വിവരണം – മനു മോഹൻ (പറവകൾ ഗ്രൂപ്പ്).
“ഡേയ് നിന്റെ ഫോൺ ബെല്ലടിക്കുന്നു” ബൈക്കിന്റെ പുറകിൽ ഇരുന്ന അഖിൽ ആണ് അത് പറഞ്ഞത്. അല്ലെങ്കിലും ഒന്നു ആസ്വദിച്ചു ബൈക്ക് ഓടിച്ചു വരുമ്പോൾ ആരേലും വിളിക്കും. രസം കൊല്ലികൾ എന്നു മനസ്സിൽ വിചാരിച്ചു ബൈക്ക് സൈഡാക്കി. പോക്കറ്റിൽ നിന്നും ഫോൺ എടുത്തു നോക്കി, യാത്രികനും യൂട്യൂബ് വ്‌ളോഗറുമായ രൂപേഷ് ആണ് വിളിച്ചത്. മൂന്നു തവണ വിളിച്ചിരിക്കുന്നു ബൈക്ക് ഓടിച്ചു കൊണ്ടിരുന്നാൽ കാൾ വന്നത് അറിഞ്ഞില്ല. എന്തേലും അത്യാവശ്യം ആണോ എന്നറിയില്ലല്ലോ എന്നോർത്തു തിരികെ വിളിച്ച എന്നെ ഞെട്ടിച്ചു കൊണ്ട് “ചുട്ട കോഴിയിറച്ചി തിന്നാൻ പോയാലോ” എന്നായിരുന്നു മറുതലക്കൽ നിന്നുള്ള ചോദ്യം. ഇന്ന് ഇനി നടക്കില്ല ഞാൻ മറ്റൊരു യാത്രയിൽ ആണ് നാളെ പോകാം എന്നു പറഞ്ഞു ഫോൺ വച്ചു.
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ ഉള്ള കന്യാകുമാരി വന്യജീവി സങ്കേതത്തിനു അടുത്തായുള്ള കീരിപ്പാറ എന്ന സ്ഥലത്താണ് പാരമ്പര്യ രീതിയിൽ തയ്യാറാക്കുന്ന ചുട്ട കോഴി കിട്ടുന്നത്. ആദിവാസികളുടെ പാരമ്പര്യ രീതിയിൽ ഉണ്ടാകുന്നത് കൊണ്ട് തന്നെ കഴിക്കാൻ ഒരു പ്രത്യേക രുചിയാണ്. രൂപേഷും ഒത്തുള്ള ഒരു യാത്രയിൽ ഞാൻ തന്നെ ആണ് ഈ കാര്യം പുള്ളിയോട് പറഞ്ഞത്. വെറുതെ വീട്ടിൽ ഇരുന്നപ്പോൾ അത് ഓർത്തു വിളിച്ചതാണ്. വൈകുന്നേരം വീട്ടിൽ എത്തിയിട്ട് രൂപേഷിനെ വിളിച്ചു പ്ലാൻ ചോദിച്ചു പുള്ളിയും വേറെ നാല് പേരും പിന്നെ ഞാനും ആണ് കീരിപ്പാറ പോകാൻ ആയി ഉള്ളത്. ആള് കുറവായതിനാൽ ഒരു കിലോ കോഴി ഇറച്ചിയും ഒരു കിലോ കപ്പയും പറയാം എന്നു ധാരണയായി. നേരത്തെ വിളിച്ചു പറഞ്ഞാൽ മാത്രമേ അവർ ഇതൊക്കെ ശരിയാക്കി വയ്ക്കുകയുള്ളു.
കീരിപ്പാറ ഉള്ള കൃഷ്ണൻകുട്ടി ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞു. രാവിലെ പോന്നോളൂ എല്ലാം ശരിയാക്കാം എന്നു പുള്ളി പറഞ്ഞു. പുള്ളി പറഞ്ഞാൽ പറഞ്ഞതാണ് ഒരുപാട് തവണ പുള്ളിയുടെ കൈപ്പുണ്യം അറിഞ്ഞതുമാണ്. പ്ലാൻ എല്ലാം ശരിയാക്കി ഉറങ്ങാൻ കിടന്നു. രാവിലെ എണീറ്റു റെഡി ആയി ബൈക്കുമെടുത്തു ഇറങ്ങി. ആര്യനാട് വരെ ബൈക്കിൽ ആണ് യാത്ര അത് കഴിഞ്ഞു രൂപേഷിന്റെ ജീപ്പിലും. പോകുന്ന വഴിയിൽ കൃഷ്ണൻകുട്ടി ചേട്ടനെ വിളിച്ചു വരുന്ന കാര്യം ഒന്നു കൂടെ ഓർമിപ്പിച്ചു. ആര്യനാടെത്തി ബൈക്ക് ഒരിടത്തു ഒതുക്കി വച്ചു രൂപേഷ് വരാനായി കാത്തിരുന്നു. പറഞ്ഞ സമയത്തിനു മുന്നേ ആള് ജീപ്പുമായി എത്തി. ജീപ്പിൽ രൂപേഷ് മാത്രമേ ഉള്ളു വരാമെന്നു പറഞ്ഞ മറ്റുള്ളവർ എല്ലാം അവസാന നിമിഷം കാലു മാറി. പോകാൻ തീരുമാനിച്ചതല്ലേ എന്തായാലും പോകാം എന്നുറപ്പിച്ചു വന്നതാണ് രൂപേഷ്.
