വില്ലിങ്ടൺ ഐലൻഡിലെ കാഴ്ചകൾ ആസ്വദിച്ചതിനു ശേഷം ഞങ്ങൾ പോയത് നേരെ ഫോർട്ട്കൊച്ചിയിലേക്ക് ആയിരുന്നു. ഇത്തവണത്തെ കൊച്ചിൻ ബിനാലെ കാണുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ആ വിശേഷങ്ങൾ പറയുന്നതിനു മുൻപ് എന്താണ് ബിനാലെ എന്ന് അറിയണം.
രണ്ട് വർഷം കൂടുമ്പോൾ നടക്കുന്ന കലാപ്രദർശനങ്ങളെയാണ് പൊതുവായി ബിനാലെ എന്ന് പറയുന്നത്.ബിഅനാലെ എന്നതാണ് കൂടുതൽ ശരിയായ ഉച്ചാരണം.1895-ൽ ആരംഭിച്ച പ്രശസ്തമായ വെനീസ് ബിനാലെയെത്തുടർന്നാണ് ബിനാലെകൾ കൂടുതൽ ജനകീയമായത്.
ഇന്ത്യയിൽ നടന്ന ആദ്യ ബിനാലെയാണ് കൊച്ചി-മുസിരിസ് ബിനാലെ. 2012 ഡിസംബർ 12ന് കൊച്ചിയിൽ തുടങ്ങിയ കലാപ്രദർശനം മൂന്ന് മാസം നീണ്ടുനിന്നു. 30 വിദേശരാജ്യങ്ങളിൽ നിന്നായി 88 ചിത്രകാരന്മാർ തങ്ങളുടെ കലാസൃഷ്ടികൽ ഇരുപതോളം വേദികളിലായി പ്രദർശിപ്പിച്ചു.
രണ്ട് വർഷം കൂടുമ്പോൾ നടക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബിനാലെയാണ് കൊച്ചി മുസിരിസ് ബിനാലെ. കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പാണു 2018 ൽ നടക്കുന്നത്. 2019 മാർച്ച് 29 വരെ ബിനാലെ കാഴ്ചകളാൽ മനോഹരമായിരിക്കും കൊച്ചി. മുൻതവണകളെപ്പോലെ തന്നെ ആസ്പിൻവാൾ, പെപ്പർഹൗസ്, കാശി ആർട്ട് കഫേ, കബ്രാൾ യാഡ്, ഡേവിഡ് ഹാൾ എന്നിവിടങ്ങളാണ് വേദികൾ. വെറുമൊരു കലാപ്രദര്‍ശനം എന്നതില്‍ ഉപരി കലയെ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ തവണയും പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
ഫോർട്ട്കൊച്ചിയിലെ ആസ്പിൻവാളിൽ നിന്നുമാണ് ബിനാലെയ്ക്കുള്ള പ്രവേശന പാസുകൾ ലഭിക്കുന്നത്. ഒരാൾക്ക് 100 രൂപയാണ് ചാർജ്ജ്. ബിനാലെയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഓരോ കലാസൃഷ്ടികൾക്കും ഓരോ അർത്ഥവും കഥയും ഒക്കെയുണ്ടാകും. അതുകൊണ്ട് ഇത് കാണുവാൻ പോകുന്നവർ ചുമ്മാ കണ്ടങ്ങു പോകാതെ പ്രദർശനഹാളിലുള്ള വോളന്റിയേർസിനോട് ചോദിച്ച് മനസ്സിലാക്കുക.
പ്രദർശനം കൂടാതെ ബിനാലെയോടനുബന്ധിച്ചുള്ള വസ്ത്രങ്ങൾ, ബാഗുകൾ തുടങ്ങിയ സാധനങ്ങൾ വിൽക്കുന്ന ബിനാലെ സ്റ്റാളും അവിടെ ഒരുക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് വേണമെങ്കിൽ അവ വിലകൊടുത്ത് വാങ്ങാവുന്നതാണ്. വിശപ്പും ദാഹവും അകറ്റുവാനായി ഒരു കോഫീഷോപ്പും ആസ്പിൻ വാളിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. കൊച്ചിക്കായലിന്റെ സൗന്ദര്യം നുകർന്നുകൊണ്ട് നമുക്ക് അൽപ്പനേരം ഇരിക്കുകയും ചെയ്യാം.
ചുമ്മാ വന്നു കണ്ടിട്ടു പോകുവാനാണെങ്കിൽ വെറും പത്തു മിനിറ്റുകൊണ്ട് നിങ്ങൾക്കിത് കാണാം. എന്നാൽ എല്ലാം മനസ്സിലാക്കി ആസ്വദിക്കണമെങ്കിൽ നിങ്ങൾ തീർച്ചയായും ഒരു ദിവസം ഇവിടെ ചെലവഴിക്കണം.