ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമാണ് എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി എയർപോർട്ട്. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചതു മുതൽ ഇന്ന് വരെ വാർത്തകളിൽ നിറഞ്ഞു നിന്നിട്ടേയുള്ളൂ ഈ ഇന്റർനാഷണൽ എയർപോർട്ട്. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.
കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളവും കൂടിയാണ്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളമെന്ന ബഹുമതി കൂടി നമ്മുടെ നെടുമ്പാശ്ശേരി എയർപോർട്ടിന് ഉണ്ട്. മൊത്തം മൂന്നു ടെര്മിനലുകളാണ് ഇവിടെയുള്ളത്. ഇതിൽ മൂന്നാമത്തെ ടെർമിനൽ പ്രവർത്തനമാരംഭിച്ചിട്ടു അധികം നാളായിട്ടില്ല.
എറണാകുളം നഗരത്തിൽനിന്ന് 25 കിലോമീറ്ററും, ആലുവയിൽനിന്ന് 12 കിലോമീറ്ററും, അങ്കമാലിയിൽ നിന്നും 5 കിലോമീറ്ററും തൃശ്ശൂരിൽനിന്ന് 52 കിലോമീറ്ററും ദൂരത്തിലാണ് നെടുമ്പാശ്ശേരി എയർപോർട്ട്. നെടുമ്പാശ്ശേരി എയർപോർട്ട് വന്നതോടുകൂടി കരിപ്പൂർ എയർപോർട്ടിൽ ഇറങ്ങിക്കൊണ്ടിരുന്ന ചില വിമാനങ്ങൾ കൊച്ചിയിലേക്ക് മാറ്റിയതും ഗൾഫ് രാജ്യങ്ങളിൽ നിന്നും കരിപ്പൂരിനെ അപേക്ഷിച്ച് കൊച്ചിയിലേക്ക് ചാർജ്ജ് കുറവ് ആയതുകൊണ്ടും മലബാർ മേഖലയിൽ നിന്നുള്ള നിരവധി ആളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്.
ഇവരിൽ സ്വന്തമായി വാഹനങ്ങൾ ഉള്ളവർ എയർപോർട്ടിൽ നിന്നും അതിൽ കുടുംബാംഗങ്ങളോടൊപ്പം വീട്ടിലേക്ക് പോകുകയും ചെയ്യും. എന്നാൽ സ്വന്തമായി വാഹനങ്ങൾ ഇല്ലാത്ത പ്രവാസികൾ ടാക്സി വിളിക്കുകയായിരുന്നു പതിവ്. ഇവരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമെന്നോണമാണ് എയർപോർട്ടിൽ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് KSRTC/KURTC ബസ് സർവ്വീസുകൾ ആരംഭിച്ചത്.
പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഈ ബസ് സർവ്വീസുകൾ ആദ്യം തുടങ്ങിയത്. വോൾവോ ലോഫ്‌ളോർ AC തുടങ്ങിയ ബസ് സർവ്വീസുകൾ ആരംഭിച്ചതോടെ ടാക്സികളെ ഉപേക്ഷിച്ച് ദൂരദേശങ്ങളിലുള്ള പ്രവാസികളുടെ യാത്ര ഇതിലായി. അങ്ങനെ പെട്ടെന്ന് തന്നെ ഈ സർവീസുകൾക്ക് വൻ ഡിമാൻഡ് ആയി മാറുകയും ചെയ്തു. ഇതോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് കൂടുതൽ ബസ്സുകളും ആരംഭിച്ചു.
മലപ്പുറം, കോഴിക്കോട്, കൽപ്പറ്റ, ഫോർട്ട് കൊച്ചി, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആണ് പ്രധാനമായും തിരക്കേറിയത്. ഇതിൽ കൂടുതലാളുകളും മലപ്പുറം ഭാഗത്തേക്കുള്ള ബസ്സുകളിലാണ് യാത്ര ചെയ്യുന്നത്. മലപ്പുറം ബസ് തുടക്കത്തിൽ 18000ത്തില്‍ ആരംഭിച്ച കലക്ഷന്‍ അധികം താമസിയാതെ 40,000 പിന്നിട്ടതോടെ ഡിപ്പോയില്‍നിന്ന് ഓപറേറ്റ് ചെയ്യുന്ന ലോ ഫ്ളോര്‍ ബസുകളില്‍ ഒന്നാം സ്ഥാനത്തത്തെി.
