വിമാനങ്ങൾക്ക് സുരക്ഷിതമായി പറന്നുയരാനും തിരികെ ഇറങ്ങാനും യാത്രികരെയും ചരക്കുകളും സുരക്ഷിതമായി കയറ്റാനും ഇറക്കാനുമൊക്കെ ഉപകരിക്കുന്ന രീതിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഇടമാണ് വിമാനത്താവളം എന്നതു കൊണ്ട് അർഥമാക്കുന്നത്. കേരളത്തിൽ മൊത്തം അഞ്ച് വിമാനത്താവളങ്ങളുണ്ട്. അവയിൽ ഒന്ന് കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന നേവിയുടെ എയർപോർട്ട് ആണ്.
കേരളത്തിലെ വിമാനത്താവളങ്ങളെക്കുറിച്ച് കുറച്ച് അറിവുകൾ ഇതാ..
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം : 1932-ൽ കേരള ഫ്ലൈയിങ് ക്ലബിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളം സ്ഥാപിതമായി. ആദ്യം കൊല്ലം ആശ്രമത്തിലായിരുന്നു ഈ വിമാനത്താവളം. 1935-ൽ തിരുവനന്തപുരത്തേക്ക് സർ.സി.പി മാറ്റി സ്ഥാപിക്കുകയായിരുന്നു. തിരുവനന്തപുരം നഗരത്തിൽ നിന്നും 5 കി.മീ ദൂരത്തിലാണ് ഈ അന്താരാഷ്ട്ര വിമാനത്താവളം. 1991 ജനുവരി 1 ന് തിരുവനന്തപുരം വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചു. ഇവിടെ നിന്ന് മധ്യപൗരസ്ത്യ ദേശങ്ങൾ, സിംഗപ്പൂർ, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേയ്ക്ക് നേരിട്ട് വീമാന സർവീസുകൾ ഉണ്ട്.
ഇന്ത്യൻ ഏയർലൈൻസ്, ജെറ്റ് ഏയർവേയ്സ്, ഏയർ ഡെക്കാൻ, കിങ്ഫിഷർ എയർലൈൻസ്, ഇൻഡിഗോ ഏവയർവേയ്സ്, പാരമൗണ്ട് ഏയർവേയ്സ് എന്നീ ആഭ്യന്തര വീമാന കമ്പനികളും, ഏയർ ഇന്ത്യ, ഗൾഫ് ഏയർ, ഒമാൻ ഏയർ, കുവൈറ്റ് ഏയർവേയ്സ്, സിൽക് ഏയർ, ശ്രീലങ്കൻ ഏയർലൈൻസ്, ഖത്തർ ഏയർവേയ്സ്, ഏയർ അറേബ്യ, എമിറേറ്റ്സ്, ഇത്തിഹാദ് എയർവേയ്സ് എന്നീ അന്താരഷ്ട്ര വീമാന കമ്പനികളും തിരുവനന്തപുരം വീമാനത്തവളത്തിൽ നിന്ന് സർവീസുകൾ നടത്തുന്നു. രണ്ട് സൈനികാവശ്യത്തിനായുള്ള വീമാനത്തവളങ്ങളും – ഒന്നു അന്താരാഷ്ട്രവീമാനത്തവളത്തിനടുത്തായും മറ്റൊന്ന് ഇന്ത്യൻ ഏയർ ഫോഴ്സിന്റെ ആക്കുളത്തുള്ള ദക്ഷിണ വ്യോമ കമാന്റ് ആസ്ഥാനത്തും- ഉണ്ട്.
സ്ഥിരമായുള്ള ഷെഡ്യൂൾഡ് സർവീസുകൾക്കു പുറമേ, ഫസ്റ്റ് ചോയ്സ് ഏയർ വേയ്സ്, ലണ്ടൻ ഗാറ്റ്‌വിക്ക്, മൊണാർക്ക് മുതലായ ചാർട്ടേർഡ് സർവീസുകളും ടൂറിസം സീസണോടനുബന്ധിച്ച് ഇവിടെ ലാന്റ് ചെയ്യാറുണ്ട്. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള വിമാനത്താവളം എന്ന പ്രത്യേകതയും തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രാധാന്യത്തിനു കാരണമായിട്ടുണ്ട്. ശ്രീലങ്ക, മാലിദ്വീപ് എന്നിവയോട് ഏറ്റവും അടുത്തുകിടക്കുന്നതിനാൽ അവിടങ്ങളിലേയ്ക്ക് പോകുവാനായി തിരുവനന്തപുരത്തുനിന്ന് ഇന്ത്യയിലെമറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് ചെലവും കുറവായിരിക്കും. 2011 ഫെബ്രുവരി 12 നു പുതിയ രാജ്യാന്തര ടെർമിനൽ ഉദ്ഘാടനം ചെയ്തു.
