കൊച്ചിയിൽ നിന്നും ഹൊഗ്ഗനക്കലിലേക്ക് ഒരു റോയൽ എൻഫീൽഡ് അപാരത…

വിവരണം -സുനീർ ഇബ്രാഹിം.

കുന്നും മലയും കയറിയുള്ളൊരു യാത്ര.. ഏതാണ്ട് രണ്ടാഴ്ചയോളം ആയി അങ്ങനൊരു ട്രിപ്പിന് വേണ്ടി പ്ലാൻ ചെയ്‍തിട്ട്. വരാമെന്ന് പറഞ്ഞ് ഏറ്റ പലരും പല കാരണങ്ങളാൽ പിന്മാറി. അവസാനം ഒറ്റക്ക് പോകാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് സോളോ റൈഡ് പോയ ഒരു ചെറുപ്പക്കാരന്റെ തിരോധനത്തെ കുറിച്ചുള്ള വാട്സാപ്പ് സന്ദേശം കാണുന്നത്. വീണ്ടും ഒരു ആലോചന… ഏതായാലും വച്ച കാൽ പിന്നോട്ടില്ല. അവസാന ശ്രമം എന്ന പോലെ ചങ്ക് ബ്രോ നിസാബിനെ വിളിച്ചു കാര്യം പറഞ്ഞു. വൈദ്യൻ കല്പിച്ചതും പാല് രോഗി ഇച്ഛിച്ചതും പാല് എന്ന് പറഞ്ഞ പോലായി. അവൻ റെഡി !!! അങ്ങനെ രണ്ടു ബുള്ളെറ്റുകൾ നീണ്ട ഒരു യാത്രക്ക് തയ്യാർ.

തലേന്ന് പ്ലാൻ ചെയ്‌ത പോലെ ആലുവയിൽ നിന്ന് കോയമ്പത്തൂർ വഴി റൂട്ട് സെറ്റ് ചെയ്തു. അങ്കമാലിയിൽ എത്തിയപ്പോഴേക്കും ഹൈവേ യാത്ര വല്ലാതെ മടുപ്പിച്ചു. പ്ലാൻ മാറ്റിപ്പിടിക്കാൻ തന്നെ തീരുമാനിച്ചു. ചാലക്കുടിയിൽ നിന്നും അതിരപ്പിള്ളിയിലേക്ക് ഒരു ഡീവിയേഷൻ. വാൽപ്പാറ വഴി പ്രകൃതി ഭംഗി ആസ്വദിച്ചു മുൻപോട്ടു പോകാൻ തീരുമാനമായി. കഷ്ടകാലമെന്ന് പറയട്ടെ വാഴച്ചാൽ ചെക്‌പോസ്റ്റു എത്തിയപ്പോഴാണ് അറിയാൻ കഴിഞ്ഞത് 3 മാസമായി അതു വഴി ബൈക്കിൽ ആരെയും കടത്തി വിടുന്നില്ല എന്ന്. പലതും പറഞ്ഞു നോക്കിയെങ്കിലും ഒന്നും നടന്നില്ല. വല്ലാത്ത നിരാശ തോന്നിയെങ്കിലും പഴയ വഴി തന്നെ തിരഞ്ഞെടുത്തു. രണ്ടു മൂന്നു മണിക്കൂർ വെറുതെ നഷ്ടമായി. അങ്ങനെ കോയമ്പത്തൂർ വഴി കാഴ്ചകൾ കണ്ട്‌ ഭവാനിയും മേട്ടൂരും പെണ്ണാഗരവും കടന്ന് നേരെ ഹൊഗെനക്കൽ എന്ന ഇന്ത്യയുടെ നയാഗ്രയിലേക്ക്‌…

തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിൽ കാവേരി നദീതടത്തിൽ ദക്ഷിണേന്ത്യയിലെ ഒരു വെള്ളച്ചാട്ടമാണ് ഹൊഗനക്കൽ. ഇന്ത്യയിലെ “നയാഗ്ര വെള്ളച്ചാട്ടം” എന്ന് വിശേഷിപ്പിക്കപ്പെടുന്നു. കൊട്ടവഞ്ചി യാത്ര ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് .ഈ പ്രദേശത്തുള്ള കാർബണൈറ്റ് പാറകൾ തെക്കേ ഏഷ്യയിലെ ഏറ്റവും പഴക്കമുള്ളതും ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതുമായ പാറകളിൽ ഒന്നാണ്.

