ഇത് ബസ് അല്ല, ബസ് ഷെൽട്ടറാണ്; തൃശ്ശൂർ ചേറൂരിലെ കിണർ സ്റ്റോപ്പിൻ്റെ വിശേഷങ്ങൾ

നമ്മുടെ നാട്ടിൽ പല തരത്തിലുള്ള ബസ് ഷെൽട്ടറുകൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു ബസ്സിന്റെ രൂപത്തിലുള്ള ബസ് ഷെൽട്ടർ കണ്ടിട്ടുണ്ടോ? തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽപ്പെടുന്ന ചേറൂരിലെ കിണർ ബസ് സ്റ്റോപ്പിലാണ് ഇത്തരത്തിലൊരു വ്യത്യസ്തതയാർന്ന ബസ് ഷെൽട്ടർ നിർമ്മിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ വഴിയരികിൽ ഒരു പ്രൈവറ്റ് ഓർഡിനറി ബസ് പാർക്ക് ചെയ്തിരിക്കുകയാണ് എന്നേ തോന്നൂ. പക്ഷേ അടുത്തു ചെല്ലുമ്പോൾ ആയിരിക്കും മനസ്സിലാകുന്നത് അതൊരു ബസ്സല്ല, മറിച്ച് ഒരു ബസ് ഷെൽട്ടർ ആണെന്ന്.

ചേറൂരിൽ നിന്നും കുറ്റുമുക്ക് എന്ന സ്ഥലത്തേക്ക് തിരിയുന്ന Y ജംഗ്‌ഷനിലാണ് കിണർ ബസ് സ്റ്റോപ്പ് സ്ഥിതി ചെയ്യുന്നത്. പണ്ടുമുതലേ ഒരു കിണർ അവിടെയുള്ളതിനാലാണ് ഈ ബസ് സ്റ്റോപ്പിന് കിണർ എന്ന പേര് ലഭിക്കുവാൻ കാരണം. ഇപ്പോൾ ഈ കിണർ ബസ് രൂപത്തിലുള്ള ഷെൽട്ടറിനുള്ളിലാണ്.

വിവിധതരത്തിലുള്ള ബസ് സ്റ്റോപ്പുകൾ കണ്ടിട്ടുള്ള നാട്ടുകാർക്കും അതുവഴി പോകുന്ന യാത്രക്കാർക്കുമൊക്കെ ബസ് എന്ന് തോന്നിക്കുന്ന ഈ വെയ്റ്റിംഗ് ഷെഡ് തികച്ചും അത്ഭുതം തന്നെയാണ് സമ്മാനിക്കുന്നത്. അഞ്ച് ലക്ഷം രൂപ ചെലവിലാണ് ഈ വെയിറ്റിങ് ഷെഡ് നിർമ്മിച്ചിരിക്കുന്നത്. 12 പേർക്ക് ഇരിക്കാവുന്ന സ്റ്റീൽ സീറ്റുകളുള്ള ഈ ഷെൽട്ടർ പത്ത് പേർക്ക് നിൽക്കാവുന്ന രീതിയിലുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഈ ബസ് ഷെൽട്ടറിന്റെ മറ്റൊരു പ്രത്യേകത സിസി ടിവി ക്യാമറകളാൽ സുരക്ഷിതമാക്കിയിട്ടുണ്ട് എന്നതാണ്. ഇതിൽ നാല് സിസിടിവി ക്യാമറകളും, ഫാനുകളും, പാട്ടു കേൾക്കുന്നതിനുള്ള സ്പീക്കറുകളും, ലൈറ്റുകളും ഒക്കെയുണ്ട്. കൂടാതെ യാത്രക്കാർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി വാട്ടർ പ്യൂരിഫയറും സജ്ജമാക്കും. വെയിറ്റിംഗ് ഷെഡ്ഡിന് അടുത്തുതന്നെയുള്ള (അകത്തു തന്നെയുള്ള) കിണറിൽ നിന്നും പമ്പ് ഉപയോഗിച്ചാണ് ആവശ്യമുള്ള കുടിവെള്ളം എത്തിക്കുക.

ബസ് സ്റ്റോപ്പിലേക്ക് ആവശ്യമായ വൈദ്യുതി സോളാർ എനർജ്ജി വഴി കണ്ടെത്തുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പണി തീരുന്ന മുറയ്ക്ക് ബസ് ഷെൽട്ടറിന്റെ മുകളിൽ ഇതിനായി സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുകയും ചെയ്യും.

ഏറെ നാളത്തെ ആവശ്യമായിരുന്നു ഇവിടെയൊരു ബസ് ഷെൽട്ടർ വേണമെന്നതും, സമീപത്തെ കിണർ മാലിന്യമുക്തമാക്കി ഉപയോഗപ്രദമാക്കണമെന്നതും. ഇതിനു ഡിവിഷൻ കൗൺസിലറായ കൃഷ്ണൻകുട്ടി മാഷിൻ്റെ പരിശ്രമവും കൂടിയായപ്പോൾ ഫലം കാണുകയും തൽഫലമായി കിണർ ഉപയോഗപ്രദമാകുകയും, ഇത്തരത്തിലൊരു വ്യത്യസ്തമായ ബസ് ഷെൽട്ടർ സജ്ജമാകുകയും ചെയ്തു.

വളരെ വ്യത്യസ്തമായതും കാണുന്നവരിൽ കൗതുകം ജനിപ്പിക്കുന്നതുമായ ഈ വെയിറ്റിങ് ഷെഡ് പണിതീർത്തത് ഒളരിക്കരയിലുള്ള നന്ദനം എഞ്ചിനീയറിംഗ് വർക്‌സ് ആണ്.

ബസ്സിന്റെ രൂപത്തിലുള്ള ഈ ബസ് ഷെൽട്ടറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇതൊന്നു കാണുവാനും ഫോട്ടോയെടുക്കുവാനുമൊക്കെ മാത്രമായി ഇവിടേക്ക് വരുന്നവരുമുണ്ട്. എന്തായാലും ഇപ്പോൾ ചേറൂർ വഴി പോകുന്നവർക്ക് ഒരു അത്ഭുതക്കാഴ്ചയായി നിലകൊള്ളുകയാണ് ‘കിണർ’ സ്റ്റോപ്പിലെ ഈ ബസ് ഷെൽട്ടർ.