കൊച്ചി നേവി വിമാനത്താവളം : എറണാകുളത്തെ വില്ലിങ്ടൺ ഐലൻഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയർപോർട്ട് ആണിത്. നെടുമ്പാശ്ശേരി വിമാനത്താവളം വരുന്നതിനു മുൻപ് ഇവിടെ നിന്നുമായിരുന്നു എല്ലാ വിമാനങ്ങളും ഓപ്പറേറ്റ് ചെയ്തിരുന്നത്. പ്രളയം മൂലം കഴിഞ്ഞയിടയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടപ്പോൾ താൽക്കാലികമായി കൊച്ചി നേവി എയർപോർട്ടിൽ യാത്രാ വിമാനങ്ങൾ ഇറങ്ങിയിരുന്നു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) : ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളം. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചു. മൊത്തം യാത്രക്കാരുടെ എണ്ണത്തില് ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ്. അന്താരാഷ്ട്ര ഫ്ലൈറ്റുകൾക്കായും ഡൊമസ്റ്റിക്ക് ഫ്ലൈറ്റുകൾക്കായും പ്രത്യേകം ടെർമിനലുകളുണ്ട്.
കൊച്ചി പട്ടണത്തിൽനിന്ന് 25 കിലോമീറ്ററും, ആലുവയിൽനിന്ന് 12 കിലോമീറ്ററും വടക്കായും അങ്കമാലി 5 കിലോമീറ്ററും തൃശ്ശൂരിൽനിന്ന് 52 കിലോമീറ്ററും തെക്കായും ഈ വിമാനത്താവളം നിലകൊള്ളുന്നു. ദേശീയപാത 544, എം.സി. റോഡ് എന്നീ റോഡുകളും, എറണാകുളം-ഷൊർണ്ണൂർ തീവണ്ടിപ്പാതയും വിമാനത്താവളത്തിനു സമീപത്തുകൂടി കടന്നുപോകുന്നു. അങ്കമാലിയും ആലുവയും ആണ് അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.
കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം (കരിപ്പൂർ) : കോഴിക്കോട് റയിൽവേസ്റ്റേഷനിൽ നിന്നും 26 കിലോമീറ്റർ വടക്ക് മാറി, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത കരിപ്പൂർ എന്ന ഗ്രാമത്തിലാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്. അന്തർ ദേശീയ യാത്രക്കാരുടെ കണക്ക് എടുത്തു നോക്കുമ്പോൾ ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തെ വിമാനത്താവളവും, മൊത്തം യാത്രക്കാരുടെ കണക്ക് എടുത്തു നോക്കുമ്പോൾ ഇന്ത്യയിലെ തിരക്കുള്ള ഒൻപതാമത്തെ വിമാനത്താവളവുമാണ് കരിപ്പൂർ.[1] കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം|1988 ഏപ്രിൽ 13നാണ് കരിപ്പൂർ വിമാനത്താവളം പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ബോംബെയിലേക്ക് മാത്രമായിരുന്നു സർവസീ്. 1992 ഏപ്രിലിലാണ് ആദ്യ അന്താരാഷ്ട്ര സർവീസ്. ഷാർജയിലേക്ക് എയർഇന്ത്യയാണ് ആദ്യഅന്താരാഷ്ട്ര സർവീസ് നടത്തിയത്
2006 ഫെബ്രുവരി ഒന്നിനാണ് കരിപ്പൂർ വിമാനത്താവളത്തിന് യു.പി.എ സർക്കാർ അന്താരാഷ്ട്ര പദവി നൽകിയത്. തുടർന്ന് കൂടുതൽ അന്താരാഷ്ട്ര കമ്പനികൾ കരിപ്പൂരിലേക്ക് സർവീസ് ആരംഭിച്ചു. ലോകത്തെ മികച്ച വിമാനകമ്പനികളായ എമിറേറ്റ്സ്, ഖത്തർ എയർവേസ്, ഇത്തിഹാദ് എയർ, സൗദി എയർലൈൻസ്, എയർ അറേബ്യ തുടങ്ങിയ കമ്പനികളെല്ലാം കരിപ്പൂരിൽ നിന്ന് സർവീസ് ആരംഭിച്ചു. 2002 മുതൽ ബി 747 ഉപയോഗിച്ച് കരിപ്പൂരിൽ നിന്ന് ഹജ്ജ് സർവീസ് നടന്നുവരുന്നു. 2015ൽ റൺവേ റീകാർപ്പറ്റിങ് ആൻറ് സ്ട്രങ്ത്തനിങിനായി വിമാനത്താവള റൺവേ അടക്കാൻ തീരുമാനിച്ചത് വിമാനത്താവളത്തിന് തിരിച്ചടിയായി. തുടർന്ന് എയർഇന്ത്യ, എമിറേറ്റ്സ്, സൗദി എയർൈലൻസ് വലിയ വിമാനങ്ങളുടെ സർവീസുകൾ നിർത്തി. 2017^18 ലെ കണക്ക് അനുസരിച്ച് രാജ്യത്ത് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ കരിപ്പൂരിന് ഏഴാം സ്ഥാനമാണ്. 92 കോടിയാണ് 2017^18 സാമ്പത്തിക വർഷത്തിലെ പ്രവർത്തന ലാഭം. 2700 മീറ്റർ റൺവേ നീളമുളള കോഴിക്കോട് വിമാനത്താവളത്തിന് നിലവിൽ കോഡ് ഡി ലൈസൻസാണ് വ്യോമയാന മന്ത്രാലയം നൽകിയിരിക്കുന്നത്. നിലവിൽ (2018 ആഗസ്റ്റ്) ബി 737-800 ആണ് കരിപ്പൂരിൽ നിന്നും സർവീസ് നടത്തുന്ന ഏറ്റവും വലിയ വിമാനം. എയർഇന്ത്യ എക്സ്പ്രസാണ് കരിപ്പൂരിൽ നിന്നും കൂടുതൽ സർവീസുകൾ നടത്തുന്ന വിമാനകമ്പനി.
