കൊൽക്കത്തയിലെ ഒരു ദിവസത്തെ കറക്കത്തിനു ശേഷം ഞങ്ങൾ അന്നേദിവസം കൂടി അവിടെ തങ്ങുകയുണ്ടായി. പിറ്റേന്ന് രാവിലെ ആറുമണിയോടെ തന്നെ ഞങ്ങൾ കൊൽക്കത്തയിൽ നിന്നും യാത്ര പുറപ്പെട്ടു. ബെംഗാളിലെ മൂന്നാർ എന്നുവേണമെങ്കിൽ വിളിക്കാവുന്ന സിലിഗുരി എന്ന സ്ഥലത്തേക്കായിരുന്നു ഞങ്ങളുടെ യാത്ര. കൊൽക്കത്തയിൽ നിന്നും ഏകദേശം 540 ഓളം കിലോമീറ്ററുകൾ ദൂരമുണ്ട് സിലിഗുരിയിലേക്ക്. 13 മണിക്കൂറോളം യാത്രയുണ്ട് അവിടേക്ക്.
സിലിഗുരിയിൽ വെച്ച് നമ്മുടെ എസ്.ആർ.ജംഗിൾ റിസോർട്ടിലെ സലീഷേട്ടൻ ഞങ്ങളോടൊപ്പം യാത്രയിൽ പങ്കുചേരും. അവിടുന്ന് പിന്നീടുള്ള യാത്ര ഞങ്ങൾ മൂന്ന് പേരും ചേർന്നായിരിക്കും. സലീഷേട്ടന്റെ കോമഡികൾ കേൾക്കുവാനുള്ള സന്തോഷത്തിൽ ഞങ്ങൾ യാത്ര തുടർന്നു.
രാവിലെയാണെങ്കിലും ഹൈവേയിൽ ലോറിക്കാരുടെ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. വല്ലാത്ത റാഷ് ഡ്രൈവിംഗായിരുന്നു അവിടെ ലോറിക്കാർ. ഞങ്ങൾ വളരെ ശ്രദ്ധിച്ചായിരുന്നു കാറോടിച്ചിരുന്നത്. കുറച്ചു യാത്ര ചെയ്തു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് വിശക്കുവാൻ തുടങ്ങി. അങ്ങനെ വഴിയരികിൽ കണ്ട ഒരു ഹോട്ടലിലേക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കുവാനായി ഞങ്ങൾ കയറി. മസാലദോശയായിരുന്നു ഞങ്ങൾ ഓർഡർ ചെയ്തത്. നമ്മുടെ മസാലദോശയിൽ നിന്നും അൽപ്പം വ്യത്യസ്തമായിരുന്നു ബെംഗാളി മസാലദോശ. ബ്രേക്ക് ഫാസ്റ്റിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
ഹൈവേയിൽ നിന്നും മാറി ഒരു തിരക്കേറിയ സിറ്റി റോഡിൽക്കൂടിയായിരുന്നു പിന്നീട് ഞങ്ങളുടെ യാത്ര. ചെറിയ പിക്കപ്പ് വാനുകളിൽ പിന്നിൽ അൻപതോളം ആളുകൾ തിങ്ങിനിറഞ്ഞു പോകുന്ന കാഴ്ചയൊക്കെ ഞങ്ങളെ അത്ഭുതപ്പെടുത്തി. അൽപ്പനേരത്തിനകം ഞങ്ങൾ സിറ്റിയുടെ തിരക്കുകളിൽ നിന്നും ഗ്രാമാന്തരീക്ഷത്തിലേക്ക് കടന്നു. കുട്ടനാട് പോലെ തോന്നിക്കുന്ന ഒരു സ്ഥലത്ത് ഞങ്ങൾ വണ്ടി നിർത്തി കുറച്ചുനേരം പുറത്തിറങ്ങി. സിലിഗുരിയിൽ നിന്നും സലീഷേട്ടൻ കൂടി ഞങ്ങളോടൊപ്പം ചേരുന്നതിനാൽ കാറിന്റെ പിന്നിൽ ലഗേജുകളൊക്കെ ഒതുക്കി ഒരാൾക്കു കൂടി ഇരിക്കാനുള്ള സ്ഥലം ഒരുക്കേണ്ടതുണ്ട്.
