കേരളത്തിലെ കൊച്ചി നഗരത്തിലെ ഒരു അതിവേഗ റെയിൽ ഗതാഗതമാണ് കൊച്ചി മെട്രോ റെയിൽവേ. ഇന്ത്യയിൽ ആദ്യം ആസൂത്രണം ചെയ്ത പദ്ധതികളിൽ ഒന്നായിരുന്നു ഇത്. 26 കി. മി. നീളത്തിൽ തൃപ്പൂണിത്തൂറ മുതൽ ആലുവ വരെയാണ് കൊച്ചി മെട്രോയുടെ പാത ആസൂത്രണം ചെയ്തിരിക്കുന്നത്.
റോഡിനു മധ്യത്തിൽ തൂണുകളിൽ ഉയർത്തിയ ‘U’ ആകൃതിയുള്ള ഗർഡറുകളും അവയിൽ മെട്രോയുടെ പാളങ്ങളും സ്ഥാപിക്കുന്നു. മൂന്നു കോച്ചുകളുള്ള റോളിംഗ് സ്റ്റോക്ക് എന്ന സാങ്കേതികനാമമുള്ള തീവണ്ടിയ്ക്ക് അറുനൂറു പേരെ വഹിക്കാൻ കഴിയും. ശരാശരി വേഗം മണിക്കൂറിൽ നാൽപ്പത് കിലോമീറ്ററാണ്.
1. കമ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ സംവിധാന (സി.ബി.ടി.സി.) മാണ് കൊച്ചി മെട്രോയില്‍ ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായി ഈ സംവിധാനമുപയോഗിച്ച് സര്‍വീസ് തുടങ്ങുന്നത് കൊച്ചി മെട്രോയിലായിരിക്കും.
2. രാജ്യത്തെ ഏറ്റവും സ്ത്രീ സൗഹൃദമായ മെട്രോയാണ് കൊച്ചിയിലേത്. കുടുംബശ്രീയുമായി കൈകോര്‍ത്താണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) ഇത് സാധ്യമാക്കിയിരിക്കുന്നത്. രാജ്യത്ത് ആദ്യമാണ് ഇത്തരമൊരു നീക്കം. 507 പേരെയാണ് നിയമിച്ചിരിക്കുന്നത്. കസ്റ്റമര്‍ റിലേഷന്‍സ്, ഹൗസ് കീപ്പിങ്, കാറ്ററിങ് തുടങ്ങിയവയിലെല്ലാം സ്ത്രീകളെ നിയമിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സുരക്ഷിതമായി യാത്ര സാധ്യമാക്കാന്‍ പ്രത്യേകം സുരക്ഷാ സംവിധാനങ്ങളും മെട്രോയിലുണ്ട്. വനിതാ സെക്യൂരിറ്റി ജീവനക്കാരും സുരക്ഷാ ക്യാമറകളുമെല്ലാം ഉള്‍പ്പെടെയാണിത്.
3. മെട്രോയില്‍ 23 ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കാണ് നിയമനം നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തിലെ മാത്രം നിയമനമാണിത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കുന്ന ആദ്യ സര്‍ക്കാര്‍ കമ്പനിയെന്ന പദവിയാണ് ഇതുവഴി കൊച്ചി മെട്രോയ്ക്ക് സ്വന്തമാകുന്നത്.
4. ട്രെയിന്‍ നിയന്ത്രണം പൂര്‍ണമായും സാങ്കേതിക വിദ്യയുടെ സഹായത്താലായിരിക്കും. ഡ്രൈവറില്ലാതെയും മെട്രോ ഓടിക്കാനാകും. തുടക്കത്തില്‍ കൊച്ചിയില്‍ ഡ്രൈവറുണ്ടാകും. ഭാവിയില്‍ ഇത് ഒഴിവാക്കാനാണ് നീക്കം.
