തമിഴ്‌നാട്ടിലെ ദേശീയപാതയിൽ കെഎസ്ആര്ടിസിയുടെ എറണാകുളം വോൾവോ ബസ് ലോറിയുമായി അപകടത്തിൽപ്പെട്ട് രണ്ടു കെഎസ്ആർടിസി ജീവനക്കാരടക്കം ഇരുപതോളം ആളുകൾ മരിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് ഏവരും കേട്ടത്. വർഷങ്ങൾക്ക് മുൻപ് ബെംഗളൂരുവിൽ നിന്നും കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആർടിസി വോൾവോ ബസ് ലോറിയ്ക്ക് പിന്നിലിടിച്ച് ഡ്രൈവറായ ജോൺ കെന്നഡി മരണപ്പെട്ടിരുന്നു. അന്നത്തെ ആ സംഭവം ഒരിക്കൽക്കൂടി ഓർമ്മിക്കാം..
“അർദ്ധരാത്രി വരുന്ന ഫോൺ കോളുകൾ അറ്റന്റ് ചെയ്യുവാൻ ശരിക്കും എനിക്ക് ഭയമാണ്. കാരണം മിക്കവാറും കോളുകൾ ആരും കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്തകൾ അറിയിക്കുന്നതിനുള്ളവയായിരിക്കും. അന്ന് രാത്രി 12 മണിയോടെ ബാംഗ്ലൂരിലെ നമ്പറിൽനിന്നുള്ള കോള്‍ വന്നപ്പഴേ മനസ്സു പിടച്ചിരുന്നു. കോൾ എടുത്തപ്പോൾ കേട്ട വാർത്ത ശരിക്കും ഞെട്ടിച്ചു കളഞ്ഞിരുന്നു – കോട്ടയം വോൾവൊ അപകടത്തിൽ പെട്ടു, ഡ്രൈവർ കെന്നഡി മരണപ്പെട്ടു.” അന്നത്തെ കെഎസ്ആർടിസി ബെംഗളൂരു കൺട്രോളിംഗ് ഇൻ ചാർജ്ജ് ആയിരുന്ന ജയരാജൻ സാർ ആ സംഭവം ഒരിക്കൽക്കൂടി ഭീതിയോടെ ഓർക്കുന്നു.
പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിലെ പ്രഗത്ഭനായ ഡ്രൈവറായിരുന്നു ജോൺ കെന്നഡി. കോട്ടയം – ബെംഗളൂരു വോൾവോ സർവ്വീസിന് പാലക്കാട് നിന്നുമായിരുന്നു ഡ്രൈവർ മാറ്റം. പാലക്കാട് മുതൽ ബെംഗളൂരു വരെയും അവിടുന്ന് തിരിച്ചും പാലക്കാട് ഡിപ്പോയിലെ ഡ്രൈവറാണ് ബസ് ഓടിക്കുന്നത്. അങ്ങനെയാണ് കെന്നഡിയ്ക്ക് ആ ഡ്യൂട്ടിയിൽ നറുക്ക് വീഴുന്നത്. മികച്ച ഡ്രൈവിംഗ് കാര്യക്ഷമത കൊണ്ടും യാത്രക്കാരോടുള്ള നല്ല പെരുമാറ്റം കൊണ്ടും കെന്നഡിയ്ക്ക് നല്ലപേരായിരുന്നു. സ്ഥിരയാത്രക്കാരും ജീവനക്കാരും ഇദ്ദേഹത്തെ കെന്നഡി ചേട്ടൻ, അച്ചായൻ എന്നൊക്കെയാണ് സ്നേഹത്തോടെ വിളിച്ചിരുന്നത്.
