ഏർക്കാട് കാത്തു വെച്ച നിധിയും 70 ഹെയർപിൻ വളവുകളുള്ള കൊല്ലിമലയും…

വിവരണം – സുനീർ ഇബ്രാഹിം.

രാവിലത്തെ ചൂട്‌ ചായക്ക് ടച്ചിങ്‌സ് എന്ന വണ്ണം ഫോണിൽ കുത്തി പണിതു കൊണ്ടിരിക്കുമ്പോൾ ആണ് ആ പേരിൽ കണ്ണുടക്കിയത്. വായിക്കുമ്പോൾ ‘കൊള്ളി’ എന്നും ‘കൊല്ലി’ എന്നും തോന്നാവുന്ന ഒന്ന്. ആകാംക്ഷ കൊണ്ട് ഫോട്ടോസിനായി സഞ്ചാരിയിലും, ഗൂഗിളിലിലും പരതി. ഗൂഗിൾ മാപ് കണ്ട് ഒരു നിമിഷം തരിച്ചിരുന്നു പോയി. വളഞ്ഞു പുളഞ്ഞൊഴുകുന്ന ആറു പോലെ 70 ഹെയർ പിൻ ബെന്റുകൾ. മനസ്സിൽ അതു വരെ നിന്നിരുന്ന മടുപ്പും, മുഷിപ്പും മഞ്ഞു പോലെ അലിഞ്ഞു പോയി. കണ്ടു തീർക്കാൻ മൂക്കിന് താഴെ തന്നെ ഒത്തിരി സ്ഥലങ്ങൾ ഇനിയുമുണ്ട്. ആലോചിക്കാൻ ഒട്ടും സമയം വേണ്ടി വന്നില്ല. കണ്ണാടി പോലെ തെളിഞ്ഞ മനസ്സിൽ കുറിച്ചിട്ടു അടുത്തത് “കൊല്ലി മല”!!!!

ഹൊഗെനക്കലിൽ നിന്നു ഉച്ചക്ക് 2 മണിയോട് കൂടി, കൊല്ലിയിലേക്ക് തിരിച്ചു. 5 മണിയോട് കൂടി സേലത്തെത്തി. ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ കടക്കാരനോട് ഒരു കുശലാന്വേഷണം നടത്തി. നേരം സന്ധ്യയോട് അടുക്കാറായതിനാൽ യാത്ര തിരിച്ചാൽ രാത്രിയിൽ കൊല്ലി മല കയറേണ്ടി വരുമെന്ന് മനസ്സിലായി. കൊല്ലിയുടെ സൗന്ദര്യം നിശയുടെ കമ്പിളി പുതപ്പിനുള്ളിൽ മറയ്ക്കണ്ട എന്നു വിചാരിച്ചു യാത്രയിൽ ഒരു ചെറിയ മാറ്റം വരുത്തി. സേലത്തിനടുത്തായി ‘ഏർക്കാട് ‘ yercaud’ എന്ന ചെറിയൊരു ടോപ്സ്റ്റേഷൻ ഉണ്ട്. ഏതാണ്ട് 20 ഓളം ഹെയർപിൻ ബെന്റുകളും വെള്ളച്ചാട്ടങ്ങളുമെല്ലാമായി ഒരു “mini kolli hills”!!!

ഊർജ്ജസ്വലരായി അങ്ങനെ ഞങ്ങൾ ഏർക്കാട് മലയടിവാരത്തിൽ എത്തി. പകലൊളി വിതറിയ സൂര്യൻ വിട വാങ്ങി. ചുവപ്പിൽ ചാലിച്ച ആകാശം. വാഹനങ്ങൾ പൊതുവെ കുറവായതിനാൽ ചീവീടുകളുടെ ശബ്ദം കാതിൽ തുളഞ്ഞു കയറി. റോഡ് ആണെങ്കിൽ ഗജ ഗംഭീരം. വണ്ടിയുടെ വേഗത്തിനൊപ്പം പാഞ്ഞു വന്ന കാറ്റിനു തണുപ്പ് കൂടിക്കൂടി വന്നു. ഇട്ടിരുന്ന സാധാ ജാക്കറ്റിൽ ശരീരം മരവിക്കാൻ തുടങ്ങിയപ്പോൾ ദേഹമാസകലം മറക്കുന്ന ഫുൾ ജാക്കറ്റ് എടുത്തിട്ടിട്ടു.