5. മെട്രോയുടെ ടിക്കറ്റില്‍ ബസ്സിലും ബോട്ടിലുമെല്ലാം യാത്ര ചെയ്യാനുള്ള അവസരവും കൊച്ചി മെട്രോ ഒരുക്കുന്നുണ്ട്. മെട്രോ യാത്രയുടെ സ്മാര്‍ട്ട് കാര്‍ഡ് ഈ ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നത്. യാത്രയ്ക്കു പുറമേ ഷോപ്പിങ്ങിനും സിനിമ കാണുന്നതിനുമെല്ലാം ഈ കാര്‍ഡ് ഉപയോഗിക്കാനാകും.
6. മെട്രോയും ബസ്സും ബോട്ടുമെല്ലാം ഒരു കുടക്കീഴിലാകും. ഇതിനായി ഏകീകൃത മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി രൂപവത്കരിക്കുന്നുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്.
7. മെട്രോയുടെ പ്രയോജനം സമീപ പ്രദേശങ്ങള്‍ക്കു കൂടി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജല മെട്രോ ആസൂത്രണം ചെയ്യുന്നത്. നഗരത്തെയും ചുറ്റുമുള്ള പത്തു പഞ്ചായത്തുകളെയും അതിവേഗ ബോട്ടുകള്‍ വഴി ബന്ധിപ്പിക്കും. ബോട്ടുജെട്ടികളുടെ നിര്‍മാണം ഉള്‍പ്പെടെ തുടങ്ങി. മേല്‍നോട്ടത്തിനായി ജനറല്‍ കണ്‍സള്‍ട്ടന്റിനെ നിയമിച്ചിട്ടുണ്ട്.
8. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ക്കും കൊച്ചി മെട്രോ കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്. സൈക്കിള്‍ ട്രാക്ക്, നടപ്പാത എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.
9. മെട്രോയുടെ ഓരോ ആറാമത്തെ തൂണിലും പൂന്തോട്ടം. പരിസ്ഥിതി സൗഹൃദ നടപടികളുടെ ഭാഗമായി നഗരത്തിലെ മാലിന്യം ഉപയോഗപ്പെടുത്തിയുള്ള വെര്‍ട്ടിക്കല്‍ ഗാര്‍ഡനാണ് പദ്ധതി. ആലുവ മുതല്‍ പാലാരിവട്ടം വരെ 100 തൂണുകളില്‍ ആദ്യഘട്ടം പൂന്തോട്ടമൊരുക്കും.
10. പ്രത്യേക ആശയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സൗന്ദര്യവത്കരണമാണ് സ്റ്റേഷനുകളെ വ്യത്യസ്തമാക്കുന്നത്. പശ്ചിമഘട്ടവും കേരളത്തിന്റെയും കൊച്ചിയുടെയും സാംസ്‌കാരിക ചരിത്രവും തുടങ്ങി മഴ വരെ സ്റ്റേഷനുകളെ വ്യത്യസ്തമാക്കാന്‍ വിഷയമാക്കിയിട്ടുണ്ട്.
11. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചായിരുന്നു കൊച്ചി മെട്രോയുടെ കോച്ചുകളുടെ നിര്‍മാണം. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോമാണ് കോച്ചുകള്‍ നിര്‍മിച്ചത്. ആന്ധ്രപ്രദേശിലെ ശ്രീ സിറ്റിയിലുള്ള ഫാക്ടറിയിലാണ് നിര്‍മാണം. ഇന്ത്യയില്‍ നിര്‍മിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു ഇത്.