ജീപ്പിലേക്കു കയറി യാത്ര തുടങ്ങി. അധികം തിരക്കില്ലാത്ത വെള്ളറട കളിയൽ റോഡിലൂടെ കുലശേഖരം എത്തി. കുലശേഖരം ജംഗ്ഷൻ കഴിഞ്ഞു കീരിപ്പാറ പോകുന്ന വഴിയിലേക്ക് കയറി. ഇനി അങ്ങോട്ട് ഏകദേശം കീരിപ്പാറ വരെയും റോഡ് കുറച്ചു മോശമാണ്. 4*4 ജീപ്പായതു കൊണ്ടും ഓഫ് റോഡ് യാത്രകൾ ഒരുപാട് ഇഷ്ടപെടുന്ന ആളായത് കൊണ്ടും നല്ല റോഡിനേക്കാൾ ഇത്തരം റോഡുകൾ ആണ് എനിക്കും രൂപേഷിനും ഇഷ്ടം. ചെളിക്കുളമായി കിടക്കുന്ന റോഡിലെ കുഴികളിലും മൺ തിട്ടകളിലുമൊക്കെ കയറി കുലുങ്ങി കുലുങ്ങി മുന്നിലേക്ക് പോയിക്കൊണ്ടിരുന്നു. രൂപേഷ് വളരെ ആസ്വദിച്ചു തന്നെ ജീപ്പ് ഓടിക്കുന്നുണ്ട്.
തടിക്കരൻകോണം കഴിഞ്ഞു കീരിപ്പാറ പോകുന്ന വഴിയിലേക്ക് തിരിഞ്ഞു. കുറച്ചു മുന്നിലേക്ക് പോകുമ്പോൾ വലതു വശത്തായി ധാരാളം ചെറിയ വീടുകളും ഇടതു വശത്തായി വന മേഖലയും കണ്ടു തുടങ്ങി. ചെറിയ തണുപ്പ് അനുഭവപ്പെടുന്നുണ്ട് കാലാവസ്ഥ ഏകദേശം കേരളത്തിലേതു പോലെ തോന്നുന്നു. വനത്തിനകത്തു അങ്ങിങ്ങായി ചെറിയ അരുവികൾ കാണുന്നുണ്ട് തമിഴ്നാട്ടിലെ വനമേഖലയുടെ പുറമെ ഒന്നും സാധാരണ ഇത് പോലെ പച്ചപ്പും ജലാംശവും കാണാൻ കഴിയാത്തത് ആണ്. വനത്തിലെ പച്ചപ്പും മറ്റുള്ള കാഴ്ചകളും കണ്ടു കാളികേശം എക്കോ ക്യാമ്പിന്റെ ചെക് പോസ്റ്റിൽ എത്തി. ചെക്പോസ്റ്റിനടുത്തായി ജീപ്പ് ഒതുക്കി നിർത്തി. ചെക്പോസ്റ് കഴിഞ്ഞു നേരെ പോയാൽ കാളികേശം വെള്ളച്ചാട്ടം കാണാം. കൃഷ്‍ണൻകുട്ടി ചേട്ടനെ കണ്ടിട്ടു വെള്ളച്ചാട്ടം കാണാൻ പോകാം എന്നു വിചാരിച്ചു പുള്ളിയെ വിളിച്ചു. എല്ലാം റെഡി ആണ് നിങ്ങള് പോയി വെള്ളച്ചാട്ടവും കണ്ടു കുളിച്ചു വരൂ എന്നു പറഞ്ഞു പുള്ളി ഫോൺ വച്ചു.
