കേരള പോലീസിനും വേണ്ടേ ‘ഓഫ്‌റോഡ്’ റെസ്ക്യൂ വാഹനങ്ങൾ? സോഷ്യൽമീഡിയ ചോദിക്കുന്നു….

കേരളത്തിൽ 2018 ൽ പ്രളയം വന്നപ്പോഴും ഇക്കൊല്ലം അതേ അവസ്ഥകളെ നേരിടുമ്പോഴും ദുരിതമനുഭവിക്കുന്നവർക്കും കുടുങ്ങിപ്പോയവർക്കുമെല്ലാം രക്ഷകരായി ഫയർഫോഴ്‌സ്, പോലീസ്, മൽസ്യത്തൊഴിലാളികൾ, മറ്റു സംഘടനാ പ്രവർത്തകർ, നാട്ടുകാർ തുടങ്ങി ധാരാളമാളുകളാണ് സേവനസന്നദ്ധതയോടെ പ്രവർത്തിക്കുന്നത്. എന്നാൽ ഇത്തരമൊരു അവസരത്തിൽ വഴികളിലെ പ്രതികൂലാവസ്ഥ തരണം ചെയ്തുകൊണ്ട് മുന്നേറുവാൻ തക്കവിധത്തിലുള്ള വാഹനങ്ങൾ നമ്മുടെ പൊലീസിന് ഇല്ലെന്നത് സങ്കടകരമായ ഒരു അവസ്ഥ തന്നെയാണ്.

മഹീന്ദ്ര ബൊലേറോകൾ ഉപയോഗിച്ച് രണ്ടും കൽപ്പിച്ചു ധൈര്യപൂർവ്വം വെള്ളക്കെട്ടിലൂടെയും, ചെളിനിറഞ്ഞ പ്രദേശത്തു കൂടിയും മിടുക്കരായ നമ്മുടെ പോലീസ് ഡ്രൈവർമാർ സഞ്ചാരം സാധ്യമാക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളിൽ നിലവിലുള്ള പോലീസ് വാഹനങ്ങൾക്ക് കടന്നു പോകുവാൻ കഴിയാത്ത സാഹചര്യമാണ്. ഈ അവസരത്തിൽ മോഡിഫൈഡ് ഓഫ്‌റോഡ് വാഹനങ്ങളെ ആശ്രയിക്കുകയാണ് പോലീസ് ചെയ്യുന്നത്. കഴിഞ്ഞ പ്രളയകാലത്ത് മോഡിഫൈഡ് ഓഫ്‌റോഡ്, റേസിംഗ് വാഹനങ്ങളാണ് പലയിടങ്ങളിലും രക്ഷാപ്രവർത്തനം സുഗമമാക്കിയത്. സാധാരണ സമയങ്ങളിൽ ഇത്തരത്തിലുള്ള ഓഫ്‌റോഡ് വാഹനങ്ങൾ നിയമലംഘനമെന്നു ചൂണ്ടിക്കാട്ടി പിഴയൊടുക്കാറുണ്ടെങ്കിലും ആവശ്യഘട്ടത്തിൽ അവരുടെ വിലപ്പെട്ട സഹായം ലഭ്യമായത് എല്ലാവർക്കും ഒരാശ്വാസം തന്നെയാണ്.

പലതരത്തിലുള്ള പ്രളയ അനുഭവങ്ങൾ നേരിടേണ്ടി വന്ന സാഹചര്യത്തിൽ നമ്മുടെ പോലീസിനും വേണ്ടേ അത്തരത്തിലുള്ള ഓഫ്‌റോഡ് വാഹനങ്ങൾ എന്നാണു സോഷ്യൽമീഡിയ ഇപ്പോൾ ഒന്നടങ്കം ചോദിക്കുന്നത്. സാധാരണ സമയങ്ങളിൽ ഒഫീഷ്യൽ വാഹനങ്ങൾ ഉപയോഗിക്കുകയും, വെള്ളപ്പൊക്കം പോലുള്ള അടിയന്തിര ഘട്ടങ്ങളിൽ ഇത്തരം സജ്ജമാക്കിയിരിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുകയും ചെയ്യാം. ഇതുമൂലം രക്ഷാപ്രവർത്തനങ്ങൾ വൈകാതെ കൃത്യസമയത്ത് ഏകോപിപ്പിക്കുവാനും സാധിക്കും. ഓഫ്‌റോഡ് റൈഡർമാർക്കൊപ്പം കേരളം പോലീസിനും കൂടി ഇത്തരം വാഹനങ്ങൾ ഉണ്ടെങ്കിൽ അടിയന്തിര സാഹചര്യങ്ങളിൽ കുന്നുകളിലും, മലകളിലും, കാടുകളിലുമെല്ലാം സുഗമമായി എത്തിച്ചേരുവാനും രക്ഷാപ്രവർത്തനങ്ങൾ നടത്തുവാനും എളുപ്പത്തിൽ സാധിക്കും.

മോഡിഫൈഡ് വണ്ടികൾ വന്നാൽ മാത്രമേ മലകയറാൻ പറ്റുകയുള്ളൂ, അതുണ്ടെങ്കിൽ മാത്രേ രക്ഷാപ്രവർത്തനം നടത്തൂ എന്നൊന്നും ആരും വാശിപിടിക്കുന്നില്ലെങ്കിലും ഇത്തരം അവസ്ഥകളിൽ അവയുടെ സേവനം വളരെ വലുതു തന്നെയാണ്. സോഷ്യൽ മീഡിയയിലെ ചില ഡിസൈനിംഗ് വിദഗ്ധർ കേരള പോലീസിനു സ്വന്തമായി ഓഫ്‌റോഡ് വാഹനങ്ങൾ ഉണ്ടെങ്കിൽ അതെങ്ങനെയിരിക്കും എന്നുവരെ കൃത്യമായി വരച്ചും ഫോട്ടോഷോപ്പ് ചെയ്തുമൊക്കെ ഷെയർ ചെയ്യുന്നുണ്ട്. ഇത് വെറുമൊരു തമാശ മാത്രമായി കാണാതെ വേണ്ടപ്പെട്ട അധികാരികൾ ഒട്ടും വൈകാതെ തന്നെ നമ്മുടെ പോലീസ്, ഫയർഫോഴ്‌സ് സേനകൾക്ക് എന്തു പ്രതിസന്ധികളെയും മറികടക്കുവാൻ പര്യാപ്തമായ എമർജൻസി ഓഫ്‌റോഡ് വാഹനങ്ങൾ സ്വന്തമായി ലഭ്യമാക്കണമെന്നാണ് എല്ലാവരും ഒന്നടങ്കം ആവശ്യപ്പെടുന്നത്.

NB : ഇതോടൊപ്പം കൊടുത്തിരിക്കുന്ന വാഹനങ്ങളുടെ ചിത്രം, അവർ ഭാവനയിൽ കണ്ടപ്രകാരം എഡിറ്റ് ചെയ്തെടുത്തതാണ്. നിലവിലുള്ള വാഹന മോഡലുകളുമായി അവയെ താരതമ്യം ചെയ്യരുത്. എന്തായാലും ഇത് മനോഹരമായി എഡിറ്റ് ചെയ്തവർക്കും വരച്ചയാൾക്കും നന്ദി.