രാത്രി 9.30 മണിയോടെയാണ് ഹൊഗണക്കലിൽ എത്തിയത്‌. ആരോ പറഞ്ഞു ഏൽപിച്ച പോലെ കുറെ ഹോട്ടൽ ഏജന്റുമാർ ഞങ്ങൾക്കായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. Ac റൂം 500 രൂഫായിക്കു തരാം എന്ന് എല്ലാരും ഒരേ സമയം പറഞ്ഞു കൊണ്ടിരുന്നു. ഓഫ് സീസൺ ആണ്. കൺഫ്യൂഷൻ! അവസാനം കണ്ണുമടച്ച് ഒരാൾക്ക് കൈ കൊടുത്തു.  വഞ്ചനയുടെ വഴികൾ അവിടുന്ന് തുടങ്ങി. റൂം ഒരു ആവറേജ് സെറ്റ്അപ് . 500 പറഞ്ഞ റൂം Ac ഇടണമെങ്കിൽ 800 കൊടുക്കണം എന്നായി ഹോട്ടൽ മാനേജർ. ഒരുപാടു ക്ഷീണം ഉള്ളതു കൊണ്ടും, തർക്കിക്കാൻ ഇഷ്ടമല്ലാത്തത് കൊണ്ടും , ഒരു മണിക്കൂർ AC on ആക്കിയാൽ മതി എന്നു പറഞ്ഞു അതു ഡീൽ ആക്കി. കൃത്യമായി 1 hr കഴിഞ്ഞു അവര് AC ഓഫ് ആക്കുകയും ചെയ്തു. മൊത്തം 1000 RS കൊടുത്തു , 500 അഡ്വാൻസ്. പക്ഷേ റൂം ഒഴിഞ്ഞപ്പോൾ അവര് 200 രൂപ കൂടി അധികം എടുത്തു. പൊലീസിൽ കംപ്ലൈൻറ് ചെയ്യും എന്ന് പറഞ്ഞു അവരെ പേടിപ്പിച്ചു, വല്യ കാര്യം ഒന്നും ഉണ്ടായില്ല. അങ്ങനെ റൂം 700 ആയി.

ബാഗ് എല്ലാം റൂമിൽ വയ്ച്ചു അവിടെ അടുത്തുള്ള തട്ടുകടയിൽ പോയി വയറു നിറച്ചു ദോശയും ഇഡലിയും കഴിച്ചു. നല്ല രുചികരമായ ഭക്ഷണം, അധികം പൈസയും ആയില്ല. രാവിലെ 7 മണിക്കാണ് coracle (കുട്ടവഞ്ചി) സവാരി തുടങ്ങുക. അതാണല്ലോ അവിടെത്തെ പ്രധാന ആകർഷണം. ഏതായാലും രാവിലെ 6 മണിക്ക് തന്നെ എണീറ്റ് റെഡി ആയി. പുറത്തേക്ക് കാലെടുത്ത് വച്ചതും ചക്കയിൽ ഈച്ച പൊതിഞ്ഞ പോലെ കുട്ടവഞ്ചിക്കാരും, മസ്സാജ് ചെയ്യുന്നവരും ചുറ്റും കൂടി. പലരും കാർഡുകൾ തന്നു, ഞങ്ങൾ അതൊന്നും ശ്രദ്ധിക്കാതെ ബൈക്കുമെടുത്തു ചെറിയൊരു സവാരിക്ക് പോയി. സ്ഥലം കാണുകയും ആകാം കാര്യങ്ങൾ മനസിലാക്കുകയും ചെയ്യാം.