കൗണ്ടറിൽ നിന്നും ടിക്കറ്റും എടുത്തു ജീപ്പുമായി മുന്നിലേക്കുള്ള യാത്ര തുടങ്ങി. റോഡിന്റെ ഒരു വശത്തു റബ്ബർ എസ്റ്റേറ്റും മറു വശത്തു ചെറിയ വനമേഖലയുമാണ്. വെള്ളം നിറഞ്ഞ ഒരു ചപ്പാത്തും പിന്നിട്ടു കാളികേശം വെള്ളച്ചാട്ടത്തിനു അടുത്തുള്ള കാളി ക്ഷേത്രത്തിനു അടുത്തെത്തി. നമ്മുടെ വണ്ടികൾക്ക് ഇവിടെ വരെയേ പ്രവേശനം ഉള്ളു ഇതിനപ്പുറത്തേക്കു കടക്കണം എങ്കിൽ പ്രത്യേക അനുമതി വേണം. അമ്പലത്തിനു അടുത്തായി ജീപ്പ് ഒതുക്കി നിർത്തി ക്യാമറയും ഡ്രോണും എടുത്തു വെള്ളച്ചാട്ടത്തിലേക്ക് നടന്നു. അമ്പലത്തിനു മുന്നിലൂടെ ഒഴുകുന്ന ഭൂതപ്പാണ്ടി ആറിലാണ് കാളികേശം വെള്ളച്ചാട്ടം ഉള്ളത്. ഒരുപാട് ചെറു ജലപാതങ്ങളുടെ ഒരു കൂട്ടത്തെ ആണ് കാളികേശം വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്. വലിയ വെള്ളച്ചാട്ടങ്ങളും മുകളിലേക്കു ഉണ്ടാകും പക്ഷെ അങ്ങോട്ടേക്കൊന്നും പോകാൻ അനുമതി ഇല്ല. പൊതുജനങ്ങൾക്കു പ്രവേശിക്കാനും കാണാനും ഉള്ള സ്ഥലങ്ങളിൽ ചെറിയ ജലപാതങ്ങൾ ആണുള്ളത്.
നദിയുടെ ഒരു വശത്തു വനവും മറുവശത്തു റബ്ബർ എസ്റ്റേറ്റുകളും ആണ്. ഇരുവശവും നിറഞ്ഞ പച്ചപ്പിനിടയിൽ കൂടി ആണ് മല മുകളിൽ നിന്നും നദി ഒഴുകി ഇറങ്ങുന്നത്. പാറകളിൽ തട്ടി തെറിച്ചു താഴേക്കു ഒഴുകുന്ന കണ്ണീരു പോലെ തെളിഞ്ഞ വെള്ളത്തിന്റെ കാഴ്ച അതി മനോഹരമാണ്. മാലിന്യങ്ങൾ ഇല്ലാത്ത ശുദ്ധമായ നല്ല തണുത്ത വെള്ളം. വെള്ളത്തിൽ അധികം ഇറങ്ങേണ്ട കുഴികൾ ഒരുപാട് ഉണ്ടെന്നു അവിടെ ഉണ്ടായിരുന്ന ഗൈഡ് പറഞ്ഞു. നല്ല വഴുക്കുള്ളതും ആഴമുള്ളതുമായ ഒത്തിരി പാറകളും കുഴികളും ഉള്ള ഒരിടം കൂടി ആണ് കാളികേശം. വെള്ളച്ചാട്ടത്തിന്റെ ഭംഗി നടന്നു ആസ്വദിക്കുന്ന കൂട്ടത്തിൽ സ്വന്തം സുരക്ഷയുടെ കാര്യം കൂടി ശ്രദ്ധിക്കുക. എല്ലാം നടന്നു കണ്ടിട്ടു ഡ്രോൺ പറത്തി കുറച്ചു നല്ല വിഡിയോയും പകർത്തി ഒരു കുളിയും പാസാക്കി ജീപ്പിനടുത്തേക്കു നടന്നു. ബാഗെല്ലാം ജീപ്പിൽ വച്ചു നനഞ്ഞ തുണിയും മാറി ക്യാന്റീനിൽ ഞങ്ങളെയും കാത്തിരിക്കുന്ന കൃഷ്ണൻകുട്ടി ചേട്ടന്റെ അടുത്തേക്ക് തിരിച്ചു.
