കോട്ടയത്തെ KSRTC ജീവനക്കാരുടെ വിശ്രമസ്ഥലം; കണ്ണടച്ചോളൂ മൂക്കുപൊത്തിക്കോളൂ…

ഇതോടൊപ്പമുള്ള ഈ ചിത്രം നിങ്ങളുടെ മനസ്സ് മടുപ്പിക്കുന്നുണ്ടോ? ഇങ്ങനെയൊരു അവസ്ഥയിൽ കുറച്ചു സമയമെങ്കിലും കഴിയാൻ പറഞ്ഞാൽ നിങ്ങളുടെ അവസ്ഥ എന്താകും? കോട്ടയം കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരുടെ വിശ്രമ സ്ഥലമാണ് ഇത്. ഒരു ജില്ലയിലെ പ്രധാന ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരുടെ അവസ്ഥയാണിത്. വളരെ പരിതാപകരം തന്നെ.

രാവിലെ മുതല്‍ കഷ്ടപ്പെട്ട് തളരുന്ന ജീവനക്കാര്‍ക്ക് അൽപ്പം വിശ്രമിക്കാന്‍ പ്രസ്ഥാനം ചെയ്ത കരുതലാണോ ഇത്? അധികാരികള്‍ തിരിഞ്ഞ് നോക്കാത്തതോ? അതോ കാണാത്തതോ? അല്ലെങ്കിൽ ഈ ബുദ്ധിമുട്ടുകൾ നേരിട്ട് അനുഭവിക്കാത്തതു കൊണ്ടാണോ? ഇത് കോട്ടയത്തെ മാത്രം കാഴ്ചയല്ല, എറണാകുളം അടക്കമുള്ള സംസഥാനത്തെ പ്രധാനപ്പെട്ട പല ഡിപ്പോകളിലെയും അവസ്ഥ ഇതുതന്നെ.

എല്ലാവരെയും മാസ്ക് വെപ്പിക്കാന്‍ നെട്ടോട്ടം ഓടുന്ന പ്രിയപ്പെട്ടവരേ, ഒരു മാസ്ക് വെച്ചാലോ സാനിറ്റൈസര്‍ മണിക്കൂര്‍ ഇടവിട്ട് തേച്ചാലോ മാത്രം പോര, കിടക്കുന്ന സ്ഥലവും ശുചിമുറിയും കൂടെ വ്യത്തിയായിരിക്കണം. വൃത്തിഹീനമായ ചുറ്റുപാടില്‍ കഴിഞ്ഞാല്‍ കൊറോണ അല്ല അതിലും വലുത് എന്തേലും ഉണ്ടെങ്കില്‍ അത് വരും. ഇനി വന്നില്ലേല്‍ അത് ഭാഗ്യമേന്നെ പറയാനാകൂ.

കെഎസ്ആർടിസി ജീവനക്കാർക്ക് വിശ്രമിക്കുവാനായി എസി സ്ലീപ്പർ ബസ് പ്രത്യേകം നിർമ്മിച്ച് നൽകി കെഎസ്ആർടിസി മാതൃക കാണിച്ചതാണെങ്കിലും ഇത്തരം മികച്ച സൗകര്യങ്ങൾ എല്ലായിടത്തും എത്തുന്നുണ്ടെന്നുള്ള കാര്യം ഉറപ്പു വരുത്തേണ്ടതാണ്. 16 പേർക്കു വിശ്രമിക്കാൻ ടു ടയർ മാതൃകയിൽ കുഷ്യൻ ബെർത്തുകൾ, ഒരേ സമയം നാലു പേർക്ക് ഉപയോഗിക്കാവുന്ന മടക്കി വയ്ക്കാവുന്ന മേശ, നാലു പേർക്കുള്ള ഇരിപ്പിടങ്ങൾ,16 ലോക്കറുകൾ, എസി, ഫാൻ, 325 ലീറ്റർ ശേഷിയുള്ള ജലസംഭരണി, മാലിന്യം നിക്ഷേപിക്കാനിടം, മലിനജലം സംഭരിക്കാൻ സംവിധാനം, മൊബൈൽ ചാർജിങ് സൗകര്യം, സെൻസർ ടൈപ്പ് സാനിറ്റൈസിങ് മെഷീൻ, ബർത്തുകളെ വേർതിരിച്ചു കർട്ടനുകൾ, ബസിന്റെ ഇരുവശത്തുകൂടിയും നടന്നുപോകാൻ വഴികൾ എന്നിവയാണ് സ്ലീപ്പർ ബസിലെ സൗകര്യങ്ങൾ.

പുതിയ എംഡി ചാർജ്ജെടുത്തതോടെ മികച്ച മാറ്റങ്ങൾ കെഎസ്ആർടിസിയിൽ നടപ്പിലാക്കുന്നുണ്ട്. വിവിധ ഡിപ്പോകളിലെ ഇത്തരത്തിലുള്ള വൃത്തിഹീനമായ അവസ്ഥ എംഡിയുടെ ശ്രദ്ധയിൽപ്പെട്ടാൽ ഇതൊട്ടിനൊരു പരിഹാരം ഉടനുണ്ടാകുമെന്നാണ് ജീവനക്കാരുടെയും പ്രതീക്ഷ. അതുകൊണ്ടുതന്നെയാണ് ഞങ്ങൾ ഈ വാർത്ത വിശദമായി കൊടുത്തിരിക്കുന്നതും.
അധികാരികള്‍ കണ്ണുതുറക്കട്ടെ. പട്ട് മെത്ത കൊടുക്കണം എന്ന് പറയുന്നില്ല. കുറച്ചു വൃത്തിയുള്ള ഇടം കൊടുക്കണം.

എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ഉപയോഗിച്ച് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് മാതൃകയിൽ കോട്ടയം ബസ് സ്റ്റാൻഡ് നിർമിക്കുവാനും അതോടൊപ്പം സ്റ്റാൻഡിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാനും പദ്ധതി വരുന്നുണ്ട്. എങ്കിലും അതുവരെ ജീവനക്കാരെ ഈ മാലിന്യത്തിൽ വിശ്രമിക്കുവാനായി തള്ളിവിടരുതേ എന്നൊരു അപേക്ഷയെ ഉള്ളൂ.

വിവരങ്ങൾക്ക് കടപ്പാട് – സോണി കുരിശിങ്കൽ.