എന്തെങ്കിലും പ്രശ്നങ്ങളിൽ പെട്ടു നിൽക്കുമ്പോൾ ചിലപ്പോൾ സഹായഹസ്തം നീളുന്നത് ഒട്ടും വിചാരിക്കാത്ത, ഒട്ടും പരിചയമില്ലാത്ത ചില നല്ല മനുഷ്യരിൽ നിന്നുമായിരിക്കും. അത്തരമൊരു സംഭവം വിവരിക്കുകയാണ് എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ Abhay Abhi. അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത അനുഭവക്കുറിപ്പ് താഴെ കൊടുക്കുന്നു. ഒന്നു വായിക്കാം.
“കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ നിന്ന് സുഹൃത്ത് Suhail Pazhanji യ്ക്ക് കുവൈറ്റില്‍ പോകാനുള്ള ഫ്ളൈറ്റ് മിസ്സായിരുന്നു. പുലര്‍ച്ചെ ഒരു മണിയ്ക്ക് പോകുന്ന ഫ്ളൈറ്റിന് ഉച്ചയ്ക്ക് ഒരുമണി ആണെന്ന് കരുതി നേരം വൈകി വന്നു. വിമാനം പോയിട്ട് മണിയ്ക്കൂറുകളായെന്ന് വിവരം കിട്ടി. വൈകിട്ടുള്ള അടുത്ത ഫ്ളൈറ്റിന് പോകാന്‍ കയ്യില്‍ പണമില്ലായിരുന്നു. എ.ടി.എം കാര്‍ഡോ, ലിക്വിഡ് മണിയോ അല്ലാത്ത ഇടപാടുകള്‍ സ്വീകരിക്കില്ലെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഓഫിസിലുള്ളവര്‍ പറഞ്ഞപ്പോഴാണ് ശെരിക്കും പെട്ടുവെന്ന് മനസിലായത്.
ഞങ്ങളാരും എ.ടി.എം കാര്‍ഡ് എടുത്തില്ലാര്‍ന്നു. പലരോടും സഹായം ചോദിച്ച് കൈ മലര്‍ത്തി നില്‍ക്കുമ്പോഴാണ് രക്ഷകന്റെ രൂപത്തില്‍ എയര്‍പോര്‍ട്ട് പോലിസ് സബ് ഇന്സ്പെക്ര് ശ്രീ. എ.ടി. ഹാറൂണ്‍ അവിടെ എത്തി കാര്യങ്ങളറിഞ്ഞ് സ്വന്തം പണം കൗണ്ടറിലടച്ച് സഹായിച്ചത്. കേരള പോലിസില്‍ ഇതുപോലെ നല്ല ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന് മനസിലാക്കാന്‍ കഴിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി.
ടിക്കറ്റ് കയ്യില്‍ കിട്ടി സമാധാനത്തോടെ ആ പണം അദ്ദേഹത്തിന് ഓൺലൈനായി ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനിടയ്ക്ക് ഇദ്ദേഹം പെരുമ്പാവൂര്‍ സ്വദേശിയാണെന്നും, ഐഎന്‍ടിയുസി എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന അന്തരിച്ച ടി.പി ഹസ്സന്റെ കുടുംബാംഗമാണെന്നുമുള്ള വിവരം അറിയാന്‍ കഴിഞ്ഞു.
“ഹാപ്പിയായില്ലേ എന്നാല്‍ പൊയ്ക്കോളൂ” എന്ന് അദ്ദേഹം പറഞ്ഞപ്പോ “ഹാപ്പിയായില്ല ഞങ്ങള്‍ക്കൊരു പടം വേണം” എന്ന് പറഞ്ഞ് എടുത്തതാണിത്. അന്നേരം കൂടെയുള്ള മറ്റ് പോലിസുകാര്‍ പറഞ്ഞത് ഇങ്ങനെ; “ഇതിവിടെ സ്ഥിരം സംഭവാണ്. ഹാറൂണ്‍ സാറിന് പണം തിരികെ കിട്ടാത്ത സഹായങ്ങളുടെ കണക്ക് പറയാതിരിക്കുന്നതാ നല്ലത്” എന്ന്. ഞാനറിയാത്ത ഇനി കാണാന്‍ ഒരുപക്ഷേ സാധ്യതയില്ലാത്ത ആ SI സാറിന് മനംനിറഞ്ഞ നന്ദി.”