500 രൂപയ്ക്ക് ജീവിതത്തിലെ ആദ്യത്തെ വിമാനയാത്ര; കൊച്ചി – ബെംഗളൂരു എയർ ഏഷ്യ…

വിവരണം – പ്രശാന്ത് പറവൂർ.

കുട്ടിക്കാലം മുതലേ ബസ്സിലും ബോട്ടിലും ട്രെയിനിലുമൊക്കെ യാത്ര ചെയ്ത് കൊതി തീർന്നതാണ്. അപ്പോഴും ഒരു വിമാനയാത്ര എന്ന സ്വപ്നം മനസ്സിൽ അങ്ങനെത്തന്നെ കിടക്കുകയായിരുന്നു. ഏതൊരു സാധാരണക്കാരനെപ്പോലെയും വിമാനത്തിൽ കയറി യാത്ര ചെയ്തിട്ടു ചത്താൽ മതിയെന്ന ആഗ്രഹത്തിൽ നടക്കുന്നതിനിടെയാണ് വാട്സ് ആപ്പിൽ ആ ഒരു മെസ്സേജ് വരുന്നത്.

2015 ജൂലൈ മാസത്തിലെ ഒരു രാത്രി. ഞാൻ വൊഡാഫോണിൽ ജോലി ചെയ്യുന്ന സമയം. അന്ന് രാത്രി ഞങ്ങൾക്ക് നൈറ്റ് ഡ്യൂട്ടി ആയിരുന്നു. എന്തോ ഒരു പ്രോജക്ടിന്റെ ടെസ്റ്റ്. അങ്ങനെ ഉറക്കത്തിനോട് സലാം പറഞ്ഞു ഇരിക്കുമ്പോഴാണ് നേരത്തെ പറഞ്ഞ മെസ്സേജ് വാട്സ്ആപ്പിൽ വരുന്നത്. എയർ ഏഷ്യയുടെ ടിക്കറ്റ് 500 രൂപയ്ക്ക് എന്നായിരുന്നു ആ മെസ്സേജ്. പതിവ് ഉടായിപ്പ് മെസ്സേജ് ആണെന്ന ധാരണയിൽ അത് വകവെച്ചില്ല.

കുറച്ചു കഴിഞ്ഞു വീണ്ടും അതേ മെസ്സേജ്. ഇത്തവണ ഒരു ന്യൂസ് ലിങ്ക് കൂടെയുണ്ടായിരുന്നു. വേഗം ആ ലിങ്ക് ഓപ്പൺ ചെയ്തു നോക്കി. സംഭവം ശരിയാണ്. കൊച്ചിയിൽ നിന്നും വിമാന സർവ്വീസുകൾ തുടങ്ങുന്നതിന്റെ ഓഫറോ മറ്റോ ആണ്. കൊച്ചി – ബെംഗളൂരു റൂട്ടിൽ പറക്കാൻ 500 രൂപ മാത്രം. കയ്യിൽ ആണെങ്കിൽ പത്തു പൈസ ഇല്ലാത്ത സമയം. ഒട്ടും മടിക്കാതെ ആ പാതിരാത്രി തന്നെ കൂടെ ജോലി ചെയ്യുന്ന, സിനിമാ മോഹവും ഉള്ളിൽക്കൊണ്ടു നടക്കുന്ന സുഹൃത്ത് അഫ്‌സലിനെ വിളിച്ചു.

രണ്ടു മൂന്നു പ്രാവശ്യത്തെ വിളിയ്ക്കു ശേഷം തെറിവിളിയോടെ അഫ്‌സൽ ഫോൺ അറ്റന്റ് ചെയ്തു. ഞാൻ സംഭവം അവതരിപ്പിച്ചു. അതോടെ മച്ചാന്റെയും ഉറക്കം പോയി. അങ്ങനെ ആ പാതിരാത്രി എയർ ഏഷ്യ വെബ്‌സൈറ്റിൽ കയറി, അഫ്സലിൻ്റെ ബാങ്ക് അക്കൗണ്ട് വഴി ഞാൻ രണ്ടു ടിക്കറ്റുകൾ ബുക്ക് ചെയ്തു. ഓഗസ്റ്റ് മൂന്നാം തീയതിയായിരുന്നു 500 രൂപയുടെ സീറ്റ് ഒഴിവുണ്ടായിരുന്നത്. കേട്ടപാതി കേൾക്കാത്ത പാതി ആളുകളെല്ലാം സീറ്റുകൾ ബുക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ ഞങ്ങളുടെ ടിക്കറ്റുകൾ ഉറപ്പായി. 500 രൂപ ടിക്കറ്റ് ചാർജ്ജ് മാത്രമാണ്. ബുക്കിംഗ് ഫീ എന്നോ മറ്റോ പറഞ്ഞു ഒരാൾക്ക് ഏതാണ്ട് 200 – 300 രൂപയോളം വേറെയും അവർ ഈടാക്കിയിരുന്നു.

