നഷ്ടപ്പെട്ട പാദസരത്തിനു 4000 രൂപ നോക്കുകൂലി ഈടാക്കി കെഎസ്ആർടിസി; പ്രതിഷേധം….

‘സുഖയാത്ര..സുരക്ഷിത യാത്ര..’, ‘കെഎസ്ആർടിസി എന്നും ജനങ്ങളോടൊപ്പം’ എന്നൊക്കെയാണ് കെഎസ്ആർടിസിയുടെ മുദ്രാവാക്യങ്ങൾ. കഴിഞ്ഞയിടെയായി സമൂഹ വാർത്താ മാധ്യമങ്ങളിലൂടെ വൈറലായ ധാരാളം സംഭവങ്ങളിലൂടെ അത് തെളിയിക്കപ്പെട്ടതുമാണ്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം കെഎസ്ആർടിസിയുടെ പ്രതിച്ഛായ തകർക്കുന്നതാണ്. ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ട സ്വർണ്ണപാദസരം തിരികെ ലഭിക്കുവാനായി ഒരു യാത്രക്കാരിയ്ക്ക് നാലായിരത്തോളം രൂപ കെഎസ്ആർടിസിയ്ക്ക് നോക്കുകൂലി കൊടുക്കേണ്ടി വന്നിരിക്കുന്നു.

സംഭവം ഇങ്ങനെ : കോതമംഗലം സ്വദേശിനിയായ യുവതി സിവിൽ സർവ്വീസ് പരീക്ഷ എഴുതുവാനായാണ് തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി ബസ്സിൽ യാത്രയായത്. കണിയാപുരം ഡിപ്പോയുടെ ബസ്സിലായിരുന്നു യാത്ര. എന്നാൽ യാത്രയ്ക്കിടെ നിർഭാഗ്യവശാൽ യുവതിയുടെ കാലിൽ കിടന്നിരുന്ന ഒന്നര പവന്റെ ഒരു പാദസരം നഷ്ടമായി. ബസ് യാത്രയ്ക്കു ശേഷമായിരുന്നു യുവതി ഈ കാര്യം ശ്രദ്ധിക്കുന്നതും.

ഉടൻ തന്നെ തിരുവനന്തപുരം മ്യൂസിയം പോലീസിൽ യുവതി പരാതിപ്പെടുകയും സംഭവം പോലീസ് ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്യുകയും ചെയ്തു. ഇതോടൊപ്പം യുവതിയും സുഹൃത്തുക്കളുമെല്ലാം സംഭവം ഫേസ്‌ബുക്കിലൂടെ പരമാവധി ഷെയർ ചെയ്യുകയുമുണ്ടായി. ഇതിനിടെ കളഞ്ഞു പോയ പാദസരം ബസ്സിലെ മറ്റൊരു യാത്രക്കാരനു ലഭിക്കുകയും, അത് അവർ കെഎസ്ആർടിസി ജീവനക്കാരെ ഏൽപ്പിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലെ പോസ്റ്റ് കണ്ട കെഎസ്ആർടിസി അധികൃതർ, പാദസരം കിട്ടിയ കാര്യം പോലീസിനെ അറിയിച്ചു. പോലീസ് യുവതിയെയും.

ഇതോടെ ഇതുവരെ അനുഭവിച്ച വിഷമങ്ങൾക്ക് അവസാനമായെന്നു സമാധാനിച്ച യുവതി പാദസരം തിരികെ വാങ്ങുവാനായി കെഎസ്ആർടിസി ഡിപ്പോയിൽ എത്തിയപ്പോഴാണ് ഇടിത്തീ പോലെ ആ കാര്യമറിയുന്നത്. പാദസരം ഒരു ദിവസം കെഎസ്ആർടിസിയ്ക്ക് സൂക്ഷിക്കേണ്ടി വന്നതിനാൽ അതിനു ചാർജ്ജ് കൊടുക്കണമത്രേ. സൂക്ഷിച്ച സാധനത്തിന്റെ അന്നത്തെ മാർക്കറ്റ് വിലയുടെ പത്തു ശതമാനം തുകയാണ് അത് തിരികെ ലഭിക്കുവാനായി ഉടമസ്ഥൻ നൽകേണ്ടി വരുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ ‘നോക്കുകൂലി’ തന്നെ.

ഒന്നരപ്പവനോളം വരുന്ന പാദസരം തിരികെ ലഭിക്കുവാനായി ഉടമയായ യുവതി കെഎസ്ആർടിസിയ്ക്ക് കൊടുക്കേണ്ടത് നാലായിരം രൂപ. കൂടാതെ 200 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലവും ആള്‍ജാമ്യവും കെഎസ്ആർടിസി അധികൃതർ യുവതിയോട് ആവശ്യപ്പെട്ടു. ഇത്രയുമൊക്കെ കേട്ടപ്പോൾ ആ പാദസരം കളഞ്ഞു പോകുന്നതായിരുന്നു ഇതിലും ഭേദമെന്നു യുവതിയ്ക്ക് തോന്നിയതിൽ കുറ്റം പറയാൻ പറ്റില്ലല്ലോ. ഒടുവിൽ കടം വാങ്ങിയ തുക കെഎസ്ആർടിസിയ്ക്ക് കൊടുത്താണ് യുവതി തൻ്റെ നഷ്ടപ്പെട്ട മുതൽ തിരികെയെടുത്തത്.

സംഭവം വാർത്തയായതോടെ, കാണാതായ വസ്തുക്കൾ ഉടമസ്ഥന് കൈമാറുവാൻ നോക്കുകൂലി വാങ്ങുന്ന കെഎസ്ആർടിസിയ്ക്കെതിരെ പ്രതിഷേധം ഉയരുകയാണ്. എന്നാൽ നഷ്ടപ്പെട്ട വസ്തുവിന്റെ വിപണി മൂല്യം കണക്കാക്കി 10 ശതമാനം സർവീസ് ചാർജ് വാങ്ങണമെന്ന നിയമം മാത്രമേ നടപ്പിലാക്കിയിട്ടുള്ളൂവെന്നാണ് കെഎസ്ആർടിസി ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഇത്തരം നിയമങ്ങൾ എന്തിനാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന ചോദ്യത്തിന് ആർക്കും മറുപടിയുമില്ല.

യാത്രക്കാരോട് ഇത്തരത്തിൽ ചതി ചെയ്തതാണോ കെഎസ്ആർടിസി ലാഭം കാണേണ്ടത്? പാവപ്പെട്ടവന്റെ കണ്ണീരു വീണ ആ തുക കെഎസ്ആർടിസിയ്ക്ക് എന്നും ശാപം തന്നെയായിരിക്കും. ഇത്തരം കണ്ണിൽച്ചോരയില്ലാത്ത നിയമങ്ങൾ പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ഈ അവസരത്തിലും പറയണോ ‘കെഎസ്ആർടിസി എന്നും ജനങ്ങളോടൊപ്പം’ എന്ന്?