വിവരണം – Jamshid Puthiyedath.
70 ഹെയർപിൻ വളവുകളോടുകൂടിയ ചുരം എന്ന് കേട്ട നാൾ മുതൽ ആഗ്രഹം തുടങ്ങിയിരുന്നു , കൊല്ലിമല വരെ പോവാൻ . മുൻപ് ഹെയർപിൻ വളവുകളുടെ എണ്ണക്കൂടുതൽ കാരണമായിരുന്നു വാൽപ്പാറ പോയത് . അന്ന് കൂടെ ഉണ്ടായിരുന്ന കൂട്ടുകാരോടുതന്നെ കുറച്ചുനാളായി ഈ ആഗ്രഹം വച്ച് ചർച്ചയും തുടങ്ങി. പോവാനുള്ള ദിവസം തീരുമാനിച്ചതോടെ ഓരോ ദിവസവും ആൾബലത്തിന്റെ എണ്ണത്തിൽ അവരോഹണം നടന്നുകൊണ്ടിരുന്നു . ഏഴാം തിയ്യതി വൈകിട്ട് ഏഴുപേർ ഉണ്ടാവുമെന്നു കരുതിയെങ്കിലും എട്ടിന് രാവിലെ ആറരയ്ക്ക് യാത്ര തുടങ്ങുമ്പോൾ അത് അഞ്ചുപേരായി ചുരുങ്ങി . എങ്കിലും യാത്രയ്ക്കുദ്ദേശിച്ചിരുന്ന വാഹനം ഞങ്ങൾ മാറ്റാൻ പോയില്ല.
ഈ യാത്രയ്ക്ക് മറ്റൊരു ഉദ്ദേശം കൂടിയുണ്ടായിരുന്നു. വര്ഷങ്ങളായി തമിഴ്നാട്ടിൽ പലയിടങ്ങളിലായി ബേക്കറി ബിസിനെസ്സ് നടത്തുന്ന പ്രിയ സുഹൃത്തിന്റെ സേലത്തുള്ള വീട്ടിൽ പോവുക, അവന്റെ പുതിയ ബ്രാഞ്ചുകൾ സന്ദർശിക്കുക തുടങ്ങി നല്ലൊരു സമയം അവനോടൊത്ത് ചെലവഴിക്കുക എന്നുകൂടി മനസ്സിൽ കരുതിയിരുന്നു . ആറരയ്ക്ക് തുടങ്ങിയ യാത്രയിൽ മണ്ണാർക്കാട് വച്ചു പ്രഭാത ഭക്ഷണം ഒമ്പതുമണിയോടെ കഴിച്ചു . അവിനാശി എത്തുമ്പോൾ അവിടെയുള്ള സുഹൃത്തിനെ ബന്ധപ്പെടാൻ സേലം സേട്ട് നിദ്ദേശിച്ചിരുന്നു . അവിടുന്നുകിട്ടിയ സത്കാരം ജീവിതത്തിൽ ഒരിയ്ക്കലും മറക്കാത്തതാവണമെന്ന് എന്തോ നിര്ബന്ധമുള്ളപോലെയായിരുന്നു അവരുടെ തീന്മേശയിൽ അവർ നിറച്ചുവച്ചത്കണ്ടപ്പോൾ തോന്നിയത് .
ഏകദേശം രണ്ടു മണിക്കൂർ ചെലവഴിച്ച് അവിനാശിയിൽ നിന്നും വിട പറയുമ്പോൾ ഡ്രൈവിംഗ് സീറ്റ് കൂട്ടത്തിലുള്ള പോലീസുകാരന് കൈമാറി . ടോൾ റോഡിലൂടെ മാത്രം സഞ്ചരിച്ച് നാലുമണിയോടെ ഞങ്ങൾ സേലം റെയിൽവേ സ്റ്റേഷന് അടുത്തുള്ള പുതുറോഡ് എന്ന സ്ഥലത്തുള്ള പ്രിയ സുഹൃത്തിന്റെ വീട്ടിലെത്തി. അവിടത്തുകാർ ചായ കുടിക്കുമ്പോലെ ചായ കുടിച്ചു കുശലം പറച്ചിലുകൾക്കു ശേഷം അവനോടൊത്തു അവന്റെ സേലം നഗരപരിധിയിലുള്ള ബ്രാഞ്ചുകളിലെല്ലാം സന്ദർശനം നടത്തി. ഞങ്ങൾ അഞ്ചുപേര് ഉണ്ടായിരുന്നതുകൊണ്ട് അവൻ ശരവണയിൽ ഒരു റൂം ബുക്ക് ചെയ്തുവച്ചിരുന്നു. ചെറിയൊരു ഷോപ്പിങ്ങിനും വലിയൊരു നോൺ വെജ് ഡിന്നറിനും ശേഷം കഥപറഞ്ഞിരിക്കാൻ തുടങ്ങി. ഉറങ്ങാൻ സമയമായപ്പോൾ ഉറങ്ങി.
