ശ്രീലങ്കൻ യാത്രയെല്ലാം കഴിഞ്ഞു നാട്ടിലെത്തി വിശ്രമിക്കുന്നതിനിടെയായിരുന്നു പാലക്കാട് പോകുവാനായി ഒരു അവസരം വരുന്നത്. പല തവണ പാലക്കാട് വഴി യാത്ര ചെയ്തിട്ടുണ്ടെങ്കിലും പാലക്കാട്ടേക്ക് മാത്രമായി ഒരു യാത്ര ഇതുവരെ സാധിച്ചിരുന്നില്ല. അങ്ങനെയിരിക്കുന്നതിനിടെയായിരുന്നു രണ്ടു ദിവസത്തെ യാത്രയ്ക്ക് ഒരവസരം ഒരുങ്ങിയത്. പാലക്കാട് ജില്ലയിലെ അഹല്യ ക്യാംപസിലെ വിദ്യാർത്ഥികളുമായി ഒരു ടോക്-ഷോ ആയിരുന്നു കാര്യപരിപാടി. എന്തായാലും പാലക്കാട് വരെ പോകുന്നതല്ലേ, ഒരു ദിവസം അവിടെ തങ്ങി കുറച്ചു സ്ഥലങ്ങൾ എക്സ്പ്ലോർ ചെയ്യണം എന്നു ഞാൻ പ്ലാൻ ഇട്ടു.
കോഴഞ്ചേരിയിൽ നിന്നും തുടങ്ങിയ യാത്രയിൽ എൻറെ കൂടെ സുഹൃത്തുക്കളായ സലീഷേട്ടനും പ്രശാന്തും തൃശ്ശൂരിൽ നിന്നും ഒപ്പം ചേർന്നു. സലീഷേട്ടൻ തനിനാടൻ സ്റ്റൈലിൽ മുണ്ടൊക്കെ ധരിച്ചായിരുന്നു എത്തിയിരുന്നത്. പ്രശാന്ത് ആകട്ടെ, ഞങ്ങളുടെ യാത്ര ഒരു വ്ലോഗ് ആക്കുന്നതിനുള്ള തയ്യാറെടുപ്പുകളോടെയും. അന്നത്തെ വീഡിയോ എഡിറ്റ് ചെയ്തു പെട്ടെന്ന് പബ്ലിഷ് ചെയ്യേണ്ടിയിരുന്നതിനാൽ തൃശ്ശൂർ മുതൽ അങ്ങോട്ട് പ്രശാന്ത് ആയിരുന്നു നമ്മുടെ എംജി ഹെക്ടറിൻ്റെ നിയന്ത്രണം ഏറ്റെടുത്തത്. ഞാൻ മുന്നിലെ സീറ്റിലിരുന്നു ഓട്ടത്തിൽത്തന്നെ വീഡിയോ എഡിറ്റിങ് ചെയ്തു.
കുതിരാൻ എത്തുന്നതിനു മുൻപായി പട്ടിക്കാടിനടുത്തായി ‘കല്ലിടുക്ക്’ എന്ന സ്ഥലത്ത് ഹൈവേയുടെ ഓരത്തായി കണ്ട ഒരു തട്ടുകടയിൽ ഞങ്ങൾ കയറി. ഞാനും പ്രശാന്തും രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചിരുന്നുവെങ്കിലും സലീഷേട്ടൻ ഒന്നും കഴിച്ചിരുന്നില്ല. രാവിലെ കഞ്ഞി കുടിക്കണമെന്ന് സലീഷേട്ടന് ഒരാഗ്രഹം. അങ്ങനെയാണ് ഞങ്ങൾ ഈ കടയിൽ കയറുന്നത്. അവിടത്തെ കഞ്ഞിയും കടലയും മുകളുമെല്ലാം സലീഷേട്ടൻ ആസ്വദിച്ചു കഴിച്ചു.