പിന്നെ യാത്രയ്ക്കുള്ള കാത്തിരിപ്പായി. ഓരോ ദിവസങ്ങൾക്കും ഓരോ വർഷത്തിന്റെ ദൈർഘ്യമായിരുന്നു അന്ന് ഞങ്ങൾക്ക് അനുഭവപ്പെട്ടിരുന്നത്. അതിനിടയിൽ ഞങ്ങൾ വിമാനയാത്ര നടത്തി പരിചയമുള്ളവരോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. കാരണം ആദ്യമായാണ് രണ്ടുപേരും വിമാനത്തിൽ കയറുന്നത്. എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്നൊന്നും ഞങ്ങൾക്ക് അറിവില്ലായിരുന്നു. ഭാഗ്യത്തിന് ഓഫീസിലെ ഞങ്ങളുടെ മാനേജർമാർ എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു.

അങ്ങനെ കാത്തിരിപ്പിനൊടുവിൽ ആ സുദിനം വന്നെത്തി. രാവിലെ 10.20 നായിരുന്നു ഞങ്ങളുടെ ഫ്‌ളൈറ്റ്. ഞാൻ രാവിലെ 7 മണിക്കു തന്നെ വീട്ടിൽ നിന്നും ഇറങ്ങി, കളമശ്ശേരിയിലെ ഓഫീസിൽ കൊണ്ടുപോയി ടൂവീലർ പാർക്ക് ചെയ്തു. അതിനു ശേഷം ഒരു എയർപോർട്ട് വോൾവോ ലോഫ്‌ളോർ ബസ്സിൽക്കയറി നെടുമ്പാശ്ശേരിയിലേക്ക് യാത്രയായി. അപ്പോഴാണ് അടുത്ത പണി, ഞാൻ കയറിയ ലോഫ്‌ളോർ ബസ് ആലുവ സ്റ്റാൻഡിൽ കയറില്ല. ആലുവ ബൈപ്പാസിലേ നിർത്തുകയുള്ളൂ. എനിക്കും അഫ്സലിനും അതറിയില്ലായിരുന്നു. ലോഫ്‌ളോർ കയറില്ലെന്ന കാര്യം ഞാൻ തിരക്കിനിടയിൽ മറന്നതാണ്. പണിപാളി.

ഞാൻ ഉടനെ അവനെ വിളിച്ചു കാര്യം പറഞ്ഞു. ഭാഗ്യത്തിന് അവനെ സ്റ്റാൻഡിൽ ഡ്രോപ്പ് ഡചെയ്യുവാൻ വന്ന സുഹൃത്ത് അവന്റെ കൂടെയുണ്ടായിരുന്നു. അങ്ങനെ അവർ ബൈക്കിൽ പറപ്പിച്ച് ഞങ്ങളുടെ ബസ് ആലുവ ബൈപ്പാസിൽ എത്തിയപ്പോൾ അതെ സമയത്തു തന്നെ അവിടെ എത്തിച്ചേർന്നു. അങ്ങനെ ഒരു ടെൻഷൻ ഒഴിവായിക്കിട്ടി. ആദ്യമായി പോകുന്നതിനെയാണ്. അടുത്ത ബസ്സിനു വരാവുന്ന കാര്യമേയുള്ളൂ. പക്ഷെ അന്ന് അതൊന്നും ഓർത്തില്ല.

ഒടുവിൽ ഞങ്ങൾ നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ചേർന്നു. എയർപോർട്ട് ടെര്മിനലിനു മുന്നിൽ നിന്ന് ഫോട്ടോകൾ ഒക്കെ എടുത്തതിനു ശേഷം പുറത്തുള്ള കാന്റീനിൽ നിന്നും ചായയും കുടിച്ചു ഞങ്ങൾ ടെര്മിനലിനകത്തേക്ക് കയറി. പിന്നെ ഞങ്ങളുടെ ചെക്ക് ഇൻ ആകുന്നതു വരെ എയർപോർട്ടിലെ വെയിറ്റിങ് ലോഞ്ചിൽ കട്ട പോസ്റ്റ്. ഒടുവിൽ ഞങ്ങളുടെ ഫ്ളൈറ്റിന്റെ ചെക്ക് ഇൻ ആരംഭിച്ചു. സീറ്റ് ഒക്കെ ഞങ്ങൾ നേരത്തെ ബുക്ക് ചെയ്തിരുന്നു. ക്യൂവിൽ നിന്നുകൊണ്ട് ചെക്ക് ഇൻ പൂർത്തിയാക്കി ബോർഡിംഗ് പാസ്സ് നേടി. അടുത്ത ഘട്ടമായ ചെക്കിംഗൊക്കെ കഴിഞ്ഞു ഞങ്ങൾ വിമാനത്തിലേക്കുള്ള ഗേറ്റിനരികിൽ സമയമാകുന്നതു വരെ കാത്തിരുന്നു.

സമയമായപ്പോൾ ഞങ്ങളുടെ വിമാനത്തിലെ യാത്രക്കാരെ ഒരു ഗേറ്റിനരികിലേക്ക് എയർ ഏഷ്യയുടെ സ്റ്റാഫ് വിളിച്ചു. സിനിമ തിയേറ്ററിലേക്ക് കയറുന്നപോലെ ക്യൂ നിന്ന്, അവസാനം ടിക്കറ്റൊക്കെ കീറി ബാക്കിയും കൊണ്ട് ടെർമിനലിൽ നിന്നും ഒരു ലോഫ്‌ളോർ ബസ്സിൽ വിമാനത്തിനരികിലേക്ക്. ഞങ്ങളുടെ തൊട്ടപ്പുറത്തായി ഒരു എയർ ഇന്ത്യ വിമാനം കിടക്കുന്നുണ്ടായിരുന്നു. വല്ല ഡൽഹിക്കോ മറ്റോ ആകും. അങ്ങനെ ബസ് ഞങ്ങളുടെ വിമാനത്തിനരികിലെത്തി. അതാ കിടക്കുന്നു എയർ ഏഷ്യയുടെ എയർബസ് 320 മോഡൽ വിമാനം. ആഹാ നല്ല ചുവന്ന പട്ടിൽ പൊതിഞ്ഞ പോലത്തെ ഒരു കിടിലൻ വിമാനം. മഴക്കാർ മൂടി നിൽക്കുന്ന സമയമായിരുന്നതിനാൽ ഒരു പ്രത്യേക ഭംഗിയായിരുന്നു അന്തരീക്ഷത്തിന്.

ഞങ്ങൾ ബോർഡിംഗ് പാസ്സ് കാണിച്ചുകൊണ്ട് വിമാനത്തിലേക്ക് കയറി. ‘മൂക്കില്ലാരാജ്യത്ത്’ എന്ന സിനിമയിൽ തിലകനും കൂട്ടരും അമ്പരപ്പോടെ കയറി വരുന്നതു പോലെയായിരുന്നു ഞങ്ങൾ വിമാനത്തിനുള്ളിലേക്ക് കയറിയത്. “ആഹാ നല്ല തണുപ്പുണ്ടല്ലോ, എസിയൊക്കെ ഉണ്ടല്ലേ..” അഫ്സലിന്റെ വക കമന്റ്. രണ്ടുപേർക്കും വിൻഡോ സീറ്റ് വേണമെന്നതിനാൽ ഞങ്ങൾ മുന്നിലും പിറകിലുമായുള്ള സീറ്റുകളായിരുന്നു ബുക്ക് ചെയ്തിരുന്നത്.

എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ഒരു സുന്ദരിയായ എയർഹോസ്റ്റസ് വന്നു അഫ്സലിനോട് അവിടെ നിന്നും മാറി അപ്പുറത്തേ നിരയിലെ എമർജൻസി എക്സിറ്റിനോടു ചേർന്ന സീറ്റിൽ ഇരിക്കാമോ എന്നു ചോദിച്ചു. അവിടെ സീറ്റ് ലഭിച്ചിരുന്നത് പ്രായം ചെന്ന ഒരു യാത്രക്കാരനായിരുന്നു. അങ്ങനെ അഫ്സൽ അവിടേക്ക് മാറി. എന്തായാലും വിൻഡോ സീറ്റ് ആണല്ലോ. പിന്നെ ഒരു സുന്ദരിയായ എയർഹോസ്റ്റസ് വന്നു റിക്വസ്റ്റ് ചെയ്യുമ്പോൾ എങ്ങനെ തള്ളിക്കളയും? ഞങ്ങൾ അന്ന് ആദ്യമായായിരുന്നു എയര്ഹോസ്റ്റസുമാരെ നേരിട്ട് കാണുന്നത്. ആ അമ്പരപ്പും കൂടി ഉണ്ടായിരുന്നു മനസ്സിൽ.