ഒരിക്കൽ പരിചയപ്പെട്ടാൽ ആരും മറക്കാത്ത വ്യക്തിത്വം. ജോലിയോടുള്ള ആത്മാർത്ഥത . വിനയം. 53 ാം വയസ്സിലും താൻ പ്രവർത്തിക്കുന്ന മേഖലയിലെ പുതിയ അറിവുകൾ നേടാനുള്ള താത്പര്യം. ഇതൊക്കെ കെന്നഡി ചേട്ടന്റെ പ്രത്യേകതകളായിരുന്നു. “ഇപ്പോഴും അദ്ദേഹം നമ്മെ വിട്ടു പോയി എന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല. ഒരു കാര്യം എനിക്കുറപ്പാണ്. കെന്നഡി ചേട്ടന്റെ വീഴ്ച കൊണ്ട് ഈ അപകടം സംഭവിക്കില്ല. കാരണം തന്റെ യാത്രക്കാരെയും, ബസ്സിനെയും അത്ര മാത്രം അദ്ദേഹം സ്നേഹിച്ചിരുന്നു.” ഇടറുന്ന വാക്കുകളോടെ എല്ലാവരും പറയുന്ന കാര്യമാണ് ഇത്.
അപകടദിവസം ബെംഗളൂരുവിൽ നിന്നും കോട്ടയത്തേക്ക് സർവ്വീസ് നടത്തിയ വോൾവോ ബസ്സിലെ യാത്രക്കാരിയായിരുന്നു ആനവണ്ടി ബ്ലോഗ് ബെംഗളൂരു ഗ്രൂപ്പിൻറെ അഡ്മിനായ ജോമോന്റെ ഭാര്യ രാജി. ബെംഗളൂരുവിൽ നഴ്‌സായ രാജി തൻ്റെ കുഞ്ഞിനോടൊപ്പം നാട്ടിലേക്ക് പോകുകയായിരുന്നു. ലീവ് ലഭിക്കാത്തതിനാൽ ജോമോന് ഈ യാത്രയിൽ ഒപ്പം ചേരുവാൻ സാധിച്ചിരുന്നില്ല. രാജിയും കുഞ്ഞും ഒറ്റയ്ക്കേയുള്ളൂ എന്നറിഞ്ഞപ്പോൾ ഡ്രൈവറായ കെന്നഡിയും അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കണ്ടക്ടറും അവരുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ജോമോന് ഉറപ്പു നൽകിയാണ് യാത്രയാരംഭിച്ചത്.
അന്നേദിവസം ബസ്സിൽ യാത്ര ചെയ്തിരുന്ന കോട്ടയം സ്വദേശിയായ അനന്തു വാസുദേവ് ആ സംഭവം ഇങ്ങനെ ഓർത്തെടുക്കുന്നു – “ഒന്നാം നമ്പര്‍ സീറ്റാണ് ബുക്ക് ചെയ്തിരുന്നത്. ആകെയുണ്ടായിരുന്നത് ഇരുപത്തിനാല് യാത്രക്കാരാണ്. പത്തു മണിയോടെ പലരും മയങ്ങിത്തുടങ്ങിയിരുന്നുവെന്ന് തോന്നുന്നു. ഞാന്‍ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ വെച്ചിരുന്നതിനാല്‍ അത് കഴിഞ്ഞ് എടുത്ത് വെച്ച ശേഷം ഉറങ്ങാമെന്ന് കരുതി.