കോഴിയും കപ്പയും ചുട്ടെടുക്കാനുള്ള ഒരുക്കങ്ങളുമായി കൃഷ്ണൻകുട്ടി ചേട്ടൻ ഞങ്ങളെയും കാത്തു ക്യാന്റീനു മുന്നിൽ അക്ഷമനായി നിൽക്കുന്നു. എന്നാൽ തുടങ്ങിയാലോ എന്നു ചോദിച്ചു കൊണ്ട് പുള്ളി ഞങ്ങളെ ക്യാന്റീനു പുറകിലേക്ക് കൊണ്ട് പോയി. പാചകം ചെയ്യുന്ന വിധം രൂപേഷിന് ഷൂട്ട് ചെയ്യാൻ ഉള്ളതിനാൽ ഞങ്ങൾ വന്നിട്ട് പാചകം തുടങ്ങിയാൽ മതി എന്നു പറഞ്ഞിട്ടാണ് വെള്ളച്ചാട്ടം കാണാൻ പോയത് അത് കൊണ്ടാണ് പുള്ളി ഇത്രയും നേരം ഞങ്ങൾക്കായി കാത്തിരുന്നതും. ക്യാന്റീനു പുറകിൽ വിറകു കൂട്ടി ഇട്ടു തീ കത്തിച്ചിരിക്കുന്നു. ഇതിലാണോ കോഴിയെ ചുടുന്നത് എന്നു രൂപേഷ് ചോദിച്ചു കാണാൻ പോകുന്ന കാര്യം ഇനി ഞാനായിട്ട് പറയുന്നില്ല കണ്ടു തന്നെ മനസിലാക്കിക്കോളാൻ പറഞ്ഞിട്ട് ഞാൻ അടുത്ത് ഉള്ള മൺ തിട്ടയിൽ കയറി ഇരുന്നു.
കൃഷ്ണൻ ചേട്ടൻ കത്തികൊണ്ടിരുന്ന വിറകുകൾ പെറുക്കി മാറ്റിയിട്ടു അതിനടിയിൽ ചൂടാക്കാൻ ഇട്ടിരുന്ന ഉരുളൻ കല്ലുകൾ പുറത്തേക്കു എടുക്കാൻ തുടങ്ങി. തീയിൽ കിടന്നു കല്ലുകൾ തീക്കനൽ പോലെ ചുവന്നു തിളങ്ങുന്നു. ഈ കല്ലുകളിൽ വച്ചാണ് കോഴി ഇറച്ചി ചുട്ടെടുക്കുന്നത്. കൃഷ്ണൻ ചേട്ടൻ കല്ലുകൾ പെറുക്കി കഴിഞ്ഞപ്പോൾ സഹായി മസാല പുരട്ടി ശരിയാക്കി വച്ചിരുന്ന നാടൻ കോഴി ഇറച്ചിയും കപ്പയും കൊണ്ട് വന്നു. കാന്താരി മുളകും മഞ്ഞളും ഉപ്പും പിന്നെ എന്തൊക്കെയോ ചേർത്താണ് ഇ പ്രത്യേക മസാല ഉണ്ടാകുന്നത്. ചെറുതായി നുറുക്കി മസാല പുരട്ടിയ ഇറച്ചി കഷ്ണങ്ങൾ കൃഷ്ണൻ ചേട്ടൻ കല്ലുകളിലേക്കു പെറുക്കി വച്ചു. ചിക്കൻ വെന്ത മണം കാറ്റിൽ പരന്നു തുടങ്ങി മസാലയുടെ മണം കൂടി ആകുമ്പോൾ ഓടി പോയി അതെടുത്തു കഴിക്കാൻ തോന്നി. കൈ പൊള്ളുമല്ലോ എന്നോർത്ത് അതെല്ലാം കണ്ടു മര്യാദയ്ക്ക് അവിടെ തന്നെ ഇരുന്നു.
ഇറച്ചി കല്ലുകളിൽ നിരത്തി കഴിഞ്ഞപ്പോൾ കൃഷ്ണൻ ചേട്ടൻ അതിനെയെല്ലാം വലിയ തേക്കിലകൾ കൊണ്ട് മൂടി മുകളിൽ ഒരു കല്ല് കൂടി എടുത്തു വച്ചു. ബാക്കി ഉണ്ടായിരുന്ന ചൂടായ കല്ലുകൾ കൂടി അടുപ്പിൽ നിന്നും എടുത്തു കപ്പയും നിരത്തി തേക്കില കൊണ്ട് മൂടി. കപ്പയും ഇറച്ചിയും മൂടി വച്ചിരിക്കുന്ന ഇടത്തു നിന്നും നന്നായി ചൂടും പുകയും വരുന്നുണ്ട്. 10 മിനിറ്റ് കഴിഞ്ഞു പുള്ളി തേക്കിലകൾ എടുത്തു മാറ്റി എന്റമ്മോ ചുട്ട ഇറച്ചിയുടെ മണം കാരണം ചുറ്റും ഉള്ളതൊന്നും കാണാൻ കഴിഞ്ഞില്ല. കൃഷ്ണൻ ചേട്ടൻ ചുട്ട ഇറച്ചിയും കപ്പയും ഒരു പാത്രത്തിൽ ആക്കി ഞങ്ങൾക്ക് നേരെ നീട്ടി. ഞങ്ങൾ അതും വാങ്ങി ക്യാന്റീനു ഉള്ളിലേക്ക് നടന്നു. ഒറ്റ ഇരുപ്പിനു പാത്രം കാലിയാക്കി ഏമ്പക്കവും വിട്ടു ക്യാന്റീനു പുറകിലുള്ള കാഴ്ചകൾ കാണാനായി നടന്നു.