കഞ്ഞികുടിയ്ക്ക് ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. രാവിലെ ആയിരുന്നതിനാൽ ഹൈവേയിൽ തിരക്ക് അൽപ്പം കുറവായിരുന്നു. അതുകൊണ്ടാണോ എന്തോ കുതിരാനിൽ ഞങ്ങൾക്ക് തിരക്കുകളോ ബ്ലോക്കോ ഒന്നും അനുഭവിക്കേണ്ടി വന്നില്ല. കുതിരാൻ മല കയറുന്നതിനു മുൻപായി ഹൈവേയിൽ ധാരാളം കുഴികൾ ഉണ്ടായിരുന്നതൊക്കെ തന്ത്രപരമായി ചാടിത്തുള്ളി ഞങ്ങൾ കടന്നുപോയി. തൊട്ടപ്പുറത്തായി നിർമ്മാണത്തിലിരിക്കുന്നുവെന്നോ, നിർമ്മാണം പൂർത്തിയാക്കിയതെന്നോ പറയുവാൻ സാധിക്കാത്ത കുതിരാൻ തുരങ്കം, “ഇപ്പോൾ പൊയ്ക്കോ, വരുമ്പോൾ കാണിച്ചു താരാട്ടാ” എന്ന ഭാവത്തിൽ ഞങ്ങളെ നോക്കി പല്ലിളിച്ചുകൊണ്ട് നിന്നു.
കുതിരാൻ പിന്നിട്ടതോടെ പിന്നെയങ്ങോട്ടു നല്ല വീതിയുള്ള ഹൈവേയുടെ തുടക്കമായി. അങ്ങനെ വടക്കഞ്ചേരിയും ആലത്തൂരുമൊക്കെ കഴിഞ്ഞു ഞങ്ങൾ കുഴൽമന്ദത്ത് എളുപ്പത്തിൽ എത്തിച്ചേർന്നു. അവിടെ നമ്മുടെ ഒരു ഫോളോവറായ ഫിറോസ് ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഫിറോസുമായി കുറച്ചു വിശേഷങ്ങൾ പങ്കുവെച്ച്, ഒരു നാരങ്ങാ സോഡയും കുടിച്ചു ഞങ്ങൾ വീണ്ടും യാത്രയായി. യാത്രയിലുടനീളം സലീഷേട്ടന്റെ സ്വതസിദ്ധമായ തമാശകൾ ഞങ്ങൾക്ക് ആസ്വദിക്കുവാൻ സാധിച്ചു. അതോടൊപ്പം ഒടിയൻ തുടങ്ങിയ സിനിമകളുടെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്ത ‘ബ്രിട്ടീഷ് പാലം’ എന്നറിയപ്പെടുന്ന ‘കണ്ണാടി അക്വഡക്റ്റ്’ കാണുവാൻ പോകാമെന്നു സലീഷേട്ടൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ ഹൈവേയിൽ നിന്നും അവിടേക്ക് തിരിഞ്ഞു.
വളരെ മനോഹരമായ ഒരു സ്ഥലമായിരുന്നു ബ്രിട്ടീഷ് പാലം. രാവിലെയും വൈകീട്ടുമൊക്കെ കുറച്ചു സമയം വന്നു ചെലവഴിക്കാൻ പറ്റിയ ഒരു കിടിലൻ സ്ഥലം. വിവാഹ ഫോട്ടോഷൂട്ടുകൾ നടത്തുവാനൊക്കെ അനുയോജ്യമാണിവിടം. മലിനീകരണം ഒട്ടുമില്ലാത്ത അവിടത്തെ ശുദ്ധവായു ശ്വസിച്ച് കുറച്ചു സമയം ഞങ്ങൾക്ക് അവിടെ ചെലവഴിക്കുവാൻ സാധിച്ചു. ഫോട്ടോകളും വീഡിയോയുമൊക്കെ എടുത്തശേഷം വീണ്ടും യാത്ര തുടങ്ങുവാനിരിക്കെ എവിടെനിന്നോ മഴയും അതിഥിയായി എത്തിച്ചേർന്നു. കൊടും ചൂടിനു പേരുകേട്ട പാലക്കാട്ടെ മഴ അനുഭവിക്കുന്നത് ഞാൻ ആദ്യമായിട്ടായിരുന്നു.
ബ്രിട്ടീഷ് പാലത്തിൽ നിന്നും ഞങ്ങൾ ഉൾവഴിയിലൂടെ (ചിറ്റൂർ വഴി) യാത്ര തുടർന്നു. കഞ്ചിക്കോടിനടുത്തുള്ള അഹല്യ ക്യാംപസ് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. പോകുന്ന വഴിയിൽ മനോഹരമായ പച്ചപ്പു നിറഞ്ഞ തെങ്ങിൻതോപ്പുകളും പാടങ്ങളുമൊക്കെ കണ്ടപ്പോൾ ഞങ്ങൾ അവിടെ വണ്ടി നിർത്തിയിറങ്ങി ഫോട്ടോകൾ എടുത്തു. സലീഷേട്ടനു തൻ്റെ പാഷനായ ഫോട്ടോഗ്രഫി അവിടെ പ്രകടമാക്കുവാൻ സാധിച്ചു. സലീഷേട്ടന്റെ ഐഫോണിലെടുത്ത ചിത്രങ്ങളൊക്കെ കിടിലനായിരുന്നു.
