വിവരണം – Subin Cyriac Kavalam.
ആദ്യമേ പറഞ്ഞോട്ടെ, എഴുതാൻ നന്നായിട്ട് ഒന്നുമറിയില്ല. മനസ്സിൽ തോന്നിയത് കുത്തിക്കുറിച്ചതാണ് ഒരുപാട് തെറ്റുകൾ ഉണ്ടാകും.
ഒരാഴ്ച മുമ്പ് ഞാനൊന്ന് നിലമ്പൂർ വരെ പോയി ജോലിസംബന്ധമായ ആവശ്യത്തിന് പോയതാണ്. മലബാറിൻറെ മനോഹാരിത പലരും പറഞ്ഞു കേട്ട മനസ്സിൽ കിടപ്പുണ്ടായിരുന്നു. അതിനാൽ തന്നെ തലേദിവസം തന്നെ ക്യാമറ എടുത്തു ചാർജ് ചെയ്തു വച്ചു. ഡെയിലി കോട്ടയത്തു നിന്നും രാവിലെ 5.30 ന് ഒരു നിലമ്പൂർ പാസഞ്ചർ ഉണ്ടെന്ന് നമ്മുടെ ഗൂഗിൾ അമ്മച്ചിയോട് ചോദിച്ചു ഉറപ്പു വരുത്തി.
തലേദിവസം നേരത്തെ കിടക്കണം എന്ന് വിചാരിച്ചതാണ്. എന്ത് ചെയ്യാനാണ്, എന്നത്തെ പോലെയും അന്നും താമസിച്ചു കിടന്നപ്പോൾ (12.30 കഴിഞ്ഞു). 3 30 ന് അലാറം സെറ്റ് ചെയ്ത് വെച്ച് കിടന്നു. ദേ ഒരു 10 മിനിറ്റ് കഴിഞ്ഞില്ല “അച്ചേ” വിളിച്ചുള്ള കരച്ചില് നോക്കുമ്പോൾ ചെക്കൻ എണീറ്റ് ഇരിക്കുന്നു. പിന്നെ റൂമിൽ പെണ്ണും പിള്ളയും അവനും ആയിട്ട് ഒരു യുദ്ധമായിരുന്നു അവനെ ഉറക്കാൻ. ഞാൻ ആ ബഹളത്തിനിടയിൽ കണ്ണടച്ച് കിടക്കുകആണ് എങ്കിലും ഉറങ്ങാൻ സാധിച്ചില്ല. പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി.
രാവിലെ നേരത്തെ എണീക്കണം എന്ന് മനസ്സിൽ ഉള്ളതിനാൽ അലാറതിൻറെ ആദ്യം മുഴക്കത്തിൽ തന്നെ ചാടിയെണീറ്റു. ഈ രാവിലെ എണീക്കുന്ന പരിപാടി എനിക്ക് എപ്പോഴും ഭയങ്കര ബുദ്ധിമുട്ടാണ്. എങ്കിലും ജോലിയുടെ കാര്യം ആയതിനാൽ അത് വകവയ്ക്കാറില്ല. പെണ്ണുമ്പിള്ള വിളിച്ച് എഴുന്നേൽപ്പിക്കാതെ പതുക്കെ പോയി ബ്രഷ് ചെയ്തു.
കുളിക്കാൻ കയറി കുളിക്കാൻ കയറിയപ്പോൾ മുടിഞ്ഞ തണുപ്പ്. വെള്ളത്തിന് കപ്പിൽ വെള്ളമെടുത്തു പിടിച്ചുകൊണ്ട് ഒഴിക്കണോ വേണ്ടയോ എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് വെളിയിൽ നിന്നും ഒരു ചോദ്യം ഇച്ചായാ വെള്ളം ചൂടാക്കി തരണോ എന്ന്. പെണ്ണുമ്പിള്ള എണീറ്റ് ചോദിച്ചതാണ് (മനമറിയുന്നോള് കെട്ടിയോള്). ഞാൻ പറഞ്ഞു വേണ്ട കുഴപ്പമില്ല എന്ന്. പാവം എപ്പളാ ഉറങ്ങിയത് എന്ന് പോലും അറിയില്ല.
