കൊറോണക്കാലത്ത് ഒരു അഗ്നി രക്ഷാപ്രവർത്തകൻ്റെ കുറിപ്പുകൾ

മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; ദിവസങ്ങളോളമായി ക്വാറന്റൈനിൽ ഉള്ള പ്രവാസിക്കും കുടുംബത്തിനും തുണയായി കേരള ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസസ്.

ഇരുപതിലധികം മരുന്നുകളുടെ ചീട്ടുകൾ വാട്സ്ആപ്പ് നമ്പറുകളിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നും തരം തിരിച്ചെടുത്തു പ്രത്യേക ഫോർമാറ്റിൽ തയ്യാറാക്കി ആവശ്യമായ പണവും നൽകി നിലയത്തിൽ നിന്നും ഒരു ജീവനക്കാരനെ കോഴിക്കോട്ടേക്ക് മരുന്നുകൾ വാങ്ങിക്കുവാൻ പറഞ്ഞുവിട്ടതിന്റെ സംതൃപ്തിയിൽ ഇരിക്കുമ്പോഴാണ് കോഴിക്കോട് റീജിയണൽ ഫയർ ഓഫീസർ ശ്രീ.അബ്ദുൽ റഷീദ് സാർ വിളിക്കുന്നത്.

എനിക്കൊരു ടെക്സ്റ്റ് മെസ്സേജ് അയച്ചിട്ടുണ്ട് അത് ബഹു. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഡയറക്ടർ ടെക്‌നിക്കൽ,ആർ. പ്രസാദ് സാറിന് അയച്ചത് ആണെന്നും അടിയതിരമായി വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു വേണ്ട കാര്യങ്ങൾ ചെയ്യണമെന്നും അറിയിച്ചു. കുറ്റ്യാടിയിൽ ഇരുപത്തി മൂന്ന് ദിവസമായി ക്വാറന്റൈനിൽ ഉള്ള പ്രവാസിയും കുടുംബവും ബുദ്ധിമുട്ടിൽ ആണെന്നുള്ള വിവരവും അത് അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആയിരുന്നു ടെക്സ്റ്റ് മെസ്സേജിൽ ഉണ്ടായിരുന്ന നിർദ്ദേശം.

ഉടൻ തന്നെ ബഹു. ഡയറക്ടർ ടെക്നിക്കൽ പ്രസാദ് സാർ വിളിക്കുകയും പ്രസ്തുത കാര്യത്തിന്റെ ഗൗരവം ഒന്നുകൂടി വിവരിക്കുകയും ചെയ്തു. ഉടൻതന്നെ ASTO ഗ്രേഡ് വിനോദൻ .ടി, FRO(D) ശ്രീനേഷ് KT ,FRO,വിനീത്.S എന്നിവരുമായി ചേർന്ന് പ്രസ്തുത സ്ഥലത്തേക്ക് പുറപ്പെടുകയും പോകുന്ന വഴിയിൽ മെസ്സേജിൽ പറഞ്ഞിരിക്കുന്ന 32 കാരനെ വിളിക്കുകയും അദ്ദേഹത്തോട് കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

അദ്ദേഹവും കുടുംബവും വളരെ പ്രയാസത്തിലാണ് എന്നും സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടുത്തലിന്റെയും മറ്റും ഫലമായി ഭീതിയുടെ നിഴലിലാണെന്നും പ്രവാസിയായ അദ്ദേഹത്തിനും കുടുംബത്തിനും യാതൊരുവിധ സഹായവും ലഭിക്കുന്നില്ലെന്നും ഒരു ഫോൺ വിളി പോലും ഇതുവരെയും ആരുടെയും ലഭിച്ചില്ലെന്നും പറയുകയും ചെയ്തു. അദ്ദേഹത്തിന്റെ സംസാരത്തിൽനിന്ന് അദ്ദേഹം വളരെ പ്രയാസത്തിലാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതിന്റെ അടിസ്ഥാനത്തിൽ പോകുന്ന വഴിയിൽ നിന്നു തന്നെ ഞങ്ങൾ അത്യാവശ്യം വേണ്ട പലചരക്ക്, പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങളുടെ ഒരു കിറ്റ് തയ്യാറാക്കി കയ്യിൽ കരുതിയിരുന്നു.

