കടൽപ്പാലത്തിലൂടെ സഞ്ചരിച്ച് സൗദി – ബഹ്‌റൈൻ ബോർഡറിലേക്ക്..

ബഹ്‌റിനിലെ അടുത്ത പകൽ ഞങ്ങൾ ഒരു കിടിലൻ യാത്രയ്ക്കായാണ് തയ്യാറെടുത്തത്. ഞാൻ ഇവിടെ വന്നത് അറിഞ്ഞിട്ട് എന്റെയൊരു സുഹൃത്തായ ഗോപു സൗദിയിൽ നിന്നും ബഹ്‌റൈനിൽ എത്തിയിട്ടുണ്ടായിരുന്നു. കേവലം അരമണിക്കൂർ കൊണ്ടാണ് അദ്ദേഹം കാറിൽ സൗദിയിൽ നിന്നും ബഹ്‌റിനിൽ എത്തിച്ചേർന്നത്. ഇതിനു കാരണമായത് സൗദിയിൽ നിന്നും ബഹ്‌റൈനിലേക്ക് 25 കിലോമീറ്റർ നീളത്തിലുള്ള ‘കിംഗ് ഫഹദ് കോസ്‌വേ’ എന്ന പാലമാണ്. ഈ പാലത്തിലൂടെ ഒരു യാത്രയായിരുന്നു ഇന്നത്തെ ഞങ്ങളുടെ പ്ലാൻ.

അങ്ങനെ വൈകുന്നേരത്തോടെ ഗോപുവിന്റെ കാറിൽ ഞങ്ങൾ യാത്രയാരംഭിച്ചു. 1986 ലായിരുന്നു ഈ പാലം സഞ്ചാരത്തിനായി തുറന്നു കൊടുത്തത്. ഇരു രാജ്യങ്ങളുടെയും ഇടയിൽ കടലിനു നടുവിലായി ഒരു കൃത്രിമ ദ്വീപ് സൃഷ്ടിച്ചിട്ടുണ്ട്. പാലത്തിലൂടെ സഞ്ചരിച്ച് നമ്മൾ ഈ ദ്വീപിൽ എത്തിയിട്ട് വേണം രാജ്യം കടക്കുന്നതിനുള്ള എമിഗ്രെഷൻ കടമ്പകളും പരിശോധനകളും പൂർത്തിയാക്കുവാൻ. പാസ്പോർട്ട് ഐലൻഡ് എന്നായിരുന്നു ആ ദ്വീപിന്റെ പേര്. ഗോപുവിന് വിസ ഉണ്ടായിരുന്നതിനാൽ പുള്ളി ഇടയ്ക്കിടയ്ക്ക് പല ആവശ്യങ്ങൾക്കായി സൗദി – ബഹ്‌റൈൻ റോഡ് ട്രിപ്പുകൾ ധാരാളം നടത്താറുണ്ട്. വിസ ഇല്ലാതിരുന്നതിനാൽ ഞങ്ങൾക്ക് സൗദിയിലേക്ക് പോകുവാൻ സാധിക്കുമായിരുന്നില്ല.

വളരെയേറെ കർശന നിയമങ്ങൾ നിലവിലുള്ള സൗദി അറേബ്യയിൽ നിന്നും വീക്കെൻഡുകളും അവധിക്കാലവും ചെലവഴിക്കുവാൻ നിരവധിയാളുകളാണ് ബഹ്‌റൈനിലേക്ക് വരുന്നത്. അവർക്കൊക്കെ ഈ പാലം വളരേറെ ഉപകാരപ്രദമാണ്. സൗദിയിൽ പ്രൊഫഷണൽ ജോലി ചെയ്യുന്നവർക്കും മറ്റും ബഹ്‌റൈനിലേക്ക് കടക്കുവാൻ ഓൺ അറൈവൽ വിസ ഫ്രീയായിരിക്കും. അല്ലാത്തവർക്ക് വിസയ്ക്ക് അടക്കേണ്ടതായി വരും. അതുപോലെതന്നെ ഈ ബോർഡർ ഒരാൾക്ക് നടന്നു കടക്കുവാൻ സാധിക്കുകയില്ല. ഏതെങ്കിലും വാഹനത്തിൽ വന്നാൽ മാത്രമേ അതിർത്തി കടക്കുവാൻ ആകുകയുള്ളൂ.

നേരത്തെ പറഞ്ഞ വിഭാഗക്കാർക്ക് വിസ ഓൺ അറൈവൽ ഫ്രീ ആണെങ്കിലും കാറുമായി സൗദിയിൽ നിന്നും ബഹ്‌റൈനിലേക്ക് വരുന്നവർ 25 റിയാൽ എൻട്രി ഫീസ് അടക്കണം. സ്റ്റുഡൻസിനും പ്രത്യേകം കാർഡ് എടുത്തിട്ടുള്ളവർക്കും എൻട്രി ഫീസിൽ ഇളവുകളുണ്ട്.

