നിലവിലുള്ള ഓട്ടോറിക്ഷാ ചാർജ്ജുകൾ അറിഞ്ഞിരിക്കാം; കേരള പോലീസിൻ്റെ കുറിപ്പ്…

കേരളത്തിലെ സാധാരണക്കാരന്റെ വാഹനം എന്ന പേരുള്ള വാഹനങ്ങളിൽ ഒന്നാണ് ഓട്ടോറിക്ഷ. എന്നാൽ ഓട്ടോറിക്ഷ യാത്രകളുടെ ചാർജ്ജ് സംബന്ധിച്ച് യാത്രക്കാരും ഡ്രൈവർമാരും തമ്മിൽ മിക്കവാറും വഴക്കുകൾ ഉണ്ടാകാറുണ്ട്. അവയെല്ലാം ചിലപ്പോൾ പോലീസ് കേസ്സുകളിൽ വരെ എത്താറുമുണ്ട്. ഓട്ടോറിക്ഷാ ചാർജ്ജുകളെക്കുറിച്ച് യാത്രക്കാർക്കും ഡ്രൈവർമാർക്കും വലിയ പിടിയില്ലാത്ത സന്ദർഭങ്ങളിലും, ചാർജ്ജിനെക്കുറിച്ച് അറിഞ്ഞിട്ടും യാത്രക്കാരിൽ നിന്നും അമിതകൂലി ഈടാക്കുന്ന അവസ്ഥകളിലുമാണ് ഇത്തരം പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.

ഇതിനൊരു പരിഹാരം എന്തെന്നാൽ സാധാരണക്കാരായ എല്ലാവരും ഓട്ടോറിക്ഷാ ചാർജ്ജുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം എന്നതാണ്. അതിനായി കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഇതുസംബന്ധിച്ച ഒരു കുറിപ്പ് കഴിഞ്ഞ ദിവസം ഷെയർ ചെയ്തിരുന്നു. ആ കുറിപ്പ് താഴെ കൊടുത്തിട്ടുണ്ട്. ഒന്നു വായിച്ചു മനസ്സിലാക്കാം.

“ഓട്ടോ നിരക്കിനെ കുറിച്ച് നിരവധി പേർ സംശയം ചോദിച്ചിരുന്നു. സംസ്ഥാന ഗതാഗത കമ്മീഷണറുടെ 45/2018/ഗതാ തിയതി 11/12/2018 നിർദ്ദേശ പ്രകാരം കേരള സർക്കാർ മോട്ടോർവാഹന വകുപ്പ് ഇറക്കിയ ഓട്ടോ ചാർജ്ജ് പട്ടിക ചുവടെ ചേർക്കുന്നു. മിനിമം ചാർജ്ജിൽ സഞ്ചരിക്കാവുന്ന 1.5 കി. മീറ്ററിന് ശേഷമുള്ള 0.5 കിലോമീറ്റർ ഇടവിട്ടുള്ള നിരക്കുകൾ പട്ടികയിൽ നൽകിയിട്ടുണ്ട്. യാത്ര ചെയ്യാവുന്ന കൃത്യമായ ദൂരം പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ യാത്ര ചെയ്യുന്ന ഓരോ 100 മീറ്ററിനും 1.2 രൂപ വച്ച് നൽകേണ്ടതാണ്.

രാത്രി 10 മണിക്ക് ശേഷം രാവിലെ 5 മണിവരെ നടത്തുന്ന യാത്രകൾക്ക് മേൽ സൂചിപ്പിച്ച ചാർജ്‌ജിന്റെ 50% കൂടി അധികമായി നൽകേണ്ടതാണ്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് എന്നീ കോർപ്പറേഷനുകളും കണ്ണൂർ, പാലക്കാട്, കോട്ടയം എന്നീ പ്രധാന ടൗണുകളും ഒഴികെയുള്ള സ്ഥലങ്ങളിൽ പകൽ 5 മണി മുതൽ രാത്രി 10 മണി വരെ നടത്തുന്ന ഒരു വശത്തേക്ക് മാത്രമുള്ള യാത്രകൾക്ക് മിനിമം ചാർജ്‌ജിന്‌ പുറമേയുള്ള തുകയുടെ 50% അധികമായി നൽകേണ്ടതാണ്. ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് മീറ്റർ ചാർജ്ജ് മാത്രം നൽകിയാൽ മതിയാകും.

വെയ്റ്റിംഗ് ചാർജ്ജ് ഓരോ 15 മിനിറ്റിനോ അതിന്റെ ഭാഗങ്ങൾക്കോ 10 രൂപ നിരക്കിലും ഒരു ദിവസത്തേക്ക് പരമാവധി 250 രൂപയും ആകുന്നു. യാത്ര സംബന്ധമായ പരാതികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, മോട്ടോർ വാഹന വകുപ്പ് ഓഫീസിലോ, 112, 1090, 1099 എന്നീ നമ്പറുകളിലോ അറിയിക്കുക. വകുപ്പ് ഓഫീസുകളുടെ വിലാസവും നമ്പറും www.mvd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.”

കടപ്പാട് – കേരള പോലീസ് ഫേസ്‌ബുക്ക് പേജ്.