കൊച്ചിയിൽ നിന്നും ശ്രീലങ്കൻ എയർലൈൻസിൽ കയറി കൊളംബോയിലേക്ക്…

60 ദിവസത്തെ ഇന്ത്യ – നേപ്പാൾ – ഭൂട്ടാൻ ട്രിപ്പ് വിജയകരമായി പൂർത്തിയാക്കിക്കൊണ്ട് ഞങ്ങൾ നാട്ടിൽ തിരിച്ചെത്തി കുറച്ചു ദിവസങ്ങൾ വിശ്രമിക്കുകയുണ്ടായി. അതിനുശേഷം അതാ വരുന്നു അടുത്ത ട്രിപ്പ്. ശ്രീലങ്ക… ഞാനും ശ്വേതയും കൂടിയാണ് ഈ ട്രിപ്പിനു പോകുന്നത്. നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയിലേക്ക് ‘ശ്രീലങ്കൻ എയര്ലൈൻസ് വിമാനത്തിലായിരുന്നു ഞങ്ങളുടെ യാത്ര. ഇതിനു മുൻപ് ബഹ്‌റൈനിലേക്കുള്ള യാത്രയ്ക്കിടയിൽ ഞങ്ങൾ ശ്രീലങ്കൻ എയർലൈൻസിൽ കൊളംബോ വഴി പോയിരുന്നു. കൊച്ചിയിൽ നിന്നും ഏകദേശം ഒരു മണിക്കൂറോളം നേരത്തെ യാത്രയുണ്ട് കൊളംബോയിലേക്ക്.

അങ്ങനെ യാത്രയുടെ ദിവസം ഞങ്ങൾ പത്തനംതിട്ടയിൽ നിന്നും ഉച്ചയോടെ കൊച്ചി എയർപോർട്ടിൽ എത്തിച്ചേർന്നു. ഞങ്ങളുടെ കാർ എയർപോർട്ടിലെ പാർക്കിംഗ് ഏരിയയിൽ ഇടാനായിരുന്നു ഞങ്ങൾ തീരുമാനിച്ചിരുന്നത്. ഒരു ദിവസത്തെ പാർക്കിംഗ് ഫീസ് 250 രൂപ ആണെങ്കിലും സുരക്ഷിതമായി കിടക്കുമല്ലോ എന്നോർത്താണ് ഞങ്ങൾ അവിടെത്തന്നെ കാർ പാർക്ക് ചെയ്യുവാൻ തീരുമാനിച്ചത്.

വൈകുന്നേരം മൂന്നു മണിയ്‌ക്ക്‌ ശേഷമായിരുന്നു ഞങ്ങളുടെ ഫ്‌ളൈറ്റ്. കാർ പാർക്ക് ചെയ്തശേഷം ഞങ്ങൾ ടെർമിനൽ 3 യിലേക്ക് നടന്നു. അവിടെ ഡിപ്പാർച്ചറിനു സമീപത്ത് എത്തിയപ്പോൾ യൂണിഫോമൊക്കെ ഇട്ട ഒരാൾ വന്നു ഞങ്ങളുടെ ബാഗ് Wrap ചെയ്യണം എന്നു പറഞ്ഞു. പലതവണയായി വിമാനയാത്രകൾ നടത്തിയ പരിചയം വെച്ചുകൊണ്ട് ഞാൻ എന്തിനാണ് Wrap ചെയ്യുന്നതെന്ന് ചോദിച്ചു. അപ്പോൾ അയാൾ ഞങ്ങൾ എവിടേക്കാണ് പോകുന്നതെന്നും, കണക്ഷൻ ഫ്‌ളൈറ്റ് ആണോയെന്നുമൊക്കെ ചോദിക്കുവാൻ തുടങ്ങി. ഞങ്ങളുടെ കൈവശമുണ്ടായിരുന്ന 2 ട്രോളി ബാഗുകൾ Wrap ചെയ്യേണ്ട കാര്യമില്ല എന്നു ഞങ്ങൾ തറപ്പിച്ചു പറഞ്ഞപ്പോൾ അയാൾ പതിയെ പിൻവാങ്ങി.

ഇതിൽ നിന്നും ഞങ്ങൾക്ക് മനസ്സിലായ കാര്യം എന്തെന്നാൽ ഇവർ യാത്രക്കാരെ Wrap ചെയ്യിക്കുവാനായി ക്യാൻവാസ് ചെയ്യുകയാണ് എന്നതാണ്. 300 രൂപയാണ് ഒരു ബാഗ് Wrap ചെയ്യുന്നതിനുള്ള ചാർജ്ജ്. അത് എത്ര ചെറിയ ബാഗ് ആയാലും 300 രൂപ തന്നെ കൊടുക്കണം. ആദ്യമായി യാത്ര പോകുന്നവരും ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളുമൊക്കെ ഇവരുടെ ക്യാൻവാസിംഗിൽ വീണു പോകാറുണ്ട്. ശരിക്കും നമുക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം ബാഗുകൾ Wrap ചെയ്‌താൽ മതി. അത് നിർബന്ധിച്ചു ചെയ്യിക്കുവാൻ അവർക്ക് അവകാശമില്ല എന്നോർക്കുക.

അങ്ങനെ ഞങ്ങൾ ചെക്ക് ഇൻ, എമിഗ്രെഷൻ ഒക്കെ കഴിഞ്ഞു ഞങ്ങൾ എയർപോർട്ടിൽ നിന്നും ഇന്ത്യൻ രൂപ, ശ്രീലങ്കൻ രൂപയാക്കി മാറ്റിവാങ്ങി. പതിനായിരം ഇന്ത്യൻ രൂപ കൊടുത്തപ്പോൾ ഏതാണ്ട് ഇരുപത്തിരണ്ടായിരം ശ്രീലങ്കൻ രൂപയായിരുന്നു ഞങ്ങൾക്ക് ലഭിച്ചത്. അങ്ങനെ ഞങ്ങൾ ചെക്കിംഗ് ഒക്കെ കഴിഞ്ഞു ഗേറ്റിലേക്ക് നടക്കുന്നതിനിടെ സിനിമാതാരം സണ്ണി വെയിനിനെ കണ്ടു. നിർഭാഗ്യവശാൽ ഞങ്ങൾക്ക് അടുത്ത് ചെല്ലാനോ പരിചയപ്പെടാനോ ഒന്നും സാധിച്ചില്ല. ആ പോട്ടെ, പിന്നീടാകാം. സുജിത്ത് ഉണ്ണികൃഷ്ണൻ എന്ന വയനാട്ടുകാരൻ സണ്ണി വെയിനിനെ നമുക്ക് എപ്പോൾ വേണമെങ്കിലും കാണാമല്ലോ.

ഞങ്ങൾ ഗേറ്റിൽ എത്തിയപ്പോൾ ഫൈനൽ ബോർഡിംഗ് ആയിരുന്നു. പെട്ടെന്ന് ബോർഡിംഗ് നടപടികളെല്ലാം കഴിഞ്ഞു ഞങ്ങൾ വിമാനത്തിലേക്ക് കയറി. വിമാനത്തിലേക്ക് കയറുമ്പോൾ സുന്ദരികളായ ശ്രീലങ്കൻ എയർലൈൻസ് എയർഹോസ്റ്റസുമാർ നമസ്ക്കാരവുമായി യാത്രക്കാരെ സ്വീകരിക്കും. മറ്റു വിമാനങ്ങളിലേതിൽ നിന്നും വ്യത്യസ്തമായി അധികം ഗ്ലാമറസ് അല്ലാതെ സാരി ആയിരുന്നു ശ്രീലങ്കൻ എയർലൈൻസ് എയര്ഹോസ്റ്റസുമാരുടെ യൂണിഫോം.