യാത്രയ്ക്കിടയിൽ ഞങ്ങൾക്ക് കാളവണ്ടി പോകുന്നത് കാണുവാൻ സാധിച്ചു. ഇന്നത്ത കാലത്ത് കാളവണ്ടികൾ നമ്മുടെ നാട്ടിൽ അങ്ങനെയൊന്നും കാണുവാൻ സാധിക്കില്ല. അഥവാ കാണണമെങ്കിൽ ഇങ്ങു പാലക്കാട് തന്നെ വരേണ്ടി വരും. കാളവണ്ടിയുടെ ചിത്രങ്ങൾ പകർത്തിയപ്പോൾ കാളവണ്ടിക്കാരൻ ചേട്ടൻ ചിരിച്ചുകൊണ്ട് പോസ് ചെയ്തു തന്നു. അല്ലെങ്കിലും പാലക്കാട്ടുകാർ വളരെ സ്നേഹമുള്ളവരാണ്. അത് അടുത്ത രണ്ടു ദിവസങ്ങളിൽ ഞങ്ങൾക്ക് അവിടെ നിന്നും നേരിട്ടനുഭവിക്കുവാൻ സാധിച്ചു. ആ വിശേഷങ്ങളൊക്കെ പിന്നെ പറയാം.
അങ്ങനെ ഉൾനാടൻ വഴികളിലൂടെ യാത്ര ചെയ്തു ഞങ്ങൾ അഹല്യ ക്യാംപസിൽ എത്തിച്ചേർന്നു. ഏക്കറുകണക്കിന് സ്ഥലത്ത് പരന്നു കിടക്കുന്ന മനോഹരമായ ഒരു ക്യാംപസ്, അഹല്യ കോളേജിനെ അങ്ങനെയേ വിശേഷിപ്പിക്കുവാൻ സാധിക്കുകയുള്ളൂ. രണ്ടു വീഡിയോകൾ ചെയ്യുവാനുള്ളത്രയുമുണ്ട് അവിടത്തെ കാഴ്ചകളും വിശേഷങ്ങളും. അഹല്യ ക്യാംപസിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചതിനു ശേഷം അഹല്യ ഹെറിറ്റേജ് വില്ലേജ് ഡയറക്ടറായ വർമ്മ സാർ ഞങ്ങളെ ക്യാമ്പസും പരിസരവുമെല്ലാം ഒന്നു ചുറ്റിനടന്നു (കാറിൽ) കാണിച്ചു തരികയുണ്ടായി. വർമ്മ സാറുമായുള്ള സംസാരത്തിൽ നിന്നും ഞങ്ങൾക്ക് അഹല്യയെക്കുറിച്ച് കൂടുതലായി മനസ്സിലാക്കുവാൻ സാധിച്ചു.
ഉച്ചയ്ക്ക് രണ്ടരയോടെ വിദ്യാർത്ഥികളുമായുള്ള ടോക്-ഷോ ആരംഭിച്ചു. വിദ്യാർത്ഥികൾ അവരുടെ സംശയങ്ങൾ എന്നോട് ചോദിക്കുകയും അതിനു ഒരു ട്രാവൽ ബ്ലോഗർ എന്ന നിലയിൽ ഞാൻ ഉത്തരം നല്കുകയുമുണ്ടായി. അഹല്യ ക്യാംപസ് മുഴുവനായും എല്ലാവർക്കും പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ ചെയ്യണമെന്ന് വർമ്മ സാർ ഞങ്ങളോട് ആവശ്യപ്പെടുകയും അത് തിരക്കുകൾക്കു ശേഷം ചെയ്യാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. ടോക്ഷോയ്ക്ക് ശേഷം ഞങ്ങൾ വൈകുന്നേരത്തോടെ അഹല്യ ക്യാംപസിൽ നിന്നും യാത്രയായി. ഞങ്ങളുടെ അന്നത്തെ താമസം പാലക്കാട് ധോണി എന്ന സ്ഥലത്തുള്ള LEAD കോളേജിൽ ആയിരുന്നു. അവിടെയും ഒരു ചെറിയ ക്ലാസ്സ് എടുക്കേണ്ടതായുണ്ട്. അങ്ങനെ ഞങ്ങൾ ധോണിയിലേക്ക് യാത്രയായി. ആ വിശേഷങ്ങൾ ഇനി അടുത്ത എപ്പിസോഡിൽ കാണാം.