INB ട്രിപ്പിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയുമായിരുന്നു ഞങ്ങൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ലഡാക്കിലെ 18,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പാതയാണ് കർദുങ് ലാ പാസ്. അവിടെക്കായിരുന്നു ഞങ്ങളുടെ യാത്ര. രാവിലെ നല്ല തണുപ്പ് ആയിരുന്നുവെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ തണുപ്പ് കുറഞ്ഞു തുടങ്ങി. ഇന്നത്തെ യാത്രയിൽ എമിൽ സാധാരണയിൽ നിന്നും വ്യത്യസ്തമായി മുണ്ടും ഷർട്ടും ധരിച്ചു പക്കാ മലയാളി വേഷത്തിലായിരുന്നു വന്നിരുന്നത്. മലയാളത്തനിമയിൽ കശ്മീരിലെ മനോഹരമായ ആ സ്ഥലങ്ങളിലൊക്കെ കറങ്ങുക എന്നതുതന്നെ ഒരു വെറൈറ്റി അല്ലേ?
കർദുങ് ലായിലേക്ക് പോകുന്ന വഴിയ്ക്ക് ഒരു ചെക്ക് പോസ്റ്റ് ഉണ്ട്. അവിടെ നമ്മുടെ കാറിന്റെ ആർസി ബുക്കും, പിന്നെ പെർമിറ്റും ഒക്കെ പരിശോധിക്കും. എന്നാൽ അതിനു മുൻപായി അവിടത്തെ ലോക്കൽ ആളുകളുടെ ഒരു ചെക്ക് പോസ്റ്റ് ഉണ്ട്. ബൈക്കേഴ്സ് അസ്സോസ്സിയേഷൻ ഒക്കെ സംയുക്തമായി നടത്തുന്ന ഒരു സെറ്റപ്പ്. വണ്ടിയിൽ ആർസി ഓണർ ഉണ്ടെങ്കിൽ മാത്രമേ അവിടെ നിന്നും പ്രൈവറ്റ് വാഹനങ്ങൾ കടത്തി വിടുകയുള്ളൂ. വാടകയ്ക്ക് എടുത്ത കാറുകൾ (Rent A Cars) പോലും അവർ കടത്തിവിടില്ല. ജമ്മു കാശ്മീരിനു പുറമെ നിന്നുള്ള റെന്റ് ബൈക്കുകളും അതുവഴി കടത്തിവിടില്ല.
താഴ്വരയിലെ മനോഹരമായ കാഴ്ചകളും കണ്ടുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. ദൂരെ തലയുയർത്തി നിന്നിരുന്ന മലകൾ കയറിവേണം ഞങ്ങൾക്ക് പോകുവാൻ. ചുരം പാത ഇടുങ്ങിയതാണെങ്കിലും നന്നായി ടാർ ചെയ്തതായിരുന്നു. നന്നായി കയറ്റം കയറിത്തുടങ്ങിയതോടെ ഞങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ തുടങ്ങി. നന്നായി വെള്ളം കുടിച്ചും, ഗ്ലൂക്കോസ് കഴിച്ചുമൊക്കെ ഞങ്ങൾ അതിനെയെല്ലാം അതിജീവിച്ചു. മൗണ്ടൻ സിക്ക്നസിനെ അതിജീവിക്കുന്നതിനുള്ള ടാബ്ലറ്റ് യാത്രയ്ക്കു മുൻപേ തന്നെ ഞങ്ങൾ കഴിച്ചിരുന്നു.
പോകുന്ന വഴി മനോഹരമായ ഒരു വ്യൂ പോയിന്റിൽ ഞങ്ങൾ വണ്ടി നിർത്തി. അവിടെ വെസ്റ്റ് ബംഗാളിൽ നിന്നും വന്ന ചില ബൈക്കേഴ്സ് നിൽപ്പുണ്ടായിരുന്നു. അങ്ങകലെ നിരനിരയായി മഞ്ഞുമലകൾ… ഹിമാലയം… അതിമനോഹരമായ ഒരു കാഴ്ച തന്നെയായിരുന്നു അത്. നല്ല ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കായിരുന്നു ഞങ്ങളുടെ യാത്ര എന്നതുകൊണ്ട് ഓടാനോ ചാടാനോ വേഗത്തിൽ നടക്കാനോ ഒന്നും പാടില്ലെന്ന് യാത്ര തുടങ്ങും മുൻപേ തന്നെ കാക്കാ മുന്നറിയിപ്പ് തന്നിരുന്നു. ഞങ്ങൾ അത് യാത്രയിലുടനീളം അനുസരിക്കുകയും ചെയ്തു.
