എഴുത്ത് – സുജിത്ത് എസ്. പിള്ള ചേപ്പാട്.
ആരും ഞെട്ടേണ്ട കെഎസ്ആര്‍ടിസി ഇന്നൊരു മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്… എപ്പോഴും നഷ്ടങ്ങളുടെ കണക്കല്ലാതെ മറ്റൊന്നും ഈ പൊതുമേഖലാ സ്ഥാപനത്തിന് പറയാനില്ല. ബസുകളില്‍ നിറക്കുന്ന ഇന്ധനത്തിന് പോലും കൊടുക്കാനുള്ള കാശുപോലും ഈ സ്ഥാപനത്തില്‍ നിന്നും കിട്ടുന്നില്ല… പറഞ്ഞിട്ട് എന്ത് കാര്യം വിധി എന്ന് സ്വയം പറഞ്ഞ് സമാധാനിക്കുക…
ഇത്രയും ഭാരത്തിന് ഇടക്കാണ് ഏറ്റവും വലിയ ഭാരമായി ഒരു ഡിപ്പോ കെട്ടിടം തന്നെ മാറുന്നത്… വേറേയെങ്ങുമല്ല മലബാറിലെ ഏറ്റവും വലിയ ഡിപ്പോയായ കോഴിക്കോട് ഡിപ്പോ കെട്ടിടമാണ് ആ ഭാരം… ഒരിക്കലെങ്കിലും നിങ്ങള്‍ അനുഭവിക്കണം അവിടുത്തെ കഷ്ടത… കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രശസ്തനും പ്രമുഖനുമായ ഒരു ഡിസൈനറുടെ കലാ സൃഷ്ടിയാണ് കോഴിക്കോട് ഡിപ്പോ… കോഴിക്കോട് സിറ്റിയില്‍ മാവൂര്‍ റോഡില്‍ നെഞ്ചും വിരിച്ച് നില്‍ക്കുന്ന ഈ കെട്ടിടസമുഛയം കണ്ടാല്‍ നിങ്ങള്‍ നോക്കി നിന്നുപോകും.
പക്ഷേ കാണുന്ന ഭംഗി മാത്രമേ ഉള്ളുവെന്ന് നിങ്ങള്‍ അറിയണം… ബസുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന വഴികള്‍ (റാംപ്) തന്നെ നോക്കുക… ലോഫ്ലോര്‍ ബസുകള്‍ , മള്‍ട്ടി ആക്സില്‍ ബസുകള്‍ മുഴുവന്‍ കയറുന്ന റാംപിലൂടെത്തന്നെ ഇറങ്ങിപ്പോകണം. ഇറങ്ങിപ്പോകേണ്ട റാംപിലൂടെ ഇറക്കം ഇറങ്ങിയാല്‍ മുന്‍ഭാഗം റോഡില്‍ ഇടിച്ച് മുന്‍വശം തകരും… കുറച്ച് വേഗതയില്‍ ഇറങ്ങിയാല്‍ സാധാരണ ബസുകള്‍ക്കും ഇതേ അപകടം സംഭവിക്കാറുണ്ട്…
ഇങ്ങനെ കയറേണ്ട റാംപില്‍ക്കൂടി ഇറങ്ങുമ്പോള്‍ മറ്റു ബസുകള്‍ക്ക് പോകുവാന്‍ ബുദ്ധിമുട്ട് ഉണ്ടാവുകയും ബ്ലോക്കായി റോഡിലേക്ക് വ്യാപിച്ച് മാവൂര്‍ റോഡ് തന്നെ നിശ്ചലമാകാറുണ്ട്… പാര്‍ക്കിങ്ങ് ആണ് വിചിത്രം ബേസ്മെന്‍റിലാണ് പാര്‍ക്കിങ്. ബസുകള്‍ വരുന്നത് ഒന്നാം നിലയിലും. ബസുകളെ ആശ്രയിക്കുന്ന പ്രവാസികള്‍ ഏറ്റവും കൂടുതല്‍ വന്നുപോകുന്ന ഡിപ്പോയാണ് കോഴിക്കോട്. എയര്‍പോര്‍ട്ടിലേക്ക് നേരിട്ട് സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യുന്നു… ഈ യാത്രക്കാര്‍ ലഗേജുകളുമായി പോകുവാനോ തിരിച്ച് വരുവാനോ വന്നാല്‍ ലഗേജുകള്‍ ചുമന്ന് ഇത്രയും കയറ്റം കയറുകയോ ഇറങ്ങുകയോ വേണം…
