കേരളത്തിലെ ഏറ്റവും വലിയ സേവനദാതാക്കളാണ് സ്വകാര്യ ബസ് സര്‍വീസുകള്‍. പൊതുജനങ്ങള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന യാത്രാ മാധ്യമം. പബ്ലിക്ക് ട്രാന്‍പോര്‍ട്ട് സിസ്റ്റം താരതമ്യേന കുറവുള്ള കേരളത്തില്‍ ജനങ്ങളെ ഏറ്റവുമധികം സഹായിക്കുന്നതും ശിക്ഷിക്കുന്നതും ഇക്കൂട്ടര്‍ തന്നെ. കേരളത്തില്‍ സര്‍വീസ് നടത്തുന്ന 70ശതമാനവും ബസ്സുകള്‍ സ്വകാര്യ സംരംഭകരില്‍ നിന്നുള്ളതാണ്. പേരില്‍ സേവനമുണ്ടെങ്കിലും മത്സരയോട്ടവും, മോശമായ പെരുമാറ്റവും കൊണ്ട് ജനങ്ങളെ ശിക്ഷിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് സ്വകാര്യ ബസുകള്‍ എന്നാണല്ലോ പൊതുവെയുള്ള ധാരണകൾ.
ജനദ്രോഹ നടപടികളുടെ പേരില്‍ ബസ് സര്‍വീസുകളെ കുറ്റപ്പെടുത്തുന്നവര്‍ കോട്ടയം ജില്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കൊണ്ടോടി മോട്ടോഴ്സിനെ പരിചയപ്പെടണം. ജനദ്രോഹമല്ല, ജനസേവനമാണ് കോണ്ടോടി മോട്ടോഴ്സിന്റെ ലക്ഷ്യമെന്ന് സ്ഥിരം യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ജനമനസുകളില്‍ സ്ഥാനം പിടിച്ച ബസ് എന്ന കൊണ്ടോടിയെ ഒറ്റവാചകത്തില്‍ വിശേഷിപ്പിക്കാം.
കോട്ടയം കുമളി റൂട്ടിലോടുന്ന ബസ്സുകളില്‍ കോണ്ടോടി മോട്ടോഴ്സിന്റെ ബസുകള്‍ക്ക് ഫൈവ് സ്റ്റാര്‍ പദവിയാണ്. 1972 ല്‍ ടോം തോമസിന്റെ നേതൃത്വത്തില്‍ കോട്ടയത്താണ് കൊണ്ടോടി മോട്ടാഴ്സിന്റെ ജനനം. തുടക്കം കൊണ്ടോടി മോട്ടോഴ്സ് എന്ന സ്വകാര്യ ബസ് സര്‍വ്വീസിലായിരുന്നെങ്കിലും വളരെ പെട്ടന്നു തന്നെ ഈ മേഖലയിലെ ബുദ്ധിമുട്ടുകള്‍ ടോം തോമസ് തിരിച്ചരിഞ്ഞു. അതിനു ശേഷമാണ് 1974ല്‍ കൊണ്ടോടി ഓട്ടോക്രാഫ്റ്റ് എന്ന പേരില്‍ ബോഡി ബില്‍ഡിങ് വര്‍ഷോപ്പ് ടോം തോമസ് സ്ഥാപിക്കുന്നത്. താനടക്കമുള്ള ബസ് ഉടമകള്‍ നേരിടുന്ന പ്രശന്ങ്ങളാണ് ബോഡി ബില്‍ഡിങ് എന്ന ആശയത്തിന് കൊണ്ടോടി മോട്ടോഴ്സിനെ പ്രേരിപ്പിച്ചതെന്ന് ടോം തോമസ് പറയുന്നു. അക്കാലങ്ങളില്‍ ബസ് ഉടമകള്‍ ബോഡി ബില്‍ഡിങ്ങിന് ആശ്രയിച്ചിരുന്നത് അന്യ സംസ്ഥാനങ്ങളെയായിരുന്നു.
