കെഎസ്ആർടിസി ബസുകൾക്ക് ചിലരെല്ലാം ഇന്നും വില്ലൻ പരിവേഷമാണ് നൽകാറുള്ളത്. എന്നാൽ എത്രയോ ജീവനുകൾ രക്ഷിക്കുവാൻ കെഎസ്ആർടിസിയും അതിലെ ജീവനക്കാരും കാരണമായിട്ടുണ്ട് എന്ന കാര്യം ഇവരാരും ഓർക്കുന്നില്ല എന്നതാണ് സങ്കടകരമായ വസ്തുത. ഇത്തരത്തിൽ കെഎസ്ആർടിസി ഒരു ജീവൻ രക്ഷിക്കുവാൻ നിമിത്തമായ വാർത്ത വന്നിരിക്കുകയാണ് വയനാട്ടിൽ നിന്നും. സംഭവം ഇങ്ങനെ.. 2019 ഏപ്രിൽ രണ്ടാം തീയതി പതിവുപോലെ മാനന്തവാടിയിൽ നിന്നും ഇരിട്ടി, പയ്യാവൂർ വഴി മണക്കടവ്, ചീക്കാട് ഭാഗത്തേക്ക് സർവ്വീസ് നടത്തുകയായിരുന്നു മാനന്തവാടി ഡിപ്പോയുടെ RNE 842 എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്.
വൈകുന്നേരം അഞ്ചു മണിയോടെ ഇരിട്ടിയിൽ നിന്നും ആലക്കാടേക്ക് യാത്ര ചെയ്യുവാനായി ബസ്സിൽ കയറിയതായിരുന്നു സെറീന എന്ന യുവതിയും അവരുടെ രണ്ടു കുട്ടികളും. ബസ് ഇരിട്ടിയിൽ നിന്നും യാത്ര തുടർന്നുകൊണ്ടിരിക്കെ ചമതച്ചാൽ എന്ന സ്ഥലത്തു വെച്ച് സെറീനയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ആദ്യം ഇവർ ഇത് അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് അബോധാവസ്ഥയിലാകുകയായിരുന്നു. ഇതുകണ്ട് യാത്രക്കാർ സംഭവം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തി. ഡ്രൈവർ പ്രമോദും കണ്ടക്ടർ സുമേഷും കൂടി ഉടനെ തന്നെ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുകയും യാത്രക്കാരുടെ സഹകരണത്തോടെ തന്നെ ബസ് അടുത്തുള്ള ഹോസ്പിറ്റൽ ലക്ഷ്യമാക്കി നീങ്ങി. ഹെഡ്‌ലൈറ്റുകൾ തെളിച്ച് ഹോണടികളോടെ ഒരു ആംബുലൻസിനെപ്പോലെയായിരുന്നു ബസ് പാഞ്ഞത്. തൻ്റെ കയ്യിൽ ഒരു ജീവന്റെ വിലയാണെന്ന് ആ സമയം ബസ് ഡ്രൈവർ പ്രമോദിനു തോന്നിക്കാണണം.
വൈകാതെ തന്നെ ബസ് പയ്യാവൂർ കാരിത്താസ് മേഴ്‌സി ആശുപത്രിയിലേക്ക് അതിവേഗത്തിൽ ഓടിച്ചു കയറ്റി. യാത്രക്കാരും ബസ് ജീവനക്കാരും ആശുപത്രി ജീവനക്കാരുമെല്ലാം ചേർന്ന് യുവതിയെ ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചു. യുവതിയെ ഉടൻ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. ഹൃദയാഘാതമായിരുന്നു കാരണം എന്നാണു ആശുപത്രി അധികൃതർ അറിയിച്ചത്. ഇതിനിടെ യുവതിയുടെ ബന്ധുക്കളുടെ നമ്പറുകൾ തപ്പിപ്പിടിച്ച് അവരെ വിവരമറിയിക്കുകയും ചെയ്തു.തുടർന്ന് യുവതിയുടെ ആരോഗ്യനില സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ബസ് ജീവനക്കാരും യാത്രക്കാരും ആശുപത്രി വിട്ടത്. തുടർന്ന് ബസ് ചീക്കാടേക്ക് വീണ്ടും യാത്ര തുടരുകയും ചെയ്തു.
സംഭവം യാത്രക്കാരിൽ ആരോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് ഈ നന്മ പ്രവൃത്തി പുറംലോകം അറിഞ്ഞത്. താമസിയാതെ കെഎസ്ആർടിസി ജീവനക്കാരെ അഭിനന്ദിച്ചുകൊണ്ട് ധാരാളമാളുകൾ രംഗത്തു വരികയുണ്ടായി. ചില ഓൺലൈൻ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തു. വളരെ മാതൃകാപരമായ സേവനമാണ് ഈ സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാരായ പ്രമോദും സുമേഷും കാണിച്ചു തന്നത്. തങ്ങളുടെ തിരക്കുകളെല്ലാം മാറ്റിവെച്ചുകൊണ്ട് ജീവനക്കാർക്കൊപ്പം എന്തു സഹായത്തിനും തയ്യാറായി നിന്ന യാത്രക്കാരും അഭിനന്ദനമർഹിക്കുന്നു. ഇത്തരത്തിലുള്ള വാർത്തകൾ പുറംലോകം അറിയേണ്ടതു തന്നെയാണ്. നിസ്സാര കാര്യങ്ങൾക്കു വരെ മനുഷ്യ ജീവനുകൾ ഇല്ലാതാക്കുന്ന ഈ കാലഘട്ടത്തിൽ ഒരു ജീവൻ രക്ഷിക്കുവാനായി ഈ ആളുകൾ ഒത്തൊരുമിച്ചു നിന്നത് വളരെ വലിയൊരു സംഭവമായിത്തന്നെ കാണണം.
ചിത്രം കടപ്പാട് – അരുൺ പയ്യാവൂർ.