ഗ്രാമങ്ങളും വിജനമായ ഹൈവേകളും ലോറിത്താവളങ്ങളും കണ്ടുകൊണ്ട് കൊൽക്കത്തയിലേക്ക്…

ഒഡിഷയിലെ കൊണാർക്ക് ക്ഷേത്രത്തിൽ നിന്നും ഞങ്ങൾ കൊൽക്കത്ത ലക്ഷ്യമാക്കി യാത്ര തുടങ്ങി. വളരെ ഗ്രാമീണത നിറഞ്ഞ പ്രദേശങ്ങളിലൂടെയായിരുന്നു ഞങ്ങൾ കടന്നുപോയത്. ഈ യാത്രയിൽ ഇതുവരെ വന്നതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഒഡിഷ ആണ്. കേരളത്തോട് അൽപ്പം സാമ്യമുള്ളതിനാലായിരിക്കണം. കുട്ടനാട് പോലത്തെ പടങ്ങൾ നിറഞ്ഞ ഒരു പ്രദേശത്തു കൂടിയായിരുന്നു ഞങ്ങൾ പൊയ്‌ക്കൊണ്ടിരുന്നത്. പാടത്തിനു നടുവിൽ കോൺക്രീറ്റ് ചെയ്ത റോഡിലൂടെ മറ്റു വാഹനങ്ങൾ ഒട്ടുംതന്നെ ഞങ്ങൾ കണ്ടില്ല. വല്ലപ്പോഴും എതിരെ വരുന്ന ലൂണ പോലത്തെ ടൂവീലറുകളായിരുന്നു ആകെക്കൂടി കണ്ടത്.

ഗ്രാമാന്തരീക്ഷത്തിലൂടെ യാത്ര ചെയ്തു ഞങ്ങൾ ഒടുവിൽ ഹൈവേയിൽ എത്തിച്ചേർന്നു. ഞങ്ങൾക്കാണെങ്കിൽ നല്ല വിശപ്പും ഉണ്ടായിരുന്നു. ഹൈവേയുടെ ഓരത്ത് ഹോട്ടലാണെന്നു തോന്നിച്ച ഒരു കടയിലേക്ക് ഞങ്ങൾ കയറി. പക്ഷെ ചെന്നപ്പോഴാണ് മനസ്സിലായത് അത് പലതരം പലഹാരങ്ങൾ വിൽക്കുന്ന സ്ഥലമാണെന്ന്. അവിടെ ചെന്നപ്പോഴേ ഞങ്ങൾക്ക് ഏരിയ അത്ര പിടിച്ചില്ല. പലഹാരങ്ങളിലൊക്കെ ഈച്ചയാർക്കുന്ന കാഴ്ച അവിടെ നിന്നും ഭക്ഷണം കഴിക്കുന്നതിൽ നിന്നും ഞങ്ങളെ പിന്തിരിപ്പിച്ചു. ഉണ്ടാകില്ലെന്നറിഞ്ഞിട്ടും ചോറ് ഉണ്ടോയെന്നു ചോദിച്ചു, ഇല്ലായെന്ന മറുപടിയും കേട്ടു ഞങ്ങൾ തിരികെ വണ്ടിയിൽ കയറി യാത്ര തുടർന്നു.

കുറച്ചു ദൂരം പോയപ്പോൾ ഹൈവേയുടെ അരികിൽ ഒരു ധാബ കണ്ടു. ധാബയ്ക്ക് മുന്നിൽ കയർ കൊണ്ടുള്ള കട്ടിലിലിരുന്നുകൊണ്ട് ലോറിക്കാരൊക്കെ ആസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നതു കണ്ടു. ഞങ്ങൾ അകത്തു കയറി ചോറും കറികളും ഓർഡർ ചെയ്തു. കൂടെ സ്പെഷ്യലായി ചിക്കൻ കറിയും കൂടി പറഞ്ഞു. ഭക്ഷണമെല്ലാം നല്ല രുചിയുള്ളതായിരുന്നു. രണ്ടുപേർക്കും കൂടി 235 രൂപയായി. ഞങ്ങൾ ഭക്ഷണവും കഴിച്ചു സംതൃപ്തിയോടെ ധാബയ്ക്ക് പുറത്തേക്കിറങ്ങി. ലോറിക്കാർക്ക് വിശ്രമിക്കുന്നതിനും കുളിക്കുന്നതിനുമൊക്കെ ധാബയുടെ പുറത്ത് സൗകര്യങ്ങൾ അവർ ലഭ്യമാക്കിയിരുന്നു. അങ്ങനെ ഞങ്ങൾ ബംഗാളിലേക്കുള്ള യാത്ര തുടർന്നു.

