യാത്രകൾക്കിടയിൽ ടോയ്‌ലറ്റിൽ പോകണമെന്നു തോന്നിയാൽ എന്തുചെയ്യും? പൊതുസ്ഥലത്തു ഇതൊന്നും പറ്റാത്തതുകൊണ്ട് ആകെയുള്ള ആശ്രയം പൊതു ടോയ്‌ലറ്റുകളാണ്. നമ്മുടെ നാട്ടിലെ പബ്ലിക് ടോയ്‌ലറ്റുകളുടെ അവസ്ഥ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതും കെഎസ്ആർടിസി ബസ് സ്റ്റാണ്ടുകളിലേതാണെങ്കിലോ? ഇത്തരത്തിൽ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ പൊതുടോയ്‌ലറ്റിൽ കയറിയപ്പോൾ നേരിട്ട ദുരനുഭവത്തെക്കുറിച്ച് വിവരിക്കുകയാണ് സിനിമാതാരവും ഫോട്ടോഗ്രാഫറും കൂടിയായ അരുൺ പുനലൂർ. അദ്ദേഹം ഫേസ്‌ബുക്കിൽ ചിത്രം സഹിതം ഷെയർ ചെയ്ത കുറിപ്പ് ഇങ്ങനെ…
ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു അവർകളുടെ ശ്രദ്ധയ്ക്കായി സമർപ്പിക്കുന്ന അപേക്ഷ. സാർ, കെഎസ്ആർടിസി സ്റ്റാന്റുകളോട് അനുബന്ധിച്ചുള്ള പബ്ലിക് ടോയ്‌ലെറ്റുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ സത്വര നടപടികൾ ഉടനെ തന്നെ കൈക്കൊള്ളുമെന്നു അങ്ങ് ചുമതലയേറ്റപ്പോൾ പറഞ്ഞത് വലിയ സന്തോഷത്തോടെയാണ് എന്നെപ്പോലെ നിരന്തരം കെഎസ്ആർടിസിയെ ആശ്രയിച്ചു യാത്ര ചെയ്യുന്ന സാധാരണക്കാർ ശ്രവിച്ചത്.
പക്ഷെ നിർഭാഗ്യമെന്നു പറയട്ടെ പുതിയ സർക്കാർ അധികാരത്തിലെത്തി നൂറു ദിവസങ്ങൾ പിന്നിട്ടിട്ടും മൂക്ക് പൊത്തി മനംപുരട്ടാൽ ഇല്ലാതെ കേറാൻ പറ്റാത്ത അവസ്ഥയിലാണ് മിക്കയിടത്തേയും ടോയ്‌ലെറ്റുകളുടെ സ്ഥിതി. വെറും അവസ്ഥയല്ല സാർ ഇതു സ്വബോധത്തോടെ ഇതിനുള്ളിൽ കേറുന്നവർക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്. ആയതിനാൽ ദയവ് ചെയ്തു അടിയന്തിര നിർദേശം നൽകി ഉള്ള ടോയ്‌ലെറ്റുകൾ അൽപ്പം വെള്ളമൊഴിച്ചു വൃത്തിയാക്കിയിടാനുള്ള നടപടി എങ്കിലും എടുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. നന്നായി നോക്കിയാൽ മാസങ്ങൾ എടുത്താലും ഇങ്ങനെ ആകില്ല. അതിനു ഉദാഹരണങ്ങളായ ടോയ്‌ലെറ്റുകൾ അപൂർവം എങ്കിലും കേരളത്തിൽ ഉണ്ട്.
ഇതോടൊപ്പമുള്ള ഫോട്ടോ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാന്റിലെ ടോയ്‌ലെറ്റിലെ കാഴ്ചയാണ്. ഈ ചിത്രം കാഴ്ചക്കാർക്ക് ആരോചകമാണെന്നറിയാം, പക്ഷെ തീരെ നിവർത്തിയില്ലാത്തൊരു പൊതുജന ആരോഗ്യ പ്രശ്നമായതുകൊണ്ട് പോസ്റ്റുകയാണ്, ക്ഷമിക്കുക.
ഇനി മറ്റൊരു യാഥാർഥ്യമുണ്ട്. നമ്മുടെ ആളുകൾ കൂടി വിചാരിക്കണം അല്ലാതെ എത്ര കോടി മുടക്കി കക്കൂസ് പണിതിട്ടും ഒരു കാര്യവും ഇല്ല. ഒരു മാസം കൊണ്ട് ഈ അവസ്ഥ എത്തും.
ഉപയോഗിക്കുന്ന ടോയ്ലറ്റ് അവനവന്റെ വീട്ടിലെ ആണ് എന്ന മനോഭാവത്തിൽ വേണം ഉപയോഗിക്കാൻ. അല്ലാതെ മുറുക്കി തുപ്പിയും, ഹാൻസ് വെച്ച കവർ ഉപേക്ഷിച്ചും, സിഗററ്റ് വലിച്ചു കുറ്റി അതിൽ എറിഞ്ഞും, ഭിത്തിയിൽ ഫോൺ നമ്പർ എഴുതി പടവും വരച്ചു ഒക്കെ പെരുമാറിയാൽ പിന്നെ എങ്ങനെ നന്നാവും?
മൂത്രമൊഴിച്ചാൽ വെള്ളം ഒഴിക്കണമെന്ന വിചാരം അത് ഉപയോഗിക്കുന്നവർക്ക് ഇല്ലാതാകുന്നു. ബക്കറ്റും വെള്ളവും ഉണ്ടെങ്കിലും അത് മറ്റാരുടെയോ ചുമതലയെന്നതാണ് ധാരണ. ഒരു പരിധിവരെ ജനം സ്വന്തം ഉത്തരവാദിത്വം നിറവേറ്റാത്തതു ഒരു കാരണമല്ലേ? ഇന്ന് ഈ ടോയ്ലറ്റ് ഉപയോഗിച്ചാൽ ലോകത്തുള്ള എല്ലാ അസുഖങ്ങളും അയാൾക്ക് പിടിപെടും.
പിന്നെ ഇതിന്റെ നോക്കിനടത്തിപ്പുകൾക്ക് കരാർ എടുക്കുന്നവർ ഒരിക്കൽ പോലും ഈ ഇടങ്ങൾ ഉപയോഗിക്കുകയോ എത്തിനോക്കുകയോ ചെയ്യാറില്ല. അതിൽ ആരെയെങ്കിലും ആളിനെ കളക്ഷൻ എടുക്കാൻ ഇരുത്തും. മിക്കയിടങ്ങളിലും വരുന്നവർ ഒഴിക്കുന്ന മൂത്രമല്ലാതെ വേറെ ഒരു തുള്ളി വെള്ളം ആ പരിസരത്ത് വീഴാറുമില്ല. ആകെ ഇവർ ചെയ്യുന്നത് ബ്ളീച്ചിങ് പൌഡറിൽ ചോക്കുപൊടി ചേർത്ത് കുറച്ചിട്ടിട്ടു പോകും. അത്ര തന്നെ. എന്തായാലും ഈ കാര്യം ബഹുമാനപ്പെട്ട ഗതാഗതമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുമെന്നും അദ്ദേഹം ഇതിനൊരു പരിഹാരം കാണുമെന്നും നമുക്ക് പ്രതീക്ഷിക്കാം.