 

ഈ കാര്യങ്ങളൊക്കെ യാത്രയിൽ ഗോപു പറഞ്ഞുതന്നതാണ്. അങ്ങനെ ഞങ്ങൾ പാലത്തിലേക്ക് കയറി. അകലെ സൂര്യൻ അസ്തമിക്കുവാൻ തയ്യാറെടുക്കുകയായിരുന്നു. പാലത്തിൽ വാഹനങ്ങൾ നിർത്തുവാൻ പാടില്ല എന്നാണ് നിയമം. അവിടെയാണെങ്കിൽ നല്ല ഒന്നാന്തരം കാറ്റും. സൂക്ഷിച്ചു നിന്നില്ലെങ്കിൽ ചിലപ്പോൾ ആള് വരെ പറന്നുപോകുമത്രേ.

കടലിനു മീതെ കാറിൽ സഞ്ചരിക്കുന്ന ആ ഒരു അനുഭൂതിയുണ്ടല്ലോ… അത് അവിടെചെന്നിട്ടു ആനുഭവിച്ചു തന്നെ അറിയണം. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ താഴെ കടലിന്റെ നിറം ഇളംനീലയിൽ നിന്നും കുറച്ചുകൂടി ഇരുണ്ട നിറത്തിൽ കാണപ്പെട്ടു. ഞങ്ങൾ കാറുമായി സൗദിയുടെയും ബഹ്‌റൈന്റെയും അതിർത്തിയായ പാസ്സ്‌പോർട്ട് ഐലൻഡ് എന്ന കൃത്രിമ ദ്വീപിൽ എത്തിച്ചേർന്നു. കാർ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്ത ശേഷം ഞങ്ങൾ അതിർത്തിയിലേക്ക് നടന്നു. അതാ ഒരു ഗേറ്റിനപ്പുറം സൗദി അറേബ്യയാണ്‌. ചിത്രങ്ങളിലൂടെയും വാർത്തകളിലൂടെയും മാത്രം കണ്ടിട്ടുള്ള സൗദി അറേബ്യ എന്ന രാജ്യം ഞങ്ങളുടെ തൊട്ടു മുന്നിൽ…!!

വിസ ഇല്ലാതിരുന്നത് വല്ലാത്തൊരു നഷ്ടമായി ഞങ്ങൾക്ക് അപ്പോൾ തോന്നി. അങ്ങനെ ഞങ്ങൾ ബഹ്‌റിനിൽ നിന്നുകൊണ്ട് സൗദിയെ നോക്കിക്കണ്ടു. സൗദിയിൽ നിന്നും ചെക്ക്പോസ്റ്റ് കടന്നു വൻ ഉത്സാഹത്തോടെ ആളുകൾ വാഹനങ്ങളിൽ പോകുന്നത് കാണാമായിരുന്നു. ശ്വേത ഇതിനു മുൻപ് പലവട്ടം ഇവിടെ വന്നിട്ടുണ്ടായിരുന്നു. ടൂറിസത്തിനു വളരെ സാധ്യതകളുള്ള ഒരു സ്ഥലം ആണെങ്കിലും സുരക്ഷയെ മുൻനിർത്തി അവിടെ പ്രത്യേകിച്ച് ഒന്നുംതന്നെ ചെയ്യുവാൻ ഇരു രാജ്യങ്ങളും മുതിരുന്നില്ല.

ഞങ്ങൾ അവിടെ കാഴ്ചകൾ കണ്ടുകൊണ്ട് നടന്നു. ആ സമയത്ത് സൂര്യൻ അസ്തമിച്ചിരുന്നു. പാലത്തിൽ മനോഹരമായ ലൈറ്റുകൾ കത്തിത്തുടങ്ങി. വളരെ മനോഹരമായ ഒരു ദൃശ്യമായിരുന്നു. അങ്ങനെ ഞങ്ങൾ അതിർത്തിയിൽ നിന്നും പാലത്തിലൂടെ തിരികെ ബഹ്റൈനിലേക്ക് യാത്രയായി. ഒരു കിടിലൻ സായാഹ്നമായിരുന്നു ഗോപു വന്നതുമൂലം ഞങ്ങൾക്ക് ലഭിച്ചത്. അതിനു ഞങ്ങൾ എന്നും ഗോപുവിനോട് കടപ്പെട്ടിരിക്കും.

ഇതുവഴി യാത്ര പോകാത്ത സൗദിയിൽ ഉള്ള മലയാളി സുഹൃത്തുക്കൾ ഒരിക്കലെങ്കിലും അതിനായി ഒന്ന് ശ്രമിക്കുക. മനോഹരമായ ഒരു ട്രിപ്പ് ആയിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്. ബഹ്‌റൈനിൽ ഉള്ളവർ ബോർഡർ കടന്നില്ലെങ്കിലും അവിടം വരെയെങ്കിലും ഒന്നു പോയിരിക്കണം. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ…