അങ്ങനെ ആ ദിനം വന്നെത്തി, ദുബായിലേക്ക് ഒരു യാത്ര. ഇതിനു മുൻപ് ഒരുതവണ ഇബാദ് ഇക്കയുമായി ദുബായിൽ പോയിരുന്നുവെങ്കിലും ശ്വേതയുമായി പോകുന്നത് ഇതാദ്യമാണ്. ഞങ്ങളുടെയൊപ്പം എമിലും ചേർന്നതോടെ സംഭവം ഉഷാറായി. എമിലിന്റെ ഭാര്യ അഞ്ജുവിന്റെ പാസ്സ്‌പോർട്ട് കാനഡ വിസ സ്റ്റാമ്പ് ചെയ്യുവാനായി അയച്ചിരുന്നതിനാൽ ഞങ്ങളോടൊപ്പം ഈ ദുബായ് ട്രിപ്പിൽ വരാൻ സാധിച്ചിരുന്നില്ല.
ദുബായിൽ ചുമ്മാ ഒരു ട്രിപ്പ് പോകുന്നതല്ല കേട്ടോ. അവിടെ DIP ലുള്ള റോയൽ ഗ്രിൽ റെസ്റ്റോറന്റിൽ വെച്ച് നമ്മുടെ ചങ്ക് സബ്സ്ക്രൈബേഴ്സിനെ കാണാനുള്ള മീറ്റപ്പാണ് പ്രധാന ഉദ്ദേശം. കുറച്ചു നാളുകളായി ദുബായ് സുഹൃത്തുക്കൾ അവിടെയൊരു മീറ്റപ്പ് വേണമെന്നു ആവശ്യപ്പെടുന്നു. അങ്ങനെയാണ് ഈ ട്രിപ്പ് പ്ലാൻ ചെയ്യുന്നത്.
രാവിലെ തന്നെ ഞാനും ശ്വേതയും കൂടി കാക്കനാട്ടുള്ള എമിലിന്റെ ഫ്‌ളാറ്റിൽ എത്തിച്ചേർന്നു. ഞങ്ങളുടെ കാർ അവിടെ പാർക്ക് ചെയ്തിട്ട് ഒരു യൂബർ ടാക്സി വിളിച്ചുകൊണ്ട് എയർപോർട്ടിലേക്ക് യാത്രയായി. പാവം അഞ്ജുവിനു ഞങ്ങളോടൊപ്പം വരാൻ സാധിക്കാതിരുന്നതിനാൽ നല്ല വിഷമമുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ അധികം വൈകാതെ തന്നെ നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ചേർന്നു.
കഴിഞ്ഞ തവണ ഞങ്ങൾ ശ്രീലങ്കയിൽ പോയപ്പോൾ കൊച്ചി എയർപോർട്ടിൽ ബാഗുകൾ Wrap ചെയ്യുവാൻ യാത്രക്കാരെ കാൻവാസ് ചെയ്യുന്നത് സംബന്ധിച്ചു ഒരു വീഡിയോ ചെയ്തിരുന്നു. അതുകൊണ്ടാണോ എന്തോ ഇത്തവണ അവിടെ ‘ബാഗേജ് Wrap ചെയ്യുന്നത് നിർബന്ധമല്ല’ എന്ന ബോർഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അത് ഏതായാലും നന്നായി. എയർപോർട്ടിൽ വെച്ച് കുറച്ചു ഫോളോവേഴ്‌സിനെ പരിചയപ്പെടാൻ സാധിച്ചിരുന്നു.
അങ്ങനെ ഞങ്ങൾ ചെക്ക് ഇൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബോർഡിംഗ് പാസ്സ് നേടി. എയർ ഇന്ത്യ വിമാനത്തിൽ ആയിരുന്നു ഞങ്ങളുടെ യാത്ര. എയർ ഇന്ത്യ ഇത്തവണ ‘ഓൺ ടൈം’ ആയിരുന്നു. ഇനിയാണ് അടുത്ത കടമ്പ, ഇമിഗ്രെഷൻ… കയ്യിലുള്ള ബാഗിലെ എല്ലാ സാധനങ്ങളും ഞാൻ പുറത്തേക്കെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കി. ബാഗിൽ പ്രത്യേകിച്ച് ഒന്നുമില്ലാതിരുന്നിട്ടും ശ്വേതയുടെ ബാഗ് അവർ വീണ്ടും വീണ്ടും പരിശോധിച്ചു. കൊച്ചി എയർപോർട്ടിലെ സുരക്ഷാ പരിശോധന നല്ലരീതിയിൽത്തന്നെയാണ് നടക്കുന്നത്.