പത്തരയോടെ മൊബൈലും ചാര്‍ജ്ജറും എടുത്ത് ബാഗില്‍ വച്ച് ബ്ലാങ്കെറ്റ് എടുത്ത് ഉറങ്ങാന്‍ തയ്യാറെടുക്കുമ്പോ മുന്നില്‍ ഡ്രൈവര്‍ ക്യാബിനുമായി തിരിക്കുന്ന കര്‍ട്ടന്‍ മാറിക്കിടക്കുന്നതും അതുകൊണ്ട് മുഖത്തേക്ക് വെളിച്ചമടിക്കുന്നതും ശ്രദ്ധിച്ചത്. അത് നീക്കിയിടാമെന്ന് കരുതി മുന്നോട്ടായാന്‍ തുടങ്ങുമ്പോഴാണ് തൊട്ടുമുന്നില്‍ പോയ ലോറിയുടെ ബ്രേക്ക് ലൈറ്റ് തെളിയുന്നത് കണ്ടത്. അഞ്ചെട്ട് അടി മാത്രം വത്യാസത്തില്‍ അത്യാവശ്യം വേഗത്തില്‍ തൊട്ടുപിന്നില്‍ തന്നെയായിരുന്നു ബസ്സ്. ലോറി നിര്‍ത്തുന്നുവെന്നറിഞ്ഞയുടനെ ഡ്രൈവര്‍ ഇടതു ഭാഗത്തേക്ക് പൂര്‍ണ്ണമായും ബസ്സ് തിരിക്കാന്‍ ശ്രമിക്കുന്നത് കണ്ടു. എന്നാല്‍ ലോറിയുടെ പിന്നിലിടിക്കുന്നതും, ഗ്ലാസ്സ് പൊട്ടുന്നതും, ഇടത്തേക്ക് തെന്നിമാറി നില്‍ക്കുന്നതും കണ്ടു. രണ്ട് സെക്കന്റ് സമയത്തില്‍ കഴിഞ്ഞു.
എന്റെ അടുത്ത സീറ്റിലൊരു പെണ്‍കുട്ടിയും പിന്നിലെ സീറ്റില്‍ രണ്ട് വയസ്സടുത്ത് പ്രായമുള്ള മകനേയും കൊണ്ട് ഒരു ചേച്ചിയുമായിരുന്നു. അവരും ഇടിയുടെ ആഘാതത്തിലായിരുന്നു. കണ്ടക്ടര്‍ അടുത്ത സീറ്റിലയിരുന്നു. അദ്ദേഹവുമെഴുന്നേറ്റ് അനങ്ങാനാവാതെ നില്‍ക്കുന്നു. ബാക്കി യാത്രക്കാര്‍ പിന്നില്‍ നിന്ന് എണീറ്റ് വരുന്നതേയുള്ളൂ. ഉടനെ എഴുനേറ്റ് ക്യാബിനിലേക്ക് ചെന്നപ്പോള്‍ ഡ്രൈവര്‍ സ്റ്റിയറിങിനു മുകളിലൂടി വിന്‍ഷീല്‍ഡും ഡോറും ചേരുന്ന് കോണിലേക്ക് നീങ്ങി കിടക്കുകയാണ്.
അയാളെയൊന്ന് വലിച്ച് രക്ഷിക്ക് എന്ന് പറയാന്‍ മാത്രമേ കണ്ടക്ടര്‍ക്കും പറ്റുന്നുള്ളൂ. നോക്കുമ്പോള്‍ കമിഴ്ന്ന് കിടക്കുന്ന ശരീരത്തിനു അനക്കമില്ല. അവിടെ നിന്ന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഡോര്‍ അടഞ്ഞു കിടക്കുകയായിരുന്നു, മുന്നിലെ ഗ്ലാസ്സ് പൊട്ടിയത് കൊണ്ട് അതുവഴി ചാടി അടുത്ത് ചെന്ന് നോക്കുമ്പോള്‍ എല്ലാം കഴിഞ്ഞിരുന്നു. വിന്‍ഷീല്‍ഡിന്റെ കോണിലെ രണ്ട് കമ്പികള്‍ക്കിടയിലായിരുന്നു കഴുത്ത് – മുക്കാലും മുറിഞ്ഞ് പോയ അവസ്ഥ. ചോര വാര്‍ന്നുകൊണ്ടിരിക്കുന്നു. നിസ്സഹായാവസ്ഥയുടെ കഠിനമായ വേദന പിന്നെയും അനുഭവിച്ചു നിന്നു.