കൊൽക്കത്തയിലേക്കുള്ള ഹൈവേയിൽ വാഹനങ്ങൾ വളരെ കുറവായിരുന്നു. റോഡിന്റെ ഗുണമേന്മയും തിരക്കില്ലാത്തതും കാരണം ഞങ്ങളുടേത് അടക്കമുള്ള വണ്ടികൾ നൂറു കിലോമീറ്റർ വേഗതയിൽ പാഞ്ഞു പോയ്‌ക്കൊണ്ടിരുന്നു. ഞങ്ങളെക്കൂടാതെ പിന്നെ ട്രക്കുകൾ ആയിരുന്നു ഈ റൂട്ടിലധികവും പൊയ്‌ക്കൊണ്ടിരുന്നത്. കൊൽക്കത്ത എത്താറാകുമ്പോഴേക്കും ട്രക്കുകളുടെ പൂരമായിരിക്കും കാണാൻ കിടക്കുന്നതെന്നു ഞങ്ങൾക്ക് മനസ്സിലായി. അങ്ങനെ ഞങ്ങൾ പോലുമറിയാതെ ഞങ്ങളുടെ വണ്ടി ഒഡിഷ വിട്ടു ബംഗാളിലേക്ക് കയറി. വഴിയിൽ ബോർഡർ എന്നു തോന്നിക്കുന്ന തരത്തിൽ ഒരു ബോർഡ് പോലും കണ്ടില്ല. ഞങ്ങൾ ബോർഡർ താണ്ടിയെന്നു മനസിലാക്കിയത് ഗൂഗിൾ മാപ്പ് നോക്കിയപ്പോഴാണ്.

നേരം ഇരുട്ടിയതോടെ ഞങ്ങൾ കൊൽക്കത്ത നഗരത്തിലേക്ക് പ്രവേശിച്ചു. രാത്രിയിൽ നല്ല കളർഫുൾ ആയിരുന്നു കൊൽക്കത്ത നഗരം. അത്യാവശ്യം നല്ല രീതിയിൽത്തന്നെ അവിടെ ട്രാഫിക് കൈകാര്യം ചെയ്യുന്നുണ്ട് എന്ന് അതുവഴി സഞ്ചരിച്ചപ്പോൾ ഞങ്ങൾക്ക് മനസ്സിലായി.

കൊൽക്കത്തയിൽ Gallery 67 എന്ന ഒരു ഹോട്ടലിൽ രണ്ടു ദിവസത്തേക്ക് 4993 രൂപയ്ക്ക് എസി റൂം ഓൺലൈൻ ബുക്കിംഗ് വഴി ലഭ്യമായി. നല്ല മികച്ച സൗകര്യങ്ങളുള്ള റൂമായിരുന്നു ഞങ്ങൾക്ക് ലഭിച്ചത്. ഇത്രയും ദൂരം യാത്ര ചെയ്ത ഞങ്ങൾ വളരെ ക്ഷീണിതനായിരുന്നു. അതുകൊണ്ട് ഞങ്ങൾ ഡിന്നർ കഴിച്ചതിനു ശേഷം വീഡിയോയും പെട്ടെന്ന് എഡിറ്റ് ചെയ്തിട്ട് എളുപ്പം കിടന്നുറങ്ങി. ഇനി നാളെ കൊൽക്കത്ത നഗരം എക്‌സ്‌പ്ലോർ ചെയ്യാൻ പോകേണ്ടതാണ്. ആ വിശേഷങ്ങളൊക്കെ അടുത്ത വീഡിയോയിൽ കാണാം.

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 89739 50555. 3) Goosebery Mens Apparel: http://goosebery.co.in (TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.