അതിനടുത്തായി മുതലകളെ സംരക്ഷിക്കുന്ന ഒരു പാർക്ക്‌ ഉണ്ട്. 8 മണിക്ക് ശേഷമേ അതു തുറക്കൂ. അവരോട് കാര്യം പറഞ്ഞപ്പോൾ കയറാനുള്ള അനുമതി നൽകി. പത്തു രൂപക്ക് അകത്തു കയറിയപ്പോൾ കണ്ട കാഴ്ച അതിശയിപ്പിക്കുന്ന സാധാരണമല്ലാത്ത കാഴ്ച ആയിരുന്നു. പ്രതിമ പോലെ തോന്നിക്കും വിധം വാ പൊളിച്ചു വച്ചു വെയിൽ കായുന്ന ചീങ്കണ്ണികളും മുതലകളും. ഒന്നും രണ്ടുമല്ല ഒരു 100 എണ്ണം എങ്കിലും കാണും പല വലുപ്പത്തിൽ. ആ കാഴ്ചകൾ കണ്ടു നടന്നപ്പോൾ സമയം പോയതറിഞ്ഞില്ല.

കൊട്ടവഞ്ചി എന്ന ഓർമ്മ പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തി. താമസിയാതെ തന്നെ റൂമിലേയ്ക്ക് പോയി. ഒന്ന് ഫ്രഷ് ആയതിനു ശേഷം കുട്ടവഞ്ചി സവാരി നടത്തുന്ന സ്ഥലത്തേക്ക് പോയി. പറഞ്ഞ പ്രകാരം അതിന്റെ ആൾ ഞങ്ങളെ കാത്തു റൂമിന് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. നിനച്ചിരിക്കാതെ കൈ വന്ന ഒരു കോളിന്റെ സന്തോഷം അയാളുടെ മുഖത്തു നിന്നു വായിച്ചെടുക്കാമായിരുന്നു. ആവേശ ഭരിതമായ മനസ്സുമായി മുന്നിലേക്ക് നടന്നു നീങ്ങുമ്പോൾ മസ്സാജിങ് ഓഫറുകളുമായി കുറെ പേർ വന്നു. അതിലൊരാൾ കൊട്ടവഞ്ചിക്കാരന്റെ സുഹൃത്തായിരുന്നു. കൊട്ടവഞ്ചി സവാരിക്കിടെ ഒരു അരമണിക്കൂർ നേരം മസ്സാജിങ് നടത്താമെന്ന ഓഫർ സ്നേഹത്തോടെ തിരസ്കരിച്ചു. തിരിച്ചു വരുമ്പോൾ തീർച്ചയായും ചെയ്യാമെന്ന ഉറപ്പും കൊടുത്തു.

750 രൂപ അടച്ച്, കൊട്ടവഞ്ചിയിലേക്ക് കാലെടുത്തു വച്ചു. ഓഫ്‌ സീസൺ ആയതിനാൽ സഞ്ചാരികൾ പൊതുവെ കുറവായിരുന്നു. എന്നാൽ അതൊന്നും ആ യാത്രയെ ഒരു തരത്തിലും ബാധിച്ചില്ല. കാരണം സാഹസികതയും വെല്ലുവിളികളും നിറഞ്ഞ ഒരു മാസ്മരിക സവാരിയായിരുന്നു അത്. ഇരു വശങ്ങളിലും കൂറ്റൻ കരിമ്പാറ കൂട്ടങ്ങൾ. അതിനു നടുവിലൂടെ വളഞ്ഞു പുളഞ്ഞൊഴുകുന്ന കാവേരി നദി. അതിലൂടെയാണ് പോകേണ്ടത്. കടൽ ജീവിതത്തോട് ഇണങ്ങി ചേർന്നത് കൊണ്ടാവണം അല്പം പോലും പേടി തോന്നിയില്ല. ആർത്തുല്ലസിച്ചു പോവുന്ന പോക്കിൽ മറക്കാനാവാത്ത പല കാഴ്ചകളും കണ്ടു. വഞ്ചിക്കാരൻ ഞങ്ങളോട് പല കഥകളും പറഞ്ഞു . കുറച്ചു ദൂരം താണ്ടിയപ്പോൾ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട്‌ കണ്ട പ്രതീതി. ഒരു നിമിഷം സ്തംഭിച്ചു പോയി. ശിവലിംഗത്തിലേക്ക് പതഞ്ഞൊഴുകുന്ന പാലു പോലെ പത്തിൽ കൂടുതൽ വെള്ളച്ചാട്ടങ്ങൾ. ആ പത്തു കന്യകകളും ഒരുമിച്ചൊഴുകി കാവേരിയോട് ചേരുന്നു.