ആകെയുണ്ടായിരുന്ന രണ്ട് സെക്കന്റ് സമയം കൊണ്ട് പരമാവധി അപകടമൊഴിവാക്കാന്‍ ശ്രമിച്ചു ഡ്രൈവര്‍ ജോണ്‍ കെന്നഡി. സ്വന്തം ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മറ്റാര്‍ക്കുമൊരു പരിക്കുമേല്‍ക്കാതെ രക്ഷപെടാനായി. എന്റെ സീറ്റിന്റെ ഭാഗത്തെ ഗ്ലാസ്സ് പൊട്ടിയതിന്റെ ചെറിയ തരികള്‍ കയ്യിലും മുഖത്തും തെറിച്ചതും, ഒന്നു രണ്ട് പേര്‍ക്ക് മുന്നിലെ സീറ്റി കൈയ്യും കാലും തട്ടിയതിന്റെ ചെറിയ വേദനയുള്ളതുമൊഴിച്ചാല്‍ എല്ലാവരും സേഫ്.
അടുത്ത ദിവസം രാവിലെ മുതല്‍ ഓണ്‍ലൈനിലും ഓഫ്ലൈനിലും കാര്യമായ ചര്‍ച്ചകളും അഭിപ്രായപ്രകടനങ്ങളും കാണാനിടയായി. കണ്ടതും കേട്ടതുമായ വാര്‍ത്തകളെ പുച്ഛിച്ചുകൊണ്ട് പലരും പ്രസംഗിക്കുന്നുണ്ടായിരുന്നു. ഇതൊക്കെയായിരുന്നു കേട്ടത്: “കെ.എസ്.ആര്‍.ടി.സി അല്ലെ, ഇത്രയൊക്കെ പ്രതീക്ഷിച്ചാമതി”, “അയാള്‍ ഉറങ്ങിക്കാണും”, “ഒറ്റ ഡ്രൈവറെ വച്ച് ലാഭമുണ്ടാക്കിയതല്ലേ, അനുഭവിക്കട്ടെ”, “ഇവരെയൊക്കെ ട്രെയിന്‍ ചെയ്തില്ലെങ്കില്‍ ഇങ്ങനിരിക്കും”, “മുന്നില്‍ പോകുന്ന വണ്ടിയില്‍ നിന്ന് ആവശ്യത്തിനു അകലം പാലിക്കണമെന്ന് ഇനിയും ആരെങ്കിലും പഠിപ്പിക്കണോ”, “പോലീസുകാരെയൊന്നും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കയ്യിലിരിപ്പാണ്”. ഇവയൊക്കെ ചിലത് മാത്രം.
ഇതൊക്കെ മനസ്സില്‍ വച്ചുകൊണ്ട് സംഭവിച്ചത് എന്താണെന്ന് വ്യക്തമായി വായിച്ചോളൂ. ഒരു വാഹനത്തെ മറികടന്നാണ് ബസ് വലത്തെ ട്രാക്കിലെത്തിയത്. ഒറ്റവരിപ്പാതയല്ല, നടുക്ക് മീഡിയനുള്ള ഹൈവേ ആണ്. സ്ഥലം കൃഷ്ണഗിരിക്കും സേലത്തിനുമിടയ്ക്ക് തൊപ്പൂര്‍). വലത്തെ ട്രാക്കില്‍ മുന്നില്‍ ലോറിയുണ്ടായിരുന്നു. രണ്ടും ഏകദേശം ഒരേ വേഗതയില്‍, അഞ്ചെട്ട് അടി വ്യതാസത്തില്‍. (എന്റെ ഫോണില്‍ സ്പീഡോമീറ്റര്‍ ആപ്പ് റണ്ണിങ്ങ് ആയിരുന്നു. 83 കിലോമീറ്റര്‍ ആണ് അതുവരെയുള്ള യാത്രയില്‍ ബസ്സ് എടുത്ത പരമാവധി വേഗത. അത് താരതമ്യേന കുറവാണെന്ന് പ്രൈവറ്റ് വോള്‍വോകളില്‍ യാത്ര ചെയ്യുന്നവര്‍ക്കറിയാം. തലെ ദിവസം പുനെ നിന്ന് ബാംഗ്ലൂര്‍ക്ക് ഞാന്‍ വന്ന ബസ്സിന്റ് വേഗത 117 kmph ആയിരുന്നു.
