കേരളത്തിന്റെ തനതായ ജലോത്സവമാണ് വള്ളംകളി. സമൃദ്ധിയുടെ ഉത്സവമായ ഓണക്കാലത്താണ് സാധാരണയായി വള്ളംകളി നടക്കുക. പല തരത്തിലുള്ള പരമ്പരാഗത വള്ളങ്ങളും വള്ളംകളിക്ക് ഉപയോഗിക്കുന്നു. ഇവയിൽ പ്രധാനം ചുണ്ടൻ വള്ളം ആണ്. ഇന്ന് വള്ളംകളി ഒരു പ്രധാന വിനോദസഞ്ചാര ആകർഷണവുമായി മാറിയിരിക്കുന്നു. വള്ളംകളിയെ കേരള സർക്കാർ ഒരു കായിക ഇനമായി അംഗീകരിച്ചിട്ടുണ്ട്. വള്ളംകളിയിൽ ഉപയോഗിക്കുന്ന മറ്റു വള്ളങ്ങൾ ചുരുളൻ വള്ളം, ഇരുട്ടുകുത്തി വള്ളം, ഓടി വള്ളം, വെപ്പു വള്ളം (വൈപ്പുവള്ളം), വടക്കന്നോടി വള്ളം, കൊച്ചുവള്ളം എന്നിവയാണ്.
മാനവസംകാരത്തിലെ ആദ്യഘട്ടങ്ങളിൽ തന്നെ യാനങ്ങൾ അഥവാ വള്ളങ്ങൾ ഉപയോഗിച്ചിരുന്നു. ഈജിപ്തിലെ നൈൽ നദിയിൽ പാമ്പോടമത്സരം അഥവാ ചുണ്ടൻ വള്ളം കളീ നിലവിലിരുന്നു. മതപരമായ കാര്യങ്ങൾക്കായി രാത്രികാലങ്ങളിലാണവിടങ്ങളിൽ ജലോത്സവം നടത്തിയിരുന്നത്. ചുണ്ടൻ വള്ളങ്ങൾ പ്രാാചീനകാലത്ത് രൂപം കൊണ്ട സൈനിക ജലവാഹനങ്ങൾ ആയിരുന്നു. വലിയ നൗകകളിലേക്കും മറ്റും മിന്നലാക്രമണം നടത്താനുള്ളത്ര വേഗം കൈവരിക്കാനിവക്കാവുമെന്നതു തന്നെയാണ് കാരണം.
ജലാശയങ്ങൾ ധാരാളമുള്ള കേരളത്തിൽ ചേര രാജാക്കന്മാരുടെ കാലം മുതൽക്കേ വഞ്ചികൾ ഒരു പ്രധാന ഗതാഗതമാർഗ്ഗമായിരുന്നു. ചരിത്രത്തിന്റെ ഏടുകളിൽ ചേരരാജാക്കന്മാരുടെ തലസ്ഥാനം തന്നെ വഞ്ചി ചേർന്നതാണ്. ചമ്പക്കുളം, ആറന്മുള, പായിപ്പാട്, ആലപ്പുഴ, താഴത്തങ്ങാടി എന്നീ സ്ഥലങ്ങളിലാണ് വള്ളംകളി പ്രധാനമായും നടന്നുവരുന്നത്. 1615 ൽ അമ്പലപ്പുഴയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം എഴുന്നള്ളിച്ച സംഭവത്തെ അനുസ്മരിച്ച് ചമ്പക്കുളം വള്ളംകളി നടത്തുന്നു. ആറന്മുളയിൽ വള്ളം കളി മറ്റുള്ളയിടങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇവിടങ്ങളിൽ അലങ്കരിച്ച പള്ളീയോടങ്ങൾ ഉപയോഗിച്ച് ആഡംബരപൂർവ്വമായ എഴുന്നള്ളത്താണ് ഇവിടെ നടക്കുന്നത്. പ്രസിദ്ധമായ നെഹ്രൂ ട്രോഫി ജലോത്സവം വർഷം തോറും എല്ലാ ആഗസ്തുമാസത്തിലെ രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമട കായലിൽ നടക്കുന്നു.