മരം കോച്ചുന്ന തണുപ്പിൽ തീ കായുന്ന സുഖമറിഞ്ഞു വണ്ടിയോടിച്ചു. അപ്പോഴും മനസ്സിൽ ആ ചായക്കടക്കാരന്റെ വാക്കുകൾ അലയടിക്കുകയായിരുന്നു. ഹെയർ പിൻ ബെന്റുകൾ താണ്ടി രാത്രിയിൽ എത്തുന്നവർക്കായ് ഏർക്കാട് ഒരു നിധി കാത്തു വച്ചിട്ടുണ്ട്. അതറിയാനുള്ള ആകാംക്ഷ ആയിരുന്നു മനസ്സ് മുഴുവൻ. പോകുന്ന വഴിയിൽ ചെറിയ ചെറിയ വ്യൂ പോയിന്റുകൾ കണ്ടു. ഓരോന്നും മികച്ചതായിരുന്നു. അവിടെ നിന്നു കണ്ട അതു അനുഭവിക്കാനുള്ളത് തന്നെയാണ്. വർണ്ണിക്കുക വളരെ പ്രയാസം. ഇന്ന് നിങ്ങളോട് ഇത് പങ്കു വക്കുമ്പോൾ പോലും എന്റെ കണ്ണിലുണ്ട് ആ കാഴ്ച. ഒരു തരി പോലും ചോർന്നു പോവാതെ. കറുപ്പിൽ മൂടി നിൽക്കുന്ന ആ മലക്ക് താഴെ ആയിരക്കണക്കിന് ദീപശിഖകൾ ജ്വലിച്ചു നിൽക്കുന്ന പോലെ ആ സേലം പട്ടണം പ്രകാശത്തിൽ കുളിച്ചു നിൽക്കുന്നു.

അതുകൊണ്ട് തന്നെ പറയട്ടെ, ഏർക്കാട് രാത്രി കാണാൻ സാധിക്കണം ഇല്ലെങ്കിൽ അതൊരു നഷ്ടം തന്നെ. സേലം ടൗണിന്റെ ആ ആകാശ കാഴ്ച അതു ഒരു സംഭവമാണ് ഭായ്. ആ ചായക്കടക്കാരൻ പറഞ്ഞത് അക്ഷരാർത്ഥം ശരിയാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. കൊല്ലിയിലേക്കുള്ള യാത്ര കുറച്ചു വൈകിയത് ഒരു അനുഗ്രഹമായി അപ്പോൾ തോന്നി. അല്ലെങ്കിൽ “ഏർക്കാട് ” ഒരു തീരാ നഷ്ടമായി മാറിയേനെ!!!!.

കൊല്ലിയിൽ പോകാൻ ഉള്ളത് കൊണ്ട് രാത്രി തന്നെ മലയിറങ്ങി. നിറഞ്ഞ മനസ്സോടെയാണ് ഞങ്ങൾ ആ മല ഇറങ്ങിയത്. ഓർമ്മയുടെ സ്ക്രാപ്പ് ബുക്കിലേക്ക് ഒരു നല്ല സ്നാപ്പ് കൂടെ കൂട്ടിച്ചേർക്കാൻ കഴിഞ്ഞ സന്തോഷം!!! രാത്രി ഒരുപാട് വൈകിയതിനാൽ സേലത്തു ഞങ്ങൾ 850 രൂപക്ക് ഒരു റൂമെടുത്തു. ഭക്ഷണം കഴിച്ചു കിടന്നതേ ഓർമ്മയുള്ളൂ പിന്നെ എഴുന്നേൽക്കുന്നത് ഫോണിലെ അലാറം കേട്ടാണ്. ചുരുങ്ങിയ സമയത്തിൽ കുളിച്ചു ഫ്രഷ് ആയി ബ്രേക്ഫാസ്റ്റും കഴിച്ചു യാത്ര ആരംഭിച്ചു.

ഇനിയൊരു സ്വപ്ന യാത്രയാണ്. മാസങ്ങളായി കാത്തിരുന്ന ഒരു യാത്ര. ആദ്യമായ് അക്ഷരം പഠിക്കാനായി സ്കൂളിലേക്ക് പോകുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ മനസ്സുമായാണ് ഞങ്ങൾ കൊല്ലി മല കേറിയത്. ഒരു നല്ല അധ്യാപികയെ പോലെ ഓരോ ചുവടിലും അവൾ പലതും കാണിച്ചു തന്നു. ഏതൊരു പട്ടണപ്രേമിയെയും ഒറ്റ യാത്രയിലൂടെ പ്രകൃതി സ്നേഹിയാക്കി മാറ്റാനുള്ള കരുത്തു അവളിൽ ഞങ്ങൾ കണ്ടു. 9 മണിയോടെ , കൊല്ലിയുടെ അടിവാരത്ത് കാരവല്ലിയിൽ എത്തി, അവിടെന്നാണ് കൊല്ലിയിലെ യാത്ര ആരംഭിക്കുന്നത്.

