ലേഖകൻ – Shabu Prasad.
ജൂൺ 12, ആധുനിക ഭാരതത്തിലെ യുഗപുരുഷനായ ഇ.ശ്രീധരന്റെ ജന്മദിനം.ഇത് ആ സാർഥക ജന്മത്തിനുള്ള ഗുരു ദക്ഷിണ… കൊങ്കൺ വഴിയുള്ള ഓരോ യാത്രയും പുഴയിൽ കുളിക്കുന്നത് പോലയാണ്. ഓരോ തവണ മുങ്ങിനിവരുമ്പൊഴും ,അത് പുതിയ ജലത്തിലാണ് എന്ന പോലെ ,ഈ വഴിക്കുള്ള ഓരോ യാത്രയും ഓരോ പുതിയ അനുഭവങ്ങളാണ്. അത്രയേറെ വിസ്മയങ്ങൾ ഒളിപ്പിച്ച ഒരു അത്ഭുത പ്രദേശമാണ് കൊങ്കണ്‍ തീരവും,അതിലൂടെ കടന്നുപോകുന്ന തീവണ്ടിപ്പാതയും ….
ഭാരതത്തിൽ ,റയിൽവേ വിപ്ലവങ്ങൾ തുടങ്ങിയ പത്തൊൻപതാം നൂറ്റാണ്ടിൽ തന്നെ ബ്രിട്ടീഷുകാർ,കൊങ്കണ്‍ തീരത്ത് കൂടിയുള്ള പാതക്ക് ശ്രമിച്ചിരുന്നു. മംഗലാപുരം ,ബോംബെ എന്നീ തുറമുഖ നഗരങ്ങൾ, കൊങ്കണ്‍ തീരത്തെ ഫലഭൂയിഷ്ഠമായ മണ്ണിലെ അനന്തമായ വിഭവശേഷി എന്നിവയുടെ പൂർണ പ്രയോജനം ലഭിക്കണമെങ്കിൽ, ഇങ്ങിനൊരു പാത കൂടിയേ കഴിയൂ എന്ന് അറിയാമായിരുന്ന ബ്രിട്ടീഷ് ഭരണകൂടം,പക്ഷെ സർവേ ഘട്ടത്തിൽ തന്നെ പദ്ധതി ഉപേക്ഷിച്ചു….അതീവ ദുർഗമമായ മലനിരകളും, വൻ നദികളും, തീരപ്രദേശങ്ങളും ,പ്രവചനാതീതമായ പ്രകൃതിയും എല്ലാം ഒരു വൻ പദ്ധതിക്ക് ഭീഷണിയായി നിന്നു. മൂന്നാറിലും, ഊട്ടിയിലെ നീലഗിരിയിലുമൊക്കെ തീവണ്ടിയോടിച്ച ,ചെങ്കടലിനെയും മെഡിറ്ററെനിയനെയും ബന്ധിപ്പിച്ച് സൂയസ് കനാൽ വെട്ടിയ എഞ്ചിനിയറിംഗ് വൈഭവത്തിനു മുൻപിൽ കൊങ്കണ്‍ തീരം മാത്രം ഒരു വെല്ലുവിളിയായി നിന്നു …..
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെയും സർക്കാരുകൾ ,ഇങ്ങിനൊരു പദ്ധതിക്ക് വലിയ പ്രാധാന്യം കൊടുത്തില്ല.കാരണം മേല്പറഞ്ഞതൊക്കെത്തന്നെ. 1960 കളുടെ അവസാനം ,70 കളുടെ ആരംഭത്തിൽ ,കൊങ്കണ്‍ തീരത്ത് കൂടി NH -17 യാഥാർഥ്യമായി.അതോടെ മംഗലാപുരവും ബോംബെയും തമ്മിൽ റോഡ് ഗതാഗതം സാധ്യമായി.പക്ഷെ റയിൽവേയിൽ കൈവേക്കാനുള്ള ധൈര്യം ആർക്കുമുണ്ടായില്ല. 1977-79 കാലത്ത് റയിൽവേ മന്ത്രിയായിരുന്ന മധു ദന്തവതെ ,പദ്ധതി പൊടിതട്ടിയെടുത്തു .അങ്ങിനെ ,മുംബയിൽ നിന്നും പനവേൽ വരയും ,തുടർന്ന് റോഹ വരയും പാത എത്തി …..അവിടുന്നങ്ങോട്ട് പദ്ധതി വീണ്ടും റെയിൽവെ ഭവനിലെ ഫയലുകൾക്കുള്ളിൽ കിടന്ന് വീർപ്പുമുട്ടി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെക്ക് ഭാരതത്തെ നയിക്കാനുള്ള ദൗത്യം സ്വയം എറ്റെടുത്ത് വന്ന രാജീവ് ഗാന്ധിപോലും ,ഈ പദ്ധതിയിലേക്ക് പിന്നീട് തിരിഞ്ഞ് നോക്കിയില്ല …
അങ്ങിനെ ,1989 ഡിസംബറിൽ വി.പി .സിംഗ് പ്രധാനമന്ത്രിയായി ,ഐക്യ മുന്നണി സർക്കാർ അധികാരത്തിൽ വന്നു. റയിൽവേ മന്ത്രിയായ ജോർജ് ഫെർണാണ്ടസ് ,ആദ്യമെടുത്ത തീരുമാനം ഈ പദ്ധതി നടപ്പാക്കാനായിരുന്നു. ഭീമമായ മുതൽ മുടക്ക്,കാലതാമസം, അതിഭീകരമായ സാങ്കേതിക വെല്ലുവിളികൾ ഇതൊന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. ഏത് മരുത്വാമലയും കൈയ്യിലെന്താൻ കഴിയുന്ന, ഹനുമൽ സമാനനായ ഒരു അതികായൻ ,ഈ ചരിത്രനിയോഗം തോളിലേന്താൻ കാത്തിരിപ്പുണ്ടായിരുന്നു ….
ഇ .ശ്രീധരൻ – ഇന്ന് ഭാരതം ,എറ്റവും അത്ഭുതാദരങ്ങളോടെ മാത്രം പറയുന്ന ഒരു പേര്. 1956 ൽ കാകിനാഡ എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് സിവിൽ എഞ്ചിനിയറിംഗിൽ ബിരുദമെടുത്ത് 1962 ൽ റെയിൽവേയിൽ ഒരു സാധാരണ എഞ്ചിനിയറായി കയറുമ്പോൾ, ഈ പൊന്നാനിക്കാരനെ കാത്ത് ഒരു മഹാരാജ്യത്തിന്റെ ചില ഭാഗധേയങ്ങൾ ഉണ്ടന്ന് ആരും പ്രതീക്ഷിച്ചില്ല.1964 ൽ തമിഴ് നാടിനെയും രാമെശ്വരത്തെയും നിലംപരിശാക്കിയ ചുഴലിക്കൊടുങ്കാറ്റിൽ ,രാമെശ്വരത്തെക്കുള്ള പാമ്പൻ പാലം പൂർണമായി തകർന്നു …ഒരു തീവണ്ടിയടക്കം ഒലിച്ച് പോയി …ആ പാലം ആറുമാസം കൊണ്ട് പൂർവസ്ഥിതിയിലാക്കാനുള്ള ചുമതല ,യുവാവായ ശ്രീധരനിൽ വന്നു ചേർന്നു. തകർന്നെങ്കിലും ,കേടുപറ്റാതെ മുങ്ങിക്കിടന്ന പില്ലറുകൾ,മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ വീണ്ടെടുത്ത് പാലം പുനർനിർമിച്ചത് 45 ദിവസം കൊണ്ട്…മാലോകർ വാപൊളിച്ച് നിന്ന ആ മഹാദൗത്യം ,ഇന്നും രാമേശ്വരത്ത് തലയുയർത്തി നിൽക്കുന്നു …പിന്നീട് ,കൊൽകത്ത മെട്രോ നിർമാണത്തിന്റെയും ചുമതല അദ്ദേഹം കൃത്യസമയത്ത് പൂർത്തിയാക്കി ….അതുകൊണ്ട് തന്നെ ,അദ്ദേഹത്തെ തന്നെ കൊങ്കണ്‍ പദ്ധതി ഏല്പിക്കാൻ ജോർജ് ഫെർണാണ്ടാസ്സിനു രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു ….