കാലത്ത് ഏഴുമണിയോടെ എല്ലാവരും റെഡിയായി. അവനോട് യാത്രയും പറഞ്ഞ് ഞങ്ങൾ ശ്രീനഗർ – കന്യാകുമാരി ഏഷ്യൻ ഹൈവേയിലൂടെ (NH44 ) സേലത്തുനിന്നും നാമക്കൽ റൂട്ടിൽ യാത്ര തുടർന്നു. യഥാർത്ഥ ഹൈവേ യാത്രയുടെ സുഖമറിയേണമെങ്കിൽ തമിഴ്നാട്ടിലൂടെത്തന്നെ പോവണമെന്ന് വീണ്ടും വീണ്ടും മനസ്സിലായി എല്ലാര്ക്കും. രാസിപുരവും കഴിഞ്ഞ് കാലങ്കനി എന്ന സ്ഥലത്തു നിന്നും ഇടത്തോട്ട് തിരിയാൻ ഗൂഗിൾ നിർദ്ദേശം വന്നു. പ്രത്യേകതരം പനകളും വൃക്ഷങ്ങളുമൊക്കെയായി വളരെ മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ അവിടം മുതൽ ഞങ്ങൾക്ക് വിരുന്നേകി.
കാലത്തുമുതൽ അറുപതുകിലോമീറ്റർ ഓടിയപ്പോൾ കാരവല്ലി എന്ന താഴ്വാരക്കവലയിൽ എത്തി. വിശപ്പ് വന്നു തുടങ്ങിയിട്ടില്ലാത്തതിനാലും ഭക്ഷണം വല്ലതും കഴിച്ചാൽ “ഒരു മണിക്കൂർ കർമ്മം” നിർബന്ധമായും ചെയ്യേണ്ടുന്നവർ കൂട്ടത്തിൽ ഉണ്ടായിരുന്നതിനാലും കൂട്ടുകാരന്റെ ബേക്കറിയിൽ നിന്നും അടിച്ചുമാറ്റിയ രണ്ടുമൂന്നു പാക്കറ്റ് ബ്രെഡും ബണ്ണും ജാമും മറ്റുമൊക്കെ വണ്ടിയിലുണ്ടായിരുന്നതിനാലും എവിടെയും നിർത്താതെ ഞാൻ ഡ്രൈവിംഗ് തുടർന്നു.
എഴുപതാം വളവിലും അല്പം സമയം ചെലവഴിച്ചു. ശേഷം സോലക്കാട് എന്ന ആ മലയോരക്കവലയിലാണ് ഞങ്ങൾ എത്തിച്ചേർന്നത്. ആകായഗംഗൈ എന്ന പേരിലുള്ള പ്രശസ്ത വെള്ളച്ചാട്ടം കാണുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അരപ്പലീശ്വര കോവിലിനടുത്തുള്ള ആ വെള്ളച്ചാട്ടത്തിലേക്ക് പോകും വഴി ആ നാട്ടുകാരനും ചെന്നൈയിൽ ജോലി ചെയ്യുന്നവനുമായ ഗോകുലിനെ സെമ്മേട് എന്ന സ്ഥലത്തുവച്ചു കണ്ടു. പുള്ളിക്കാരന്റെ നിർദ്ദേശപ്രകാരം, വെള്ളം വളരെ കുറവുള്ള വെള്ളചാട്ടക്കാഴ്ച ഒഴിവാക്കി ഒരുപാടു കൊച്ചുകൊച്ചു ഗ്രാമങ്ങൾ ചേർന്ന വാളവന്തിനാട് കാണാൻ തീരുമാനിച്ചു. ഗോകുലിനോട് യാത്ര പറഞ്ഞു ഏകദേശം രണ്ടു കിലോമീറ്ററിനുള്ളിലായിത്തന്നെ നല്ലൊരു വ്യൂ പോയിന്റ് കാണുകയും ചെയ്തു. അല്പം മുന്നോട്ടുപോയപ്പോൾ പൂന്തോട്ടം എന്നയിടത്ത് ഒരു ചായക്കട കണ്ടു. ഓരോ ചായയും ലഘുപലഹാരങ്ങളും കഴിച്ചു അടുത്ത ലക്ഷ്യമായ വല്ലാർകുടിയിലെ അഗ്രി വ്യൂ പോയിന്റ് ലക്ഷ്യമാക്കി കൂട്ടത്തിലെ ബിസിനസ്സ്മാൻ വണ്ടിയോടിച്ചു.