ബസ് ജീവനക്കാരുടെ സൗമ്യമായ പെരുമാറ്റവും ടാക്സികളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കുകളും കൂടുതലാളുകളെ ഈ ബസ് സർവ്വീസുകളിലേക്ക് ആകർഷിച്ചു. കൊണ്ടോട്ടി, വേങ്ങര, കോട്ടക്കല്‍, മഞ്ചേരി, നിലമ്പൂര്‍, അരീക്കോട് ഭാഗങ്ങളില്‍നിന്ന് വിദേശത്തേക്ക് പോവുന്ന ധാരാളം പേര്‍ ഇതിനെ ആശ്രയിക്കുന്നുണ്ട്. മുക്കം ഉള്‍പ്പെടെ മലപ്പുറം ജില്ലക്ക് പുറത്തെ സ്ഥലങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെയും ആശ്രയമാണ് ഈ ബസ്.
നെടുമ്പാശ്ശേരിയിലെ ടിക്കറ്റ് നിരക്കിലുള്ള കുറവു കണക്കിലെടുത്താണ് പ്രവാസികള്‍ യാത്ര ഇതുവഴിയാക്കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ഇവരെ യാത്രയാക്കാനായി മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലാണത്തെുന്നുണ്ട്. 3.45 മണിക്കൂറാണ് ബസില്‍ നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രാ സമയം. മലപ്പുറത്തുനിന്ന് പെരിന്തല്‍മണ്ണ, പട്ടാമ്പി, ഷൊര്‍ണൂര്‍, തൃശൂര്‍, അങ്കമാലി വഴിയാണ് സര്‍വിസ്.
നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നുള്ള ഈ ബസ് സർവീസുകളുടെ സമയവിവരങ്ങൾ ആളുകൾ പ്രധാനമായും മനസ്സിലാക്കി തുടങ്ങിയത് www.aanavandi.com എന്ന വെബ്സൈറ്റ് മുഖേനയാണ്. നെടുമ്പാശ്ശേരി എയർപോർട്ട് ബസ്സുകളുടെ സമയവിവരങ്ങളും റൂട്ടും മനസ്സിലാക്കുവാനായി – CLICK HERE.
ഈ ബസ് സർവീസുകളിൽ യാത്ര ചെയ്തവർ ഭൂരിഭാഗവും ബസ് ജീവനക്കാരെയും സർവ്വീസിനെയും അഭിനന്ദിച്ച ചരിത്രമേ ഉണ്ടായിട്ടുള്ളൂ എന്നുവേണമെങ്കിൽ പറയാം. നാട്ടിലെത്തിയ സന്തോഷം പങ്കുവെയ്ക്കുന്ന പ്രവാസികളെ ചില സമയങ്ങളിൽ ഈ ബസ്സുകളിൽ കാണാം. കൂട്ടമായി പാട്ടുകൾ പാടിയും കയ്യടിച്ചുമൊക്കെ അവർ നാട്ടിലെത്തിയ സന്തോഷം പങ്കുവെയ്ക്കുമ്പോൾ ചിലപ്പോൾ ഒപ്പം ബസ് കണ്ടക്ടറും കൂടും.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും ബസ്സില്‍ യാത്ര ചെയ്ത അബ്ദുള്‍ സലിം എന്ന ഒരു പ്രവാസിയുടെ അനുഭവക്കുറിപ്പ് ഇങ്ങനെ – “ഖത്തറിൽ നിന്ന് ചെറിയ ലീവിന് നാട്ടിപോകണം. ഓൺലൈൻ വിമാന ടിക്കറ്റ് നോക്കിയപ്പോൾ ഖത്തർ – കോഴിക്കോട്, ഖത്തർ – നെടുമ്പാശേരി റൌണ്ട് ട്രിപ്പ് 8000 രൂപ മുതൽ 10000 വരെ കുറവുണ്ട് നെടുമ്പാശേരിക്ക്. ശരാശരി വരുമാനം മാത്രം ലഭിക്കുന്ന എന്നെ പോലുള്ളവർക്ക് കൊച്ചിയാണ് നല്ലത്. ബാക്കി തുക കുടുംബത്തിന്റെ ചെലവിനെടുക്കാം. അടുത്ത ടിക്കറ്റ് നെടുമ്പാശേരി നിന്ന് കോഴിക്കോടെത്തണം. അതിന് സാധാരണ തീവണ്ടിയാണ് ആശ്രയം. പക്ഷ രാവിലെ 9.15ന് എത്തുന്ന ഞാൻ 3 മണിക്കൂർ കാത്തിരുന്നാലെ ട്രെയിനുള്ളൂ.