വ്യൂ പോയിന്റിലെ മനോഹര കാഴ്ചകളും ആസ്വദിച്ചു ഞങ്ങൾ അവിടെ നിന്നും നീങ്ങി. അങ്ങനെ ഞങ്ങൾ ‘സൗത്ത് പുള്ളു’ പോലീസ് ചെക്ക് പോസ്റ്റിൽ എത്തിച്ചേർന്നു. ഞങ്ങൾ പെര്മിറ്റുകളുടെ ഒറിജിനലും കോപ്പിയുമൊക്കെ അവിടെ കാണിച്ചു. അവർ ഞങ്ങളോട് വളരെ നല്ലരീതിയിലായിരുന്നു പെരുമാറിയിരുന്നത്. എവിടേക്കു പോകുകയാണെന്നു മാത്രമേ ചോദിച്ചുളളൂ. ചെക്ക്പോസ്റ്റിൽ വരുന്ന വണ്ടികളിൽ നിന്നും പത്തും ഇരുപതുമൊക്കെ ഇരന്നു വാങ്ങുന്ന തമിഴ്നാട്, കർണാടക പൊലീസിലെ ചിലരെ ഞങ്ങൾ ഓർത്തുപോയി. അവരൊക്കെ ഇവിടെ വന്നു ജോലി ചെയ്തിരുന്നെങ്കിൽ എന്നേ നന്നായേനെ.
പിന്നീടുള്ള ഞങ്ങളുടെ യാത്രയിൽ തൊട്ടരികിലായി മഞ്ഞുരുകി കിടക്കുന്ന കാഴ്ചകളായിരുന്നു ഞങ്ങളെ സ്വാഗതം ചെയ്തത്. ചുരം കയറിക്കയറി ഞങ്ങൾ യാത്ര തുടർന്നുകൊണ്ടേയിരുന്നു. മുകളിൽ ചെല്ലുന്തോറും താഴെ ഞങ്ങൾ കടന്നു വന്ന, വളഞ്ഞുപുളഞ്ഞ വഴി കാണാമായിരുന്നു. ഏതാണ്ട് ചുരത്തിന്റെ മുകൾഭാഗത്ത് എത്തിയപ്പോൾ ദൂരെയുള്ള മഞ്ഞുമലകളുടെ മുകൾഭാഗമൊക്കെ ഞങ്ങൾക്ക് കാണുവാൻ സാധിക്കുമായിരുന്നു. കുറച്ചു ദൂരം കൂടി മുന്നോട്ടു പോയപ്പോൾ പരിസരം ഏതാണ്ട് 90 ശതമാനവും മഞ്ഞുമൂടിയ അവസ്ഥയായി. ഇടയ്ക്ക് ഞങ്ങൾ വണ്ടി നിർത്തി വഴിയരികിലെ മഞ്ഞിൽ കളിക്കുവാൻ സമയം കണ്ടെത്തി.