ഇനി ലോറി നില്‍ക്കാനുണ്ടായ സാഹചര്യം. ഹൈവേയുടെ നടുക്ക് മീഡിയനില്‍ പോലീസുകാര്‍ നിന്നിരുന്നു. വലത്തേ ട്രാക്കിലൂടി പോകുന്ന ലോറികള്‍ പെട്ടെന്ന് കൈകാണിച്ച് നിര്‍ത്തി ക്യാബിനിലേക്ക് കൈനീട്ടും, അന്‍പതോ നൂറോ എത്രയാണെന്നു വച്ചാല്‍ കൊടുക്കുക. ചെക്കിങ്ങ് ഒന്നുമല്ല, തനി ഗുണ്ടാപ്പിരിവ് – ലീഗല്‍ പുറംമോടിയില്‍. ഇതിനായാണ് മുന്നില്‍ പോയ ലോറി പെട്ടെന്ന് തടഞ്ഞ് നിര്‍ത്തിയത്. മുന്നിലേക്ക് പൊലീസ് ചാടുമ്പോള്‍ ലോറി ഡ്രൈവര്‍ക്ക് നിര്‍ത്താതെ വേറെ വഴിയില്ല. സംഭവിച്ചത് ഇതാണെന്ന് ഞാന്‍ നേരിട്ട് കണ്ടില്ല; പക്ഷേ വഴിയരികില്‍ ഉണ്ടായിരുന്ന നാട്ടുകാര്‍ വ്യക്തമായി കണ്ടു, അതുകൊണ്ട് അവര്‍ക്കെതിരെ നാട്ടുകാരു കൂടി നടപടി എടുക്കാനാവശ്യപ്പെട്ട് പ്രതിഷേധിക്കുകയും വഴി തടയുകയും ചെയ്തു. തന്നെയല്ല, ഇത് ഇവിടെ സ്ഥിരമാണെന്ന് അവിടെ വച്ച് കണ്ട മലയാളി ലോറിക്കാര്‍ പലരും പറഞ്ഞു.”
വലത്തേ ട്രാക്കില്‍ പോകുന്ന ഒരു വാഹനം ഇങ്ങനെ നിര്‍ത്തുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. എന്നിട്ടും ആ ഡ്രൈവറുടെ കഴിവുകൊണ്ടും ശ്രദ്ധകൊണ്ടും മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. വാർത്ത കേൾക്കുന്നവർക്ക് മരണപ്പെട്ടത് ഒരു ഡ്രൈവർ മാത്രമായിരുന്നിരിയ്ക്കാം. പക്ഷെ സ്ഥിര യാത്രക്കാർക്കും ബെംഗളൂരുവിലെ ആനവണ്ടി പ്രേമികൾക്കും കെന്നഡിയുടെ മരണം ഒരു തീരാ നഷ്ടം ആയിരുന്നു. എല്ലാവരും ഈ അപകടവും കെന്നഡിയുടെ മരണവും എല്ലാം മറന്നു കഴിഞ്ഞു. പക്ഷേ ഇതൊരു ഓർമ്മപ്പെടുത്തൽ ആണ്. യാത്രക്കാരുടെ ജീവൻ രക്ഷിച്ചിട്ട് സ്വന്തം ജീവൻ ബലി നൽകിയ ആ നല്ല മനുഷ്യനെ നാം ഓർക്കണം. എന്നും.
സ്കാനിയയും, വോൾവോയും ഒന്നും ഇല്ലാത്ത ലോകത്തേക്ക് ആരുടേയും അനുമതി വാങ്ങാതെ കെന്നഡി ചേട്ടൻ യാത്രയായിട്ട് ഇപ്പോൾ 3 വർഷം കഴിഞ്ഞിരിക്കുന്നു.