അപ്പോഴാണ് മുമ്പ് പലരും പറഞ്ഞു കേട്ട നെടുമ്പാശേരി എയർപോർട്ടിൽ നിന്നെടുക്കുന്ന KURTC LOW FLOOR A/c Bus പരീക്ഷിക്കാമെന്നു കരുതിയത്. online ആയി 351 രൂപക്ക് 10.30 നുള്ള ബസ്സിന്റെ ടിക്കറ്റെടുത്തു സീറ്റ് ഓക്കെയാക്കി. 10.15 ആയപ്പോൾ പ്രഭാത ഭക്ഷണം കഴിച്ച് വണ്ടിയുടെ അടുത്തെത്തി. വലിയ ജനകൂട്ടം തന്നെ ബസ്സിൽ കയറാൻ നിൽക്കുന്നു. എല്ലാവരും കുട്ടികൾക്കും വീട്ടുകാർക്കുമുള്ള അത്യാവശ്യ സാധനങ്ങളുടെ പെട്ടിയുമായാണ് വരുന്നത്. ഒരു വിധം ബാഗേജ് ഒതുക്കി യാത്ര തുടർന്നു. നാട്ടിൽ നിന്നും ഖത്തറിലേക്ക് വരുമ്പോഴുള്ള 950 രൂപയുണ്ട് കൈയ്യിൽ.
കണ്ടക്ടർ ടിക്കറ്റ് പരിശോധിച്ചു ബാഗേജ് ചാർജ്ജ് 300 (150 x 2) രൂപ അടക്കണമെന്നും പറഞ്ഞു അതു നൽകി. യാത്ര തുടരവെ ഇടക്ക് നേരത്തെ പല സ്ഥലങ്ങളിൽ നിന്ന് ഓൺ ലൈൻ ടിക്കറ്റെടുത്തവർ കയറി. ജീവിതത്തിലെ പല പ്രയാസങ്ങളോടും പൊരുത്തപ്പെടുന്ന പ്രവാസികൾ സീറ്റിലും നിലത്തും ബാഗേജ്ജിന് മുകളിലായുമിരുന്ന് സന്തോഷത്തോടെ യാത്ര തുടർന്നു. 6 മണിക്കൂർ കൊണ്ട് ബസ് കോഴിക്കോട് എത്തി. വളരെ നല്ല സർവ്വീസായിരുന്നു. ജീവനക്കാരും നല്ല ഇടപെടലായിരുന്നു. അതുകൊണ്ടു തന്നെ തിരിച്ചു പോകുന്ന സമയത്തും KURTC LOW FLOOR A/c തന്നെ തെരഞ്ഞെടുത്തു.”
കണ്ടില്ലേ… ഇതുകൊണ്ടാണ് പ്രവാസികൾക്ക് ഈ ബസ് സർവ്വീസുകൾ ഇത്രയ്ക്ക് പ്രിയങ്കരമായി തുടരുന്നത്. അടുത്ത തവണ നെടുമ്പാശ്ശേരിൽ എയർപോർട്ടിലേക്ക് പോകുമ്പോഴോ എയർപോർട്ടിൽ വിമാനമിറങ്ങി വീട്ടിലേക്ക് പോകുമ്പോഴോ ഈ ബസ് സർവീസുകളുടെ സേവനം പ്രയോജനപ്പെടുത്തുവാൻ ശ്രമിക്കുക. ഒരു പ്രധാനം കാര്യം ശ്രദ്ധിക്കേണ്ടത് എന്താണെന്നു വെച്ചാൽ മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്തിട്ടു യാത്ര ചെയ്യുവാൻ ശ്രമിക്കുക. നെടുമ്പാശ്ശേരി എയർപോർട്ട് ബസ്സുകളുടെ സമയവിവരങ്ങളും റൂട്ടും മനസ്സിലാക്കുവാനായി – CLICK HERE.
1 comment
KANNURILEKU ORU BUS SERVICE THUDANGYIAL VALARE UPAKRAMAYIRIKUM