ഒരു കാടിന്റേതായ എല്ലാ സ്വഭാവവും ഉള്ളൊരിടത്തേക്ക് ഞങ്ങൾ എത്തിച്ചേർന്നു. കുറച്ചുദൂരം മുൻപോട്ടു പോകവേ ഒരു വാച്ച് ടവർ കാണാനിടയായി. കുഞ്ഞു കാർമേഘങ്ങൾ മഴത്തുള്ളി പൊഴിക്കുകയും ചെയ്തു. വാച്ച് ടവറിന്റെ ഉച്ചിയിലും മധ്യഭാഗത്തും അടുത്തായുള്ള പാറമേലുമൊക്കെ കയറി എല്ലാ ഭാഗത്തേക്കും നോക്കിയെങ്കിലും വിവിധയിനം പക്ഷികളുടെ പശ്ചാത്തല സംഗീതം പോലത്തെ ശബ്ദമല്ലാതെ ഒരു ജീവിയേയും എങ്ങും കണ്ടില്ല. നല്ല ഇടതൂർന്ന കാടാണെങ്കിലും പ്രത്യേകമായി ഏതെങ്കിലും ജീവികൾ വസിക്കുന്ന ഇടമാണെന്ന ബോർഡൊന്നും ഫോറെസ്റ് / വൈൽഡ്ലൈഫ് ഡിപ്പാർട്മെന്റിന്റെതായി എങ്ങും കണ്ടതുമില്ല.
അവിടുന്ന് മടങ്ങാനൊരുങ്ങവേ ഞങ്ങൾ മറ്റു വഴികൾ അന്വേഷിച്ചു. കുറച്ചധികം കാർഷിക വൈവിധ്യങ്ങൾ ഞങ്ങൾ ആ മലയോരഗ്രാമത്തിൽ പ്രതീക്ഷിച്ചിരുന്നു. കുരുമുളകും, തട്ടുതട്ടായുള്ള നെൽകൃഷിയും , കാട്ടുകൈതയും കദളിയുമൊക്കെ അവിടത്തെ പ്രധാന കൃഷികളായിത്തോന്നി. മടക്കയാത്രയിൽ കണ്ട തേനാർ എന്ന ഗ്രാമം ഞങ്ങളെ വല്ലാതെ ആകർഷിച്ചു. ചെറിയൊരിടമെങ്കിലും മലയും പാറയും പറമ്പും വയലും നെല്ലും പുളിമരവും കൊത്തങ്കല്ലു കളിക്കുന്ന കൊച്ചുകുട്ടികളുമെല്ലാം മനോഹരമായൊരു ഫ്രെയിം അയിത്തോന്നി. അവിടത്തെ കാറ്റിന് ഒരു പ്രത്യേക കുളിരനുഭവപ്പെട്ടു. അതിനാൽത്തന്നെ കുറച്ചു സമയമധികമായി അവിടെ ചെലവഴിക്കുകയും ചെയ്തു.