പെരുഞ്ചാണി ഡാമിന്റെ റിസെർവോയർ തീർക്കുന്ന മനോഹരമായ ഒരു കാഴ്ചയാണ് അവിടെ കണ്ടത്. വിശാലമായി പരന്നു കിടക്കുന്ന ജലാശയവും അതിനു അതിർവരമ്പുകൾ പോലെ മല നിരകളും കൂടി ചേർന്ന് നയനമനോഹരമായ ഒരു കാഴ്ചയാണ് സഞ്ചാരികൾക്കായി ഒരുക്കുന്നത്. കന്യാകുമാരി ജില്ലയിലെ കൽക്കുളം താലൂക്കിലെ പെരുഞ്ചാണി എന്ന സ്ഥലത്തു പറലയാർ നദിക്കു കുറുകെയാണ് ഈ ഡാം നിർമിച്ചിരിക്കുന്നത്. കോതയാർ പദ്ധതിയുടെ ഭാഗമായി വരുന്ന ഡാമുകളിൽ ഒന്നാണ് 1952 കാലഘട്ടത്തിൽ പണി കഴിപ്പിച്ച പെരുഞ്ചാണി ഡാം. ഞങ്ങൾ തിരികെ പോകുന്ന വഴിക്കാണ് ഡാം ഉള്ളത്. പോകും വഴിക്കു അതും കൂടി കാണാം എന്ന തീരുമാനത്തിൽ റിസെർവോയർ കാഴ്ചകളെ അവിടെ വിട്ടു കൃഷ്ണൻകുട്ടി ചേട്ടനോട് യാത്രയും പറഞ്ഞു ജീപ്പെടുത്തു.
കുറച്ചു മുന്നിലേക്ക് ചെന്നപ്പോൾ മഴ പെയ്തു തുടങ്ങി മഴയെന്നു പറഞ്ഞാൽ നല്ല അടിപൊളി മഴ ജീപ്പിൽ ആണേൽ വൈപ്പറും പ്രവർത്തിക്കുന്നില്ല. വെള്ളം വന്നടിച്ചിട്ടു മുന്നിലേക്കുള്ള റോഡൊന്നും കാണാൻ കഴിയുന്നില്ല. കുറച്ചു നേരം റോഡരുകിൽ വണ്ടി ഒതുക്കി മഴ മാറാൻ കാത്തിരുന്നു. അര മണിക്കൂർ എടുത്തു മഴ ഒന്നു കുറയാൻ. മഴ നന്നായി കുറഞ്ഞു വണ്ടിയുടെ ഗ്ലാസും തുടച്ചു പെരുഞ്ചാണി ഡാം ലക്ഷ്യമാക്കി നീങ്ങി. കുറച്ചു നേരത്തെ യാത്രക്കൊടുവിൽ പെരുഞ്ചാണി ഡാമിൽ എത്തി. ഡാമിന്റെ ഗേറ്റിനു മുന്നിൽ ജീപ്പ് ഒതുക്കി പുറത്തിറങ്ങിയതും വീണ്ടും മഴ തുടങ്ങി. അവിടെ നിന്നു ഡാം ഒന്നു നോക്കി കണ്ടു ജീപ്പിലേക്കു കയറി. സമയം നാല് മണി കഴിഞ്ഞിരിക്കുന്നു ഇനി മഴ കുറയുന്നത് നോക്കി നിന്നാൽ വീടെത്തുമ്പോൾ താമസിക്കും. ഡാം ഇനിയൊരിക്കൽ കയറി കാണാം നല്ല മഴ ആകുന്നതിനു മുന്നേ തിരികെ പോകാം എന്നു തീരുമാനിച്ചു വണ്ടി തിരിച്ചു.