തായ്ലൻഡിൽ തുടങ്ങിയ നമ്മുടെ ഇന്റർനാഷണൽ യാത്ര ഒടുവിൽ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ എത്തി നിൽക്കുകയാണ്. മൊറോക്കോയെക്കുറിച്ച് പറയുകയാണെങ്കിൽ അറ്റ്ലാന്റിക് സമുദ്രം ഒരു തീരത്തുള്ള ഈ രാജ്യം ജിബ്രാൾട്ടർ കടലിടുക്കിനും അപ്പുറം മെഡിറ്ററേനിയൻ കടൽ വരെ നീണ്ടു കിടക്കുന്നതാണ്. കിഴക്ക് അൾജീരിയയും, വടക്കു വശത്ത് സ്പെയിനും തെക്കു വശത്ത് മൗറീഷ്യാനയും പ്രധാന അതിരുകളാണ്.
അറബിക്ക്, ബെർബർ എന്നീ ഭാഷകളുടെ വിവിധ രൂപങ്ങളാണ് മൊറോക്കോയിലെ പ്രധാന സംസാര ഭാഷ. ഫ്രഞ്ച് ഭാഷയും വ്യാപകമായി സംസാരിക്കപ്പെടുന്നു. മൊറോക്കൻ സംസ്കാരം ബെർബർ, അറബ്, സെഫാർഡി ജൂതന്മാർ, പശ്ചിമാഫ്രിക്കൻ, യൂറോപ്യൻ സ്വാധീനങ്ങളുടെ സമന്വയമാണ്. അറബ് ലീഗ്, യൂണിയൻ ഫോർ മെഡിറ്ററേനിയൻ, ആഫ്രിക്കൻ യൂണിയൻ എന്നിവയിലെ അംഗമാണ് മൊറോക്കോ.
മൊറോക്കോയിലേക്ക് പോകുന്നതിനു മുൻപായി അവിടേക്കുള്ള വിസ എടുക്കേണ്ടതായുണ്ട്. എറണാകുളത്തെ വിസ എക്സ്പെർട്ട് എന്ന സ്ഥാപനം വഴിയാണ് ഞങ്ങൾ മൊറോക്കോയിലേക്കുള്ള വിസ എടുത്തത്. 5500 രൂപയായി വിസയ്ക്ക്. പിന്നീട് കൊറോണ പ്രശ്നങ്ങൾ വന്നെങ്കിലും മുൻപേ തന്നെ പണം മുടക്കി എല്ലാം ബുക്ക് ചെയ്തിരുന്നതിനാലും, കൂടുതലായി അന്വേഷിച്ചപ്പോൾ അവിടേക്കുള്ള യാത്രയ്ക്ക് കുഴപ്പമില്ലെന്നു മനസ്സിലാക്കിയതിനാലും ഞങ്ങൾ പോകാൻ തീരുമാനിക്കുകയായിരുന്നു.
അങ്ങനെ ഞങ്ങളുടെ യാത്രാദിവസം വന്നെത്തി. ഞാനും ബൈജു ചേട്ടനും കൂടിയാണ് യാത്രപോകുന്നത്. എയർപോർട്ടിൽ പൊതുവെ തിരക്ക് കുറവായിരുന്നു. എല്ലാ ജീവനക്കാരും മാസ്ക്ക് ധരിച്ചുകൊണ്ടാണ് ജോലി ചെയ്യുന്നത്. ഞങ്ങൾ കൊച്ചിയിൽ നിന്നും ഗൾഫ് എയർ വിമാനത്തിൽ കയറി ബഹ്റൈനിലേക്കും പിന്നീട് അവിടുന്ന് ഗൾഫ് എയറിന്റെ തന്നെ മറ്റൊരു വിമാനത്തിൽക്കയറി മൊറോക്കോയിലേക്കും പോകും.
ഗൾഫ് എയർ വിമാനത്തിൽ ഞങ്ങൾ ബിസിനസ്സ് ക്ളാസ് ആയിരുന്നു ബുക്ക് ചെയ്തിരുന്നത്. അതിനാൽ ചെക്ക് ഇൻ ചെയ്തപ്പോൾ ഞങ്ങൾക്ക് അവിടുന്ന് ലോഞ്ച് ആക്സസ് പാസ്സ് ലഭിച്ചു. ലോഞ്ചിൽ ചെന്ന് ചായ കുടിച്ചും ഭക്ഷണം കഴിച്ചുമൊക്കെ ഞങ്ങൾ സമയം തള്ളിനീക്കി. ബോർഡിംഗ് തുടങ്ങിയെന്ന അറിയിപ്പ് കേട്ടപ്പോൾ ഞങ്ങൾ ലോഞ്ചിൽ നിന്നും ഗേറ്റിലേക്ക് നടന്നു. ഗൾഫ് എയറിലെ ബിസിനസ്സ് ക്ലാസിലെ സീറ്റുകൾക്ക് നല്ല ലെഗ് സ്പേസ് ഉണ്ടായിരുന്നു.