വാഹനം കുറ്റ്യാടിയിൽ നിന്നും അദ്ദേഹം പറഞ്ഞു തന്ന വഴി പ്രകാരം വീട്ടിലെത്തിയപ്പോൾ കണ്ണീർ പൊഴിക്കുന്ന 3 മുഖങ്ങളാണ് ഞങ്ങൾക്ക് കാണാൻ സാധിച്ചത്. മുൻകൂട്ടി വാങ്ങിയ സാധനങ്ങൾ ഏൽപ്പിച്ചശേഷം വേഗം തിരിച്ചു വരാം എന്ന് കരുതിയ ഞങ്ങൾക്ക് മുന്നിൽ കണ്ണീരോട് കൂടി ആ സാധുക്കളായ അമ്മയും മകനും മനസ്സിലെ ഭാരം ഇറക്കി വച്ചു. സമൂഹത്തിന്റെ അനാവശ്യമായ ഭീതിയുടെയും ഫേക്ക് മെസ്സേജുകളുടെയും ഇരയായ അദ്ദേഹം മാനസിക സമ്മർദ്ദത്തിന് ടെലിഫോണിലൂടെ കൗൺസലിംഗിന് വിധേയനായ കാര്യവും ലോക്ക് ഡൌൺ മൂലം ജോലി നഷ്ടപ്പെട്ടു എടുത്തെറിയപ്പെട്ടതുപോലെ നാട്ടിലേക്ക് എത്തിയ വിവരവും ഞങ്ങളോട് പറഞ്ഞു.

എല്ലാവിധ മുൻകരുതലും എടുത്തു ഇരുപത്തി മൂന്ന് ദിവസമായി ക്വാറന്റൈനിൽ ഇരിക്കേണ്ടി വന്ന ഒരു പ്രവാസിയുടെ നേർ അനുഭവം ഞങ്ങളുടെ കണ്ണുകളെയും ഈറനണിയിച്ചു. ഞങ്ങൾ നേരിട്ട് എത്തിയതും സംസാരിച്ചതും മൂലം അദ്ദേഹത്തിനും കുടുംബത്തിനും വളരെയധികം ആത്മവിശ്വാസം ലഭിച്ചതായും അവർ അറിയിച്ചു. വളരെ സന്തോഷത്തോടെ നന്ദി പറഞ്ഞതിനുശേഷം ഞങ്ങൾ വാഹനത്തിൽ കയറുമ്പോൾ പ്രയാസത്തിൽ ആയിരുന്നിട്ടും ആത്മാഭിമാനിയായ അദ്ദേഹത്തിന്റെ “സാധനങ്ങളുടെ പൈസ എങ്ങനെയാണ് ഞാൻ എത്തിക്കേണ്ടത് എന്ന ചോദ്യം” ഞങ്ങളുടെ മനസ്സിനെ അലട്ടി.

ഏറ്റവും അർഹതപ്പെട്ട കൈകളിൽ തന്നെയാണ് ഞങ്ങളുടെ ഈ ചെറിയ സഹായം എത്തിയതെന്ന് അദ്ദേഹത്തെ അറിയിച്ചശേഷം വളരെയേറെ ചാരിതാർത്ഥ്യത്തോട് കൂടി ഞങ്ങൾ അവിടെ നിന്നും തിരിച്ചു. വാട്സാപ്പിലൂടെ വന്ന പ്രിസ്ക്രിപ്ഷൻ പ്രകാരമുള്ള മരുന്നുകൾ കുറ്റ്യാടിയിൽ നിന്നും വാങ്ങി അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് ഞങ്ങൾ പുറപ്പെട്ടു. തിരികെ സ്റ്റേഷനിൽ എത്തുമ്പോഴേക്കും അദ്ദേഹത്തിന്റെ കൃതഃജ്ഞത അറിയിച്ചുള്ള മെസ്സേജ് എന്റെ വാട്സാപ്പിൽ എത്തിയിരുന്നു.

വിവരണം – വാസത്ത് ചെയച്ചൻകണ്ടി, സ്റ്റേഷൻ ഓഫീസർ ഫയർ & റെസ്ക്യൂ സ്‌റ്റേഷൻ, നാദാപുരം