കേരളത്തിലെ പ്രശസ്തമായ വള്ളംകളികൾ ഇവയാണ്.
ആറന്മുള ഉതൃട്ടാതി വള്ളംകളി : കേരളത്തിലെ പത്തനം തിട്ട ജില്ലയിലെ ആറന്മുളയിലാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നത്. അർജ്ജുനനും കൃഷ്ണനും സമർപ്പിച്ചിരിക്കുന്ന, ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുന്നത്. ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളി പാർത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത്.
തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂർ മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക‌് വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും, കായികക്ഷമതയും, കലാമേന്മയും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചിങ്ങമാസത്തിലെ ഉത്രട്ടാതിനാളിൽ ഈ ജലമേള സംഘടിപ്പിച്ചിട്ടുള്ളതു്.പമ്പാനദിക്കരയിൽ ഈ വള്ളംകളി കാണുവാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നു. 48 ചുണ്ടൻ വള്ളങ്ങൾ ഈ വള്ളംകളിയിൽ പങ്കെടുക്കുന്നു. വള്ളംകളിയിൽ വെള്ള മുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചിൽക്കാർ വള്ളപ്പാട്ടുകൾ പാടുന്നു. പള്ളിയോടങ്ങളുടെ അമരച്ചാർത്തും നടുവിലായി ഉളള മുത്തുക്കുടയും കൊടി ചാമരങ്ങളും ഇത് ഒരു നയനാനന്ദകരമായ ജലോത്സവമാക്കുന്നു. 4-ം ന്നൂറ്റാണ്ടുമുതൽ നടന്നുവരുന്ന ഈ ജലമേള, കലാസാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വർണാഭമായ ഘോഷയാത്രയും തുടർന്ന് മത്സരവള്ളംകളിയുമാണ് നടക്കുന്നത്.
ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വർഷവും മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങൽ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇത്. ഗ്രാമത്തിലെ ആശാരി വള്ളത്തിന്റെ കേടുപാടുകൾ തീർക്കുന്നു. അതാതു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ വള്ളങ്ങൾ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്. പള്ളിയോടങ്ങൾ ആറന്മുളയുടെ തനതായ ചുണ്ടൻ വള്ളങ്ങളാണ്. വളരെ ബഹുമാനപൂർവമാണ് ഭക്തർ പള്ളിയോടങ്ങളെ കാണുന്നത്. പാർത്ഥസാരഥിയുടെ ചൈതന്യം നിറഞ്ഞുനിൽക്കുന്നവയാണ് പള്ളിയോടങ്ങൾ എന്ന് ഭക്തർ വിശ്വസിക്കുന്നു. ഓരോ കരക്കാരുടെയും അഭിമാനങ്ങളാണ് അവിടുത്തെ പള്ളിയോടങ്ങൾ.
നെഹ്‌റു ട്രോഫി വള്ളംകളി : കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്‌റു ട്രോഫി വള്ളംകളി. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോത്സവം ഒട്ടനവധി മറുനാടൻ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്. നെഹ്‌റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച അരങ്ങേറുന്ന ഈ ജലമേള അരനൂറ്റാണ്ടു പിന്നിട്ടു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻവള്ളംകളി മത്സരത്തോടെയാണ് നെഹ്‌റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. 1952 ലായിരുന്നു ഇത്. (1952 ഡിസംബർ 27) ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിലാണ് മത്സരം അരങ്ങേറിയത്. ചുണ്ടൻവള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടാം ആവേശത്തോടെ വീക്ഷിച്ച നെഹ്‌റു മത്സരാന്ത്യത്തിൽ സകല സുരക്ഷാ ക്രമീകരണങ്ങളും കാറ്റിൽപ്പറത്തി വള്ളംകളിയിൽ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനിൽ ചാടിക്കയറി. നെഹ്‌റുവിന്റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായിക്കരുതിയ വള്ളംകളി പ്രേമികൾ അദ്ദേഹത്തെ ചുണ്ടൻവള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെയെത്തിച്ചു യാത്രയാക്കി. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിത്തീർന്ന ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളിക്കാഴ്ചയിൽ നെഹ്‌റുവിനൊപ്പം ഉണ്ടായിരുന്നു.
ഡൽഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിന്റെ മാതൃക നെഹ്‌റു അയച്ചുതന്നു. ഈ മാതൃകയാണ് വിജയികൾക്കു നൽകൂന്ന നെഹ്‌റൂ ട്രോഫി. തുടക്കത്തിൽ പ്രൈംമിനിസ്‌റ്റേഴ്സ് ട്രോഫി എന്നായിരുന്നു വള്ളംകളി അറിയപ്പെട്ടിരുന്നത്. 1969 ജൂൺ ഒന്നിനു കൂടിയ വള്ളംകളി സമിതി നെഹ്‌റുവിനോടുള്ള ആദരവ് കാരണം കപ്പിന്റെ പേര് നെഹ്‌റു ട്രോഫി വള്ളംകളി എന്നാക്കിമാറ്റി. ചുണ്ടൻ വള്ളങ്ങളുടെ മത്സരമാണ് ഇവിടെ പ്രധാനമെങ്കിലും മറ്റുള്ളവയുമുണ്ട്. ഓടി, വെപ്പ്, ചുരുളൻ എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ വള്ളങ്ങളും മത്സരത്തിനിറങ്ങും. ഓരോ വിഭാഗത്തിലെയും ജേതാക്കൾക്കും പ്രത്യേക സമ്മാനങ്ങളുമുണ്ട്.
ചമ്പക്കുളം മൂലം വള്ളംകളി : കേരളത്തിലെ വള്ളംകളികളിൽ ആറന്മുള കഴിഞ്ഞാൽ കഴിഞ്ഞാൽ ഏറ്റവും പുരാതനമായ വള്ളംകളിയാണ് ചമ്പക്കുളം മൂലം വള്ളംകളി. പമ്പാനദിയിലാണ് ഈ വള്ളംകളി നടക്കുന്നത്. മലയാള മാസമായ മിഥുനത്തിലെ മൂലം നാളിലാണ് ഈ വള്ളംകളി നടക്കുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെടുത്തിയാണ് ഈ വള്ളംകളി ചമ്പക്കുളം പമ്പാനദിയിൽ വർഷംതോറും നടത്തുന്നത്. ക്രിസ്തുവർഷം 1545, മലയാളവർഷം (കൊല്ലവർഷം) 990-ൽ ആണ് മൂലം വള്ളംകളി ആരംഭിച്ചത്.
ചെമ്പകശ്ശേരി രാജാവായിരുന്ന ദേവനാരായണൻ രാജപുരോഹിതന്റെ ഉപദേശം അനുസരിച്ച് അമ്പലപ്പുഴയിൽ ഒരു ക്ഷേത്രം പണിതു. പക്ഷേ വിഗ്രഹത്തിന്റെ പ്രതിഷ്ഠയ്ക്കു മുൻപ് വിഗ്രഹത്തിന്റെ സ്ഥാപനത്തിനു തൊട്ടുമുൻപ് വിഗ്രഹം ശുഭകരം അല്ല എന്ന് അദ്ദേഹം അറിഞ്ഞു. ഈ വിഗ്രഹത്തിനു പകരം ചങ്ങനാശ്ശേരിക്ക് അടുത്തുള്ള കുറിച്ചിയിലെ കരിംകുളം ക്ഷേത്രത്തിൽ നിന്നും ശ്രീകൃഷ്ണ വിഗ്രഹം കൊണ്ടുവരികയാണ് പരിഹാരം എന്നും അറിഞ്ഞു. കുറിച്ചിയിലെ വിഗ്രഹം അർജ്ജുനന് ശ്രീകൃഷ്ണൻ നേരിട്ട് സമ്മാനിച്ചത് ആണെന്നായിരുന്നു വിശ്വാസം. കരിംകുളം ക്ഷേത്രത്തിൽ നിന്നും അമ്പലപ്പുഴയിലേയ്ക്ക് തിരിച്ചുവരുന്ന വഴി രാജാവും മന്ത്രിമാരും മറ്റുള്ളവരും ചമ്പക്കുളത്ത് രാത്രി ചിലവഴിച്ച് പൂജകൾ നടത്തുവാൻ തീരുമാനിച്ചു.
