പണ്ട് മുതലേ എനിക്ക് കെഎസ്ആർടിസിയോട് വല്ലാത്തൊരു അടുപ്പമുണ്ട്. ബെംഗളൂരുവിൽ പഠിക്കുന്ന കാലഘട്ടത്തിലായിരുന്നു ആ അടുപ്പം ഒന്നുകൂടി മുറുകിയത്. പ്രൈവറ്റ് ബസ്സുകളെക്കാൾ കൂടുതലായും ഞാൻ യാത്ര ചെയ്യുവാൻ ഇഷ്ടപ്പെടുന്നതും കെഎസ്ആർടിസിയിൽ ആണ്. സുഖയാത്ര.. സുരക്ഷിത യാത്ര എന്നാണ് കെഎസ്ആർടിസി യാത്രകളെക്കുറിച്ച് ഞാൻ സുഹൃത്തുക്കളോട് പറയാറുള്ളത്. എന്ത് വന്നാലും ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിക്കും എന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് യാത്രക്കാർ കാത്തു നിന്ന് കെഎസ്ആർടിസിയിൽ കയറുന്നത്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം ഞാനടക്കമുള്ള യാത്രക്കാരെ ഞെട്ടിച്ചുകളഞ്ഞിരിക്കുകയാണ്.
ചേർത്തലയിൽ നിന്നും വൈറ്റില ഹബ്ബിലേക്ക് സർവ്വീസ് നടത്തുന്ന ബസ്സാണ് ഈ സംഭവത്തിലെ താരം. സംഭവം ഇങ്ങനെ – ചേർത്തല ഡിപ്പോയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി മാറ്റിയിട്ടിരിക്കുകയായിരുന്നു JN 418 എന്ന നോൺ എസി ലോഫ്‌ളോർ ബസ്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ഇതേ അവസ്ഥയിൽ ബസുമായി ജീവനക്കാർ സർവ്വീസിന് പോവുകയാണുണ്ടായത്. ചേർത്തല തണ്ണീർമുക്കം സ്വദേശിയായ ഡ്രൈവറാണ് ഈ ബസ് ദിവസങ്ങളായി ഓടിച്ചുവന്നിരുന്നതെന്ന് അധികൃതർ പറഞ്ഞു. പതിവുപോലെ ഡ്യൂട്ടിയ്ക്ക് വന്ന ഡ്രൈവർ ഡിപ്പോയിലെത്തി ഡ്യൂട്ടി കാർഡ് വാങ്ങി. കാർഡിൽ രേഖപ്പെടുത്തിയ ബസിന്റെ നമ്പർ ഏതെന്നുപോലും ശ്രദ്ധിക്കാതെ ഡ്രൈവർ തന്റെ സ്ഥിരം ബസിൽ കയറി. പിന്നിലെ ഇരുവശത്തു നിന്നും രണ്ടു ടയറുകൾ ഊറി മാറ്റിയിരുന്നു കാര്യം ഡ്രൈവർ ശ്രദ്ധിച്ചുമില്ല.
അങ്ങനെ ബസ് യാത്രക്കാരെയും കയറ്റി വൈറ്റിലയിലേക്ക് സർവ്വീസും തുടങ്ങി. യാത്രയ്ക്കിടെ പുറത്തു നിന്നുള്ള ആരോ സംഭവം പറഞ്ഞപ്പോഴാണ് ഡ്രൈവർ ഈ കാര്യം അറിയുന്നത്. അപ്പോഴേക്കും ബസ് ഏതാണ്ട് 30 കിലോമീറ്ററോളം പിന്നിട്ടിരുന്നു. നെട്ടൂർ ഐഎൻടിയുസി ജംഗ്ഷനിലെത്തിയപ്പോൾ സമീപത്തെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ബസ് തടഞ്ഞു. നാട്ടുകാർ പരിശോധിച്ചപ്പോൾ ബസ്സിന്റെ പിന്നിലെ രണ്ടു ടയറുകൾ ഇല്ലാതിരിക്കുകയും ഒപ്പം ഉണ്ടായിരുന്നവയുടെ ബോൾട്ടുകൾ മുറുക്കിയിരുന്നുമില്ല. മുന്നിലെ ചക്രങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇവയുടെയും ബോൾട്ടുകളും മുറുക്കിയിരുന്നില്ല. പിന്നെ വിവരം പോലീസിൽ അറിയിക്കുകയും ബസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് മണിക്കൂറുകൾക്കു ശേഷം രണ്ട് ടയറുകൾ കൂടി ഡിപ്പോയിൽ നിന്നെത്തിച്ച് ഘടിപ്പിച്ച ശേഷമാണ് ബസ് പോലീസ് വിട്ടുകൊടുത്തത്.
ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വന്നതോടെയാണ് കാര്യം പുറംലോകം അറിഞ്ഞത്. കാണുന്നവർക്ക് പറഞ്ഞു ചിരിക്കുവാൻ ഒരു കാര്യം കൂടിയായി. എന്നാൽ കെഎസ്ആർടിസിയെ വിശ്വസിച്ച് യാത്ര ചെയ്തവരുടെ കാര്യം എന്തായി? ഈ സംഭവത്തിൽ കുറ്റക്കാരൻ ഡ്രൈവർ തന്നെയാണ്. കാരണം ഡ്യൂട്ടി കാർഡ് ലഭിച്ചു കഴിഞ്ഞാൽ അത് പരിശോധിക്കേണ്ട ബാധ്യത ജീവനക്കാരനുള്ളതാണ്. അതും കൂടാതെ ബസ് ഡിപ്പോയിൽ നിന്നും എടുക്കുന്നതിനു മുൻപ് നന്നായി ചെക്ക് ചെയ്തിരിക്കണം. ഇതും ഡ്രൈവർ ശ്രദ്ധിച്ചില്ല. ഫലമോ, സംഭവം നാലാൾ അറിയുകയും ചെയ്തു ഡ്രൈവർക്ക് സസ്‌പെൻഷനും കിട്ടി.
യാത്രക്കാരുടെ പക്ഷത്തു നിന്നുകൊണ്ട് കെഎസ്ആർടിസി ജീവനക്കാരോട് ഒരപേക്ഷ – ദയവു ചെയ്ത് നിങ്ങൾ ഞങ്ങളുടെ ജീവൻ കൊണ്ട് കളിക്കരുത്. നിങ്ങളുടെ ജോലി കൃത്യമായി ചെയ്യുവാൻ നിങ്ങൾ ശ്രദ്ധിക്കുക. അത് ചെയ്യാത്തത് കൊണ്ടാണല്ലോ ഈ പ്രശ്നമുണ്ടായത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഞാൻ അടക്കമുള്ള യാത്രക്കാരുടെ കെഎസ്ആർടിസിയിലെ യാത്രകൾ മുടക്കമില്ലാതെ തുടരും. ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്. എന്നിരുന്നാലും ഇത്തരം സംഭവങ്ങൾ ഒഴിവാക്കേണ്ടത് തന്നെയാണ്. കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി സാറും ഈ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്നു തന്നെ വിശ്വസിക്കുന്നു. എന്തായാലും ഡ്രൈവർക്ക് കുറച്ചു ദിവസം വീട്ടിലിരിക്കാം.. ട്രോളന്മാർക്ക് പണിയുമായി.