സാധാരണ രീതിയിൽ നടപ്പാക്കിയാൽ ,അൻപത് കൊല്ലം കൊണ്ട് പോലും പൂർത്തിയാകില്ല എന്നുറപ്പുള്ള പദ്ധതിക്ക് വേണ്ടി ,റയിൽവേ മന്ത്രാലയത്തിൽ നിന്ന് മാറി കൊങ്കണ്‍ റയിൽവേ കോർപറേഷൻ രൂപീകരിച്ചു.ബോണ്ടുകളും ,കടപ്പത്രങ്ങളുമിറക്കി വൻ തോതിൽ ധനസമാഹരണം ആരംഭിച്ചു .736 കിലൊമീറ്റർ നീളമുള്ള പദ്ധതിയുടെ നിർമാണം 1990 ൽ ആരംഭിച്ചു …എട്ട് വർഷമായിരുന്നു കാലാവധി …
ഏത് പദ്ധതി വന്നാലും ,പരിസ്ഥിതി വാദവും ,കപട മാനുഷികതാ വാദവുമായി വരുന്ന കൂട്ടർ ഇവിടയുമുണ്ടായിരുന്നു.ഗോവയിലും കർണ്ണാടകയിലും ,ബസ് ലോബിയുടെ സ്പോണ്‍സർഷിപ്പോടെ കത്തോലിക്ക സഭയായിരുന്നു പ്രക്ഷോഭത്തിന്റെ ചുക്കാൻ പിടിച്ചത് …കാര്യങ്ങൾ മുൻകൂട്ടി കണ്ട ശ്രീധരൻ ,അതെല്ലാം മുളയിലെ നുള്ളി. മുൻകൂറായി നഷ്ടപരിഹാരം കൊടുത്ത് കൊണ്ട് സ്ഥലമെറ്റെടുക്കൽ വേഗത്തിലാക്കി…..
1500 ലധികം പാലങ്ങൾ ,നൂറോളം വൻ തുരങ്കങ്ങൾ , മലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വൻ വയടക്റ്റുകൾ …അങ്ങിനെ ,മൂന്ന് ഷിഫ്റ്റുകളിലായി പണി തകർത്ത് മുന്നേറി. ഒട്ടു മിക്ക സ്ഥലങ്ങളിലും ഗതാഗത സൗകര്യം പോലുമില്ലായിരുന്നു…എഞ്ചിനിയർമാരും ,തൊഴിലാളികളും,കൂലിപ്പണിക്കാരുമെല്ലാം ലേബർ ക്യാമ്പുകളിൽ താമസിച്ച് ,താത്കാലിക ക്യാൻടീനുകളിൽ ഭക്ഷണം കഴിച്ച് ചരിത്രമെഴുതിക്കൊണ്ടിരുന്നു ….മലയിടിച്ചിലുകളും ,മഴയുമൊന്നും അവിടെ വിഷയമായില്ല ….
ഈ പാതയിലെ പത്ത് തുരങ്കങ്ങൾ ,അതുവരെ ഇന്ത്യയിൽ നിർമിച്ച എറ്റവും വലിയതിനേക്കാൾ വലുതാണ് .എല്ലാ തുരങ്കങ്ങളും കൂടി ചേർത്ത് വെച്ചാൽ 80 കിലോമീറ്ററിലധികമുണ്ടാകും ,രത്നഗിരിക്കപ്പുറമുള്ള പനവേൽ വയടക്റ്റിന്റെ എറ്റവും വലിയ തൂണിനു ,കുത്തബ് മിനാറിനെക്കാൾ ഉയരമുണ്ട് …ഗോവയിലെ മാണ്ടോവി നദിയിലെ പാലത്തിനടിയിലൂടെ ,ചെറുകപ്പലുകൾക്ക് വരെ കടന്നുപോകാം …എറ്റവും വലിയ വെല്ലുവിളി ഉയർത്തിയത് ,മൃദു മണ്ണ് നിറഞ്ഞ മലകളിലൂടെയുള്ള തുരങ്ക നിർമാണമാണ്.തുരക്കുന്തോറും ഇടിഞ്ഞ് വീണുകൊണ്ടിരുന്ന തുരങ്കങ്ങളിൽ അനേകം ജീവിതങ്ങൾ പൊലിഞ്ഞു.പ്രത്യേകിച്ച് ,ഗോവയിലെ പെർണം തുരങ്കത്തിൽ.അന്ന് ഉണ്ടായിരുന്ന ഒരു സാങ്കേതിക വിദ്യക്കും ,ഈ വെല്ലുവിളി അതിജീവിക്കാനായില്ല. ഒടുവിൽ ,തുരക്കുന്നതിനോടൊപ്പം ,കോൺക്രീറ്റ് പമ്പ് ചെയ്ത് കയറ്റി, തുരങ്കത്തിന്റെ നീളത്തിൽ ഒരു ഒരു കോൺക്രീറ്റ് പാറ ഉണ്ടാക്കി ,അത് തുരന്നെടുത്തു തുരങ്കമാക്കി.ലോകത്തിലാദ്യം ഈ വിദ്യ വിജയകരമായി നടത്തിയത് കൊങ്കണ്‍ പദ്ധതിയിലാണ് ….
ഈ വൻ പദ്ധതിയുടെ സാമ്പത്തിക ലാഭം നോക്കി വെള്ളമിറക്കിയ ,റയിൽവേ മന്ത്രി ജാഫർ ശരീഫിന്റെ ഒരു കളിയും ശ്രീധരൻ അനുവദിച്ചില്ല.ശ്രീധരനെ കൊങ്കണ്‍ റെയിൽവേയിൽ നിന്ന് മാറ്റാൻ ,ജാഫർ ഷരീഫ് ശ്രമിച്ചപ്പോൾ , പോർട്ടർമാർ മുതൽ ഉന്നതോദ്യോഗസ്ഥർ വരെ ജോലി നിർത്തിവെച്ചു .അവസാനം ,ഷെരീഫിനെ നീക്കം ചെയ്യുകയെ നിവൃത്തിയുണ്ടായിരുന്നുള്ളൂ ,പ്രധാനമന്ത്രി നരസിംഹ റാവുവിന് ….
എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ച് ,1998 ജനുവരി 26 നു തന്നെ കൊങ്കണിലൂടെ ആദ്യ തീവണ്ടി കൂകിപ്പാഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യയിൽ നടന്ന നടന്ന എറ്റവും വലിയ റയിൽവേ പദ്ധതി …..ലോകത്തിലെ തന്നെ എറ്റവും ദുഷ്കരമായ ഭൂപ്രകൃതിയിലൂടെ ,നമ്മുടെ നാട്ടിൽ യാഥാർഥ്യമാകുന്നത് ,ലോകം അന്തം വിട്ട് നോക്കി നിന്നു ….
കൃത്യസമയത്ത് പണിതീർത്ത ദൽഹി മെട്രോക്ക് ശേഷം ,മലയാളിയുടെ യാത്രാസംസ്കാരത്തെ പുനർനിർവ്വചിച്ചു കൊണ്ട്, കൊച്ചിയുടെ തിരക്കുകൾക്കും കേരളത്തിന്റെ തൊഴിലാളി ഉദ്യോഗസ്ഥ അഹങ്കാരങ്ങൾക്കും മുകളിലൂടെ മെട്രോ ട്രയിനുകൾ കൂകിപ്പായുന്നു.അവിടയും ,84 ന്റെ യുവത്വത്തോടെ ശ്രീധരൻ സാർ നമ്മുടെയിടയിൽ ഊർജ്ജസ്വലതയോടെ ഓടിനടക്കുന്നു ….
കൊച്ചി മെട്രോയുടെ തുടക്കത്തിൽ കേരളത്തിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ വൃന്ദം ഏറ്റവുമധികം ഭയപ്പെട്ടത് ശ്രീധരന്റെ സാന്നിധ്യം തന്നയായിരുന്നു. പതിറ്റാണ്ടുകളോളം ഇഴയുന്ന പദ്ധതികളും, പല മടങ്ങ് കുതിക്കുന്ന ചെലവുകളും ഇവിടുത്തെ തത്പര കക്ഷികളുടെ സ്വർണ്ണഖനികളാണല്ലോ.. ഒരു സാദാ എഞ്ചിനിയർ തങ്ങളുടെ മുകളിൽ വരുക എന്നത് ഐഎഎസ് പ്രഭുത്വത്തിനും സഹിക്കാൻ കഴിയുന്നതായിരുന്നില്ല.. പക്ഷേ അതിനേക്കാളുമൊക്കെ മുകളിലായിരുന്നു ഈ മനുഷ്യന്റെ നിശ്ചയദാർഢ്യയും ജനപിന്തുണയും..
ഇപ്പോഴും ,ഓരോ കൊങ്കണ്‍ യാത്രയിലും,തുരങ്കങ്ങളിലെ അവസാനിക്കാത്ത ഇരുളുകളിലൂടെ പായുമ്പോൾ ,വയഡക്റ്റുകളുടെ മുകളിലൂടെ മേഘമാലകളെ തലോടി പോകുമ്പോൾ…. അറിയാതെ തല കുനിച്ച് പോകുന്നു ….ദേവഗംഗയെ ഭൂമിയിലെത്തിച്ച ഭഗീരഥ തുല്യനായ കർമ്മയോഗിയുടെ മുൻപിൽ … മനുഷ്യപ്രയത്നത്തിനു മുൻപിൽ ഒരു വെല്ലുവിളികളും തടസ്സമല്ല എന്ന് തെളിയിച്ച നിശ്ചയ ദാർഡ്യങ്ങൾക്ക് മുൻപിൽ ….
1 comment
God gifted for us this man… am realy proud about this man..my life wish is just c Him nd just i want touch His feet.