പിറ്റേ ദിവസം രാവിലെ വിഗ്രഹത്തെ അനുഗമിക്കുവാനായി നിറപ്പകിട്ടാർന്ന വള്ളങ്ങളും തോരണങ്ങളുമായി പ്രദേശത്തെ ധാരാളം ജനങ്ങൾ എത്തിച്ചേർന്നു. വള്ളങ്ങളുടെ ഈ വർണാഭമായ ഘോഷയാത്ര വിഗ്രഹത്തെ അനുഗമിച്ചു. വർഷങ്ങൾക്കു ശേഷം ഇന്നും ഈ സംഭവം ഉത്സാഹത്തോടെ പുനരവതരിക്കെപ്പെടുന്നു. ജലത്തിലൂടെയുള്ള ഒരു വർണാഭമായ ഘോഷയാത്രയും നിറപ്പകിട്ടാർന്ന രൂപങ്ങളും ദൃശ്യങ്ങളും വഹിക്കുന്ന വള്ളങ്ങളും വള്ളത്തിൽ കെട്ടിയുണ്ടാക്കിയ പ്രതലത്തിൽ നാടൻ കലാരൂപങ്ങൾ അവതരിപ്പിക്കുന്നവരും കാണികൾക്ക് ദൃശ്യവിരുന്നൊരുക്കുന്നു. ഈ ഘോഷയാത്രയ്ക്കു ശേഷമാണ് വള്ളംകളി തുടങ്ങുക. വിവിധ വിഭാഗത്തിലുള്ള വള്ളങ്ങളുടെ മത്സരം വിവിധ ഘട്ടങ്ങളിലായി നടക്കുന്നു.
പായിപ്പാട് ജലോത്സവം : ചിങ്ങമാസത്തിലെ തിരുവോണം, അവിട്ടം, ചതയം നാളുകളിലായി ആലപ്പുഴ ജില്ലയിലെ പായിപ്പാട് ആറിൽ നടത്തുന്ന ജലോത്സവമാണ് പായിപ്പാട് ജലോത്സവം. പായിപ്പാട് ജലോത്സവവും ഹരിപ്പാട് സുബ്രമണ്യ സ്വാമി ക്ഷേത്രവും തമ്മിൽ ഐതിഹ്യപരമായി ബന്ധമുണ്ട്. ഹരിപ്പാട് ഗ്രാമത്തിലെ ജനങ്ങൾ ഒരു അയ്യപ്പക്ഷേത്രം നിർമ്മിക്കുവാൻ നിശ്ചയിച്ചു. വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനു മുൻപ് സുബ്രമണ്യ സ്വാമിയുടെവിഗ്രഹം കായംകുളം നദിയിൽ ഉണ്ടെന്ന് ചിലർക്ക് സ്വപ്നമുണ്ടായി. നദിയിലെ ഒരു ചുഴിയിലാണ് വിഗ്രഹം കിടക്കുന്നത് എന്നായിരുന്നു സ്വപ്നം.