സോലക്കാട് ലക്ഷ്യമാക്കിയുള്ള ആ ഡ്രൈവിൽ, പലതവണ കണ്ടെങ്കിലും, തിണ്ടീർപ്പട്ടിയും കഴിഞ്ഞ് നാത്തുഴിർപട്ടി എന്ന സ്ഥലത്തുവച്ചാണ് കാട്ടു കൈതച്ചക്കയുടെ അഥവാ wild pineapple ന്റെ രുചിയറിയാൻ ഞങ്ങൾക്ക് അവസരമുണ്ടായത്. സാധാരണ കൈതച്ചക്കയെക്കാൾ വലിപ്പവും കടുത്ത നിറവും ഒക്കെയുള്ള ആ കൈതച്ചക്കയ്ക്ക് പക്ഷെ ഞങ്ങൾ പ്രതീക്ഷിച്ച രുചിയില്ലായിരുന്നു. എന്നാലും അൻപതു രൂപയ്ക്ക് കഴിയ്ക്കാൻ പാകത്തിൽ തൊലി കളഞ്ഞ് കഷണങ്ങളാക്കി ഒരു പ്ലേറ്റില് ഉപ്പും മുളകും ചേർത്തുവച്ച് ആ അക്ക വച്ചുതന്നതുകൊണ്ട് ഒരു കഷണം പോലും ബാക്കിയായില്ല. അതുപക്ഷേ, ഗുരുതര പ്രത്യാഘാതങ്ങൾക്ക് തുടക്കം കുറിച്ചു എന്നത് മറ്റൊരു കാര്യം. ഒരു “കോളിളക്കത്തിനുള്ള” കാരണമാവുകയായിരുന്നു ആ കൈതച്ചക്ക. പ്രകൃതിയുടെ വിസ്മയിപ്പിക്കുന്ന സമ്മാനങ്ങളായി പല നിറങ്ങളിലുള്ള പൂക്കളും വടുവൃക്ഷങ്ങളുമൊക്കെ പലയിടത്തും കണ്ടു. ആസ്വദിച്ചു.
കറുത്തമണി എന്ന സ്ഥലവും കഴിഞ്ഞ് ഞങ്ങൾ എത്തിച്ചേർന്നത് അരിയൂർസോലൈ എന്നയിടത്താണ്. കുളിവളവ് മുതൽ സോലക്കാട് വരെയുള്ള എട്ട് ഹെയർപിൻ വളവുകളുള്ള ചുരത്തിന്റെ നാലാം വളവുള്ള ഇടമാണ് അരിയൂർസോലൈ. അങ്ങിനെ ആ ചുരവും താണ്ടി ഞങ്ങൾ സോലക്കാടെന്ന കൊല്ലിമലയുടെ പ്രധാന കവലയിൽ വീണ്ടുമെത്തി. അവിടത്തെ മാർകെറ്റിലൊക്കെ ഒന്ന് കറങ്ങിയ ശേഷം ചുരമിറങ്ങാൻ തുടങ്ങി. ഭക്ഷണത്തേക്കാൾ പ്രാധാന്യം “കോളിളക്കത്തിന്” ആയിരുന്നു എന്ന് മനസ്സിലാക്കിയ നിമിഷങ്ങളായിരുന്നു കടന്നുപോയത്.എങ്കിലും ചുരമിറങ്ങിത്തീരുമ്പോൾ കണ്ട മാവിൻ ചുവട്ടിലെ പച്ചമാങ്ങാ മുളകിട്ടു കഴിക്കാൻ ഞങ്ങൾക്ക് ഒട്ടും വൈഷമ്യം ഉണ്ടായില്ല. തുടർന്നങ്ങോട്ട് പോലീസുകാരൻ തന്റെ സ്പീഡ് പരീക്ഷണങ്ങൾ പരീക്ഷിച്ചുകൊണ്ടുതന്നെ ഡ്രൈവിംഗ് സീറ്റ് ഉപയോഗപ്പെടുത്തി.
നാമക്കൽ ടൌൺ എത്തുന്നതിനുമുന്പായിത്തന്നെ ഞങ്ങൾ മാപ്പിൽ കരൂർ സെറ്റ് ചെയ്തിരുന്നു. നാമക്കൽ പരിധിയിൽ വച്ചുതന്നെ “കോളിളക്കം ” നടത്താനായും ഇന്ധനം നിറയ്ക്കാനായും ഒരു പമ്പിൽ കയറി. നല്ലൊരു വെജിറ്റേറിയൻ ഭക്ഷണം ഉദ്ദേശിച്ചുകൊണ്ട് ഞങ്ങൾ, മോഹനൂർ വഴി കരൂർ നഗരത്തിലെ “അഡയാർ ആനന്ദഭവൻ” ലൊക്കേഷൻ സെറ്റ് ചെയ്തു. കാവേരി നദിയുടെ ഒരുകിലോമീറ്ററിൽ ഏറെ നീളമുള്ള പാലവും കടന്നു ആ സ്റ്റേറ്റ് ഹൈവേയിലൂടെ ഞങ്ങൾ കരൂരിനടുത്തെത്തി.