ഞങ്ങൾ കയറി കുറച്ചു സമയത്തിനു ശേഷം വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനായി റൺവേയിലേക്ക് ടാക്‌സീയിങ് ചെയ്തു തുടങ്ങി. വിമാനത്തിൽ ധാരാളം മലയാളികൾ യാത്രക്കാരായിട്ടുണ്ട്. മറ്റൊരു രസം എന്തെന്നാൽ ഇവരിൽ ഭൂരിഭാഗം ആളുകളും ശ്രീലങ്കയിൽ ഇറങ്ങുവാൻ പോകുന്നതല്ല, മിക്കയാളുകളും ഖത്തർ, ബഹ്‌റൈൻ, ദുബായ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കണക്ഷൻ ആയി പോകുന്നവരാണ്. ഇവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാനങ്ങൾക്ക് ചാർജ്ജ് കൂടുതലാകുമ്പോളാണ് താരതമ്യേന ചാർജ്ജ് കുറഞ്ഞ ശ്രീലങ്കൻ എയർലൈൻസ് തിരഞ്ഞെടുക്കുന്നത്.

വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് പുറത്ത് നല്ല മഴയായിരുന്നു. ഞങ്ങളുടെ സീറ്റ് ഏറ്റവും മുന്നിൽ ആയിരുന്നതിനാൽ സാധാരണ വിമാനയാത്രകളിൽ അനുഭവപ്പെടാറുള്ള കുലുക്കങ്ങൾ കുറവായിരുന്നു. ടേക്ക് ഓഫ് സമയത്ത് നല്ല മഴയായിരുന്നുവെങ്കിലും പറന്നു മുകളിലെത്തി, മേഘങ്ങൾക്കിടയിൽ കയറിയപ്പോൾ അന്തരീക്ഷം തെളിഞ്ഞു. ടിക്കറ്റ് ചാർജ്ജിനൊപ്പം ഫുഡ് കൂടി ഉൾപ്പെട്ടിരുന്നതിനാൽ ഞങ്ങൾക്ക് യാത്രയ്ക്കിടയിൽ ഭക്ഷണം ലഭിച്ചു. കുറഞ്ഞ സമയത്തെ യാത്രയായിരുന്നതിനാൽ സ്‌നാക്‌സ് ആയിരുന്നു ഞങ്ങൾക്ക് ലഭിച്ചത്. ബിസ്സിനസ്സ് ക്ലാസ്സിലെ യാത്രക്കാർക്ക് ഇതിലും മികച്ച വിഭവങ്ങൾ ലഭിക്കും.

അങ്ങനെ ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം താഴെ പച്ചപ്പ് കണ്ടുതുടങ്ങി. നമ്മുടെ നാടിനെപ്പോലെ തന്നെയാണ് ശ്രീലങ്കയുടെ ആകാശദൃശ്യങ്ങളും. അധികം ബുദ്ധിമുട്ടില്ലാതെ ഞങ്ങൾ കൊളംബോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. വിമാനത്തിൽ നിന്നും ഇറങ്ങി ടെർമിനലിൽ എത്തിയപ്പോൾ ഞങ്ങളുടെ ബാഗേജുകൾ വേഗത്തിൽത്തന്നെ അവിടെ എത്തിയിരുന്നു.

ഞങ്ങളുടെ ഈ ടൂർ അറേഞ്ച് ചെയ്തിരുന്നത് ശ്രീലങ്കൻ എയർലൈൻസ് ആയിരുന്നു. അവരുടെ പ്രതിനിധികൾ പുറത്തു ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവർ ഞങ്ങളെ പൂമാലയൊക്കെ ഇട്ടു സ്വീകരിക്കുകയുണ്ടായി. എയർപോർട്ട് കോമ്പൗണ്ടിൽ ചെറിയൊരു ബസ് സ്റ്റാൻഡ് ഉണ്ടായിരുന്നു. നഗരത്തിലേക്ക് ബസ്സിൽ പോകേണ്ടവർക്ക് അങ്ങനെയും പോകാം. ഞങ്ങൾ ഞങ്ങൾക്കായി തയ്യാറാക്കിയ കാറിൽക്കയറി കൊളംബോ നഗരത്തിലേക്ക് യാത്രയായി.