ഓരോ ഹെയർപിന്നുകളും എണ്ണി എണ്ണി കയറുമ്പോൾ, തണുപ്പ് കൂടി കൂടി വന്നു. ഹെയർപിൻ കാണുമ്പോൾ വലിയ സാഹങ്ങൾക്കൊന്നും മുതിരരുത് എന്നു ഫ്രണ്ട് നിസാബിന് മുന്നറിയിപ്പ് നൽകി. ഇതൊക്കെ എന്തു എന്ന ഒരു ചിരിയും ചിരിച്ചു. തമിഴ് ബസുകളുടെയും പാണ്ടി ലോറികളുടെയും കാതടിപ്പിക്കുന്ന ശബ്ദം, മലയുടെ ദിക്കുകളിൽ പ്രതിധ്വനിച്ചു. ഓരോ വ്യൂ പോയിന്റും കണ്ടു ആസ്വദിച്ചു പതിയെ മല കയറി.

KL റജിസ്ട്രേഷൻ കണ്ട്‌ പലരും കുശലം ചോദിച്ചു. ഓരോ ഹെയർ പിന്നുകളുംകളും എണ്ണി അവസാനം ’70’ എഴുപതാമത്തേതും എണ്ണി നമ്മൾ എത്തുന്നത് ഒരു സുഗന്ധ വ്യഞ്ജന കലവറയിലേക്കാണ്. കൊല്ലിയിലെ സെമ്മേട് എന്ന ചെറിയ ഗ്രാമ പശ്ചാത്തലതോടെയുള്ള ചെറിയ പട്ടണം. കാപ്പിയുടെയും, കറുകപട്ടയുടെയും, ഏലക്കയുടെയും മനം മയക്കുന്ന സുഗന്ധമാണ് നമ്മെ സ്വാഗതം ചെയുന്നത്. അവിടെ പഴങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും വിൽക്കുന്ന ഒരു മാർക്കറ്റ് ഉണ്ട്. മെയ്ഡ് ഇൻ കൊല്ലി ഹില്ല്സ്. കുറേനേരം കറങ്ങി കാഴ്ചകൾ കണ്ടു. 50 രൂപക്ക് ഒരു കിലോ മാതളനാരങ്ങ വാങ്ങി ബാഗിൽ ഇട്ടു. ചക്ക മുതൽ പല വെറൈറ്റി പഴങ്ങളും പച്ചക്കറികളും അവിടെ കിട്ടും.

ഒരുപാട് സഞ്ചാരികൾ ഒന്നും അവിടെ ഇല്ല. ടൂറിസം പതിയെ വണ്ടി പിടിച്ച് വരുന്നേ ഉള്ളൂ. സെമ്മേടിൽ നിന്നും 12 Km പോയാൽ ആഗായഗംഗ വെള്ളച്ചാട്ടത്തിൽ എത്താം. വളരെ ഉയരത്തിൽ നിന്ന്‌ വളരെ മനോഹരമായി പാലു പോലെ ഭൂമിയിലേക്ക് നുരഞ്ഞു പതിക്കുന്നു. അങ്ങോട്ടു പോകാൻ 1200 സ്റ്റെപ്പുകൾ നടന്ന്‌ ഇറങ്ങണം. ഹൊഗനക്കലിലെ മസാജിന് (ചവിട്ടി തിരുമ്മൽ) ശേഷം ശരീരത്തിൽ ആകെ ഒരു വേദന. പിന്നെ കാലിനു ഒരു ചെറിയ ഉളുക്കും. അതുകൊണ്ടൊക്കെ തന്നെ 1200 സ്റ്റെപ് ഒരു വെല്ലുവിളി ആണ്. ആ വെല്ലുവിളിയിൽ ഞാൻ കീഴടങ്ങി. അങ്ങനെ ആഗായ ഗംഗയെ മറന്ന്‌, കൊല്ലി ഹിൽസ് നന്ദി പറഞ്ഞ് മലയിറങ്ങി. ഒപ്പം സ്നേഹത്തിന്റെ ഒരു കയ്യൊപ്പും.

അങ്ങനെ നാമക്കലും, കോയമ്പത്തൂരും പാലക്കാടും പിന്നിട്ട്‌ കൊച്ചിയിലേക്ക്. സുരക്ഷിതമായി വീട്ടിൽ എത്തിച്ച സർവരക്ഷിതാവിന് ഒരുപാട് സ്തുതി. റൈഡേഴ്‌സ് നു പറ്റിയ സ്ഥലം ആണ് കൊല്ലി. ഇത്‌ ഫാമിലിക്കു ഞാൻ recommend ചെയ്യില്ല. പക്ഷെ ഏർക്കാട് എല്ലാവർക്കും പ്രത്യേകിച്ചു ഫാമിലിക്കു പറ്റിയ സ്ഥലം ആണ്.