“ആനവണ്ടി” എന്ന് കേട്ടാല്‍ മലയാളികളുടെയെല്ലാം മനസ്സില്‍ തെളിഞ്ഞു വരുന്നത് ചുവന്ന കെഎസ്‌ആര്‍ടിസി ബസിന്റെ ചിത്രമായിരിക്കും. പണ്ട് കൊലയാളി വണ്ടിയെന്നും ഓടി നാറിയ വണ്ടികളെന്നുമൊക്കെ വിശേഷണങ്ങള്‍ ഇതിനുണ്ടായിരുന്നു. ഒരുകാലത്തും നമ്മുടെ സര്‍ക്കാര്‍ ബസ്സുകളുടെ കാലക്കേട് മാറില്ലെന്ന് കരുതിയിരുന്ന സമയത്താണ് കെ.ബി ഗണേഷ്‌കുമാര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും ഗതാഗതമന്ത്രിയാകുന്നതും.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമാക്കാരന്‍ കേരള രാഷ്‌ട്രീയത്തില്‍ വിജയരുചി അറിയുന്നതെന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ടായിരുന്നു. പുതുമുഖത്തിന് ഗതാഗത വകുപ്പ് നല്‍കിയപ്പോള്‍ സ്വന്തം മുന്നണിക്കുള്ളില്‍ തന്നെ ചില എതിര്‍പ്പുകള്‍ സ്വാഭാവികമായി നേരിടേണ്ട അവസ്ഥ കേരള കോണ്‍ഗ്രസിനും ഗണേഷ്‌കുമാറിനുമുണ്ടായിട്ടുണ്ട്. എന്നാല്‍ ഭരണത്തില്‍ പുതുമുഖം, അനുഭവജ്ഞാനമെന്നൊന്ന് ഇല്ലെന്നും ജനങ്ങളുടെ നന്മലക്ഷ്യമാക്കി ആത്മാര്‍ത്ഥമായി തന്റെ വകുപ്പ് കൈകാര്യം ചെയ്താല്‍ ഫലം പോസിറ്റീവായിരിക്കുമെന്നും തെളിയിക്കുന്ന ഭരണമായിരുന്നു ഗണേഷ്‌കുമാര്‍ കാഴ്‌ചവച്ചത്.
ഗതാഗത വകുപ്പ് ഏറ്റെടുക്കുമ്പോള്‍ ഗണേഷ്‌കുമാര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ആളെക്കൊല്ലും വണ്ടിയുടെ വകുപ്പ് എന്ന വിശേഷണമായിരുന്നു. കെഎസ്ആർടിസിയിലെ ചില ദുരാചാരങ്ങൾ ഇല്ലാതാക്കുക എന്നത് തന്നെയായിരുന്നു തന്റെ ആദ്യ സംരംഭമായി ഗണേഷ്‌കുമാര്‍ സ്വീകരിച്ചത്. കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കുന്ന മാനദണ്ഡം കര്‍ശനമാക്കി. ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കൊപ്പം മികച്ച പരിശീലനവും നല്‍കി മാത്രമേ ഡ്രൈവര്‍മാരെ ബസ്സുകളില്‍ കയറ്റാവൂയെന്ന് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നു. ഒപ്പം കാലഹരണപ്പെട്ട കുറേ ബസ്സുകളെ കട്ടപ്പുറത്താക്കിയിട്ട് പുതുപുത്തന്‍ ബസ്സുകള്‍ കേരളീയര്‍ക്ക് നല്‍കി.
അത്രയും നാൾ സ്വന്തം ബോഡി വർക്ക്ഷോപ്പുകളിൽ പണിത ഒരേ ടൈപ്പ് വണ്ടികളുമായായിരുന്നു കെഎസ്ആർടിസി സർവ്വീസ് നടത്തിയിരുന്നത്. എന്നാൽ ഇതിൽ നിന്നും വിപരീതമായി പുറത്തെ ബോഡി നിർമ്മാതാക്കളെക്കൊണ്ട് ബസ് നിർമ്മിക്കുകയാണ് ആദ്യം ചെയ്ത പരിപാടി. ഹൈടെക്, IRIZAR ടിവിഎസ് തുടങ്ങിയ ബോഡി നിർമ്മാണശാലകളിൽ കെഎസ്ആർടിസിയ്ക്കായി ബസ്സുകൾ തയ്യാറായി. ടാറ്റയും ലെയ്‌ലാൻഡും ആയിരുന്നു ഇതിനായി തിരഞ്ഞെടുത്ത ബസ്സുകൾ.
ഹൈടെക് ബോഡി നിർമാണശാലയിൽ പണിതതു കൊണ്ടാണോ അതോ പുതിയ മാറ്റങ്ങൾക്കനുസരിച്ച് ഇറങ്ങിയതു കൊണ്ടാണോയെന്നറിയില്ല, ‘ഹൈടെക് ബസ്സുകൾ’ എന്നായിരുന്നു ഇത്തരത്തിൽ പണിതിറക്കിയ ബസ്സുകളെ വിളിച്ചിരുന്നത്. ഇതേ ഹൈടെക് ബസ്സുകളുടെ കാലഘട്ടത്തിൽത്തന്നെ ഹർഷ ബോഡിയിൽ പുറത്തിറക്കിയ ഐഷർ ബസ്സുകൾ ട്രയൽ ആയി കെഎസ്ആർടിസിയിൽ സർവ്വീസ് നടത്തിയിരുന്നു.
അതിനിടയിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മികച്ച ലക്ഷ്വറി സൗകര്യങ്ങളുമായി വോൾവോ എസി എയർബസ് സർവ്വീസ് കൂടി കെഎസ്ആർടിസി ആരംഭിച്ചു. ഇതോടൊപ്പം തന്നെ മിനിബസ്സുകളും കെഎസ്ആർടിസി രംഗത്തിറക്കി. അങ്ങനെ കെഎസ്ആർടിസിയുടെ മാറ്റം അവിടെ നിന്നും തുടങ്ങുകയായിരുന്നു. ഇതോടെ ഗതാഗതമന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാറിന് ജനപ്രീതി ഇരട്ടിച്ചു.
അതുവരെ കെഎസ്‌ആര്‍ടിസി തുടര്‍ന്നു പോന്നിരുന്ന യാഥാസ്ഥിതിക നയങ്ങളെല്ലാം തച്ചുടച്ച് തന്റേതായതും ജനോപകാരപ്രദമായതുമായ നയങ്ങള്‍ നടപ്പിലാക്കിയപ്പോള്‍ നിമിഷ നേരം കൊണ്ട് ഗണേഷ് ജനപ്രിയനായി. മന്ത്രിയായാല്‍ ഇങ്ങനെയായിരിക്കണം എന്ന് ജനം പറയാന്‍ തുടങ്ങി. ആ ഭരണ കാലഘട്ടത്തില്‍ 2 വര്‍ഷം മാത്രമേ മന്ത്രിയായി ഇരിക്കാന്‍ ഗണേഷിന് യോഗമുണ്ടായുള്ളൂവെങ്കിലും അത്രയും നാള്‍ കൊണ്ട് കെഎസ്‌ആര്‍ടിസിയുടെ മുഖഛായ മാറ്റാന്‍ ഗണേഷിന് കഴിഞ്ഞു.
“കെഎസ്ആർടിസിയെ രക്ഷിക്കുവാൻ ഒരിക്കൽക്കൂടി കെ.ബി. ഗണേഷ് കുമാറിനു അവസരം കൊടുത്തുകൂടെ?” എന്നാണു ഇന്നും പൊതുജനം ചോദിക്കുന്നത്.