പാര്‍ക്കിങില്‍ ശുചിമുറി മാലിന്യം നിറയുന്നതാണ് മറ്റൊരു പ്രശ്നം പോരാത്തതിന് മഴകൂടി പെയ്താല്‍ പിന്നെ പാര്‍ക്കിങ് ഒരു മാലിന്യം നിറഞ്ഞ ടാങ്കായി മാറുന്നു… അടുത്തത് മുകളിലുള്ള ബസ്ബേയാണ് രസം…കഷ്ടിച്ച് ഒരു ബസ് ഞെരുങ്ങി ഇടാന്‍ മാത്രം സ്ഥലം ഒഴിവാക്കി ബാക്കി ഭാഗമെല്ലാം തൂണുകള്‍കൊണ്ട് നിറച്ചു… മിക്കപ്പോഴും ബസുകളുടെ സൈഡ് മിറര്‍ തൂണുകളില്‍ ഇടിച്ച് പൊട്ടുകയോ അല്ലെങ്കില്‍ ബസുകളുടെ വശങ്ങള്‍ തൂണുകളില്‍ ഉരഞ്ഞ് നശിക്കുന്നതും നിത്യസംഭവമാണ്…
മഴ പെയ്താല്‍ ഒരു തുള്ളി വെള്ളം പുറത്തേക്ക് പോകില്ല എല്ലാം വളരെ കൃത്യമായി ഒഴുകി ബസ്ബേയിലേക്ക് തന്നെ വരും… ബസ്ബേയിലെ കാറ്റും വെളിച്ചവുമാണ് അപാരം. കോഴിക്കോടിന്‍റെ സൗജന്യ മൈക്രോവേവ് ഓവന്‍ ആണ് നമ്മുടെ ഡിപ്പോ… അതിന് പ്രത്യേകം വിശദീകരണം വേണ്ടല്ലോ… വെളിച്ചം അത് അപാരം പല്ലുകളും കണ്ണുകളും കണ്ട് ആള്‍ക്കാരെ തിരിച്ചറിയണം അത് ഏത് സമയത്താണെങ്കിലും… ഇത്രയും പറഞ്ഞത് നമ്മുടെ ഡിപ്പോയുടെ മികവാണ്…
ഇനി നഷ്ടം എന്താണ് എന്ന് പറയാം… ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചതാണ് ഈ ഡിപ്പോ… വെറുമൊരു ഡിപ്പോ അല്ലല്ലോ… ഷോപ്പിങ്ങ് മാള് തന്നെയല്ലേ അകത്ത്… കെട്ടിടത്തിലെ സ്ഥല സൗകര്യങ്ങള്‍ വാടകക്ക് കൊടുത്ത് അതില്‍ നിന്നും ലഭിക്കുന്ന വരുമാനം തിരിച്ച് അടവായി കണക്കാക്കി വേണം നിര്‍മ്മാണത്തുകയുടെ കടം തീര്‍ക്കുവാന്‍… അതിനാണെങ്കില്‍ വരുമാനവുമില്ല… കാരണം എന്താ…? ഡിസൈനിലെ മികവ് കൊണ്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ ഇതുവരെ ഈ കെട്ടിടസമുഛയത്തിന് നംബര്‍ കൊടുത്തിട്ടില്ല… അതുകൊണ്ട് ഇതുവരെ ഒന്നും വാടകക്ക് കൊടുക്കുവാനും കഴിഞ്ഞിട്ടില്ല…
അങ്ങനെ തിരിച്ചടക്കാനുള്ള ലോണ്‍തുക പെരുകിപ്പെരുകി വലിയ ഒരു തുക തന്നെയായിട്ടുണ്ട്… മാസം 30 കോടി രൂപയാണ് തിരിച്ചടവ്… അതായത് ദിവസം ഒരു കോടി രൂപ വെച്ച്..! ഇതുകൊണ്ടൊക്കെയാണ് കോഴിക്കോട് ഡിപ്പോക്കെട്ടിടം ഈ കോര്‍പ്പറേഷന് ഒരു വലിയ അധികപ്പറ്റാകുന്നത്… എന്തായാലും കെട്ടിടത്തിന്‍റെ ഡിസൈനിന് ഡിസൈനര്‍ക്ക് നല്‍കിയ ഭീമമായ തുക അഴിമതിയില്‍പ്പെടും… നിര്‍മ്മാണത്തിന് അനുമതി നല്‍കിയതും അഴിമതിയാകും… എല്ലാം സ്വതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു സുഖം… ആ എല്ലാം ശരിയാകും…