അതിനു ഒത്ത നടുക്കെത്തിയപ്പോൾ വഞ്ചിക്കാരൻ ഞങ്ങൾക്കൊരു സർപ്രൈസ് തന്നു. പ്രതീക്ഷിക്കാതെ വഞ്ചി വട്ടത്തിൽ ശക്തിയായി ഒറ്റക്കറക്കം. പെട്ടെന്നുള്ള ഷോക്കിൽ ഒന്നു കൂകി വിളിച്ചെങ്കിലും പിന്നെ അത് ഒരു ആർപ്പ് വിളിയായി മാറി. അവിടെ നിന്നു കുറച്ചു മുകളിലേക്ക് നീങ്ങി ആ വെള്ളച്ചാട്ടത്തിൽ ഒന്നു നനഞ്ഞു. തണുത്ത വെള്ളവും ഈറനണിയിക്കുന്ന കാറ്റും കൂടെ ആയപ്പോൾ വല്ലാത്ത ഒരു അനുഭൂതി തോന്നി. ഇതാണ് ഹൊഗെനക്കൽ. ഇവിടുത്തെ കാഴ്ചകളും അനുഭവങ്ങളും ഇവിടെ വരുന്നവർക്ക് മാത്രം സ്വന്തം. പകരം വെക്കാനില്ലാത്ത ഒരു നയനവിരുന്ന്. 750 രൂപയാണ് ഒരു മണിക്കൂർ സവാരിക്ക്. പിന്നെ ഒരു നല്ല യാത്ര സമ്മാനിച്ച കൊട്ടവഞ്ചി ചേട്ടന് 100 രൂപ ടിപ്പും കൊടുത്തു. നല്ല ബുദ്ധിമുട്ടാണ് ഒഴുക്കിനെതിരെ ഉള്ള ആ തുഴയൽ. ഒരു മണിക്കൂർ നേരത്തെ കൊട്ടവഞ്ചി സവാരിക്ക് വിരാമമിട്ടു.

യാത്ര അവസാനിക്കുന്നിടത്തു ഞങ്ങളെയും കാത്തു മസ്സാജിങ്ങിനായി അയാൾ കാത്തു നില്പുണ്ടായിരുന്നു. 15 മിനിറ്റ് നേരത്തെ സാധാ മസ്സാജിങ്ങിനും 15 മിനിറ്റോളം ഉള്ള ഓയിൽ മസ്സാജിങ്ങിനുമായി 600 രൂപയാണ് അയാൾ വിലയിട്ടത്. എല്ലാ പേശികളും ഇഞ്ച പരുവത്തിൽ ആക്കി തരും അര മണിക്കൂർ കൊണ്ട്. എന്റെ മസാജ് കണ്ടു കൂടെയുള്ളവൻ പതിയെ വലിഞ്ഞു. ഒടുവിൽ 400 രൂപയിൽ അര മണിക്കൂർ നേരത്തെ മസ്സാജിങ്ങും, ചവിട്ടി തേക്കലും, കുളിയും കഴിച്ചു ഞങ്ങൾ യാത്ര തിരിക്കാൻ തീരുമാനിച്ചു.

വഴി നീളെ കുറെയേറെ സ്ത്രീ ജനങ്ങളെ കണ്ടു. വഴിയോര മീൻ വിൽപനക്കാർ ആണവർ. പുഴയിൽ നിന്നും പിടിക്കുന്ന ഫ്രഷ് മീൻ ഫ്രൈ ചെയ്തു കൊടുക്കും. മസാല തേച്ചു വച്ചിരിക്കുന്ന മീൻ കൂടകൾ കണ്ടാൽ തന്നെ വായിൽ വെള്ളമൂറും. സാഹസം കൂടുതൽ തോന്നുന്നവർക്ക് സ്വന്തമായി മീൻ ഫ്രൈ ചെയ്തു കഴിക്കാനുള്ള സൗകര്യവും ഉണ്ടാക്കി കൊടുക്കുന്നുണ്ട്. അല്പം വൃത്തിഹീനമെന്നു തോന്നിയെങ്കിലും അവിടുത്തെ സ്പെഷ്യൽ ആണെന്ന് അറിഞ്ഞപ്പോൾ ഒന്നു രുചിച്ചു നോക്കാമെന്നു തോന്നി. മോശമായില്ല നല്ല രുചി യുള്ള മീൻ ഫ്രൈ.