12. എങ്ങാനും മെട്രോയുടെ വാതിലിനിടയില്‍ പെട്ടാലോ…? സ്വയം അടയുകയും തുറക്കുകയും ചെയ്യുന്ന വാതിലുകളാണ് കൊച്ചി മെട്രോയ്ക്കുള്ളത്. അതുകൊണ്ടു തന്നെ വാതില്‍ അടയുന്നതിനിടെ യാത്രക്കാര്‍ അതിനിടയില്‍ പെട്ടുപോകുമോ എന്ന സംശയവും തൊട്ടുപിന്നാലെ വരും. സംശയം ന്യായം. ഉത്തരവും ലളിതം. അതാണ് ‘ഡോര്‍ ഒബ്സ്റ്റക്കിള്‍ ഡിറ്റക്ഷന്‍ സിസ്റ്റം.’ ഈ സംവിധാനമാണ് യാത്രക്കാര്‍ വാതിലിനുള്ളില്‍ കുടുങ്ങാതിരിക്കാന്‍ സഹായിക്കുക. വാതിലിനിടയില്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ വാതിലുകളില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സര്‍ പ്രവര്‍ത്തിച്ച് വാതില്‍ അടയുന്നതില്‍ നിന്നും തടയും. ശേഷം മൂന്നു തവണ വാതില്‍ കുറഞ്ഞ വേഗത്തില്‍ അടയാന്‍ ശ്രമിക്കും.
ഇതിനിടെ തടസ്സം മാറിയാന്‍ വാതില്‍ സ്വയം അടയും അല്ലെങ്കില്‍ പൂര്‍ണമായും തുറക്കും. ഇങ്ങനെ വാതില്‍ പൂര്‍ണമായും തുറന്നാല്‍ പിന്നെ ഈ വാതില്‍ സ്വയം അടയില്ല. വാതില്‍ അടയാതെ ട്രെയിന്‍ നീങ്ങിത്തുടങ്ങുകയുമില്ല. യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന വാതിലുകള്‍ ആയതിനാല്‍ മെട്രോ ട്രെയിനിന്റെ വാതിലുകള്‍ യാത്രക്കാര്‍ക്ക് അടയ്ക്കാനോ തുറക്കാനോ കഴിയില്ല. പിന്നെ ഈ വാതില്‍ അടയ്ക്കണമെങ്കില്‍ ട്രെയിന്‍ ഓപ്പറേറ്റര്‍ തന്നെ തുണ.
19 മില്ലി മീറ്റര്‍ വ്യാസമുള്ള ദണ്ഡും 15 മില്ലി മീറ്റര്‍ വണ്ണമുള്ള കവചവുമാണ് ഈ സംവിധാനത്തിനായി വാതിലില്‍ ഘടിപ്പിച്ചിട്ടുള്ളത്. വാതിലിനിടയില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സം വരികയാണെങ്കില്‍ ഈ രണ്ട് സംവിധാനങ്ങളും പ്രവര്‍ത്തിക്കും.തടസ്സത്തില്‍ തട്ടി തുറക്കുന്ന വാതില്‍ മൂന്നാമത് അടയാന്‍ ശ്രമിക്കുമ്പോഴും തടസ്സം അവിടെ തന്നെ തുടരുകയാണെങ്കില്‍ വാതില്‍ പൂര്‍ണമായും തുറക്കും. അതോടെ ട്രെയിന്‍ ഓപ്പറേറ്റര്‍ക്ക് ഇതു സംബന്ധിച്ച വിവരം ലഭിക്കും. പ്രത്യേക സാഹചര്യങ്ങളില്‍ വാതിലുകള്‍ കൈകള്‍ കൊണ്ട് അടയ്ക്കാനും തുറക്കാനുമുള്ള സംവിധാനം ട്രെയിന്‍ ഓപ്പറേറ്ററുടെ ക്യാബിനില്‍ ഉണ്ടായിരിക്കും. അതിനായുള്ള സംവിധാനം പ്രവര്‍ത്തിപ്പിച്ച ശേഷം ട്രെയിന്‍ ഓപ്പറേറ്റര്‍ നേരിട്ടെത്തി തടസ്സമെന്താണെന്ന് പരിശോധിച്ച് തടസ്സം മാറ്റിയ ശേഷം വാതില്‍ കൈകള്‍ കൊണ്ട് വലിച്ച് അടയ്ക്കും.