ഇതനുസരിച്ച് വിഗ്രഹം കണ്ടെത്തിയ ജനങ്ങൾ ജലത്തിലൂടെ ഒരു ഘോഷയാത്രയായി ഒരുപാട് വള്ളങ്ങളുടെ അകമ്പടിയോടെ ഒരു വള്ളത്തിൽ വിഗ്രഹം ഹരിപ്പാടേയ്ക്ക് കൊണ്ടുവന്നു. ഈ സംഭവത്തിന്റെ ഓർമ്മക്കാണ് എല്ലാ വർഷവും പ്രശസ്തമായ പായിപ്പാട് ജലോത്സവം നടത്തുന്നത്. ജലോത്സവത്തിന്റെ അവസാനദിവസമാണ് പ്രസിദ്ധമായ പായിപ്പാട് വള്ളംകളി നടക്കുന്നത്. സമീപഗ്രാമങ്ങളിൽ നിന്നുള്ള ചുണ്ടൻ വള്ളങ്ങളാണ് കളിയിൽ പങ്കെടുക്കുക. വള്ളം കളിക്കാർ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിൽ വന്ന് ദൈവത്തെ വണങ്ങി പൂവും മാലയും വാങ്ങി വള്ളങ്ങളിൽ ചാർത്തിയാണ് മത്സരം തുടങ്ങുന്നത്.
നീരേറ്റുപുറം പമ്പാ ജലോത്സവം : നീരേറ്റുപുറം പമ്പാ ജലോത്സവം ആലപ്പുഴ ജില്ലയിലെ നീരേറ്റുപുറം ആറ്റിൽ നടക്കുന്ന ജലോത്സവമാണ് നീരേറ്റുപുറം പമ്പാ ജലോത്സവം. നെഹ്‌റു ട്രോഫി വള്ളം കളിക്ക് ശേഷം നടക്കുന്ന പ്രസിദ്ധമായ വള്ളംകളിയാണിത്. തിരുവോണ നാളിലാണ് ഇവിടെ ജലോത്സവം നടക്കുന്നത് . രണ്ടു നദികൾ (പമ്പാ നദി , മണിമലയാറ്) സംഗമിക്കുന്ന സ്ഥലത്താണിതിന്റെ ഫിനിഷിംഗ് പോയിന്റ് എന്നത് ഈ ജലോത്സവത്തിൻറെ പ്രത്യേകതയാണ്.
ചങ്ങനാശ്ശേരി ജലോത്സവം : കേരളത്തിലെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലെ മനയ്ക്കച്ചിറയിൽ പുത്തന്നാറിൽ എല്ലാ വർഷവും ചിങ്ങമാസത്തിൽ ഓണത്തോടനുബന്ധിച്ച് നടത്തുന്ന ഒരു വള്ളംകളിയാണ് ചങ്ങനാശ്ശേരി ജലോത്സവം. കേരളത്തിലെ പ്രശസ്തമായ വള്ളംകളികളിൽ ഒന്നാണ് ഇത്. വർഷങ്ങളായി നിന്നുപോയിരുന്ന ഈ ജലോത്സവം ചങ്ങനാശ്ശേരിയുടേയും, കുട്ടനാടിന്റേയും വിനോദസഞ്ചാര വികസനത്തിനായി ആണ് പുനരാംഭിച്ചത്. ചെണ്ടമേളങ്ങളുടേയും മറ്റു നിറപകിട്ടുകളുടേയും അകമ്പടിയോടുകൂടി ആഘോഷങ്ങളുമായി നടത്തുന്ന ഈ വള്ളംകളി നയനാനന്ദകരമാണ്. ആലപ്പുഴ-ചങ്ങനാശ്ശേരി (എ.സി. റോഡ്) അഭിമുഖമായി ചങ്ങനാശ്ശേരിയിൽ നിന്നും ആലപ്പുഴവരെയുള്ള പുത്തനാറിൽ മനക്കച്ചിറയിലാണ് ചങ്ങനാശ്ശേരി ജലോത്സവം അരങ്ങേറുന്നത്.
വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ.