കടപ്പാട് – Akhil Surendran Anchal, വിക്കിപീഡിയ.
കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം – കൊല്ലത്ത് നിന്നും ഏകദേശം, ഇരുപത്തിയേഴ് കിലോമീറ്റർ അകലെ, കൊട്ടാരക്കരയിൽ സ്ഥിതി ചെയ്യുന്നു. യഥാർഥത്തിൽ ഇത് മണികണ്ഠേശ്വരം (കിഴക്കേക്കര) ശിവക്ഷേത്ര ആണ്. ശിവൻ ആണ് പ്രധാന പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായ മുഖ്യവിഗ്രഹം ശിവന്റേതാണ്. എന്നിരുന്നാലും ഉപദേവനും വിഘ്നേശ്വരനുമായ ഗണപതിയുടെ പേരിൽ ആണു ദേവാലയത്തിന്റെ പ്രശസ്തി. ബാലനായ ഗണപതിയെന്നാണ് സങ്കൽപ്പം. ഉണ്ണിയപ്പമാണ് പ്രധാന പ്രസാദം. മേടമാസത്തിലെ തിരുവാതിര ദിവസമാണ് ഉത്സവം. “ഗണേശ ചതുർത്ഥിയും” പ്രധാനമാണ്. പാർവതി, മുരുകൻ, ധർമശാസ്താവ്, നാഗരാജാവ് എന്നിവരാണ് ഉപദേവതകൾ. ഐതിഹ്യവും ചരിത്ര വഴികളിലൂടെയും ഒന്ന് സഞ്ചരിക്കാം.
കൊട്ടാരക്കരയിൽ രണ്ട് ശിവക്ഷേത്രങ്ങളാണ് പ്രധാനം. കിഴക്കേക്കര ശിവക്ഷേത്രവും പടിഞ്ഞാറ്റിൻകര ശിവക്ഷേത്രവും. കിഴക്കേക്കര ശിവക്ഷേത്രം അകവൂർ, ഊമൻപള്ളി എന്നീ നമ്പൂതിരിക്കുടുംബങ്ങളുടെ അധികാരത്തിലും പടിഞ്ഞാറ്റിൻകര ശിവക്ഷേത്രം ഇളയിടത്ത് രാജകുടുംബത്തിന്റെയും അധികാരത്തിലായിരുന്നു.
നിരാശനായ പെരുന്തച്ചൻ കിഴക്കേക്കര ശിവക്ഷേത്രത്തിൽ എത്തി. അപ്പോൾ അവിടുത്തെ പുരോഹിതൻ ശിവനു നിവേദിക്കാനായി കൂട്ടപ്പം ഉണ്ടാക്കുകയായിരുന്നു. പെരുന്തച്ചൻ അദ്ദേഹത്തോട് ഗണപതിയെ അവിടെ പ്രതിഷ്ഠിക്കാമോ എന്ന് ചോദിച്ചു. പുരോഹിതൻ സമ്മതിക്കുകയും പെരുന്തച്ചൻ ഗണപതിയെ തെക്കോട്ട് ദർശനമായി പ്രതിഷ്ഠിക്കുകയും ചെയ്തു.
അനന്തരം പെരുന്തച്ചൻ പുരോഹിതനോട് ചോദിച്ചു – “ഉണ്ണിഗണപതി എന്തായാലും വിശന്നിരിക്കുകയാവും. എന്താണ് ഇന്ന് നൈവേദ്യത്തിൻ ഉണ്ടാക്കിയിരിക്കുന്നത്?” “കൂട്ടപ്പം” പുരോഹിതൻ പറഞ്ഞു. ഒരു ഇലയിൽ ഏഴ് കൂട്ടപ്പങ്ങൾ കൊരുത്തത് പെരുന്തച്ചൻ ഗണപതിക്ക് നിവേദിച്ചു. സന്തുഷ്ടനായ പെരുന്തച്ചൻ “ഇവിടെ മകൻ അച്ഛനെക്കാൾ പ്രശസ്തനാകും” എന്ന് പറഞ്ഞു. ആ പ്രവചനം പിൽക്കാലത്ത് സത്യമായി.
ഇന്ന് ഈ ക്ഷേത്രം ശിവക്ഷേത്രം എന്നതിലുപരി ഗണപതിക്ഷേത്രം എന്ന പേരിലാണ് പ്രശസ്തം. പ്രതിഷ്ഠയ്ക്കുശേഷം പെരുന്തച്ചൻ പോയി. ഗണപതി വിഗ്രഹത്തെകണ്ട പുരോഹിതനു ഗണപതി ഇപ്പോഴും വിശന്നിരിക്കുകയാണ് എന്ന് തോന്നി. ശിവനു നിവേദിച്ച അവലും മറ്റും ഗണപതി വലിച്ചെടുത്ത് ഭക്ഷിക്കുന്നതായി അദ്ദേഹത്തിനു അനുഭവപ്പെട്ടു. അമ്പലത്തിലുള്ള ഭക്ഷണപദാർഥങ്ങളിൽ ഓരോന്നായി അദ്ദേഹം ഗണപതിക്ക് നിവേദിച്ചു. എന്തുനൽകിയിട്ടും ഗണപതി സംതൃപ്തനാകുന്നില്ല എന്നുകണ്ട പുരോഹിതൻ വലഞ്ഞു.
ഗത്യന്തരമില്ലാതെ അദ്ദേഹം ഗണപതിക്ക് മുന്നിലിരുന്നുതന്നെ അരിപ്പൊടിയും കദളിയും ശർക്കരയും ചേർത്ത് ചെറിയ കൂട്ടപ്പങ്ങൾ (ഉണ്ണിയപ്പങ്ങൾ) ഉണ്ടാക്കി നിവേദിക്കാൻ തുടങ്ങി. ഇപ്പോഴും കൊട്ടാരക്കര ഗണപതിയമ്പലത്തിലെ പ്രധാന നിവേദ്യമാണ് ഉണ്ണിയപ്പം.
ഇതേ ഐതിഹ്യം തന്നെ ചെറിയൊരു വ്യത്യാസത്തോടെയും നിലവിലുണ്ട്. അത് ഇപ്രകാരമാണ്. കിഴക്കേക്കര ശിവക്ഷേത്രത്തിന്റെ നിർമ്മാണച്ചുമതല പെരുന്തച്ചനായിരുന്നു. പ്ലാന്തടിയിൽ താൻ നിർമിച്ച ഗണപതി വിഗ്രഹം അവിടെ പ്രതിഷ്ഠിക്കണമെന്ന് മുഖ്യപുരോഹിതനോട് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പുരോഹിതൻ ഇവിടെ ശിവനെയാണ് പ്രതിഷ്ഠിക്കേണ്ടതെന്നും വേണമെങ്കിൽ ഉപദേവനായി ഗണപതിയെ പ്രതിഷ്ഠിയ്ക്കാമെന്നും പറയുകയും ചെയ്തു. തുടർന്ന് അദ്ദേഹം ക്ഷേത്രത്തിന്റെ തെക്കേനടയിൽ ഗണപതിയെ പ്രതിഷ്ഠിച്ചു. ഈ ക്ഷേത്രം ഇനി ഈ മകന്റെ പേരിൽ അറിയപ്പെടുമെന്ന് പെരുന്തച്ചൻ പറഞ്ഞു. അതു തന്നെ നടക്കുകയും ചെയ്തു.
കൊട്ടാരക്കര പട്ടണത്തിന്റെ ഹൃദയഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രനടയ്ക്കുമുന്നിൽ അതിവിശാലമായ ക്ഷേത്രക്കുളം പരന്നുകിടക്കുന്നു. അതിനാൽ, ദർശനവശത്തുനിന്ന് ക്ഷേത്രത്തിലേയ്ക്ക് പ്രവേശനമില്ല. വടക്ക്, തെക്ക് ഭാഗങ്ങളിൽ നിന്നാണ് ഭക്തർക്ക് പ്രവേശനം അനുവദിച്ചിരിയ്ക്കുന്നത്. കൊട്ടാരക്കര താലൂക്ക് ഓഫീസ്, പോലീസ് സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ക്ഷേത്രത്തിന്റെ സമീപത്താണ്. വടക്കുഭാഗത്ത് അരയാൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത്, അരയാൽ ത്രിമൂർത്തിസ്വരൂപമാകുന്നു. ദിവസവും അരയാലിനെ പൂജിയ്ക്കുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു. അരയാൽ കടന്നാൽ ക്ഷേത്രമുറ്റത്തെത്താം.
സാധാരണ ഒരു ക്ഷേത്രത്തിന്റെ കെട്ടും മട്ടും മാത്രമാണ് കൊട്ടാരക്കര ക്ഷേത്രത്തിനുള്ളത്. എടുത്തുപറയാനായി ഒരു സ്വർണ്ണക്കൊടിമരവും അടുത്തകാലത്ത് നിർമ്മിച്ച ഷീറ്റും മാത്രമാണുള്ളത്. ശിവന്റെ നടയ്ക്കുനേരെ പണിത, ഭഗവദ്വാഹനമായ നന്ദിയെ ശിരസ്സിലേറ്റുന്ന കൊടിമരത്തിന് അധികം പഴക്കവും വലുപ്പവുമില്ല. തെക്കേ നടയിൽ ഗണപതിയുടെ നടയ്ക്കുനേരെയും പ്രവേശനകവാടമുണ്ട്.
തെക്കുപടിഞ്ഞാറുഭാഗത്ത് ചെറിയ ശ്രീകോവിലിൽ ശാസ്താവ് കുടികൊള്ളുന്നു. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ശാസ്താവിന്റെ നടയിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ശാസ്താനടയുടെ അടുത്താണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി വാസുകിയും നാഗയക്ഷിയും പരിവാരങ്ങളുമടങ്ങുന്നതാണ് ഈ പ്രതിഷ്ഠ. വടക്കുപടിഞ്ഞാറുഭാഗത്താണ് സുബ്രഹ്മണ്യപ്രതിഷ്ഠ. ബാലസുബ്രഹ്മണ്യഭാവത്തിലുള്ള ഭഗവാനാണ് ഇവിടെയുള്ളത്. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന സുബ്രഹ്മണ്യന്റെ നടയിൽ ഷഷ്ഠിവ്രതവും കാവടിയും വിശേഷമാണ്.
സാമാന്യം വലുപ്പമുള്ള ഒറ്റനില വട്ടശ്രീകോവിലാണ് ക്ഷേത്രത്തിലേത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന് നൂറടി ചുറ്റളവുണ്ട്. ഇതിനകത്ത് മൂന്ന് മുറികളാണ്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഇത് മൂന്നാക്കിത്തിരിച്ചിരിയ്ക്കുന്നു. ഇതിൽ ഒരുഭാഗത്ത് കിഴക്കോട്ട് ദർശനമായി ശിവഭഗവാനും മറുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി പാർവ്വതീദേവിയും രണ്ടിനുമിടയിൽ തെക്കോട്ട് ദർശനമായി ഗണപതിഭഗവാനും കുടികൊള്ളുന്നു.
മൂന്നിടത്തെയും വിഗ്രഹങ്ങൾക്ക് മൂന്നടി വീതം ഉയരമുണ്ട്. നിത്യേന ഇവയ്ക്ക് അലങ്കാരങ്ങൾ ചാർത്തിവരുന്നു. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല എന്നിവകൊണ്ട് ശിവലിംഗത്തിന്റെ മുക്കാൽ ഭാഗവും സാധാരണസമയത്ത് മറഞ്ഞിരിയ്ക്കും. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ ആവാഹിച്ചുകൊണ്ട് മൂന്ന് ദേവതകളും കൊട്ടാരക്കര ശ്രീലകത്ത് വിരാജിയ്ക്കുന്നു.