എഴുത്ത് – അഭിജിത് കൃഷ്ണ.
മുന്‍പ് ഒരുപാട് തവണ മൂഴിയാര്‍ പോയിട്ടുണ്ടെങ്കിലും അത് ഒരു അത്ഭുതം ആയിതോന്നിയത് ഇപ്പോഴാണ്.വനത്തിനകത്ത് വെച്ച് വണ്ടി ബ്രേക്ക് ഡൗൺ ആയാല്‍ എന്ത് ചെയ്യും എന്ന് ഒരുപാട് തവണ ഞാന്‍ ആലോചിച്ചിട്ടുണ്ട്. ഇന്നലെ രാത്രി അത് നേരില്‍ കണ്ടു ബോധ്യപ്പെട്ടു. അപകടത്തില്‍പെടുന്നവരെ സഹായിക്കാന്‍ ദൈവം ഓരോരുത്തരെ അയക്കും എന്ന് പറയുന്നത് പ്രളയ ദുരന്ത മുഖത്ത് നമ്മള്‍ കണ്ടതാണ്.അത് പോലെ ആയിരുന്നു ഇന്നലെ രാത്രി. കെ എസ് ഇ ബി യെയും അത് പോലെ കെ എസ് ആര്‍ ടി സി യെയും മനസ് നിറഞ്ഞ് നന്ദി പറഞ്ഞ നിമിഷങ്ങള്‍.
വെഞ്ഞാറമൂട് ഡിപ്പോയുടെ RPA 354 മൂഴിയാര്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇന്നലെ ആങ്ങമൂഴി ചെക്ക്‌പോസ്റ്റ് കഴിഞ്ഞു 15 km കാട് കയറിയപ്പോള്‍ വണ്ടിയുടെ മുന്‍വശത്തെ ടയര്‍ പഞ്ചര്‍ ആയി. സത്യം പറഞ്ഞാല്‍ ദൈവത്തെ വിളിച്ച നിമിഷങ്ങള്‍. ഒന്നാമത് വിശപ്പ്, രണ്ടാമത് കാടിന്‍റെ ഒത്ത നടുക്ക് ഫോണില്‍ റേഞ്ച് ഇല്ല. ആകെ പെട്ടു എന്ന് കരുതിയ നിമിഷങ്ങള്‍. പിന്നെയുള്ള ഒരേ ഒരു ചാന്‍സ് രാവിലെ 9 മണിക്ക് ഗവി വണ്ടി അവിടെ എത്തും. അത് വരെ ആ കാട്ടില്‍ കഴിയുക .ഡ്രൈവര്‍ മനോജ് അണ്ണനും ജാസിം അണ്ണനും ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ ആണ് കെ എസ് ഇ ബി യുടെ വണ്ടി അവിടെ വന്നത്. അതിലെ ഡ്രൈവര്‍ റെജി അണ്ണന്‍ ഞങ്ങളെ വണ്ടിയില്‍ മൂഴിയാര്‍ IB യില്‍ എത്തിച്ചു. ആഹാരം കഴിച്ചു പകുതി ആശ്വാസം ആയി.
മൂഴിയാറില്‍ BSNL റേഞ്ച് ഉള്ളത് കൊണ്ട് പത്തനംതിട്ട ഡിപ്പോയില്‍ വിളിച്ചു പറഞ്ഞു. പമ്പ സീസന്‍ ആയതു കൊണ്ട് പ്ലാപ്പള്ളിയില്‍ വര്‍ക്ക്‌ഷോപ്പ് വാന്‍ ഉണ്ടാകും അവരെ വിളിക്കാം എന്ന് പറഞ്ഞു കട്ട് ചെയ്തു. ഞങ്ങള്‍ ആഹാരം കഴിച്ചു ഇറങ്ങിയപ്പോള്‍ റജി അണ്ണന്‍ വണ്ടിയുമായി വീണ്ടും വന്നു. ഞങ്ങളെ തിരിച്ചു കൊണ്ട് വിടാന്‍. “നിങ്ങളോട് ഇതിനൊക്കെ എങ്ങെനെയാ നന്ദി പറയുക” എന്ന് ഡ്രൈവര്‍ മനോജ് അണ്ണന്‍ ചോദിച്ചപ്പോള്‍ “നിങ്ങള്‍ നമുക്ക് വേണ്ടി അല്ലെ രാത്രി ഈ കാടും കയറി വരുന്നത്. അപ്പോള്‍ നിങ്ങള്‍ക്ക് എന്തേലും ആപത്ത് വരുമ്പോള്‍ നമ്മളല്ലാതെ വേറെ ആരാ ഇതൊക്കെ ചെയ്യാന്‍..” രാത്രി 11 മണിക്കുള്ള പുള്ളിയുടെ ഡയലോഗ് കേട്ടപ്പോള്‍ കൈയടിക്കണം എന്ന് തോന്നിപ്പോയി. ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും കെ എസ് ആര്‍ ടി സി ക്ക് വേണ്ടി ഇരു കെ എസ് ഇ ബി സ്റ്റാഫ് ഉറങ്ങാതെ നമ്മളുടെ കൂടെ കാവലിരുന്നു ഒരു മാലാഖയെ പോലെ.
