൽ ഈ പറഞ്ഞ ഒരു സാധനവും നാട്ടിൽ നിന്ന് ക്യാഷ് കൊടുത്ത് വാങ്ങി ഡൽഹിയിലേക്ക് വണ്ടി കയറേണ്ടതില്ല. നിങ്ങൾ ട്രിപ്പിന് തയ്യാറായി നാട്ടിൽ നിന്ന് വണ്ടി കയറുമ്പോൾ നിങ്ങളുടെ ഡ്രസ്സും മറ്റു അത്യാവശ്യ സാധനങ്ങളും കയ്യിൽ കരുതിയാൽ മതി. അതാകുമ്പോൾ ലഗേജുകളുടെ എണ്ണം വർദ്ധിച്ച് ഡൽഹിയിലേക്കുള്ള യാത്രയിൽ അത് കൊണ്ട് ഉണ്ടാകുന്ന പ്രയാസങ്ങൾ ഒഴിവാക്കാം.
നിങ്ങൾ ഡൽഹിയിൽ എത്തി കഴിഞ്ഞാൽ പാർസൽ ചെയ്ത വണ്ടി വാങ്ങി നേരെ കരോൾബാഗ് എന്ന സ്ഥലത്തേക്ക് വിടുക. ഡൽഹിയിലെ ഒരു പ്രധാന വ്യാവസായിക കേന്ദ്രമാണ് കരോൾ ബാഗ്. സെൻട്രൽ ഡെൽഹി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ദില്ലിയിലെ അറിയപ്പെടുന്നൊരു ഷോപ്പിങ്ങ് കേന്ദ്രമാണ്. നിസാമുദ്ധീൻ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് 12 കിലോമീറ്ററും, ന്യൂഡൽഹി റെയിവെ സ്റ്റേഷനിൽ നിന്ന് 4 കിലോമീറ്ററും ദൂരം.
ഇവിടെ എത്തിയാൽ ബൈക്കിന്റെയും, കാറിന്റെയും ആക്സസറീസുകൾ വളരെ കുറഞ്ഞ വിലക്ക് ഇവിടെ നിന്നും നിങ്ങൾക്ക് കിട്ടും. നാട്ടിൽ ഞങ്ങളോട് 3000 രൂപ വില പറഞ്ഞ ലഡാക്ക് കരിയർ 800 രൂപ മുതൽ 2000 രൂപ വരെയുള്ള വിലക്ക് ഇവിടെ ലഭിക്കുന്നുണ്ട്. അതുപോലെ വണ്ടിയുടെ മറ്റ് സാധനങ്ങളും, നാട്ടിൽ കിട്ടുന്നതിന്റെ പകുതി വിലക്ക് ഇവിടെ നിങ്ങൾക്ക് ലഭിക്കും.
സത്യം പറയാലോ അവിടെ എത്തി ഞങ്ങൾ സാധനങ്ങളുടെ വില അന്വേഷിച്ച് അറിഞ്ഞതിന് ശേഷം കുറച്ച് നേരത്തേക്ക് നല്ല തരിപ്പായിരുന്നു. വെറുതെ നാട്ടിൽ നിന്ന് വാങ്ങി പ്രായാസപ്പെട്ട് വരേണ്ടിയിരുന്നില്ല എന്ന് വരെ തോന്നിപ്പോയി. അത്രമാത്രം വിലക്കുറവിൽ ആക്സസറീസുകൾ നമുക്കവിടെ കാണാൻ പറ്റി. അതും ബൈക്കുകൾക്ക് മാത്രമായി വലിയ ഒരു ഏരിയ തന്നെ ഉണ്ട്. അതു പോലെ കാറിന്റെയും ഉണ്ട്. വില കുറഞ്ഞത് കൊണ്ട് കോളിറ്റി കുറഞ്ഞ സാധനങ്ങൾ ആയിരിക്കും എന്ന് നിങ്ങൾ കരുതേണ്ടതില്ല. എല്ലാം നല്ല കോളിറ്റി ഐറ്റം തന്നെ. അതു കൊണ്ട് ഇത്തരം സാധനങ്ങൾ നാട്ടിൽ നിന്നും എടുത്ത് ഒരു പാട് ദൂരം ട്രയിനിൽ യാത്ര ചെയ്ത് ഡൽഹിയിലേക്ക് വരുന്നതിന് പകരം കരോൾബാഗിൽ വന്ന് പർച്ചേസ് ചെയ്ത് യാത്ര ചെയ്യുന്നതായിരിക്കും നല്ലത്.
കരോൾബാഗിനെ കുറച്ച് ഞങ്ങൾ അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ ഒരിക്കലും നാട്ടിൽ നിന്നും ആക്സസറീസ് വാങ്ങി ഡൽഹിയിലേക്ക് വരില്ലായിരുന്നു. അറിഞ്ഞപ്പോൾ പെട്ടെന്ന് തന്നെ സഞ്ചാരികളായ സുഹൃത്തുക്കളുടെ മുമ്പിൽ എത്തിക്കണം എന്ന് തോന്നി. കാരണം ധാരാളം സഞ്ചാരികൾ ലഡാക്ക് എന്ന സ്വപ്നം മനസ്സിൽ നിറച്ച് നടക്കുന്നുണ്ട് എന്ന് എനിക്കറിയാം. ഞാൻ ഈ ട്രിപ്പ് ചെയ്യുന്നതറിഞ്ഞപ്പോൾ “നാട്ടിൽ എവിടെ നിന്നാണ് കരിയറും റൈഡിംഗ് ഗിയറും കിട്ടുക. നിങ്ങൾ എവിടെ നിന്നാണ് വാങ്ങിയത്. അതും വില കുറഞ്ഞ് കിട്ടുമോ” എന്നൊക്കെ ചോദിച്ച് ചില സുഹൃത്തുക്കൾ വാട്ട്സപ്പിൽ മെസേജുകൾ അയക്കുന്നുണ്ട്. അവർക്ക് ഈ വിവരണം ഉപകാരപ്രദമാകുമെന്ന് വിശ്വസിക്കുന്നു.
പിന്നെ സാധനങ്ങൾ വാങ്ങി കഴിഞ്ഞാൽ വേഗം ക്യാഷ് എടുത്തു കൊടുക്കരുത്. മാക്സിമം ബാർഗയിനിംഗ് ചെയ്തതിന് ശേഷം മാത്രമെ ക്യാഷ് കൊടുക്കാവു. കാരണം ഡൽഹിയാണ്, ഇത്തരം സ്ഥലങ്ങളിൽ 1000 രൂപ പറഞ്ഞ സാധനം ബാർഗയിനിംഗ് ചൈതാൽ അവസാനം അവർ 100 രൂപക്കും തരും. അതാണ് ഡൽഹിയിലെ ഇത്തരം മാർക്കറ്റിന്റെ പ്രത്യേകത. ഇല്ലെങ്കിൽ അവർ നമ്മളെ അടപടലം പറ്റിക്കും. അപ്പോൾ കരോൾ ബാഗിന്റെ വിവരണം ഇഷ്ട്ടപ്പെട്ടുവെന്ന് കരുതുന്നു. ഇഷ്ട്ടപ്പെട്ടാൽ നിങ്ങളുടെ കൂട്ടുകാരിലേക്കും വിവരണം ഷെയർ ചെയ്യുമല്ലോ.