സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ സൗകര്യാർത്ഥം ബസ് സർവീസുകൾ ഏർപ്പെടുത്തി കെഎസ്ആർടിസിയും. മെയ് 22 നു തിരുവനന്തപുരത്തു വെച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് കെഎസ്ആർടിസി എംഡി എം.പി. ദിനേശ് ഐ. പി. എസ്. ഈ കാര്യം വെളിപ്പെടുത്തിയത്. പ്രസ്തുത പത്രക്കുറിപ്പ് താഴെ കൊടുത്തിരിക്കുന്നു…
ഒരു പുതിയ അധ്യയന വർഷം കൂടി വരവായി..അടുത്ത അധ്യയന വർഷത്തേക്ക് കൂടുതൽ യാത്രാ സൗകര്യം ഒരുക്കി കെ.എസ്.ആർ.ടി.സി.യും..പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് ജൂൺ ആദ്യവാരം വിദ്യാലയങ്ങൾ തുറക്കുന്നതിനാൽ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യം കണക്കിലെടുത്ത് അവർക്ക് വേണ്ടി മുൻകാലങ്ങളിൽ ഓപ്പറേറ്റ് ചെയ്തിരുന്ന മുഴുവൻ ഓഡിനറി സർവീസുകളും കെഎസ്ആർടിസി പുനഃ ക്രമീകരിക്കും.
കഴിഞ്ഞ വർഷം വരെ വിദ്യാർഥികൾക്കായി നടത്തിയിരുന്ന എല്ലാ ട്രിപ്പുകളും പതിവുപോലെ ഇത്തവണയും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ പുതുതായി തുടങ്ങിയ 136 ഓർഡിനറി ചെയിൻ സർവ്വീസുകളും വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്നതാണ്. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തിരക്ക് ക്രമീകരിക്കുന്നതിനായി പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഇൻസ്പെക്ടർമാരെ പോയിൻറ് ഡ്യൂട്ടിക്കായി നിയോഗിക്കുന്നതാണ്.
ഗതാഗതക്കുരുക്കിൽപ്പെടുന്ന ബസുകളെ കൃത്യമായ ഇടവേളകളിൽ ക്രമീകരിച്ച് സർവീസ് അയക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഇതിനകം തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആർടിസി ബസുകളിൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത് കെഎസ്ആർടിസിക്ക് കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുണ്ടെങ്കിലും, വിദ്യാർത്ഥി സമൂഹത്തിന്റെ സൗകര്യാർത്ഥം നിലവിലുള്ള സർവീസുകൾ തുടരുവാനാണ് കെഎസ്ആർടിസി തീരുമാനിച്ചിരിക്കുന്നത്.
ജൂൺ ഒന്ന് മുതലാണ് വിദ്യാർഥികൾക്ക് കൺസഷൻ യാത്ര അനുവദിച്ചിരിക്കുന്നതെങ്കിലും സ്കൂൾ തുറക്കുമ്പോൾ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കുവാനും, കൺസഷൻ ടിക്കറ്റ് വിതരണത്തിൽ കാലതാമസം ഒഴിവാക്കുവാനും 2019 മെയ് മാസം ഇരുപത്തിയഞ്ചാം തീയതി ശനിയാഴ്ച മുതൽ മുതൽ തന്നെ എല്ലാ ഡിപ്പോകളിലും കൺസഷൻ കൗണ്ടറുകൾ തുറന്നു പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ യാത്രാ സൗകര്യം കണക്കിലെടുത്ത് ഡോക്കിലുള്ള പരമാവധി ബസ്സുകൾ നിരത്തിലിറക്കാൻ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.
കെഎസ്ആർടിസി വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നതിനാൽ കൂടുതൽ വിദ്യാർത്ഥികൾ കെഎസ്ആർടിസിയെ ആശ്രയിക്കുകയും ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന ഇതര യാത്രക്കാർ മറ്റു ബസുകളെ ആശ്രയിക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. അത്തരത്തിലുള്ള യാത്രക്കാരോട് ഒരു അഭ്യർത്ഥനയാണ് എനിക്കുള്ളത്. നിങ്ങൾക്കായി കൂടുതൽ ബസുകൾ ക്രമീകരിച്ച് പ്രത്യേക യാത്രാ സൗകര്യം ഒരുക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതുകൊണ്ട് കെഎസ്ആർടിസി ബസ്സുകളിൽ യാത്ര ചെയ്യൂ.. സർക്കാരിൻറെ പൊതു ഗതാഗത സംവിധാനത്തിൽ അണിചേരൂ.
സ്നേഹപൂർവ്വം, എം.പി. ദിനേശ് ഐ. പി. എസ്., ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, കെഎസ്ആർടിസി. സുഖയാത്ര… സുരക്ഷിതയാത്ര..
കവർ ചിത്രം – Aslam Rainy.