അങ്ങനെ കുളിച്ചൊരുങ്ങി നേരത്തെതന്നെ റെഡിയായി. കൂടെ വരാം എന്ന് പറഞ്ഞവനെ ഫോൺ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. അവനെ കുത്തി പൊക്കി കൊണ്ടു വന്നത് ഒരു കഥയാണ്. അതും കൂടി പറഞ്ഞാൽ ഒരുപാട് ആയി പോകും. അതുകൊണ്ട് ഇപ്പോൾ വിശദീകരിക്കുന്നില്ല. അങ്ങനെ 4.45 നു വീട്ടിൽ നിന്നും ഇറങ്ങി.
സമയം പോയതിനാൽ വണ്ടി വളരെ വേഗം തന്നെയാണ് ഓടിച്ചു പോയത്. വണ്ടിയിൽ നല്ല മെലഡി മൂളുന്നുണ്ടായിരുന്നു. ഇറങ്ങിയപ്പോൾ മഞ്ഞുമൂടിക്കിടക്കുന്ന എൻറെ നാടിൻറെ നെൽവയലുകളുടെ മറ്റൊരു മനോഹര ദൃശ്യം ഞാൻ ആസ്വദിക്കുകയായിരുന്നു. കൃത്യം അഞ്ചു പത്തിനു തന്നെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഞങ്ങൾ എത്തി.
ടിക്കറ്റ് എടുത്ത് വണ്ടിയിൽ കയറിയ ഉടനെതന്നെ വണ്ടിയെടുത്തു. ഉറക്കക്ഷീണം ഉള്ളതിനാൽ ഭയങ്കര മൂഡ് ഓഫ് ആയി ആണ് വണ്ടിയിൽ ഇരുന്നത്. തൃശ്ശൂർ അങ്ങോട്ട് കഴിഞ്ഞതും നമ്മുടെ കേരള നാടിൻറെ മറ്റൊരു മുഖം വെളിയിൽ വരാൻ തുടങ്ങി. എന്തു ഭംഗിയാണ് നമ്മുടെ നാട്, ഓരോ ജില്ലയ്ക്കും എടുത്തുപറയാൻ പറ്റുന്ന വിധം ഓരോ രീതിയിലുള്ള മനോഹാരിത. ശരിക്കും ദൈവത്തിൻറെ സ്വന്തം നാട് തന്നെ.
പിന്നെ എനിക്ക് സീറ്റിൽ ഇരിക്കാൻ സാധിച്ചില്ല ക്യാമറയും എടുത്തു എമർജൻസി വിൻഡോയുടെ അരിക്കൽ അവിടെയിരുന്ന് കുറച്ചു പടങ്ങൾ എടുക്കാൻ പറ്റാവുന്ന വിധം എടുത്തു. പകർത്താൻ പറ്റാത്ത മനോഹരദൃശ്യങ്ങൾ ഇതിലും ഏറെയാണ്. ശരിക്കും ഈ ട്രെയിൻ യാത്രയിൽ എത്രയോ ജീവിതങ്ങൾ ആണ് കൺമുന്നിലൂടെ കടന്നു പോകുന്നത്.
