കെ.എസ്.ഇ.ബിയുടെ വാഹനങ്ങളും വൈദ്യുതിയിലോടിക്കും. ഘട്ടംഘട്ടമായി കെ.എസ്.ഇ.ബിയുടെ മുഴുവൻ വാഹനങ്ങളും ഇലക്ട്രിക് ആക്കാനുള്ള ശ്രമങ്ങൾക്ക് KSEBL തുടക്കം കുറിച്ചു. സംസ്ഥാനത്ത് നിലവിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷനുകൾ അധികമില്ലാത്തതിനാൽ ദീർഘ ദൂരയാത്രയ്ക്ക് ഇവ തത്കാലം ഉപയോഗിക്കാനാവില്ല. അതിനാൽ, നഗര പ്രദേശങ്ങളിലെ കെ.എസ്.ഇ.ബി ഓഫീസുകളുടെ പതിനഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഓടുന്ന വാഹനങ്ങളാകും ആദ്യഘട്ടത്തിൽ ഇലക്ട്രിക് ആക്കുക.
നിലവിലെ പെട്രോൾ, ഡീസൽ വാഹനങ്ങളെല്ലാം ക്രമേണ മാറ്റും. പുതുതായി വാങ്ങുന്നവയെല്ലാം ഇലക്ട്രിക് വാഹനങ്ങളായിരിക്കും. ഇപ്പോൾ കരാറടിസ്ഥാനത്തിൽ ഓടുന്ന വാഹനങ്ങളുടെ കരാർ കാലാവധി കഴിഞ്ഞശേഷം തുടർന്നുള്ളവയും ഇലക്ട്രിക് തന്നെയായിരിക്കും. കെ.എസ്.ഇ.ബിയ്ക്ക് നിലവിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി ആറ് ഇലക്ട്രിക് വാഹനങ്ങളുണ്ട്.
സംസ്ഥാനത്തെ വൈദ്യുതി ഗതാഗതനയം അനുസരിച്ച് കേരളത്തിൽ അങ്ങോളമിങ്ങോളം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കേണ്ട നോഡൽ ഏജൻസി കെ.എസ്.ഇ.ബിയാണ്. അത്തരമൊരു സാഹചര്യത്തിൽ മറ്റുള്ളവർക്ക് മാതൃകയാകാനാണ് എല്ലാ വാഹനങ്ങളും ഇലക്‌ട്രിക് ആക്കാൻ തീരുമാനിച്ചത്.
സാധാരണ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ധാരാളം സമയം ആവശ്യമാണ്. അടിയന്തര ഘട്ടത്തിൽ അത്തരമൊരു സാഹചര്യം പ്രയാസമുണ്ടാക്കും. അതിനാൽ, ഫാസ്റ്റ് ചാർജിംഗ് സംവിധാനവും ചാർജിംഗ് ബാറ്ററിയും ഉപയോഗിച്ച് വാഹനങ്ങൾ നിരത്തിലിറക്കാനാണ് കെ.എസ്.ഇ.ബി ആലോചിക്കുന്നത്.
മൂന്നോ നാലോ വർഷത്തിനുള്ളിൽ കെ.എസ്.ഇ.ബിയുടെ എല്ലാ വാഹനങ്ങളും ഇലക്‌ട്രിക് ആക്കാനാണ് ലക്ഷ്യമിടുന്നത്. ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ റോഡരികിലെ കെ.എസ്.ഇ.ബിയുടെ സ്ഥലങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും.
ഘട്ടംഘട്ടമായി ഇതു നടപ്പാക്കും. വാടകയ്ക്ക് ഉപയോഗിക്കുന്നതും വൈദ്യുത വാഹനങ്ങളാവും. സംസ്ഥാനത്ത് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള സമീപനരേഖയും ബോര്‍ഡ് പുറത്തിറക്കി. ബോര്‍ഡിനെ നോഡല്‍ ഏജന്‍സിയായി സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ബോര്‍ഡിന്റെ സ്ഥലങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ തയ്യാറുള്ള വ്യക്തികളില്‍നിന്നും സംരംഭകരില്‍നിന്നും താത്പര്യപത്രം ക്ഷണിച്ചു.
വ്യക്തികളോ സംരംഭകരോ അവരുടെ സ്ഥലങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചാല്‍ അവര്‍ക്ക് യൂണിറ്റിന് അഞ്ചുരൂപ നിരക്കില്‍ വൈദ്യുതി നല്‍കും. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് ബോര്‍ഡ് അവകാശപ്പെടുന്നു. ഭൂമിയുടെ വിലയൊഴികെ ശരാശരി 15 ലക്ഷം രൂപ ചെലവില്‍ ഒരു ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാനാവും. ഇവിടെ മൂന്നോനാലോ വാഹനങ്ങള്‍ ഒരേസമയം ചാര്‍ജ് ചെയ്യാം. എന്നാല്‍, കൂടുതല്‍ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാവുന്നതും പാര്‍ക്കിങ് പ്രദേശം കൂടുതല്‍ വേണ്ടതുമായ സ്റ്റേഷനുകള്‍ക്ക് ചെലവേറും.
വിവരങ്ങൾക്ക് കടപ്പാട് – കെ.എസ്.ഇ.ബി. പേജ്, മാതൃഭൂമി.