കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞങ്ങൾ ഫാമിലിയായി ചെന്നൈയിലേക്ക് പോയിരുന്നു. ഭാര്യ ശ്വേതയുടെ സഹോദരനും ഫാമിലിയും അവിടെയാണ് താമസം. അവരുടെയടുത്തേക്കായിരുന്നു ഞങ്ങൾ പോയത്. ചെന്നൈയിൽ ചെറിയ രീതിയിലുള്ള കറക്കമെല്ലാം കഴിഞ്ഞു വൈകുന്നേരത്തോടെ “നമുക്ക് ബീച്ചിൽ പോകാമെന്നു” ഞാൻ അളിയനോട് പറഞ്ഞു. “എന്നാൽപ്പിന്നെ കോവളം ബീച്ചിലേക്ക് തന്നെ പോകാം” എന്ന് അളിയൻ. ദൈവമേ, ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തെ കോവളം ബീച്ചിലേക്കോ എന്നോർത്ത് അന്തംവിട്ടു നിന്ന എന്നോട് അളിയൻ കാര്യം പറഞ്ഞു തന്നു. ചെന്നൈയിലും ഉണ്ട് കോവളം എന്ന പേരിൽ ഒരു ബീച്ച്. ഹോ.. അതു കേട്ടപ്പോൾ എനിക്ക് ആശ്വാസമായി. അങ്ങനെ ഞങ്ങൾ കോവളം ബീച്ചിലേക്ക് യാത്രയായി.
ചെന്നൈ പോലുള്ള മെട്രോ നഗരത്തിലെ ബീച്ച് എന്നൊക്കെയുള്ള എൻ്റെ പ്രതീക്ഷകളെ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു കോവളം ബീച്ച്. വണ്ടി പാർക്ക് ചെയ്ത് അവിടേക്ക് നടന്നു തുടങ്ങിയപ്പോൾ തന്നെ എനിക്കത് മനസിലായി. ഇതിലും എത്രയോ നല്ലതാണ് നമ്മുടെ കോവളം ബീച്ച് എന്ന് ഞാൻ മനസ്സിലോർത്തു. ഇവിടെ ഒരുമാതിരി ഇടുങ്ങിയ വഴിയും സൗകര്യക്കുറവുമൊക്കെയായി വല്ലാത്തൊരു വീർപ്പുമുട്ടൽ ഫീൽ. എന്തായാലും വന്നതല്ലേ, ഒന്നു കണ്ടുകളയാം എന്നു വിചാരിച്ചു.
ബീച്ചിനു തൊട്ടടുത്തുള്ള ഒരു ചെറിയ സ്റ്റാളിൽ നിന്നും ‘മദാമ്മപ്പുല്ല്’ എന്നു വിളിക്കുന്ന ഒരു ഐറ്റം ഞങ്ങൾ വാങ്ങി. പണ്ട് ചെറുപ്പത്തിൽ ഈ സാധനമൊക്കെ വാങ്ങിക്കഴിച്ച ഓർമ്മകൾ അപ്പോൾ എൻ്റെ മനസിലൂടെ കടന്നുപോയി. മദാമ്മപ്പുല്ലും കഴിച്ചുകൊണ്ട് ഞങ്ങൾ ബീച്ചിലേക്ക് നടന്നു. പോകുന്ന വഴിയിൽ നല്ല കിടിലൻ സീ ഫുഡ് ലഭിക്കുന്ന സ്റ്റാളുകൾ കാണുവാൻ സാധിച്ചു. പല തരത്തിലുള്ള മീനുകൾ വറുത്തും പൊരിച്ചും പൊള്ളിച്ചുമൊക്കെ വെച്ചിരിക്കുന്നു. എല്ലാം നാട്ടുകാരായ അമ്മച്ചിമാരുടെ സംരംഭങ്ങളാണ്. ബീച്ചിൽ പോയി വന്നിട്ട് ഇതെല്ലം ഒന്ന് പരീക്ഷിക്കാം എന്നുവിചാരിച്ചു ഞങ്ങൾ വീണ്ടും ബീച്ചിലേക്ക് നടന്നു.