പോകെപ്പോകെ ഞങ്ങൾ സഞ്ചരിച്ചിരുന്ന വഴി വളരെ കാഠിന്യമേറിയതായി വന്നു. ടാറിംഗ് ചെയ്ത ഏരിയയൊക്കെ ഒക്കെ നേരത്തെ തന്നെ കഴിഞ്ഞിരുന്നു. ഒറ്റനോട്ടത്തിൽ കയറ്റമാണെന്നു തോന്നിക്കില്ലെങ്കിലും ചിലയിടങ്ങളിൽ വണ്ടി വലിക്കുവാൻ നന്നേ പ്രയാസപ്പെട്ടിരുന്നു. ഏതാണ്ട് പത്തു കിലോമീറ്ററോളം ദൂരം ഫസ്റ്റ് ഗിയറിൽത്തന്നെ ഞങ്ങൾക്ക് സഞ്ചരിക്കേണ്ടി വന്നത് അതിനൊരുദാഹരണം മാത്രം. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള മൊട്ടറബിൾ റോഡുകളിൽ ഒന്നാണ് ഇത്. ലേയിൽ നിന്നും കർദുങ് ലാ, നുബ്രാ, ഹുന്ദുർ എന്നീ സ്ഥലങ്ങളിലേക്കും സിയാച്ചിൻ പോലെയുള്ള തന്ത്ര പ്രധാന മേഖലയിലേക്കും പോകാനുള്ള വഴിയും ഇതാണ്.
അങ്ങനെ കിടിലൻ യാത്രയ്ക്കു ശേഷം ഞങ്ങൾ അവസാനം കർദുങ് ലാ ടോപ്പിൽ എത്തിച്ചേർന്നു. അവിടെ നിന്നും ഇന്ത്യയുടെ തന്ത്രപ്രധാനമായ സിയാച്ചിൻ ബേസ് ക്യാമ്പിലേക്ക് 164 കിലോമീറ്റർ ദൂരമുണ്ടായിരുന്നു. അവിടെ പ്രതികൂലമായ തണുത്ത കാലാവസ്ഥയെ അതിജീവിച്ചുകൊണ്ട് കാവൽ നിൽക്കുന്ന സൈനികരെ ഒരു നിമിഷം ഞങ്ങൾ മനസിലോർത്തുപോയി. എത്രയധികം കഷ്ടപ്പാടുകൾ സഹിച്ചായിരിക്കും അവർ അവിടെ സേവനമനുഷ്ഠിക്കുന്നത് എന്നോർത്തപ്പോൾ മനസുകൊണ്ട് ഒരു സല്യൂട്ട് ഞങ്ങൾ അവർക്കു നൽകി.
കർദുങ് ലാ ടോപ്പിൽ ഞങ്ങളെക്കൂടാതെ മറ്റു സഞ്ചാരികളും ഉണ്ടായിരുന്നു. കൂടുതലും ബൈക്കേഴ്സ് ആയിരുന്നു അവിടെയുണ്ടായിരുന്നത്. എല്ലാവരും ഫോട്ടോസ് എടുക്കുന്ന തിരക്കിലും. അപ്പോഴതാ പഞ്ചാബികളായ ചില സഞ്ചാരികൾ അവിടെ പാട്ടുപാടി നൃത്തം ചവിട്ടുന്നു. അതിൽ രസം കണ്ടപ്പോൾ അവരോടൊപ്പം ഞങ്ങളും ചേർന്നു. മുണ്ടും ഷർട്ടും ധരിച്ചു വന്ന എമിലിനെ കണ്ടപ്പോൾ എല്ലാവർക്കും അത്ഭുതമായി. നൃത്തമൊക്കെ കഴിഞ്ഞു ക്ഷീണിച്ചു ഞങ്ങൾ അവിടെയുള്ള കാന്റീനിൽ നിന്നും ന്യൂഡിൽസും കാശ്മീരി സ്പെഷ്യൽ കാവയും കഴിച്ചു.
ഇനി ഞങ്ങളുടെ യാത്ര നുബ്ര വാലി വഴി ഹുൻഡർ എന്ന സ്ഥലത്തേക്കാണ്. കർദുങ് ലാ ടോപ്പിൽ നിന്നും ഏകദേശം 3 മണിക്കൂറോളം യാത്രയുണ്ട് ഹുൻഡറിലേക്ക്. അവിടെ കാക്കാ ഞങ്ങൾക്ക് താമസസൗകര്യങ്ങളൊക്കെ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു. അതും ടെന്റിൽ… അവിടേക്കുള്ള യാത്രയുടെ വിശേഷങ്ങളും കാഴ്ചകളുമൊക്കെ അടുത്ത എപ്പിസോഡിൽ…
Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.