13. വാട്ടർ മെട്രോ : ശുദ്ധവായു ശ്വസിച്ച് തിരക്കു പിടിച്ച നഗരവീഥികളെ മറന്ന് യാത്ര ചെയ്യാന്‍ കൊച്ചിക്കാര്‍ക്ക് മെട്രോ ഒരുക്കുന്ന സൗകര്യമാണ് വാട്ടര്‍ മെട്രോ. കൊച്ചിയിലെ കായലുകളും തോടുകളും ഗതാഗത യോഗ്യമാക്കുകയാണ് വാട്ടര്‍ മെട്രോ പ്രോജക്ട്. 2019 ഓടെ പദ്ധതിയുടെ ആദ്യ ഘട്ടം തുടങ്ങാനാണ് പദ്ധതി.
14. കാഴ്ച്ചയില്ലാത്തവര്‍ക്കായി കൊച്ചിമെട്രോ ഒരുക്കുന്ന ‘ടാക്ടൈല്‍ പാത’: പരസഹായത്തോടെ യാത്ര ചെയ്യേണ്ടവരെ നമ്മളെത്രത്തോളം പരിഗണിക്കുന്നുണ്ട്? കൊച്ചി മെട്രോയില്‍ ഇവര്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ കണ്ടറിഞ്ഞാല്‍ ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടും. കേരളത്തിലെ പൊതു ഗതാഗത രംഗത്ത് സീറ്റ് പരിഗണനയുണ്ടെന്നതല്ലാതെ ഇവരുടെ അസൗകര്യങ്ങളെ നമ്മള്‍ എത്രത്തോളം ഗൗനിച്ചിട്ടുണ്ടെന്ന് നമ്മള്‍ ചോദിച്ചു പോകും.
പ്രത്യേകം പരിഗണന വേണ്ടവര്‍ക്ക് മറ്റുള്ളവരുടെ സഹായമില്ലാതെ മെട്രോ യാത്ര യാഥാര്‍ഥ്യമാകും. കാഴ്ചശക്തി ഇല്ലാത്തവര്‍ക്കും പ്രത്യേകം പരിഗണന നല്‍കാന്‍ കൊച്ചി മെട്രോ നിര്‍മ്മാണത്തില്‍ തന്നെ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ടിക്കറ്റ് എടുക്കുന്നത് മുതല്‍ ട്രെയിനില്‍ കയറുന്നതുവരെയുള്ള കാര്യങ്ങള്‍ മറ്റാരുടെയും സഹായമില്ലാതെ ചെയ്യാനാകും. വേണ്ടിവന്നാല്‍ വളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കും.
ടാക്ടൈല്‍എന്ന പ്രത്യേകിനം ടൈലാണ് കാഴ്ചശക്തിയില്ലാത്തവരെ സഹായിക്കാനായി മെട്രോ സ്റ്റേഷനുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡിസൈനിലെ വ്യത്യാസം കാലുകള്‍ കൊണ്ട് പരതിയോ വാക്കിങ് സ്റ്റിക്ക് കൊണ്ട് പരതിയോ മനസിലാക്കി കൃത്യമായി എത്തേണ്ടിടത്തെത്താന്‍ കാഴ്ചശക്തി ഇല്ലാത്ത ഒരു യാത്രക്കാരനെ ടാക്ടൈല്‍ സഹായിക്കുന്നു.