ഇത് വരെ കഥയിലെ നായകന്‍ കെ എസ് ഇ ബി ആണെങ്കില്‍ രണ്ടാം പകുതിയില്‍ കെ എസ് ആര്‍ ടി സി മാസ് കാണിച്ച നിമിഷങ്ങള്‍ (കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ ഗസ്റ്റ് റോളില്‍ വന്നു തകര്‍ത്തത് പോലെ). പത്തനംതിട്ടയില്‍ നിന്ന് കാള്‍ വന്നു. രാത്രി ഇത്ര ദൂരം അതും പാതിരാത്രി മൂഴിയാറില്‍ ആന ശല്യം കൂടുതല്‍ ആണ്. അത് കൊണ്ട് തന്നെ റിസ്ക് എടുത്ത് ആരും രാത്രി വരില്ല. എന്നാല്‍ പത്തനംതിട്ടയില്‍ നിന്നും പ്ലാപ്പള്ളിയിലുള്ള വർക്ക് ഷോപ്പ് വാനിനെ വിളിച്ചു. രാത്രി കാട്ടില്‍ വെഞ്ഞാറമൂടിന്‍റെ മൂഴിയാര്‍ ഫാസ്റ്റ് BD ആണ് എന്ന മെസ്സേജ് കിട്ടിയതും പ്ലാപ്പള്ളിയില്‍ നിന്നും പാപ്പനംകോഡിന്‍റെ വര്‍ക്ക്‌ഷോപ്പ് വാന്‍ തിരിച്ചതായി അറിയിപ്പ് കിട്ടി.
റെജി അണ്ണന്‍ ഞങ്ങളെ വണ്ടി BD ആയ സ്ഥലത്ത് എത്തിച്ചു. പുള്ളിക്കാരന്‍ കൂടെ നില്‍ക്കാം എന്ന് പറഞ്ഞു. പക്ഷെ ഞങ്ങള്‍ അത് സ്നേഹപൂര്‍വ്വം നിരസിച്ചു. പുള്ളിക്കാരന് രാവിലെ ഡ്യൂട്ടി ഉള്ളതല്ലേ എന്ന് മനോജ് അണ്ണന്‍ പറഞ്ഞു പുള്ളിയെ യാത്രയാക്കി. ഞങ്ങള്‍ വണ്ടിക്കകത്തു കയറി ഇരുന്നു. 30 മിനിറ്റ് ആയപ്പോള്‍ വര്‍ക്ക്‌ഷോപ്പ് വാന്‍ വന്നു. അദ്ഭുതപ്പെട്ടുപോയ നിമിഷങ്ങള്‍. രാത്രി ആന ഇറങ്ങുന്ന ഈ കാട്ടില്‍ ഇരുട്ടിനെ വകഞ്ഞു മാറ്റി ഒരു രക്ഷകനെ പോലെ വന്നു. അതില്‍ നിന്നും അപ്പോള്‍ തന്നെ മെക്കാനിക്കുകള്‍ ഇറങ്ങി 15 മിനിട്ടിനുള്ളില്‍ ടയര്‍ മാറി. എല്ലാം വളരെ പെട്ടെന്ന് കഴിഞ്ഞു. അപ്പോള്‍ തന്നെ അവര്‍ തിരിച്ചു പോയി. ഞങ്ങള്‍ അദ്ഭുതത്തോടെ അവരെ നോക്കി നിന്നു.
രാത്രി വണ്ടി എടുത്ത് മൂഴിയാര്‍ വന്നപ്പോള്‍ തന്നെ 2 മണി ആയി. അപ്പോഴേ കിടന്നു ഉറങ്ങി. രാവിലെ 4 മണിക്ക് എഴുന്നേറ്റ് നോക്കുമ്പോള്‍ മനോജ് അണ്ണന്‍ നിന്ന് വണ്ടി കഴുകുന്നു. നിങ്ങള്‍ ഇതെപ്പോ എഴുന്നേറ്റു ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു. ഇപ്പൊ എഴുന്നേറ്റതേ ഉള്ളൂ എന്ന് പുള്ളി മറുപടി പറഞ്ഞു. പിന്നെ എല്ലാം സാദാ പോലെ.. സമയത്ത് ഓടി എത്തി. രാത്രി നടന്നതെല്ലാം ഒരു സ്വപ്നം പോലെ എനിക്ക് തോന്നി KSRTC & KSEB BIG SALUTE.