ഈയിടെയായി സോഷ്യൽ മീഡിയയിൽ ധാരാളം ഷെയർ ചെയ്യപ്പെടുന്ന ഒരു പോസ്റ്റ് ആണ് കെഎസ്ആർടിസി ബസുകളിലെ സ്ത്രീകൾക്ക് മുൻഗണന എന്ന സീറ്റിൽ ബസ്സിലെ ആദ്യം മുതലേയുള്ള പുരുഷന്മാർക്ക് ഇരിക്കാമെന്നും യാത്രയ്ക്കിടയിൽ സ്ത്രീകൾ കയറിയാൽ അവർക്ക് എഴുന്നേറ്റു കൊടുക്കേണ്ടതില്ല എന്നുമൊക്കെ. ഒരു യാത്രയ്ക്കിടയിലെ അനുഭവക്കുറിപ്പ് എന്ന രീതിയിൽക്കൂടിയാണ് ഈ പോസ്റ്റ്. വാട്സ് ആപ്പ്, ഫേസ്‌ബുക്ക് എന്നിവയിലൂടെ ഈ പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും വൈറലായി മാറുകയും ചെയ്തു. ഇതിനിടെ ചില ഓൺലൈൻ സൈറ്റുകളും യൂട്യൂബ് ചാനലുകളും ഈ വിവരം വ്യാപകമായി പബ്ലിഷ് ചെയ്യുകയുമുണ്ടായി. ശരിക്കും ഇത്തരത്തിൽ ഒരു നിയമമുണ്ടോ? നിരവധിയാളുകളാണ് ഈ ചോദ്യവുമായി ഞങ്ങളെ സമീപിക്കുന്നത്.
തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ ഇതിന്റെ ശരിയായ നിയമവശം മനസ്സിലാക്കിക്കൊണ്ട് അവ നിങ്ങൾക്കായി ഇതാ പങ്കുവെയ്ക്കുകയാണ്. ശരിക്കും ഇങ്ങനെയൊരു നിയമം ഇല്ല. കെഎസ്ആർടിസി തന്നെ സ്ഥിരീകരിച്ച ഒരു കാര്യമാണിത്. കെഎസ്ആർടിസി മാനേജ്‌മെന്റ് ഈ വിഷയത്തിൽ നൽകുന്ന മറുപടി ഇങ്ങനെ – “വോൾവോ, AC ബസ്സുകൾ ഒഴികെയുള്ള എല്ലാ കെഎസ്ആർടിസി ബസ്സുകളിലും 25 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഓൺലൈൻ റിസർവേഷൻ ഉള്ളതും ഇല്ലാത്തതുമായ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്സ്, സൂപ്പർ ഡീലക്സ് എന്നീ സർവ്വീസുകളിൽ വനിതകൾക്ക് മാത്രമായി ഡ്രൈവറുടെ സീറ്റിനു തൊട്ടുപുറകിലുള്ള സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. റിസർവ്വേഷൻ ഇല്ലാത്ത ബസുകളിലെ ബാക്കി തൊട്ടു പിന്നിലുള്ള 9 സീറ്റുകൾ മുൻഗണനാ ക്രമത്തിലും സംവരണം ചെയ്തിട്ടുണ്ട്.
മുൻഗണനാ ക്രമത്തിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ സർവ്വീസ് തുടങ്ങുന്ന സ്ഥലത്ത് വനിതകൾ ഇല്ലെങ്കിൽ മാത്രം പുരുഷന്മാർക്ക് അനുവദിക്കാവുന്നതും യാത്രയ്ക്കിടയിൽ സ്ത്രീകൾ ആവശ്യപ്പെടുകയാണെങ്കിൽ മുൻഗണനാ ക്രമത്തിലുള്ള സീറ്റുകൾ ഒഴിഞ്ഞു കൊടുക്കുവാൻ പുരുഷന്മാരോട് കണ്ടക്ടർ ആവശ്യപ്പെടേണ്ടതാണെന്നും അത് വനിതകൾക്ക് ലഭ്യമാക്കേണ്ടതാണെന്നുമാണ് കെഎസ്ആർടിസി ഉത്തരവ് നൽകിയിരിക്കുന്നത്.
അതുപോലെ തന്നെ ഓൺലൈൻ റിസർവേഷൻ സൗകര്യമില്ലാത്ത ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലേക്കുള്ള സർവീസുകളിൽ 2 സീറ്റുകളും മറ്റ് എല്ലാത്തരം ഓർഡിനറി സർവ്വീസുകളിലും 8 സീറ്റുകൾ (4 സീറ്റുകൾ വീതം) മുതിർന്ന പുരുഷന്മാർക്കും സ്ത്രീകൾക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇതിൽ മുതിർന്ന സ്ത്രീകളുടെ സീറ്റ് നിലവിലെ സ്ത്രീകളുടെ സീറ്റിനടുത്തായാണ് ക്രമീകരിച്ചിരിക്കുന്നത്.
കണ്ടില്ലേ? ഇതാണ് ഈ വിഷയത്തിന്റെ സത്യാവസ്ഥ. ഇപ്പോൾ ഷെയർ ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന പോസ്റ്റുകൾ തെറ്റാണ്. ദയവായി തെറ്റായ വിവരങ്ങൾ ഷെയർ ചെയ്ത് ആളുകൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തരുത്. സ്ത്രീകൾക്ക് മുൻഗണന എന്ന സീറ്റുകൾ അവർ ആവശ്യപ്പെട്ടാൽ ഇരിക്കുന്ന പുരുഷന്മാർ മാറിക്കൊടുക്കണം. അതാണ് നിയമം. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം എന്തെന്നാൽ ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള ബസുകൾക്ക് ഈ നിയമം ബാധകമല്ല. ഡ്രൈവറുടെ തൊട്ടു പിന്നിലെ സീറ്റുകൾ മാത്രമാണ് ഇത്തരം സർവീസുകളിൽ സ്ത്രീകൾക്കായി മാറ്റി വെച്ചിട്ടുള്ളത്. ബാക്കി സീറ്റുകളിലെല്ലാം ഏതൊരാൾക്കും മുൻകൂട്ടി ബുക്ക് ചെയ്ത് ഇരുന്നു സഞ്ചരിക്കാവുന്നതാണ്. അപ്പോൾ ഇനി ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ ഈ വിവരങ്ങൾ ഒന്നോർക്കുക.