കോവിഡ് നിയന്ത്രണ ഉപാധികളോടെ കേരള ടൂറിസം മേഖല ഉണരുന്നു

കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചതു മൂലം ഏറ്റവുമധികം പ്രതിസന്ധി നേരിട്ട ഒരു മേഖലയാണ് ടൂറിസം. ഇന്നു റെഡിയാകും, നാളെ റെഡിയാകുമെന്നു പറഞ്ഞു കാത്തിരിപ്പ് മാസങ്ങൾ പിന്നിട്ടെങ്കിലും നമ്മുടെ കേരളത്തിലെ ടൂറിസം മേഖല ലോക്ക്ഡൗണിൽ തന്നെയായിരുന്നു. ഇതിനിടയിൽ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ നിയന്ത്രണങ്ങളോടെ ടൂറിസം പുനരാരംഭിച്ചിരുന്നു. ഇപ്പോഴിതാ നമ്മുടെ കേരളത്തിലും ടൂറിസം ഉയർത്തെഴുന്നേൽക്കാൻ തയ്യാറെടുക്കുകയാണ്.

മാസങ്ങളായി ഉറങ്ങിക്കിടക്കുകയായിരുന്ന കേരള ടൂറിസം സെപ്റ്റംബർ മാസത്തോടെ പുനരാരംഭിക്കുവാനാണ് സർക്കാർ തീരുമാനം. ഓണക്കാലം കൂടി കണക്കിലെടുത്താണ് ഈയൊരു ഇളവ് നൽകുന്നതിനെക്കുറിച്ച് ഉന്നതതലത്തിൽ ആലോചനകൾ നടന്നത്. ഒടുവിൽ കഴിഞ്ഞ ദിവസം ഇക്കാര്യം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ചതോടെയാണ് ഇതിനെക്കുറിച്ചു വ്യക്തമായ ധാരണ കൈവന്നത്.

കോവിഡ് കാരണം വരുമാനം പൂജ്യത്തിലേക്ക് കൂപ്പുകുത്തിയ സംസ്ഥാനത്തെ ടൂറിസം രംഗത്തിന്റെ നഷ്ടം ഏകദേശം 25,000 കോടി രൂപയാണ്. കോവിഡ് 19 പശ്ചാത്തലത്തില്‍ ടൂറിസം വ്യവസായം നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് ആശ്വാസമേകാന്‍ 455 കോടി രൂപയുടെ വായ്പാ സഹായ പദ്ധതികള്‍ ടൂറിസം വകുപ്പ് നടപ്പാക്കും. പലിശ ഇളവുകളോടെ മുഖ്യമന്ത്രിയുടെ പ്രത്യേക ടൂറിസം വായ്പാനിധി എന്നപേരില്‍ നടപ്പാക്കുന്ന രണ്ടുതരത്തില്‍ പെട്ട ഈ പദ്ധതികളുടെ പ്രയോജനം സംരംഭകര്‍ക്കും അതേപോലെതന്നെ ടൂറിസം വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ലഭിക്കും.

കേരളത്തിലെ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളെല്ലാം കർശന ഉപാധികളോടെ ഭക്തർക്കായി തുറന്നിട്ടുണ്ട്. ഇതേപോലെതന്നെയായിരിക്കും ടൂറിസ്റ്റ് സ്പോട്ടുകളും തുറന്നു കൊടുക്കുക. ടൂറിസം പുനരാരംഭിച്ചാൽ നിലവിൽ ആഭ്യന്തര സഞ്ചാരികൾക്ക് മാത്രമായിരിക്കും ടൂറിസ്റ്റു കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം. കൂടാതെ കോവിഡ് – 19 നെഗറ്റീവ് ആണെന്നുള്ള സർട്ടിഫിക്കറ്റും വേണ്ടി വരും.

മാസങ്ങളായി അടഞ്ഞു കിടക്കുന്ന റിസോർട്ടുകളും ഇതോടെ പൂർണ്ണമായി തുറന്നു പ്രവർത്തിക്കുവാൻ പ്രാപ്തമാകും. നിലവിൽ റിസോർട്ടുകൾക്ക് നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കാമെങ്കിലും, ഗസ്റ്റുകൾ വളരെ കുറവായതിനാൽ മിക്കവയും പ്രവർത്തനവുമായി മുന്നോട്ടു പോകുവാൻ ബുദ്ധിമുട്ടുകയാണ്.

സംസ്ഥാനത്തെ വനമേഖലകൾ കേന്ദ്രീകരിച്ച് ഇക്കോ ടൂറിസം പരിപാടികൾക്ക് ഇപ്പോൾത്തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. തെന്മല, മുത്തങ്ങ, തോൽപ്പെട്ടി തുടങ്ങിയ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പ്രധാന സേവനങ്ങളായ ട്രെക്കിംഗ്, സഫാരി തുടങ്ങിയവ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ ശ്രമിക്കണമെന്നും, കൗണ്ടറുകളിൽ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. സെന്ററിലേക്ക് പ്രവേശിക്കുന്ന എല്ലാവരുടെയും താപനില കൃത്യമായി പരിശോധിച്ച് ബോധ്യം വന്നതിനു ശേഷമായിരിക്കും കടത്തിവിടുക.

മാസ്‌ക്, സാനിറ്റൈസർ, കൃത്യമായ ഇടവേളകളിലെ അണു നശീകരണം, Enter, Exit കവാടങ്ങളിൽ വൃത്തിയുള്ള ടോയ്ലറ്റുകൾ എന്നിവ ടൂറിസ്റ്റു കേന്ദ്രങ്ങളിൽ ഉറപ്പാക്കും. ആദ്യഘട്ടത്തിൽ പത്തു വയസിനു താഴെയുള്ള കുട്ടികൾക്കും, 65 നു മുകളിൽ പ്രായമുള്ളവർക്കും ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കില്ല. കുമളി പഞ്ചായത്തി​ൻെറ വിവിധ ഭാഗങ്ങളിൽ കോവിഡ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതിനാൽ തേക്കടിയിൽ ടൂറിസം പരിപാടികൾ ഉടൻ പുനരാരംഭിക്കില്ല.

കോവിഡിനെതിരെ പൊരുതുന്നതിനോടൊപ്പം സുരക്ഷിതമായ മാർഗ്ഗങ്ങൾ കൈക്കൊണ്ട് നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകണം. ജോലിക്ക് പോകാതെ എക്കാലത്തും വീട്ടിലിരിക്കുക എന്നത് എല്ലാവർക്കും പറ്റുന്ന ഒരു കാര്യമല്ലല്ലോ. ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് കുടുംബങ്ങൾ നമുക്കിടയിലുണ്ട്. അവർക്കും ജീവിക്കണം.. അതുപോലെ നമുക്ക് എല്ലാവർക്കും ജീവിക്കണം… പഴയപോലെ കോവിഡിനെ ഒട്ടും പേടിക്കാതെ പുറത്തിറങ്ങി നടക്കുവാനുള്ള സമയം ഉടനെ കൈവരുമെന്ന പ്രത്യാശ മനസ്സിൽ നിറയ്ക്കാം.