സ്റ്റേഷന്റെ കവാടത്തില്‍ തുടങ്ങി ഏതൊക്കെ ഘട്ടങ്ങളിലൂടെയാണോ ഒരു യാത്രികന്‍ കടന്നു പോകേണ്ടത് ആ വഴികളിലെല്ലാം ടാക്ടൈല്‍ പാകിയിട്ടുണ്ട്. ടാക്ടൈല്‍ പാതയിലൂടെ നടന്ന് ടിക്കറ്റ് എടുക്കുന്ന സ്ഥലം മുതല്‍ ട്രെയിനില്‍ അവര്‍ക്കായി ഒരുക്കിയിട്ടുള്ള പ്രയോരിറ്റി സീറ്റുകള്‍ ഉള്ള ബോഗിയുടെ മുന്നില്‍ വരെ ഇവര്‍ക്ക് എത്താനാകും. രണ്ട് തരം ഡിസൈനുകള്‍ ഉള്ള ടൈലുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
സാധാരണ ടൈലുകളെ പോലെ മിനുസമുള്ള ഉപരിതലമല്ല ടാക്ടൈലുകള്‍ക്ക്. കാഴ്ചശക്തിയില്ലാത്തവര്‍ക്ക് കാലുകള്‍ കൊണ്ട് തടവി നോക്കുകയോ വഴി ഉപയോഗിച്ച് പരതി നോക്കുകയോ ചെയ്യുമ്പോള്‍ മനസിലാക്കത്തക്കവണ്ണം പ്രത്യേകം ഡിസൈനുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന തരത്തിലുള്ളവയാണ് ടാക്ടൈല്‍സ്. ടാക്ടൈലിന്റെ ഓരോ ഡിസൈനുകള്‍ക്കും പ്രത്യേകം അര്‍ത്ഥമുണ്ട്. തടഞ്ഞു നോക്കുമ്പോള്‍
വട്ടത്തിലുള്ള വലിയ കുത്തുകള്‍ ഉള്ള ടാക്ടൈല്‍ ‘നില്‍ക്കുക’ അല്ലെങ്കില്‍ ‘ശ്രദ്ധിക്കുക’ എന്ന അര്‍ത്ഥമാണ് നല്‍കുന്നത്. സ്റ്റേഷന്റെ കവാടത്തിലെ പടികള്‍ കയറി വരുമ്പോള്‍ തന്നെ ഇത്തരത്തില്‍ വട്ടക്കുത്തുകള്‍ ഉള്ള ടാക്ടൈല്‍സ് നിരത്തി പിടിപ്പിച്ചിട്ടുണ്ട്. അതിനര്‍ത്ഥം അവിടെ നിന്നും ടാക്ടൈലിന്റെ സേവനം ലഭ്യമാണ് എന്നുള്ളതാണ്.
നീളത്തില്‍ തടിച്ച വരകള്‍ പൊങ്ങി നില്‍ക്കുന്ന ടൈലാണ് മറ്റൊന്ന്. നടക്കാനുള്ള പാതയാണ് ഇത് സൂചിപ്പിക്കുന്നത്. സ്റ്റേഷന്റെ കവാടത്തിലെ വട്ടക്കുത്തുകള്‍ ഉള്ള ടാക്ടൈലില്‍ നിന്നും അതിനോട് ചേര്‍ന്ന് ഒട്ടിച്ചിട്ടുള്ള തടിച്ച വരകള്‍ ഉള്ള ടൈലിലേക്ക് കടക്കാം. ഈ ടൈലുകള്‍ ടിക്കറ്റ് കൗണ്ടറുകളിലേക്കും സുരക്ഷാ പരിശോധനാ കേന്ദ്രങ്ങളിലേക്കും സ്റ്റേഷന്റെ ഉള്ളിലേക്ക് കടക്കുന്നതിനുള്ള ഗേറ്റിലേക്കും അവിടെ നിന്നും പ്ലാറ്റ് ഫോമിലേക്ക് എത്താനുള്ള പടികളിലേക്കും എത്തിക്കുന്നു.
പ്ലാറ്റ്ഫോമുകളിലേക്ക് എത്താന്‍ ലിഫ്റ്റ് സൗകര്യവും സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്. ഈ ലിഫ്റ്റുകളിലേക്ക് എത്താനും ടാക്ടൈല്‍ പാതകള്‍ ഉണ്ട്. ഇതു കൂടാതെ, സ്റ്റേഷനുള്ളില്‍ ഇവര്‍ക്കായി ഒരുക്കിയിട്ടുള്ള പ്രത്യേകം ശൗചാലയങ്ങളിലേക്കു പോകാനുള്ള പാതയിലും ടാക്ടൈല്‍സ് പാകിയിട്ടുണ്ട്. ലിഫ്റ്റില്‍ എത്തുന്നവര്‍ അവിടെ നിന്നും ഇറങ്ങി ടാക്ടൈല്‍ പാതയിലൂടെ മുന്നോട്ട് നടന്നാല്‍ എത്തുന്നത് പ്രത്യേകം പരിഗണന വേണ്ടവര്‍ക്കുള്ള ബോഗിയുടെ വാതിലിനു മുന്നിലായിരിക്കും.