പൊരിവെയിലത്ത് റെയിൽവേട്രാക്ക് വഴി നടക്കുന്ന റെയിൽവേ ജീവനക്കാരൻ, ജീവിത പ്രാരാബ്ദവും തോളിലേറ്റി മറ്റുള്ളവരുടെ വിശപ്പടക്കാൻ നടക്കുന്ന കാൻറീൻ ജീവനക്കാർ അങ്ങനെ അങ്ങനെ എത്രയോ ജീവിതങ്ങൾ. കൂടെയിരുന്ന് സീറ്റിൽ ജനലഴിയിലൂടെ വെളിയിലേക്ക് കൈയ്യിട്ട് ഒരു പരിചയവുമില്ലാത്തവരെ ചിരിച്ചു കാണിച്ചു കൊണ്ട് കൈവീശി കാണിക്കുന്ന നബി മോൻ മുതൽ ഒരുപാട് ജീവിതങ്ങൾ.
അങ്ങനെ കൃത്യം ഒരു മണിക്ക് തന്നെ നിലമ്പൂര് ചെന്നു തൃശ്ശൂർ അങ്ങോട്ട് കഴിഞ്ഞതും സമയം പോയത് അറിഞ്ഞില്ല. അത്രയ്ക്കും ഭംഗിയായിരുന്നു. വരണ്ടുണങ്ങി കിടക്കുന്ന മലനിരകളും നെൽവയലുകൾ തുടങ്ങി ചൂടൻറെ കാഠിന്യം മൂലം പച്ചപ്പ് മാഞ്ഞു തുടങ്ങിയ തേക്കിൻ കാടുകൾക്കിടയിലൂടെ ഒരു മനോഹര യാത്ര. വണ്ടിയിലിരുന്ന് തന്നെ ഞാൻ ഉറപ്പിച്ച കാര്യമാണ് മഴക്കാലം ആകുമ്പോഴേക്കും ഈ ചുട്ടുപൊള്ളുന്ന ചൂടൻറെ ആലസ്യം വിട്ട് പച്ച പിടിക്കുമ്പോൾ ആ മനോഹര ദൃശ്യം ആസ്വദിക്കാൻ ഒന്നുകൂടെ ഈ നാട്ടിലേക്ക് വരണമെന്ന്. അത്രയ്ക്കും മനോഹരി ആയിരുന്നു.
അവിടെ ഇറങ്ങി ജോലി കാര്യങ്ങൾ എല്ലാം തീർത്തു തിരിച്ചു വന്നു റെയിൽവേ ട്രാക്ക് മറ്റുമായി ഒരുപാട് പടങ്ങൾ എടുത്തു. വൈകുന്നേരം സ്കൂൾ കഴിഞ്ഞ് സമയമായതിനാൽ ഒരുപാട് കുട്ടികൾ ഓടി നടക്കുന്നുണ്ടായിരുന്നു. അതിൽ ചിലർ തങ്ങളുടെ ഇഷ്ടകാരോട് ഒളിഞ്ഞും മറഞ്ഞും നിന്ന് സല്ലപിക്കുന്ന കാഴ്ചകളും കാണാമായിരുന്നു. അതിനിടയിൽ പലരും എന്നെ നോക്കി ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഇവൻ ഏതു വട്ടൻ ആണ് ചുമ്മാ ക്യാമറ എടുത്തു റെയിൽവേട്രാക്ക് ഫോട്ടോ എടുത്തു നടക്കുന്നത് എന്ന ഭാവത്തോടെ കൂടി.
എൻറെ മനസ്സിൽ ആഗ്രഹിച്ചതുപോലെ ആ മനോഹര ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താൻ സാധിച്ചില്ല. ആ മനോവിഷമതോടുകൂടി ഞാൻ തിരിച്ചു വണ്ടിയിൽ കയറി. രാത്രി 1.30 ന് തിരിച്ചു കോട്ടയത്തെത്തി. ഉറക്കമിളച്ച് എങ്കിലും വളരെ സന്തോഷം. ഇനിയും ഞാൻ പോകും മലബാറിൻറെ മനോഹാരിത ആസ്വദിക്കാൻ, ജോലിത്തിരക്കുകൾ എല്ലാം മാറ്റിവച്ച് ഇതിനുവേണ്ടി മാത്രമായിട്ട്.