ഇമിഗ്രെഷൻ പൂർത്തിയാക്കിയതിനു ശേഷം ഞങ്ങൾ പോയത് നേരെ ഫുഡ് കോർട്ടിലേക്ക് ആയിരുന്നു. ലഗ്ഗേജ് കൂടുതലുണ്ടായിരുന്നതിനാൽ അതുമായി പുറത്തുള്ള റെസ്റ്റോറന്റിൽ കയറുവാൻ ബുദ്ധിമുട്ടായിരുന്നു. അതിനാലാണ് ഞങ്ങൾക്ക് എയർപോർട്ടിൽ നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിക്കേണ്ടി വന്നത്. എയർ ഇന്ത്യ വിമാനത്തിൽ ഭക്ഷണം ലഭ്യമാണെങ്കിലും വിമാനം ടേക്ക്ഓഫ് ചെയ്യുവാൻ ഇനിയും രണ്ടു മണിക്കൂർ ഉണ്ടായിരുന്നു. അത്രയും നേരം വിശപ്പിനെ പിടിച്ചു നിർത്താൻ ഞങ്ങൾക്ക് സാധിച്ചില്ല. ഒടുവിൽ ഞങ്ങൾ 290 രൂപയുടെ മസാലദോശയും, 140 രൂപയുടെ കപ്പുച്ചീനോയും വാങ്ങിക്കഴിച്ചു. വില കൂടുതൽ കൊടുത്തു വാങ്ങിയതിനാൽ അതിനോടൊപ്പം ലഭിച്ച സാമ്പാറും ചമ്മന്തിയുമൊക്കെ നന്നായി വടിച്ചു തിന്നു.
ബ്രേക്ക് ഫാസ്റ്റിനു ശേഷം ഞങ്ങൾ അവിടവിടെയൊക്കെയായി ചുറ്റിത്തിരിഞ്ഞു നടന്നു. ഒടുവിൽ സമയമായപ്പോൾ നേരെ ഗേറ്റ് വഴി വിമാനത്തിലേക്ക്. എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനമായിരുന്നു ഞങ്ങൾക്ക് യാത്ര ചെയ്യുവാനായി തയ്യാറായിക്കിടന്നിരുന്നത്. അങ്ങനെ സമയമായപ്പോൾ വിമാനം ഞങ്ങളെയും കൊണ്ട് ദുബായ് ലക്ഷ്യമാക്കി പറന്നുയർന്നു.
വിമാനത്തിൽ യാത്രക്കാർക്ക് സമയം കളയുവാനായി ഇൻഫോ-ടെയ്‌ന്മെന്റ് സിസ്റ്റം ഒക്കെയുണ്ടായിരുന്നു. ഞങ്ങൾ അതിൽ മലയാളം സിനിമയും മറ്റു പാട്ട് വീഡിയോകളുമൊക്ക കണ്ടുകൊണ്ടിരുന്നു. അതിനിടയിൽ ഭക്ഷണവുമായി എയർഹോസ്റ്റസ് എത്തിച്ചേർന്നു. ഭക്ഷണശേഷവും ഞാൻ സിനിമകാണലിലേക്ക് തിരിഞ്ഞു. ‘ആനക്കള്ളൻ’ എന്നൊരു സിനിമയായിരുന്നു ഞാൻ കണ്ടത്.