മെട്രോ കോച്ചുകളിലെ ഈ വാതിലിന് നേരെ എതിര്‍വശത്ത് വരത്തക്ക രീതിയിലാണ് ലിഫ്റ്റ് സ്ഥാപിച്ചിട്ടുള്ളത്. ഇതു കണക്കാക്കിയായിരിക്കും മെട്രോ ട്രെയിന്‍ അതാത് പ്ലാറ്റ്ഫോമുകളില്‍ നിര്‍ത്തുക. പടികളിലൂടെ നടന്നാലും ഈ വാതിലിന് മുന്നില്‍ തന്നെയാണ് ടാക്ടൈല്‍സ് ഇത്തരക്കാരെ എത്തിക്കുക. ഈ പാതകള്‍ വന്നു നില്‍ക്കുന്നത് യാത്രക്കാര്‍ക്ക് പ്ലാറ്റ്ഫോമില്‍ ട്രെയിനില്‍ നിന്നും നിശ്ചിത അകലം പാലിച്ച് സുരക്ഷിതമായി നില്‍ക്കാനായി വരച്ചിട്ടുള്ള മഞ്ഞവരകള്‍ക്ക് പിന്നിലായുള്ള വട്ടക്കുത്തുകളുള്ള ടാക്ടൈല്‍ നിരത്തി ഒട്ടിച്ചിടത്തായിരിക്കും. നില്‍ക്കുക എന്ന അര്‍ത്ഥമാണ് നിരത്തി ഒട്ടിച്ച ടാക്ടൈല്‍സ് നല്‍കുന്ന സന്ദേശം.
വട്ടത്തില്‍ കുത്തുകളുള്ള ടാക്ടൈല്‍സ് നാലെണ്ണം ഒരുമിച്ച് പാകിയിരുന്നാല്‍ അതിനര്‍ത്ഥം അതൊരു ജംഗ്ഷനാണ് എന്നാണ്. അവിടെ നിന്നും നേരെ പോകാനും തിരിഞ്ഞു പോകാനും വഴികള്‍ ഉണ്ടാവും എന്നര്‍ത്ഥം. ലിഫ്റ്റിലേക്ക് പോകേണ്ടിടത്തും ശൗചാലയത്തിലേക്ക് പോകേണ്ടിടത്തും ടിക്കറ്റ് കൗണ്ടറില്‍ നിന്നും സുരക്ഷാ പരിശോധയ്ക്കായി പോകേണ്ടിടത്തുമെല്ലാം ഇത്തരത്തില്‍ ജംഗ്ഷനുകള്‍ ഉണ്ട്.
15. മെട്രോ സൈക്കിൾ : നഗരത്തില്‍ ഇനി മെട്രോ സൈക്കിളിലും യാത്ര ചെയ്യാം. കൊച്ചിയില്‍ നാലിടങ്ങളില്‍ സൈക്കിള്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് പരിസ്ഥിതിദിനത്തില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) തുടക്കം കുറിച്ചു. മേനകയില്‍ കെ.ടി.ഡി.സി. ക്ക് സമീപം, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ പാലത്തിന് താഴെ, കലൂരില്‍ കടവന്ത്ര റോഡില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് എതിര്‍വശം, സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വിവേകാനന്ദ റോഡില്‍ സ്റ്റേഷനിലേക്കുള്ള പ്രവേശനകവാടത്തിന് സമീപം എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സൗജന്യമായാണ് സൈക്കിള്‍ നല്‍കുന്നത്. അഥീസ് സൈക്കിള്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പദ്ധതി. സൈക്കിള്‍ യാത്ര ആഗ്രഹിക്കുന്നവര്‍ സൈക്കിള്‍ ക്ലബ്ബുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്താല്‍ മതി.
കടപ്പാട് – വിക്കിപീഡിയ, വിവിധ ഓൺലൈൻ മാധ്യമങ്ങൾ.