എല്ലാവരും കയറിക്കഴിഞ്ഞു സമയമായപ്പോൾ പൈലറ്റ് എന്തൊക്കെയോ പറയുന്നു. ഒന്നും ക്ലിയർ ആകുന്നില്ല. അതാ വിമാനം പതിയെ പിന്നിലേക്ക് നീങ്ങിത്തുടങ്ങി. അപ്പോൾ എയർഹോസ്റ്റസുമാർ വന്നു ‘സേഫ്റ്റി ഡെമോ’ ഒക്കെ നടത്തുവാൻ തുടങ്ങി. ഇതെന്തു കൂത്ത് എന്ന ഭാവത്തിൽ ഞങ്ങളും. അന്ന് ഞങ്ങൾ യുട്യൂബിൽപ്പോലും കണ്ടിട്ടില്ലാത്ത ഒരു കാര്യം നേരിട്ടു കണ്ടപ്പോഴുള്ള ആകാംക്ഷ. ഡെമോയൊക്കെ കഴിഞ്ഞപ്പോഴേക്കും വിമാനം റൺവേയിൽ എത്തിയിരുന്നു. പിന്നെയും പൈലറ്റ് എന്തോ പറഞ്ഞു. “ടേക്ക് ഓഫ്” എന്നു മാത്രം ക്ലിയർ ആയി കേട്ടു. ആഹാ എന്നൊക്കെ ആസ്വദിച്ച് ഇരിക്കുന്നതിനിടെയാണ് വീഗാലാന്റിലെ റൈഡിലെപ്പോലെ വിമാനം ഒറ്റയെടുപ്പായിരുന്നു… (വീഡിയോ ദൃശ്യങ്ങൾ കാണാം).

ദൈവമേ ഇതെന്തൊരു സ്പീഡ്…എന്നോർത്ത് നെഞ്ചു പിടഞ്ഞു നിൽക്കുന്ന സമയം, വിമാനം ഓടിയോടി പതിയെ നിലത്തുനിന്നും പൊങ്ങി. അയ്യോ.. സകല ഭാരവും കൂടി നെഞ്ചിൽ നിന്നും കാലു വഴി താഴേക്ക് ഒലിച്ചു പോകുന്ന പോലെ… നല്ല ബുദ്ധിമുട്ട് ഫീൽ ചെയ്തിരുന്നുവെങ്കിലും കയ്യിലുണ്ടായിരുന്ന മോട്ടോയുടെ ഫോണിൽ ഇതെല്ലാം വിൻഡോയിലൂടെ പകർത്തുന്നുണ്ടായിരുന്നു. വിമാനം കുത്തനെ പൊങ്ങിക്കഴിഞ്ഞു കുറച്ചു സമയത്തിനകം നേരെയായി. പിന്നെ വലത്തേക്ക് ചരിഞ്ഞു പറക്കുവാൻ തുടങ്ങി. താഴെ അങ്കമാലി ഹൈവേയിലെ കാഴ്ചകൾ ചെറുതായി കണ്ടു. പിന്നീട് കാഴ്ചകളെല്ലാം മേഘങ്ങൾ മൂടി.

എൻ്റെ സീറ്റിനരികിൽ ഒരു യുവതിയായിരുന്നു ഇരുന്നിരുന്നത്. നമ്മളിങ്ങനെ ത്രില്ലടിച്ചിരിക്കുമ്പോൾ അവർക്ക് ഏതാണ്ട് കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുന്ന ഫീൽ. പല തവണ പോയി പരിചയം കാണണം, അതുകൊണ്ടായിരിക്കും അവർ യാതൊരു വികാരവും മുഖത്ത് കാണിക്കാതെ ഏതോ ഒരു ഇംഗ്ലീഷ് നോവലും വായിച്ചിരുന്നത്. അങ്ങനെ മേഘക്കാഴ്ചകൾ കണ്ടും ആസ്വദിച്ചുമെല്ലാം ഞാൻ സമയം കളഞ്ഞു. ഏതാണ്ട് ഒരു മണിക്കൂറിനുള്ളിൽ ഞങ്ങൾ ബെംഗളൂരുവിനു മുകളിൽ എത്തിച്ചേർന്നു.

