കേരളത്തിന്റെ സൈന്യം വീണ്ടും പത്തനംതിട്ടയിലേക്ക്. 10 യാനങ്ങള്‍ പുറപ്പെട്ടു. സര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് കടലിന്റെ മക്കളും യാനങ്ങളും കൊല്ലത്തു നിന്നും പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോഴഞ്ചേരി പ്രദേശങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയത്. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയാണ് ഇക്കാര്യം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവരെയും അറിയിച്ചത്. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു.
“കഴിഞ്ഞ പ്രളയകാലത്ത് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയ കടലിന്റെ മക്കള്‍ പുതിയ രക്ഷാദൗത്യവുമായി പത്തനംതിട്ടയിലേക്ക്. മഴ കനക്കുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് കൊല്ലം ജില്ലയിലെ വാടി കടപ്പുറത്തുനിന്നും 10 യാനങ്ങള്‍ തിരുവല്ല, കോഴഞ്ചേരി പ്രദേശങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയത്. കഴിഞ്ഞ പ്രളയത്തില്‍ കോഴഞ്ചേരി തെക്കേ മലയിലേക്ക് ആദ്യംപോയ ‘വിനീതമോള്‍’ എന്ന യാനമാണ് ഇത്തവണയും രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഇറങ്ങിയത്.
ക്രെയിന്‍ എത്തുന്നതിന് മുന്‍പ് മത്സ്യത്തൊഴിലാളികള്‍ സ്വന്തം ചുമലിലേറ്റിയാണ് വള്ളങ്ങള്‍ ഉയര്‍ത്തി ലോറികളില്‍ വച്ചത്. ഓരോ വള്ളത്തിലും മൂന്ന് മത്സ്യത്തൊഴിലാളികള്‍ വീതം 30 പേരാണ് സംഘത്തിലുള്ളത്. മുന്‍പ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വ നല്കിയ ജോസഫ് മില്‍ഖാസ് അടക്കമുള്ള സംഘത്തിനൊപ്പം പരിശീലനം സിദ്ധിച്ച കോസ്റ്റല്‍ വാര്ഡന്മാരും കടല്‍ രക്ഷാ സ്ക്വാഡ് അംഗങ്ങളും പുറപ്പെട്ടിട്ടുണ്ട്. മത്സ്യഫെഡ് ബങ്കില്‍ നിന്ന് 50 ലീറ്റര്‍ മണ്ണെണ്ണ വീതം യാനങ്ങളില്‍ നിറച്ചിട്ടുണ്ട്. ലോറികളിലും ആവശ്യമായ ഇന്ധനം നല്‍കിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റുകളും ഭക്ഷണ കിറ്റുകളും നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ ഏഴ് വള്ളങ്ങള്‍ കൂടി പത്തനംതിട്ടയിലേയ്ക്ക് അടുത്ത ദിവസം പുറപ്പെടും.”
കഴിഞ്ഞ വർഷത്തെ പ്രളയക്കെടുതിയിലെ രക്ഷാപ്രവർത്തനങ്ങളിൽ കടലിന്റെ മക്കളായ മത്സ്യത്തൊഴിലാളികൾ വഹിച്ച പങ്ക് പകരം വെക്കാനാവാത്തതാണ്. അവസരോചിതമായ ഇടപെടൽ കൊണ്ട് എണ്ണമറ്റ ജീവനുകളാണ് അവർ രക്ഷിച്ചെടുത്തത്. അവരുടെ ധീരമായ പ്രവർത്തനങ്ങൾ മൂലം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇവരെ ‘കേരളത്തിൻ്റെ സൈന്യം’ എന്ന് വിശേഷിപ്പിച്ചിരുന്നു.
ഇപ്പോഴിതാ വീണ്ടും കേരളം മറ്റൊരു മഴക്കെടുതിയെ അഭിമുഖീകരിക്കുമ്പോള്‍ യാതൊരുവിധ ലാഭേച്ഛയും കൂടാതെ രക്ഷകരായി എത്തിയതും അതേ മത്സ്യത്തൊഴിലാളികൾ തന്നെയാണ്. പലയിടങ്ങളിലും പോലീസിനും ഫയർഫോഴ്സിനും എത്തുവാൻ പറ്റാതിരുന്ന സാഹചര്യങ്ങളിൽ ഇക്കൊല്ലവും മൽസ്യത്തൊഴിലാളികൾ തന്നെയാണ് എത്തിയതും വിജയകരമായി രക്ഷാപ്രവർത്തനങ്ങൾ നടത്തിയതും.
പല സ്ഥലങ്ങളിലും മണ്ണിടിച്ചിലില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപെടുത്താന്‍ ജീവന് പോലും പണയം വെച്ച് ഇറങ്ങുകയാണ് ‘കേരളത്തിന്റെ സൈന്യം’. മഴ മാറി ജീവിതങ്ങൾ പഴയ രീതിയിലേക്ക് മടങ്ങുമ്പോൾ കടലിന്റെ മക്കളായ, ധീരരായ, നമ്മുടെ ഈ സഹോദരങ്ങളെ സർക്കാരും, ജനങ്ങളും, ആരും മറക്കരുത് എന്നൊരപേക്ഷയുണ്ട്.