കോട്ടയത്തിന്റെ കിഴക്കന്‍മേഖലയില്‍ സ്വന്തമായി സര്‍വ്വീസുണ്ടായിരുന്ന കൊണ്ടോടി മോട്ടോഴ്സിനെ പലപ്പോഴും അലട്ടിയിരുന്ന പ്രശ്നമായിരുന്നു ബസ് ബോഡി ബില്‍ഡിങിന് സ്ഥലമില്ല എന്നുള്ളത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബസ് വ്യവസായത്തിലും, ബസ്സുകളുടെ എണ്ണത്തിലും കേരളത്തിലെ സ്വകാര്യ ബസ്സുകള്‍ വളരെ പിന്നിലാണ്. മാത്രമല്ല അമിതവേഗവും, മത്സരയോട്ടവും, സ്ഥിര അപകടങ്ങളും മറ്റും പൊതുജനങ്ങളുടെ ശത്രുത പിടിച്ചുപറ്റുന്ന ഘടകങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. ബസ് ജീവനക്കാരുടെ പെരുമാറ്റങ്ങള്‍ പലപ്പോഴും പൊതുജനങ്ങളെ മുറിപ്പെടുത്തുന്നു. അവിടെയാണ് കൊണ്ടോടി മോട്ടോഴ്സ് വ്യത്യസ്ഥമാകുന്നത്. റൂട്ടിലോടുന്ന മറ്റ് ബസ്സുകളെ അപേക്ഷിച്ച് മത്സരയോട്ടത്തിനും കളക്ഷനുവേണ്ടിയുള്ള അമിതവേഗത്തിനും കൊണ്ടോടി കടിഞ്ഞാണിട്ടിരിക്കുന്നു. വിദ്യാഭ്യാസമുള്ള സല്‍സ്വഭാവികളായവര്‍ക്ക് മാത്രമേ കൊണ്ടോടി മോട്ടോഴ്സില്‍ ജോലി ലഭിക്കുകയുള്ളൂ.
‘മൈ ബസ്സ്’ എന്ന ആശയം മുന്‍നിര്‍ത്തി ഒരു സംഘം രൂപീകരിക്കുന്നതിനും കൊണ്ടോടി മുന്‍കൈയെടുത്തിട്ടുണ്ട്. സ്വകാര്യ ബസുകളുടെ പീഡനത്തിന് ഏറ്റവും അധികം ഇരയാകുന്നവരാണ് സ്കൂള്‍–കോളേജ് വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുക. കയറുന്നതിനു മുമ്പ് ബെല്‍ അടിക്കുക കയറ്റിയാല്‍ തന്നെ സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാതിരിക്കുന്ന എന്നിവ സ്വകാര്യ ബസ് ജീവനക്കാരുടെ `ഹോബി കളാണ്. എന്നാല്‍ കൊണ്ടോടി മോട്ടോഴ്സ് അവിടെയും ചരിത്രം മാറ്റി മറച്ചു. കേരളത്തില്‍ ആദ്യമായി സ്വകാര്യ മേഖലയില്‍ സ്റ്റുഡന്‍സ് ബസ് ആരംഭിച്ചതും കൊണ്ടോടി മോട്ടോഴ്സാണ്.
സ്വന്തമായി ബസ് സര്‍വ്വീസ് ഉണ്ടായിരുന്നതിനാല്‍ ബസ് ഉടമകള്‍ ദൈനംദിനം അനുഭവിക്കുന്ന പ്രശ്നങ്ങളെ ടോം തോമസിനും മക്കള്‍ക്കും നേരിടേണ്ടി വന്നു. അതിനാലാകണം ബോഡി ബില്‍ഡിങ്ങെന്ന മേഖലയിലേക്ക് തങ്ങള്‍ കടന്നുവരാനുള്ള പ്രധാന കാരണം– ടോം തോമസ് പറയുന്നു. തുടക്കത്തില്‍ സ്വന്തം ബസ് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചായിരുന്നു വര്‍ക്ക്ഷോപ്പ് സ്ഥാപിച്ചിരിന്നത് എങ്കിലും മറ്റ് ബസ് ഉടമകളുടെ ആവശ്യം പരിഗണിച്ച് ബസുകള്‍ നിര്‍മ്മിച്ചു നല്‍കുകയായിരുന്നു.
കോട്ടയം മേഖലയില്‍ നാല്പതോളം ബസ്സുകളുള്ള കൊണ്ടോടി മോട്ടോഴ്സ് മറ്റു ബസ് ഉടമകള്‍ക്കു വേണ്ടിയും ബസ് നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. കോട്ടയം നഗരത്തിലായിരുന്നു കൊണ്ടോടി ഓട്ടോക്രാഫ്റ്റിന്റെ തുടക്കം. ബസ് ബോഡി ബില്‍ഡിങിലേക്ക് മറ്റാരും കടന്നുവരാത്തതിനാലും, ബസ്സുകളുടെ ആവശ്യക്കാര്‍ പെരുകിയതിനാലും സ്ഥലപരിമിതി കോട്ടയം നഗരത്തിലെ കൊണ്ടോടി ഓട്ടോക്രാഫ്റ്റിനെ വലച്ചു.