ബോർഡിംഗ് എല്ലാം കഴിഞ്ഞപ്പോൾ ഞങ്ങളുടെ വിമാനം ടേക്ക് ഓഫ് ചെയ്തു ബഹ്റൈൻ ലക്ഷ്യമാക്കി പറക്കുവാൻ തുടങ്ങി. വെളുപ്പിന് സമയമായതിനാൽ ഞങ്ങൾ നല്ല സുഖമായി കിടന്നുറങ്ങുകയാണ് ചെയ്തത്. അങ്ങനെ പോയിപ്പോയി നേരം വെളുത്തപ്പോൾ ഞങ്ങൾ ബഹ്റൈനിൽ ലാൻഡ് ചെയ്തു. വിമാനത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനു മുൻപായി ഞങ്ങൾ സുരക്ഷയെ കരുതി N95 മാസ്ക്ക് ധരിച്ചു.
ബഹ്റൈനിൽ ഞങ്ങൾക്ക് ട്രാൻസിസ്റ്റ് ആയിരുന്നതിനാൽ അതിന്റെ നടപടിക്രമങ്ങൾക്കായി ട്രാൻസിസ്റ്റ് കൗണ്ടറിൽ ചെന്നു. അതും കഴിഞ്ഞാണ് ഇമിഗ്രെഷൻ കൗണ്ടറിലേക്ക് ചെന്നത്. എൻ്റെയും ബൈജു ചേട്ടന്റെയും പാസ്സ്പോർട്ടുകൾ പരിശോധിച്ച ഇമിഗ്രെഷൻ ഓഫീസർ ഒന്ന് ഞെട്ടിയെന്നു തോന്നുന്നു. കാരണം രണ്ടു ചൈന വിസിറ്റും, തായ്ലൻഡ്, സിംഗപ്പൂർ എൻട്രിയുമൊക്കെ കണ്ടതുകൊണ്ടായിരിക്കണം. എങ്കിലും എല്ലാം കുറച്ചു നാളുകൾക്ക് മുൻപായിരുന്നതിനാൽ പുള്ളി ഞങ്ങൾക്ക് ബഹ്റൈനിലേക്ക് എൻട്രി അടിച്ചു തന്നു.
നമ്മൾ ബുക്ക് ചെയ്ത മൊറോക്കോയിലേക്കുള്ള വിമാനത്തിന്റെ സമയം വരെ ബഹ്റൈനിൽ നമുക്ക് താമസിക്കാം. അതിനുള്ള സൗകര്യങ്ങളെല്ലാം എയർലൈൻ ഞങ്ങൾക്ക് തയ്യാറാക്കിയിരുന്നു. അങ്ങനെ ഞങ്ങൾ ടെർമിനലിന് പുറത്തെത്തി. അവിടെ ഞങ്ങളെ ഹോട്ടലിലേക്ക് പിക്ക് ചെയ്യുന്നതിനായി ഒരു വണ്ടിയും ഡ്രൈവറും എത്തിയിരുന്നു. ഡ്രൈവർ ചേട്ടൻ ഒരു മലയാളിയായിരുന്നു. അൽസാഫിർ എന്ന ഹോട്ടലിൽ ആയിരുന്നു ഞങ്ങളുടെ താമസം റെഡിയാക്കിയിരുന്നത്.
ഹോട്ടലിൽ ചെന്ന് ഒന്നു ഫ്രഷ് ആയതിനു ശേഷം ഞാൻ ശ്വേതയുടെ വീട്ടിലേക്കും ബൈജു ചേട്ടൻ ഒരു കസിൻ ബ്രദറിൻ്റെ അടുത്തേക്കും യാത്രയായി. ശ്വേതയുടെ വീട്ടിൽ ചെന്ന് അമ്മ തയ്യാറാക്കിയ മസാലദോശയും കഴിച്ചു കുറച്ചു സമയം വിശ്രമിച്ചതിനു ശേഷം ഞാൻ ബൈജു ചേട്ടന്റെ കസിൻ്റെ വീട്ടിലേക്ക് യാത്രയായി. ബാക്കി വിശേഷങ്ങൾ ഇനി അടുത്ത ഭാഗത്തിൽ…