“നീ വല്ലതും കഴിച്ചോ?” – ബൈക്ക് റൈഡർമാരുടെ മനസ്സു നിറച്ച് എസ്ഐയുടെ ചോദ്യം… വീഡിയോ വൈറൽ…

ഇന്നത്തെ യുവ തലമുറ യാത്രകളെ അങ്ങേയറ്റം പ്രണയിക്കുന്നവരാണ്. ഇന്ന് ബൈക്ക് ഓടിക്കാനറിയാത്ത യുവാക്കൾ കുറവായിരിക്കും. ഒഴിവു സമയങ്ങളിൽ ബൈക്കും എടുത്തുകൊണ്ട് ട്രിപ്പ് പോകുക എന്നതാണ് മിക്കയാളുകളുടെയും ഹോബി. ഇതുകൂടാതെ ബൈക്ക് റൈഡിംഗ് പ്രൊഫഷണൽ രീതിയിൽത്തന്നെ നടത്തുന്നവരുമുണ്ട്.

ഹെൽമറ്റ്, ഗോപ്രോ ക്യാമറ, പരിക്കുകളിൽ നിന്നും രക്ഷനേടുന്നതിനുള്ള സുരക്ഷാ കവചങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഒരു കൂട്ടം റൈഡർമാർ ഇക്കാലത്ത് യാത്രകൾക്ക് പോകുന്നത്. എന്നാൽ ഇത്തരത്തിൽ യാത്ര പോയിട്ടുള്ളവർക്ക് ഒരിക്കലെങ്കിലും പോലീസ് ചെക്കിംഗ് നേരിടേണ്ടി വന്നിട്ടുണ്ടാകും എന്നുറപ്പാണ്. പൊതുവെ ബൈക്ക് ട്രിപ്പിനു പോകുന്ന യുവാക്കളെ കാണുന്നതു തന്നെ പോലീസുകാർക്ക് അലർജിയാണ്. അത് ചില വീഡിയോകളിൽക്കൂടി നമ്മൾ നേരിട്ട് കണ്ടു ബോധ്യപ്പെട്ടിട്ടുമുള്ളതാണ്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് ഇതിൽ നിന്നും വ്യത്യസ്തമായൊരു വീഡിയോയാണ്. സംഭവം പോലീസ് ചെക്കിംഗ് തന്നെ. ഒഴിവു സമയം കിട്ടിയപ്പോൾ എവിടെ നിന്നോ കൂട്ടുകാരുമൊത്ത് അതിരപ്പിള്ളിയിലേക്ക് ബൈക്ക് ട്രിപ്പിനു പോകുകയായിരുന്നു ഒരുകൂട്ടം യുവാക്കൾ. പോകുന്ന വഴിക്കു വെച്ച് പോലീസ് ഇവരെക്കണ്ട് അടുത്തേക്ക് വന്നു. ജീപ്പിൽ എസ്ഐയും ഉണ്ടായിരുന്നു. “ഈശ്വരാ, പെട്ടല്ലോ” എന്നോർത്ത് നിന്ന യുവാക്കളെ അമ്പരപ്പിച്ചുകൊണ്ട് കൂളായി ജീപ്പിലിരുന്നു തന്നെ എസ്ഐ കുശലാന്വേഷണം നടത്തുകയാണുണ്ടായത്.

എവിടെ നിന്നും വരുന്നു? എങ്ങോട്ടു പോകുന്നു എന്നൊക്കെയുള്ള പതിവ് ചോദ്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നതിനൊപ്പം ബൈക്കുകളുടെ നമ്പർ പ്ളേറ്റ് ഘടിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, അതെല്ലാം നിങ്ങൾ കൃത്യമായി പാലിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും എസ്ഐ യുവാക്കളോട് പറഞ്ഞു കൊടുത്തു. അവസാനമാണ് യുവാക്കളുടെ ഹൃദയത്തെ കീഴടക്കിയ ആ ചോദ്യം അദ്ദേഹം ചോദിച്ചത് “നിങ്ങൾ വല്ലതും കഴിച്ചോ”? എന്ന്. ഒരു പോലീസ് ഓഫീസറുടെയടുത്തു നിന്നും ഇത്തരത്തിൽ വാത്സല്യം നിറഞ്ഞൊരു ചോദ്യം ഒരിക്കലും അവർ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

ഈ സംഭവങ്ങളെല്ലാം കൂട്ടത്തിലുള്ള ഒരു റൈഡറുടെ ഹെൽമറ്റിലെ ഗോപ്രോ ക്യാമറ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. വീഡിയോ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തതോടെ ആരും വിചാരിക്കാത്ത തരത്തിൽ അതങ്ങു വൈറലായി മാറുകയായിരുന്നു. പോലീസുകാരുടെയുള്ളിലും അച്ഛൻമാരും, സഹോദരന്മാരും, സുഹൃത്തുക്കളുമൊക്കെ ഉണ്ടെന്നു കാണിക്കുന്നതാണ് ഈ വീഡിയോ. ആലുവ ട്രാഫിക് എസ്ഐ കബീർ സാർ ആണ് ഇതെന്നാണ് പ്രസ്തുത വീഡിയോയുടെ താഴെ വന്ന കമന്റുകളിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കുന്നത്.

ലക്ഷക്കണക്കിനു രൂപയുടെ സൂപ്പർ ബൈക്കുകളുമായി നിരത്തിൽ ചീറിപ്പാഞ്ഞുകൊണ്ട് അപകടങ്ങൾ ധാരാളമുണ്ടാക്കുന്നതിനാലാണ് പോലീസുകാർക്ക് പൊതുവെ റൈഡർമാരോട് അൽപ്പം ദേഷ്യം കാണാറുള്ളത്. എന്നാൽ ഇവിടെ ഈ ഉദ്യോഗസ്ഥൻ വളരെ സൗമ്യമായി കൂട്ടുകാരോടെന്നപോലെ, ഒരു സഹോദരന്റെ കരുതൽ എന്നപോലൊക്കെ സംസാരിക്കുന്നതു കാണുമ്പോൾ തീർച്ചയായും അദ്ദേഹത്തിന് മനസ്സു നിറഞ്ഞൊരു സല്യൂട്ട് കൊടുക്കുവാനാണ് ആഗ്രഹിക്കുന്നത്. ഇതാണ് നമ്മൾ സ്വപ്നം കണ്ട ജനകീയ പോലീസ്.