2008 ല്‍ കോട്ടയം നഗരത്തില്‍ നിന്നും മാറി അയര്‍ക്കുന്നം ഗ്രാമത്തില്‍ എല്ലാ വിധ സൌകര്യങ്ങളോടും കൂടിയ കൊണ്ടോടി ഓട്ടോക്രാഫ്റ്റ് ഒരു കമ്പനിയായി തന്നെ പ്രവര്‍ത്തനമാരംഭിച്ചു. പുതിയ ടെക്നോളജികളെ എന്നും രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച കൊണ്ടോടി ബസ് ബോഡി ബില്‍ഡിങിലെ ടെക്നോളജികളെയും സഹര്‍ഷം വരവേറ്റു. കൊണ്ടോടി ഓട്ടോക്രാഫ്റ്റില്‍ ഉപയോഗിക്കുന്ന എല്ലാ ടെക്നോളജികളും സ്വന്തമായി ഡിസൈന്‍ ചെയ്തെടുത്തവയാണ്. ബസ്സ് നിര്‍മാണത്തിലുള്ള പഴയ രീതികളെ പൊളിച്ചടുക്കുന്നുണ്ട് കൊണ്ടോടി ഓട്ടോക്രാഫ്റ്റ് ഡിസൈനുകള്‍.
തടിയും ഇരുമ്പും ചേര്‍ത്തുള്ള കോമ്പസിറ്റ് രീതിയിലുള്ള ബസ്സ് ബോഡി നിര്‍മാണത്തെ പൂര്‍ണമായും ഉപേക്ഷിച്ച കൊണ്ടോടിയാണ് 100% സ്റ്റീല്‍ ബോഡി ഈ രംഗത്തെത്തിക്കുന്നത്. തടി ഉപയോഗിച്ച് സ്കെലിട്ടണ്‍ നിര്‍മിച്ചതിനുശേഷം അതില്‍ തകിട് യോജിപ്പിക്കുന്ന രീതി മാറ്റി തടിക്ക് പകരം ഗാല്‍വനൈസ്ഡ് അയണ്‍ (ജി.ഐ) പൈപ്പുകള്‍ ഉപയോഗിച്ച് സ്കെലിട്ടണ്‍ നിര്‍മ്മിക്കുകയും അതിലേക്ക് ജി.ഐ ഷീറ്റുകള്‍ യോജിപ്പിക്കുകയും ചെയ്യുന്നതിലൂടെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് പരിഗണന നല്കുന്നു.
ആദ്യമൊക്കെ മാസത്തില്‍ ഒരു വണ്ടി മാത്രമായിരുന്നു ഡെലിവറി സാധിച്ചിരുന്നതെങ്കില്‍ ഇന്നത് ദിവസം ഒന്ന് എന്ന തോതില്‍ ഉയര്‍ന്നിരിക്കുന്നു. തടി ഉപയോഗിച്ചുള്ള വാഹനങ്ങള്‍ക്ക് ഭാരം കുറവായിരിക്കും. മാത്രമല്ല തീപിടിച്ചാല്‍ പൂര്‍ണമായും നശിച്ചുപോകുകയും ചെയ്യും. ജി.ഐ പൈപ്പുകള്‍ക്ക് ഭാരം കൂടുമെന്നതിനാല്‍ സ്റ്റെബിലിറ്റി ധാരാളമായി ലഭിക്കും. അതേ പോലെ തന്നെ ബസ്സുകളുടെ സൈഡ് പാനലിങിന് ജിഐ ഷീറ്റുകളുടെ ഒറ്റ ഷീറ്റ് ഉപയോഗിച്ചാണ് ഫിനിഷിങ്. ചെലവ് കുറയുമെന്ന് മാത്രമല്ല, ദൃഢത ഉറപ്പു വരുത്തുന്നതിനും ഇത് സഹായിക്കുന്നു. അലുമിനിയം ഷീറ്റ് ഉപയോഗിച്ചാണ് പ്ലാറ്റ്ഫോം നിര്‍മാണം. ഉടമകള്‍ ബസ് ചേസിസ് വാങ്ങി നല്‍കണം. അങ്ങനെ നല്കിയാല് 20 പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ ബസ്സായി ഉടമയുടെ കൈയില്‍ തിരികെയെത്തും.
