വെള്ളപ്പൊക്കം അറിഞ്ഞിട്ടും ബസ് സർവ്വീസ് നടത്തിയത് എന്തിന്? യാത്രക്കാരിയുടെ അച്ഛൻറെ കുറിപ്പ്…

വയനാട്ടിലും മറ്റും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടായതിന്റെ അടിസ്ഥാനത്തിൽ ബത്തേരി – മൈസൂർ റോഡൊക്കെ മുങ്ങിയിരിക്കുകയാണ്. ഇതുവഴി കടന്നുപോകേണ്ടിയിരുന്ന കെഎസ്ആർടിസി അടക്കമുള്ള ബസ്സുകൾ കർണാടക ബോർഡറിൽ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. അവയിലെ യാത്രക്കാരും ജീവനക്കാരുമൊക്കെ ഇനിയെന്തു ചെയ്യും എന്നറിയാതെ കുഴങ്ങി. വഴിയിൽ വെള്ളപ്പൊക്കമുണ്ടെന്നും ബ്ലോക്ക് ആണെന്നും അറിഞ്ഞിട്ടും മൈസൂരിൽ നിന്നും കേരളത്തിലേക്കുള്ള ബസ് സർവ്വീസുകൾ നിർത്തിവെക്കുവാൻ കെഎസ്ആർടിസി അധികൃതർ ആവശ്യപ്പെടുകയുണ്ടായില്ല.

ഇതിന്റെ ഫലമായാണ് പെൺകുട്ടികൾ അടക്കമുള്ള യാത്രക്കാരുമായി ബസ്സുകൾ അപരിചിതമായ സ്ഥലത്തു കുടുങ്ങിപ്പോയത്. ഇത്തരത്തിൽ കുടുങ്ങിപ്പോയ ഒരു ബസ്സിലെ യാത്രക്കാരിയായ പെൺകുട്ടിയുടെ അച്ഛനും ശൂരനാട് സ്വദേശിയുമായ ഗോപകുമാർ എന്ന വ്യക്തി സംഭവത്തിന്റെ ഭയാനകത വിവരിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ ഒരു കുറിപ്പ് ഷെയർ ചെയ്യുകയുണ്ടായി. കെഎസ്ആർടിസി അധികൃതർ തീർച്ചയായും വായിച്ചിരിക്കേണ്ട, മനസ്സിലാക്കിയിരിക്കേണ്ട ചില കാര്യങ്ങളാണ് ആ കുറിപ്പിൽ.

ആ കുറിപ്പ് ഇങ്ങനെ “നമ്മുടെ KSRTC ഒരു സംവിധാനവും ഇല്ലേ? 08/08/2019 ൽ ഉണ്ടായ ഒരു വേദനാജനകമായ സംഭവം പറയാൻ പാടില്ല എങ്കിലും കുറിക്കുന്നു. അധികാരികൾ ആരെങ്കിലും കണ്ടാലോ? നമ്മുടെ നാട് കാലവർഷക്കെടുതിയിൽ പെട്ടു മൈസൂരിൽ നിന്നും കേരളത്തിലേക്കുള്ള എല്ലാ വഴികകളും തകർന്നുകിടക്കുന്ന വിവരം നമ്മുടെ അധികാരികൾക്ക് നന്നായി അറിയാമല്ലോ. പിന്നെ എന്തിനു വേണ്ടിയാണു വൈകിട്ട് 5.30 ന് മൈസൂരിൽ നിന്നും RP 661 നമ്പർ സ്‌കാനിയ ബസ് യാത്ര തുടർന്നത്?

വണ്ടി പുറപ്പെട്ട് കേവലം 10 km ഓടിയതിനു ശേഷം വണ്ടി സൈഡിൽ ഒതുക്കി ഇട്ടിട്ടു ഇനി നാളെ രാവിലെ 10 മണിക്ക് ശേഷം “എന്തെങ്കിലും അറിയിപ്പ് കിട്ടിയാൽ യാത്ര തുടരും. അല്ലെങ്കിൽ തിരിച്ചു മൈസൂർ വിടാം” എന്നാണ് ജീവനക്കാർ പറഞ്ഞത്. ഞാൻ ആ ബസ്സിൽ യാത്ര ചെയ്ത ഒരു വിദ്യാർത്ഥിയുടെ അച്ഛൻ ആണ്. ഞാൻ പല പ്രാവശ്യം ഈ ജീവനക്കാരുമായി ബസ് പുറപ്പെടുന്നതിനു മുന്പായി സംസാരിച്ചിരുന്നു. അപ്പോൾ അവർ പറഞ്ഞത് ബസ് പുറപ്പെട്ടാൽ തീർച്ചയായും യാത്ര തുടരും എന്നാണ്.

എന്റെ ചോദ്യം ഇതാണ്. ഇത്രയും പ്രതിസന്ധി ഉള്ള ഈ സമയത്തു ഈ ഷെഡ്യൂൾ ക്യാൻസൽ ചെയ്യാതെ എന്തിനാണ് യാത്ര തുടങ്ങി കേവലം അരമണിക്കൂർ ഓടി വാഹനം കാടിന്റെ അടുത്തായി നിർത്തിയിട്ടത്? ഏകദേശം ബസ്സിൽ, 30 ഓളം യാത്രക്കാർ ഉണ്ടായിരുന്നു അപ്പോൾ ഏകദേശം 30000 രൂപയോളം KSRTC കളക്ഷൻ ഉണ്ടാകാം. ഇതിനുവേണ്ടിയാണോ നമ്മുടെ മക്കൾ, അമ്മമാർ, സഹോദരിമാർ, അനുജന്മാർ ഒക്കെ കാട്ടിൽ 16 മണിക്കൂർ നേരം അധികാരികളുടെ ആജ്ഞയ്ക്കു വേണ്ടി കാത്തിരിക്കേണ്ട അവസ്ഥ വരുത്തിയത്?

റോഡ് തകരാർ ആണെന്ന കാര്യം നമുക്ക് മനസിലാകും. പക്ഷെ അധികാരികളുടെ മനോഭാവം, അത് മനസിലാകുന്നില്ല. അവർക്കു തിരിച്ചു ആ ബസ് മൈസൂർ എങ്കിലും ഡ്രോപ്പ് ചെയ്യാമായിരുന്നു. നമ്മുടെ കെഎസ്ആർടിസിയുടെ സംവിധാനം ഓർത്തു ലജ്ജിക്കുന്നു. എന്ന് വേദനയോടെ ഒരച്ഛൻ..”