കെഎസ്ആർടിസി ബസ്സിൽ കണ്ടക്ടർമാർക്ക് പ്രത്യേകം സീറ്റുകളുണ്ട്. ടിക്കറ്റ് കൊടുത്തു കഴിയുമ്പോൾ ഇവർ ഈ സീറ്റിൽ വന്നിരുന്നു വിശ്രമിക്കാറുമുണ്ട്. എന്നാൽ കാസർഗോഡ് മുതൽ കോട്ടയം വരെ രാത്രി സർവ്വീസിൽ തൻ്റെ സീറ്റ് യാത്രക്കാർക്കായി വിട്ടുകൊടുത്ത ഒരു കണ്ടക്ടറെക്കുറിച്ചാണ് ഈ പോസ്റ്റ്. ഈ അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത് കണ്ണൂർ സ്വദേശിനിയും സഞ്ചാരിയുമായ രേഷ്മ രാജനാണ്. രേഷ്മയുടെ പോസ്റ്റ് ഇങ്ങനെ…
“തിങ്കളാഴ്ച ശിവരാത്രി ആയതിനാൽ ശനിയാഴ്ച രാത്രി വോൾവോയിലും ട്രെയിനിലും ടിക്കറ്റ് കിട്ടിയില്ല. കണ്ണൂരിൽ നിന്നും വീട്ടിലേക്കു എങ്ങനെ പോകും എന്ന് ആലോചിച് ഇരിക്കുമ്പോളാണ് KSRTC യിൽ പോയാലോ എന്ന് ഞാൻ ആലോചിക്കുന്നത്. എന്റെ നടുവിന് അല്പം Problem ഉള്ളതിനാൽ പുഷ്ബാക്ക് സീറ്റ് ഇല്ലാത്ത KSRTC യിൽ ഇത്രദൂരം എങ്ങനെ പോകും എന്ന് കുറെ ആലോചിച്ചു. എന്തും വരട്ടെ എന്ന് കരുതി രാത്രി 7.30 യുടെ കാസർഗോഡ് – കോട്ടയം സൂപ്പർഫാസ്റ് ഓൺലൈനിൽ ബുക്ക് ചെയ്തു.
7.45 ഒക്കെ ആയപ്പോൾ കണ്ണൂർ സ്റ്റാൻഡിൽ ബസ് എത്തി. നേരത്തെ ഞാൻ സീറ്റ് ബുക്ക് ചെയ്തതിനാൽ മുൻവാതിലിനു തൊട്ടുപിന്നിൽ സീറ്റ് കിട്ടി. അങ്ങനെ ആ യാത്ര തുടങ്ങി.. അടുത്ത 2 ദിവസം അവധി ആയതിനാൽ , ബസിൽ നല്ല തിരക്ക് ഉണ്ടായിരുന്നു.. സ്ത്രീകളും കുട്ടികളും.. കോളേജ് വിദ്യാർത്ഥികളും അങ്ങനെ നിറയെ ആളുകൾ.. എല്ലാവരും.. തൃശൂരിന് അപ്പുറം ഇറങ്ങാൻ ഉള്ളവരാണെന് കണ്ടപ്പോൾ തോന്നി.. ഏകദേശം കോഴിക്കോട് ഒക്കെ കഴിഞ്ഞപ്പോൾ ബസ് ഒരിടത്തു ഭക്ഷണം കഴിക്കാൻ നിർത്തി. ശേഷം അൽപ ദൂരം ചെന്നപ്പോൾ സ്ത്രീകളൊക്കെ അവശരായി.. ഉറക്കമില്ലായ്മയും.. മണിക്കൂറുകളായുള്ള നിൽപ്പും അവരെ തളർത്തി.. അപ്പോൾ ആ ബസിലെ കണ്ടക്ടർ , ആളുകൾ ഇറങ്ങുന്നതിനു അനുസരിച് അവർക്കു സീറ്റ് കൊടുത്തു..
സമയം രാത്രി 12.30 ഒക്കെ ആയി.. കോളേജ് വിദ്യാർത്ഥികളൊക്കെ നിന്ന് ഉറങ്ങാൻ തുടങ്ങിയപ്പോൾ അവരോട് ബസിന്റെ step ൽ ഇരിക്കാൻ പറഞ്ഞു.. ചിലരൊക്കെ നിന്ന് നിന്ന് കാൽ വേദനിക്കുന്നു എന്ന് കണ്ടക്ടറോട് പറഞ്ഞപ്പോൾ വേറെ ഒരു നിർവഹവും ഇല്ലാത്തതിനാൽ അവരോട് കുശലം പറഞ്ഞു അവരുടെ ഉറക്ക ക്ഷീണം ഒക്കെ മാറ്റി.. 1 മണി ഒക്കെ ആയപ്പോൾ ബസിൽ നിന്ന് ഇറങ്ങാൻ പോയ ഒരു ചെറുപ്പക്കാരനോട്.. “വീട്ടിലേക്കു കൂട്ടികൊണ്ട് പോകാൻ ആരെങ്കിലും വരുമോ , അതോ ഒറ്റയ്ക്കു ആണോ പോകുന്നത് ” എന്നൊക്കെ ചോദിക്കുകയും.. സ്റ്റെപ്പിൽ ഇരുന്നു ഉറങ്ങി വീഴുന്നവരെ തട്ടി ഉണർത്തുകയും… അങ്ങനെ അങ്ങനെ ഒരുപാടു കാര്യങ്ങൾ..
അപ്പോഴൊക്കെ ഞാൻ ശ്രെദ്ധിച്ചൊരു കാര്യം. അങ്ങ് കാസർഗോഡ് മുതൽ കോട്ടയം വരെ ആ കണ്ടക്ടർ നിൽക്കുകയായിരുന്നു. ഒരു അൽപ നേരം പോലും അദ്ദേഹം ഇരുന്നില്ല.. ഇരിക്കാൻ കിട്ടിയ സീറ്റ് ഒക്കെ യാത്രക്കാർക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്തു. ഏകദേശം 350 കിലോമീറ്റർ ഉണ്ട് കാസർഗോഡിൽ നിന്നും കോട്ടയം വരെ.. ജോലി ക്ഷീണവും , ഉറക്ക ക്ഷീണവും , അലതല്ലുമ്പോൾ ക്ഷീണിച്ചു അവശരായ ഒരുപാട് യാത്രക്കാർക്ക് ആശ്വാസമായിരുന്നു അദ്ദേഹം.”
കെഎസ്ആർടിസിയിൽ കണ്ടക്ടർമാർ തങ്ങളുടെ സീറ്റ് യാത്രക്കാർക്ക് വിട്ടുനൽകണമെന്നു നിയമമൊന്നുമില്ല. വിട്ടുകൊടുക്കാത്ത ജീവനക്കാർ നല്ലവരല്ലെന്നുമല്ല. അവരും മനുഷ്യരാണ്. അവർക്കും ഉണ്ടാകും ബുദ്ധിമുട്ടുകൾ. എങ്കിലും തൻ്റെ ബുദ്ധിമുട്ടുകൾ മാറ്റിവെച്ച് യാത്രക്കാർക്ക് മികച്ച യാത്രാസൗകര്യം ഒരുക്കിക്കൊടുക്കാൻ ഇവിടെ ഈ കണ്ടക്ടർ കാണിച്ച സന്മനസ്സിനെയാണ് നമ്മൾ സല്യൂട്ട് ചെയ്യേണ്ടത്.