ഉടമകളുടെ ആവശ്യങ്ങളും, ഇഷ്ടങ്ങളും ഒരു പരിധി വരെ അംഗീകരിക്കുന്നതിന് കൊണ്ടോടി തയ്യാറാണെങ്കിലും കൊണ്ടോടിയുടെ ചില മാനദണ്ഡങ്ങള്‍ക്കപ്പുറം ഒരുപാട് മാറ്റങ്ങള്‍ ചെയ്യില്ല. കാരണം മറ്റൊന്നുമല്ല കസ്റ്റമൈസേഷന് ദീര്‍ഘ പ്രക്രിയ ആയതിനാല്‍ മറ്റ് ബസ്സുകളുടെ നിര്‍മാണവും ഡെലിവറി ദിവസവും വൈകും.
ഷട്ടറുള്ള ബസ്സുകളെക്കാള്‍ അധികം ചെലവുള്ള പ്രക്രിയയാണ് സൈഡ് ഗ്ലാസ്സുകളുള്ള ബസ്സുകള്‍ക്ക്. തുടര്‍ന്ന് സാധാരണ സീറ്റുകള്‍, പുഷ്ബാക്ക് സീറ്റുകള്‍, പുഷ്ബാക്ക് ലക്ഷ്വറി സീറ്റുകള്‍ തുടങ്ങി ഉടമകള്‍ നിഷ്കര്‍ഷിക്കുന്ന ഇന്റീരിയറുകള്‍ തയ്യാറാക്കും. ഇതിലൊന്നും യാതൊരു വിധ വിട്ടുവീഴ്ചയ്ക്കും കൊണ്ടോടി തയ്യാറല്ല. സ്പെയര്‍ പാര്‍ട്സുകളും, മറ്റ് സാധന സാമഗ്രികളും ഉന്നത നിലവാരത്തിലുള്ളവ മാത്രമേ ഉപയോഗിക്കൂ. ബസ്സ് ബോഡി ചെയ്ത് വരുന്നതിന്റെ നികുതി ബസ്സുടമകള്‍ അടയ്ക്കണം.
കേന്ദ്രസർക്കാർ നിർദേശിച്ചതനുസരിച്ചുള്ള ബോഡികോഡ് പ്രകാരം ബസ്ബോഡി നിർമിക്കാൻ കേരളത്തിൽ കൊണ്ടോടി മോട്ടോഴ്സിനു മാത്രമായിരുന്നു ലൈസൻസ് ആദ്യമായി ലഭിച്ചത്. തമിഴ്നാട്ടിലെ കരൂരിലും മറ്റുമാണ് വേറെ ഇത്തരം സ്ഥാപനമുള്ളത്. രൂപത്തിൽ മാത്രമല്ല ബസ്സിന്റെ പുതിയ ബോഡികോഡിൽ നിർമിച്ച ബസ്സിന്റെ പ്രത്യേകത. അതിൽ സൗകര്യങ്ങൾ ഏെറെയുണ്ട്. വേണ്ടത്ര അകലത്തിലുള്ള സീറ്റുകൾ, നല്ല തെളിഞ്ഞ ചില്ലു ജനാലകൾ, ഓട്ടോമാറ്റിക് എയർ വിത്ത് സെൻസർ ഡോറുകൾ, ഇടത്തും വലത്തും എമർജൻസി ഡോറുകൾ അങ്ങനെ പോകുന്നു പുതിയ ബോഡികോഡ് പ്രകാരമുള്ള മാറ്റങ്ങൾ. ഇതോടെ കെഎസ്ആർടിസിയും കൊണ്ടോടി നിർമ്മിത ബസ്സുകൾ ഉപയോഗിക്കുവാൻ തുടങ്ങി. നിലവിൽ കെഎസ്ആർടിസിയിൽ ഓടിക്കൊണ്ടൊരിക്കുന്ന ഏറ്റവും പുതിയ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് ബസ്സുകളെല്ലാം കൊണ്ടോടിയിൽ നിർമ്മിച്ചവയാണ്.
ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ബസ് ബോഡി നിർമ്മാതാവ് എന്ന പേര് മറ്റാർക്കുമല്ല, കൊണ്ടോടിയ്ക്ക് തന്നെയാണ്. ആദ്യകാലങ്ങളിൽ കോട്ടയത്തും പരിസരപ്രദേശങ്ങളിലും മാത്രം കണ്ടിരുന്ന കൊണ്ടോടി നിർമ്മിത ബസ്സുകൾ ഇന്ന് കേരളത്തിലുടനീളം ലോക്കൽ സർവീസുകളിൽ വരെ കാണാം. അങ്ങനെ കൊണ്ടോടി തൻ്റെ ജൈത്രയാത്ര തുടരുകയാണ്.
Source – http://smartdriveonline.in/malayalam/kondody-autocraft/.