താഴെ വരണ്ട, ചുവന്ന നിറത്തിലുള്ള ഭൂപ്രകൃതി കണ്ടുതുടങ്ങി. ആഹാ കർണാടകയുടെ ആകാശക്കാഴ്ച സൂപ്പർ തന്നെ. നിമിഷങ്ങൾക്കകം ബെംഗളൂരുവിൽ ഇറങ്ങാൻ പോകുന്നു എന്നുള്ള പൈലറ്റിന്റെ അറിയിപ്പ് കിട്ടി. പതിയെ വിമാനം താഴേക്ക് കുതിക്കുന്നത് അകത്തിരിക്കുന്ന ഞങ്ങൾക്ക് മനസ്സിലായി. ഇറങ്ങുന്നതിനിടയ്ക്ക് ടർബുലൻസ് (കുലുക്കം) വന്നപ്പോൾ ഞങ്ങൾ ഒന്നു പേടിച്ചു. എങ്കിലും ധൈര്യം സംഭരിച്ചുകൊണ്ടിരുന്നു. കുറച്ചു നേരത്തിനകം വിമാനം താഴ്ന്നു താഴ്ന്ന് എയർപോർട്ടിലെ റൺവേയിൽ നിലംതൊട്ടു. ബസ്സിൽ പോകുമ്പോൾ ഒരു ഹമ്പ് ചാടിയ പ്രതീതിയായിരുന്നു ഞങ്ങൾക്ക് അനുഭവപ്പെട്ടത്.

ലാൻഡ് ചെയ്തപാടെ അത്രയും സമയം അടങ്ങിയൊതുങ്ങി വിമാനത്തിലിരുന്നിരുന്ന യാത്രക്കാർ വേഗം ചാടിയെഴുന്നേറ്റ് ലഗേജുകളുമെടുത്തുകൊണ്ട് ഇറങ്ങാൻ തയ്യാറായി. ഇനി ആദ്യം ഇറങ്ങുന്നവർക്ക് വല്ല സമ്മാനവും ഉണ്ടോ എന്ന് ഞങ്ങൾ സംശയിച്ചു. തിരക്കൊഴിഞ്ഞപ്പോൾ ഞങ്ങളും ബാഗ് എടുത്തുകൊണ്ട് ഇറങ്ങുവാനായി ഡോറിനരികിലേക്ക് നീങ്ങി. വിമാനത്തിൽ നിന്നിറങ്ങുന്ന സമയത്ത് എയർഹോസ്റ്റസുമാർക്ക് കൈകൊടുക്കാൻ ഞങ്ങൾ മടിയൊന്നും കാണിച്ചില്ല. അവരും ചിരിച്ചുകൊണ്ട് ഞങ്ങൾക്ക് ഷേക്ക് ഹാൻഡ് തന്നു. അങ്ങനെ ഞങ്ങളുടെ ആദ്യത്തെ വിമാനയാത്ര വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു.

വിമാനത്തിലിറങ്ങിയ ശേഷം ഒരു ബസ്സിൽക്കയറി ഞങ്ങൾ ടെർമിനലിലേക്ക് നീങ്ങി. പിന്നീട് ടെർമിനലിൽ നിന്നും പുറത്തേക്കും നടന്നിറങ്ങി. അവിടെ നിന്നും ബെംഗളൂരു നഗരത്തിലേക്ക് BMTC യുടെ വായുവജ്ര എന്ന പച്ചബസ്സിൽ ഞങ്ങൾ യാത്രയായി. ബസ് ചാർജ്ജ് അത്യാവശ്യം കത്തിയായിരുന്നെങ്കിലും വേറെ വഴിയുണ്ടായിരുന്നില്ല ഞങ്ങൾക്ക്. ബെംഗളൂരു നഗരത്തിൽ ചെന്ന്, മെട്രോയിലും കയറി, പിന്നീട് മജെസ്റ്റിക് സ്റ്റാൻഡിലേക്ക് ഞങ്ങൾ പോയി. അവിടെ കുറച്ചു നേരം കറങ്ങിയടിക്കുകയും ഒരു ഹോട്ടലിൽ നിന്നും ഊണ് കഴിക്കുകയും ചെയ്തു. നല്ല മധുരമുള്ള സാമ്പാർ പോലത്തെ കറിയും കൂട്ടി ‘ഇതെന്തു സാധനം’ എന്നോർത്ത് ഞങ്ങൾ ഒരു കണക്കിനു കഴിച്ചു. ഊണിനു ശേഷം ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് പോയി. അവിടെ നിന്നുള്ള മൈസൂർ പാസഞ്ചർ ട്രെയിനിൽ കയറി നേരെ മൈസൂരിലേക്ക്…