പോകുന്ന വഴിയിൽ മനോഹരമായ പച്ച നിറത്തിലുള്ള ഓട്ടോറിക്ഷകൾ ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. റോഡുകളെല്ലാം മികച്ചവ തന്നെയായിരുന്നു. ഒരു എക്സ്പ്രസ്സ് വേയിലൂടെയായിരുന്നു ഞങ്ങൾ പൊയ്‌ക്കൊണ്ടിരുന്നത്. അങ്ങനെ കുറച്ചു സമയത്തെ യാത്രയ്ക്കു ശേഷം ഞങ്ങൾ കൊളംബോ നഗരത്തിലെത്തിച്ചേർന്നു. പോകുന്ന വഴിയിൽ ഞങ്ങൾ ചിലയിടത്തൊക്കെ വണ്ടി നിർത്തി കാഴ്ചകൾ കണ്ടിരുന്നു. സമയം രാത്രിയായിത്തുടങ്ങി. ഞങ്ങളുടെ ഡിന്നർ അവിടത്തെ താജ് ഹോട്ടലിൽ ആയിരുന്നു അവർ സെറ്റ് ചെയ്തിരുന്നത്. രാത്രി ഏഴരയോടെ ഡിന്നർ ആരംഭിച്ചു. വമ്പനൊരു ബുഫെ ഡിന്നർ ആയിരുന്നു.

ഡിന്നർ കഴിക്കുന്നതിനിടയിൽ റെസ്റ്റോറന്റിലെ പാട്ടുകാർ ഒന്നിച്ചുചേർന്നു ലൈവായി പാട്ടുകൾ പാടാൻ തുടങ്ങി. പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടായിരുന്നതിനാൽ ഞങ്ങൾ വ്യത്യസ്തമായി തോന്നിയവ എടുത്തു കഴിച്ചു. നല്ല ഭക്ഷണം തന്നെയായിരുന്നു. ഡിന്നർ കഴിഞ്ഞു ഞങ്ങൾ താജിൽ നിന്നും ഇറങ്ങി ഞങ്ങൾക്ക് താമസിക്കേണ്ടിയിരുന്ന ഓസോ പ്ലാസ എന്ന ബീച്ച് വ്യൂ ഹോട്ടലിലേക്ക് പോയി. ജനക എന്നു പേരുള്ള ഒരു ശ്രീലങ്കക്കാരനായിരുന്നു ഞങ്ങളുടെ ഡ്രൈവർ. ജനക ആളൊരു രസികനായിരുന്നു, നല്ലൊരു ജെന്റിൽമാനും. അടുത്ത ദിവസം രാവിലെ എട്ടു മണിയ്ക്ക് ജനക ഞങ്ങളെ പിക്ക് ചെയ്യുവാൻ വരുമെന്നു പറഞ്ഞുകൊണ്ട് പോയി.

ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടൽ അടിപൊളി തന്നെയായിരുന്നു. നല്ല വലിയ റൂം തന്നെയായിരുന്നു ഞങ്ങൾക്കായി ഒരുക്കിയിരുന്നത്. ബീച്ച് വ്യൂ റൂം ആയിരുന്നു അത്. രാത്രിയായതിനാൽ കടൽത്തീരത്തെ കാഴ്ചകളൊന്നും വ്യക്തമായി കാണുവാൻ സാധിച്ചിരുന്നില്ല. ആ കാഴ്ചകളൊക്കെ അടുത്ത ദിവസം നേരം പുലരുമ്പോൾ കാണാം. ഇനി ഞങ്ങൾക്ക് അൽപ്പം വിശ്രമിക്കണം. അപ്പോൾ എല്ലാവർക്കും ഒരു കിടിലൻ ശ്രീലങ്കൻ ഗുഡ്നൈറ്റ്…