സിനിമയൊക്കെ കഴിഞ്ഞു പുറത്തേക്ക് നോക്കിയപ്പോൾ അതാ താഴെ മരുഭൂമി.. അതെ, ഞങ്ങൾ എത്തിക്കഴിഞ്ഞു. ഇനി അധികം വൈകാതെ ദുബായ് എയർപോർട്ടിൽ ലാൻഡ് ചെയ്യും എന്നുള്ള പൈലറ്റിന്റെ അറിയിപ്പും വന്നു. അങ്ങനെ പോകപ്പോകെ താഴെ മരുഭൂമിക്ക് പകരം നഗരക്കാഴ്‌ചകൾ കാണുവാൻ തുടങ്ങി. ഒടുവിൽ എയർപോർട്ടിൽ ഞങ്ങൾ ലാൻഡ് ചെയ്തു.
ടെർമിനൽ 1 ലേക്ക് പോകുവാനായി ഞങ്ങൾ മെട്രോയിൽ കയറി യാത്രയായി. ടെർമിനൽ 1 ൽ ഞങ്ങളെ സ്വീകരിക്കുവാനായി റോയൽ ഗ്രിൽ റെസ്റ്റോറന്റിന്റെ ആളുകൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അങ്ങനെ അവരോടൊപ്പം ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. നല്ല ചൂട് ആയിരുന്നു പുറത്തിറങ്ങിയപ്പോൾ ഞങ്ങളെ വരവേറ്റത്. അങ്ങനെ ലഗേജുകളൊക്കെ കാറിൽക്കയറ്റി ഞങ്ങൾ ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിലേക്ക് ആയിരുന്നു. നമ്മുടെ സ്മാർട്ട്സിറ്റി, ഇൻഫോപാർക്ക് പോലുള്ള ഒരു ഏരിയയായിരുന്നു അത്. അവിടെയാണ് നമ്മുടെ മീറ്റ് വെച്ചിരിക്കുന്ന റോയൽ ഗ്രിൽ റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്.
നേരെ റെസ്റ്റോറന്റിലേക്ക് ആയിരുന്നു ഞങ്ങൾ പോയത്. റെസ്റ്റോറന്റിൽ ഞങ്ങളുടെ ഫോട്ടോകളൊക്കെ വെച്ചുള്ള മീറ്റപ്പ് പോസ്റ്ററുകളൊക്കെ ഉണ്ടായിരുന്നു. അടിപൊളി… ഞങ്ങൾ അധികം വൈകാതെ ലഞ്ച് കഴിക്കുവാനായി നീങ്ങി. ലഞ്ചിന് ശേഷം ഞങ്ങൾ ഇബിൻ ബത്തൂത്ത മാളിന് സമീപത്തുള്ള പ്രീമിയർ ഇൻ എന്ന ഹോട്ടലിലേക്ക് നീങ്ങി. അവിടെയാണ് ഞങ്ങളുടെ താമസം റെഡിയാക്കിയിരുന്നത്. ചെക്ക് ഇൻ നടപടികൾക്ക് ശേഷം ഞങ്ങൾ റൂമിലേക്ക് യാത്രയായി.
ഒൻപതാമത്തെ നിലയിൽ ആയിരുന്നു ഞങ്ങൾക്ക് റൂം ലഭിച്ചത്. നല്ല അടിപൊളി റൂം ആയിരുന്നു. വിൻഡോയിലൂടെ നോക്കിയാൽ നല്ല വ്യൂ ഒക്കെ ലഭിക്കുന്നുണ്ടായിരുന്നു. റൂമിൽ ചെന്നു ഞങ്ങൾ കുറച്ചു സമയം വിശ്രമിച്ചതിനു ശേഷം രാത്രിയോടെ ഞങ്ങൾ ഹോട്ടലിനു സമീപത്തുള്ള മാളിലേക്ക് ചുമ്മാ ഒന്ന് കറങ്ങുവാനായി ഇറങ്ങി. ഇതിനിടയിൽ ചെറിയൊരു ഷോപ്പിംഗും ഞങ്ങൾ നടത്തി. അങ്ങനെ കുറേനേരം ഷോപ്പിംഗ് മാളിൽ ചുറ്റിതിരിഞ്ഞതിനു ശേഷം ഞങ്ങൾ തിരികെ റൂമിലേക്ക് നടന്നു. ബാക്കി ദുബായ് വിശേഷങ്ങൾ ഇനി പിന്നെ പറയാം. Royal Grill Restaurant: 048829020, 0568002524.