ഹൊഗനക്കൽ പോകുമ്പോൾ അതിനടുത്ത് നരൻ സിനിമയിൽ കാണിക്കുന്ന പൊന്നഗ്രാം (മുള്ളൻകൊല്ലി) എന്ന സ്ഥലമുണ്ട്. ശുദ്ധമായ തെളിഞ്ഞ കാട്ടരുവിയാണ് അധികം ആഴമില്ലാതെ മരങ്ങൾക്കിടയിലൂടെ ഒഴുകുന്നു. അധികം തിരക്കില്ലാത്ത സ്ഥലം. ഹൊഗനക്കൽ നിന്നും പ്രദേശവാസികൾ വരും ഭക്ഷണം അവർ ഉണ്ടാക്കി തരും നല്ല ഫ്രഷ് മീൻ ഫ്രൈ തന്നെ. നല്ല ബോഡി മസാജും ഇവിടെയും കിട്ടും. വളരെ നല്ല അനുഭവമാണ്. വേനൽക്കാലത്ത് ഒഴികെയുള്ള വർഷം മുഴുവൻ ഹൊഗനക്കൽ സന്ദർശിക്കാം. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് ഹൊഗനക്കൽ സന്ദർശനത്തിന് ഏറ്റവും അനുയോജ്യം. ഈ സമയത്ത് നദി പൂർണമായും നിറഞ്ഞൊഴുകും. അതുകൊണ്ട് വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം.

ഹൊഗനക്കലിൽ നിന്നു ഇനിയുള്ള യാത്ര കൊല്ലി മലയിലേക്ക്. കുറച്ചു ദിവസങ്ങളായി മനസ്സിലിട്ടു താലോലിച്ച സ്വപ്നം. 70 ഹെയർ പിൻ !! അത് യാഥാർഥ്യമാവാൻ ഇനി കുറച്ചു മണിക്കൂറുകൾ മാത്രം. ആ വിശേഷങ്ങൾ ഇനി ഒരിക്കൽ പറയാം…

ഹൊഗ്ഗനക്കൽ പോകുന്നവർ ശ്രദ്ധിക്കുക : മിനറൽ വാട്ടർ കുപ്പികൾ പലതും അവർ തന്നെ ഒട്ടിച്ചതാണ്. അതുകൊണ്ടു വാങ്ങുമ്പോൾ നല്ലപോലെ ശ്രദ്ധിക്കുക. മസ്സാജിനു ഓയിൽ നമ്മൾ തന്നെ വാങ്ങുക,അടുത്ത കടകളിൽ കിട്ടും അവരുടെ ഓയിൽ ഉപയോഗിക്കാതിരിക്കുന്നതാണ്‌ നല്ലതു. പിന്നെ എല്ലാ സാധനങ്ങളും MRP യെക്കാളും കൂടുതൽ വിലയിൽ ആണ് വിൽക്കുന്നത്. ഒന്നും പറയാനില്ല, വാങ്ങുകയെ നിവൃത്തി ഉള്ളൂ. വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലെ ഇടത്തു ഭാഗത്തു ആരും കുളിക്കരുത്.
ഒരുപാട്‌ പേരുടെ ടോയ്ലറ്റ് ഇവിടെ ആണ്. (തമിഴ്നാട് ഇപ്പടി താ എന്നാണ് മസ്സാജ് ചെയ്ത അണ്ണൻ പറഞ്ഞത് ). വൃത്തിയായി സൂക്ഷിച്ചാൽ വളരെ നല്ല സ്ഥലം. വൃത്തിയില്ല അതാണ് ഏറ്റവും വലിയ പോരായ്ക. നല്ല രീതിയിൽ പറ്റിക്കാൻ ശ്രമം നടക്കും. അൽപം ശ്രദ്ധിക്കുക.