അവിടെയൊക്കെ ഓട്ടോറിക്ഷയ്ക്ക് പകരം ഇ-റിക്ഷകളാണ് ഉപയോഗിക്കുന്നത്. അതിലൊന്ന് സഞ്ചരിക്കണമെന്ന ആഗ്രഹം കലശലായപ്പോൾ അതുവഴി വന്ന ഒരു റിക്ഷയ്ക്ക് ഞാൻ കൈകാണിക്കുകയും അതിൽക്കയറി യാത്ര ചെയ്യുകയും ചെയ്തു. ആ സമയം എമിൽ കാറുമായി ഞാൻ കയറിയ റിക്ഷയെ അനുഗമിച്ചു. കുറച്ചു സമയത്തെ യാത്രയ്ക്ക് 50 രൂപയാണ് ചാർജ്ജ് വന്നത്. എന്തായാലും ഒരു വ്യത്യസ്തത അല്ലേ…
അങ്ങനെ ഞങ്ങൾ കുറെ യാത്ര ചെയ്തുകഴിഞ്ഞപ്പോൾ നല്ല വിശപ്പ് അനുഭവപ്പെടാൻ തുടങ്ങി. വഴിയരികിൽ കണ്ട നല്ലതെന്നു തോന്നിച്ച ഒരു ധാബയിൽ ഞങ്ങൾ കയറി. നല്ല മീൻകറി ഊണ് ആയിരുന്നു ഞങ്ങൾ കഴിച്ചത്. ഒപ്പം പേരറിയാത്ത കുറെ കറികളൊക്കെ ഉണ്ടായിരുന്നു. അവയെല്ലാം നല്ല രുചിയുള്ളവയുമായിരുന്നു. ഊണിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
ഞങ്ങളുടെ യാത്രയ്ക്കിടെ ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ പത്തു കിലോമീറ്റർ ദൂരത്തായി ബംഗ്ലാദേശ് ബോർഡർ ആണെന്നു മനസ്സിലായി. അങ്ങനെ ഞങ്ങൾ അവിടേക്ക് യാത്രയായി. ബംഗ്ലാദേശിൽ കയറാൻ പറ്റിയില്ലെങ്കിൽ, ബോർഡർ എങ്കിലും ഒന്നു കാണാമല്ലോ എന്നു വിചാരിച്ചാണ് ഞങ്ങളുടെ ഈ യാത്ര. അതിർത്തിയോട് അടുത്തപ്പോൾ വഴിയരികിൽ കിലോമീറ്ററുകളോളം ട്രക്കുകൾ കിടക്കുന്നുണ്ടായിരുന്നു. വഴിയിലാണെങ്കിൽ മറ്റു വാഹനങ്ങളൊന്നും കാണുന്നുണ്ടായിരുന്നുമില്ല.
ഒടുവിൽ ഞങ്ങൾ അതിർത്തിയിൽ എത്തിച്ചേർന്നു. ഒരു രാജ്യാതിർത്തി ആണെന്നു തോന്നിക്കത്തക്കവിധത്തിലുള്ള യാതൊരു തിരക്കും ബഹളവുമൊന്നും അവിടെ ഉണ്ടായിരുന്നില്ല. ബോർഡറിലെ ചെക്ക്പോസ്റ്റിൽ ഉണ്ടായിരുന്ന CISF കാരെ കമ്പനിയടിച്ച് അനുവാദം വാങ്ങിയശേഷം വണ്ടി ഇന്ത്യൻ അതിർത്തിയിൽ ഇട്ടിട്ടു അതിർത്തി ലൈൻ വരെ നടന്നു പോയി കണ്ടു. അങ്ങനെ ഞങ്ങളുടെ ഈ യാത്രയിൽ പ്ലാനിലുണ്ടാകാതിരുന്ന ഒരു രാജ്യം കൂടി കണ്ടു.
പിന്നീടുള്ള വഴിയിൽ ആകെ തിരക്ക് ആയിരുന്നതിനാൽ ഗൂഗിളിന്റെ സഹായത്തോടെ ഞങ്ങൾ മറ്റൊരു എളുപ്പവഴി കണ്ടെത്തി യാത്ര തുടർന്നു. പക്കാ ലോക്കൽ ഗ്രാമത്തിലൂടെയായിരുന്നു ഞങ്ങളുടെ യാത്രകൾ. കൊൽക്കത്തയിൽ കാണുന്ന പരിഷ്ക്കാരങ്ങൾക്കുമപ്പുറം വളരെ സാധാരണക്കാരായ, അന്നന്നത്തെ അന്നത്തിനു രാവന്തിയോളം പണിയെടുക്കുന്ന ആളുകളുടെ ജീവിതം കൂടി ഞങ്ങൾ കണ്ടു. അങ്ങനെ നേരം ഇരുട്ടിയപ്പോഴും ഞങ്ങൾ ലക്ഷ്യസ്ഥാനമായ സിലിഗുരിയിൽ നിന്നും ഏതാണ്ട് നൂറു കിലോമീറ്ററുകൾ അകലെയായിരുന്നു.
ഒടുവിൽ ഏറെ നേരത്തെ രാത്രിയാത്രയ്ക്കു ശേഷം സിലിഗുരിയിൽ എത്തിച്ചേർന്നു. അവിടെ ഞങ്ങൾക്കായി റൂം മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. അവിടെ സലീഷേട്ടൻ നേരത്തെ തന്നെ വന്നു ചെക്ക് ഇൻ ചെയ്തിരുന്നു. ഞങ്ങൾ ആ ഹോട്ടലിൽ എത്തിയപാടെ, വഴിയരികിൽ നിന്നും സലീഷേട്ടൻ ഓടിവന്നു. ഇനി വീഡിയോയൊക്കെ എഡിറ്റ് ചെയ്തശേഷമേ ഞങ്ങൾക്ക് കിടന്നുറങ്ങുവാൻ പറ്റുകയുള്ളൂ. അതിനുശേഷം ഡിന്നറൊക്കെ കഴിച്ച ശേഷം ഉറക്കം. ബാക്കി വിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ…
Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 89739 50555. 3) Goosebery Mens Apparel: http://goosebery.co.in (TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.