താരതമ്യേന ചെറുതും , വലിയൊരു ബിസിനെസ്സ് നടക്കാത്ത ഔട്ലെറ്റും , ഞങ്ങൾ ചെന്ന സമയം അസമയം ആയതിനാലുമൊക്കെത്തന്നെ അവിടന്നു പ്രതീക്ഷിച്ച ക്വാളിറ്റിയിലുള്ള ഒന്നും കിട്ടിയില്ല. സർവീസ് വളരെ മോശമായിത്തോന്നിയതിനാൽ അവിടുത്തെ മാനേജരെ വിളിച്ചുവരുത്തി കാര്യം അവതരിപ്പിക്കുകയും ചെയ്തു. വീണ്ടുമൊരു “കോളിളക്കത്തിന് ” ശേഷം ആ നഗരത്തിരക്കും കണ്ടുകൊണ്ട് ഞങ്ങൾ NH81 ലേക്ക് പ്രവേശിച്ചു. സന്ധ്യാരമ്പത്തോടെ ഞങ്ങൾ വെള്ളൈകോയിൽ എന്ന എന്റെയൊരു ഇഷ്ടദേശം കടന്നു. കാങ്കയവും പല്ലടവും പിന്നിട്ട് സുളൂർ എത്തുമ്പോൾ വീണ്ടുമൊരു തമിഴ്നാടൻ ചായ എല്ലാവരും കൊതിച്ചു.
ചായയും ആ കൊച്ചു പ്രദേശത്തെ ചുമ്മാതുള്ള അലച്ചിലും കഴിഞ്ഞു ഞങ്ങൾ വണ്ടിയിൽ കയറി. അല്പം സഞ്ചരിച്ചപ്പോൾ NH 544 ൽ പ്രവേശിച്ചു. കുറച്ചു ടോൾ ഒക്കെ കൊടുത്തുകൊണ്ട് എക്സ്പ്രസ്സ് ഹൈവേയിലൂടെ സഞ്ചരിച്ചു. പാലക്കാട് കടന്നു കുറച്ചു കഴിഞ്ഞപ്പോൾ വണ്ടി ഓടിച്ചയാൾക്ക് ഇടയ്ക്കിടെ ഉണ്ടാവാറുള്ള “കോളിളക്കം” വന്നതിനാൽ വണ്ടി നിർത്തിയപ്പോഴാണ് പിൻസീറ്റിലായിരുന്ന എന്റെ മയക്കം മാറിയത്.
മണ്ണാർക്കാട് റൂട്ടിൽ റോഡുപണി തകൃതിയായി നടക്കുന്നതിനാൽ , ഞങ്ങൾ മുണ്ടൂർ നിന്നും നേരെ തൂത വഴി പെരിന്തല്മണ്ണയ്ക്കുള്ള റോഡ് പിടിച്ചു. ചെറിയൊരു ഡിന്നർ മാമാങ്കത്തിനും വീണ്ടുമൊരു കോളിളക്കത്തിനും ശേഷം കോട്ടക്കലുകാരൻ സാദിക്കിനെ മലപ്പുറം റൗണ്ടിലിറക്കി ഞങ്ങൾ യാത്ര തുടർന്ന്നു . രാത്രി ഒരു മണിയോടെ 943 കിലോമീറ്റർ ഓടിയ ആ യാത്ര അവസാനിപ്പിച്ചു, വളരെ നല്ല ഓർമ്മകളോടെ….
സഞ്ചരിച്ച റൂട്ട് : കോഴിക്കോട് -പാലക്കാട് -അവിനാശി -സേലം -കാരവല്ലി -കൊല്ലിമലൈ (സോലക്കാട്),കൊല്ലിമലൈ -കാരവല്ലി -നാമക്കൽ -കരൂർ -വെള്ളൈകോയിൽ -സുളുർ -പാലക്കാട് -കോഴിക്കോട്.