ബീച്ചിൽ ധാരാളം മീൻ വിൽപ്പനക്കാർ ഇരിക്കുന്നുണ്ടായിരുന്നു. കൂടുതലും തദ്ദേശീയരായ ചേച്ചിമാരും അമ്മൂമ്മമാരും. പലതരത്തിലുള്ള മീനുകൾ അവിടെ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നതായി കണ്ടു. പച്ച മീനുകൾക്കൊപ്പം ഉണക്കമീനുകളും ഉണ്ടായിരുന്നു. മീൻ വാങ്ങുന്നവർക്ക് അവ വൃത്തിയാക്കി കൊടുക്കുന്ന തിരക്കിലായിരുന്നു ചെറിയ കുട്ടികളടക്കമുള്ള മറ്റു ടീമുകൾ. ബീച്ചിൽ ധാരാളം മൽസ്യബന്ധന വള്ളങ്ങൾ ഉണ്ടായിരുന്നു. ടൂറിസം എന്നതിലുപരി മൽസ്യബന്ധനത്തിനായിരുന്നു ബീച്ച് പ്രാധാന്യം നൽകിയിരുന്നത്. അതിനിടയിൽ അവിടെയുണ്ടായിരുന്ന കുറച്ചു മത്സ്യത്തൊഴിലാളികളെ ഞാൻ പരിചയപ്പെട്ടു. നാട്ടിൽ പ്രളയം വന്നപ്പോൾ എല്ലാവരെയും രക്ഷിക്കുവാൻ മുൻപന്തിയിൽ മൽസ്യത്തൊഴിലാളികൾ ഉണ്ടായിരുന്ന കാര്യമൊക്കെ ഞാൻ അവരോട് പറഞ്ഞു. അതൊക്കെ കേട്ടപ്പോൾ അവർക്ക് എന്തോ ഒരു സന്തോഷവും അഭിമാനവുമൊക്കെ.
ബീച്ചിൽ ഏതോ സ്‌കൂളിൽ നിന്നുള്ള കുട്ടികളുടെ കൂട്ടമൊക്കെ ഉണ്ടായിരുന്നു. യൂണിഫോമിട്ട പിള്ളേരൊക്കെ മണലിൽ വീട് ഉണ്ടാക്കിക്കളിക്കുന്ന കാഴ്ച വല്ലാത്തൊരു നൊസ്റ്റാൾജിയയാണ് എനിക്ക് സമ്മാനിച്ചത്. ഞാൻ ബീച്ചിലേക്ക് നോക്കിയപ്പോൾ അവിടെ കടലിൽ കളിക്കുകയായിരുന്നു അളിയനും മകൾ അവന്തികയും. അവന്തിക നന്നായി എന്ജോയ് ചെയ്യുന്നുണ്ടായിരുന്നു. ബീച്ചിൽ അത്രയ്ക്ക് വൃത്തിയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും വന്നതല്ലേ എന്നുകരുതി ഞങ്ങൾ എല്ലാവരും പരമാവധി എന്ജോയ് ചെയ്യാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
സൂര്യാസ്തമയത്തിനു ശേഷം ഞങ്ങൾ ബീച്ചിൽ നിന്നും തിരികെ കയറി. മുൻപ് കണ്ട സീഫുഡ് ഒക്കെ ഒന്നു പരീക്ഷിക്കണമെന്നുണ്ടായിരുന്നെങ്കിലും അവിടത്തെ വല്ലാത്ത മണം എനിക്ക് അത്രയ്ക്ക് പിടിച്ചില്ല. അതുകൊണ്ട് ആ ഉദ്യമം വേണ്ടെന്നു വെച്ച് ഞങ്ങൾ തിരികെ വീട്ടിലേക്ക് യാത്രയായി.
1 comment
അടിപൊളി