ഖത്തർ എയർ, ഒമാൻ എയർ, എയർ അറേബ്യ, ഇത്തിഹാദ് എന്നീ വിദേശ വിമാനകമ്പനികളും എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയർവേയ്സ്, ഇൻഡിഗോ എയർ, സ്പൈസ് ജെറ്റ് എന്നീ കമ്പനികളുമാണ് 2016 ജനുവരി വരെയുള്ള മാസങ്ങളിൽ കരിപ്പൂരിൽ നിന്ന് സർവിസ് നടത്തുന്നത്. ദുബൈ, ഷാർജ, ദോഹ, അബൂദബി, മസ്കത്ത്, ദമ്മാം, ബഹ്റൈൻ, സലാല, കുവൈത്ത് എന്നീ അന്താരാഷ്ട്ര സർവിസുകളും ഡൽഹി, ബംഗളൂരൂ, ചെന്നൈ, മുംബൈ, കൊച്ചി, തിരുവനന്തപുരം എന്നീ ആഭ്യന്തര സർവിസുകളും ഇവിടെ നിന്നുണ്ട്.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം : കേരളത്തിലെ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. കണ്ണൂർ, തലശ്ശേരി പട്ടണങ്ങളിൽ നിന്ന് 25കിലോമീറ്റർ അകലെയാണ് വിമാനത്താവളം. 2018 ഡിസംബറിൽ വിമാനത്താവളം യാഥാർഥ്യമായതോടെ കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവുമായി ഇത്. റൺവേ നാലായിരം മീറ്റർ ആകുന്നതോടെ ജംബോ വിമാനങ്ങൾ കണ്ണൂരിലിറങ്ങും. രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി കണ്ണൂർ മാറും. എയർപോർട്ട് പ്രവർത്തനം തുടങ്ങിയതോടെ 55 ശതമാനം യാത്രക്കാരെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും 40 ശതമാനം മംഗലാപുരം വിമാനത്താവളത്തിൽ നിന്നും കുറയുമെന്നാണ് വിലയിരുത്തലുകൾ.
2016 ഫെബ്രുവരി 29 ന് ഇവിടെ ആദ്യത്തെ പരീക്ഷണ പറക്കൽ നടത്തി. മറ്റു വിമാനത്താവളങ്ങളിൽ നിന്നു വ്യത്യസ്തമായി കണ്ണൂർ രാജ്യാന്തര വിമാനത്താവളം പരിസ്ഥിതി സൗഹൃദമാണെന്ന പ്രത്യേകതയുണ്ട്.പദ്ധതി പ്രദേശത്തിന്റെ പരിസ്ഥിതി ഗുണനിലവാരം തിട്ടപ്പെടുത്തുന്നതിനു നേരത്തെ പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നു. ന്യൂഡൽഹിയിലെ എൻവയൺമെന്റൽ എൻജിനീയേഴ്സ് ആൻഡ് കൺസൽറ്റന്റ്സും തിരുവനന്തപുരത്തെ സെൻട്രൽ എൻവയൺമെന്റൽ സയൻസ് സ്റ്റഡീസും ചേർന്നാണ് പരിസ്ഥിതി സർവേ നടത്തിയത്. പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകാത്ത വിധത്തിൽ ഗ്രീൻഫീൽഡ് എയർപോർട്ട് എന്ന നിലയിലാണ് കണ്ണൂർ വിമാനത്താവളം വിഭാവനം ചെയ്തിട്ടുള്ളത്.